Image

അഭിനവ ബാല്‍താക്കറെമാര്‍ നാടിനു ഗുണം ചെയ്യുമോ? ബാബു പാറയ്ക്കല്‍

ബാബു പാറയ്ക്കല്‍ Published on 02 May, 2013
അഭിനവ ബാല്‍താക്കറെമാര്‍ നാടിനു ഗുണം ചെയ്യുമോ? ബാബു പാറയ്ക്കല്‍
ഈയ്യിടെയായി കേരളത്തിലെ രണ്ടു സാമുദായിക നേതാക്കന്‍മാര്‍ നടത്തുന്ന അവകാശവാദങ്ങളും പ്രവചനങ്ങളുമാണ് ഈ ലേഖനത്തിനാധാരം. എന്‍.എസ്.എസിന്റെ സുകുമാരന്‍ നായരും എസ്.എന്‍.ഡിപിയുടെ വെള്ളാപ്പള്ളി നടേശനും! ഇവര്‍ രണ്ടും വിചാരിച്ചാല്‍ കേരളത്തില്‍ സ്വിച്ചിട്ടപോലെ രാഷ്ട്രീയ ധ്രൂവീകരണം സാദ്ധ്യമാകുമെന്നാണവര്‍ അവകാശപ്പെടുന്നത്. ഇവര്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യം ഈയിടെയാണല്ലോ ഉരുത്തിരിഞ്ഞത്. അവര്‍ പറയുന്നത് കേരളത്തില്‍ ന്യൂനപക്ഷം ഭൂരിപക്ഷത്തെ ഭരിക്കുന്നുവെന്നാണ്. ആരാണു ഭൂരിപക്ഷം?ആരാണു ന്യൂനപക്ഷം? ഈ നേതാക്കന്മാരെ പ്രകോപിപ്പിച്ചത് ആരാണ്? കേരളത്തിലെ സാമുദായിക ഐക്യം ഇവര്‍ തകര്‍ക്കുമോ? ഇവരുടെ ലക്ഷ്യമെന്താണ്? ഇതൊക്കെ സാധാരണ ജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങളാണ്. ഇതിന്റെ പശ്ചാത്തലത്തിലേക്കു നമുക്കൊന്നു നോക്കാം.

നായന്മാരുടെ വക്താവെന്നവകാശപ്പെടുന്ന സുകുമാരന്‍ നായര്‍ യഥാര്‍ത്ഥത്തില്‍ ആരൊക്കെയാണ് നായര്‍ സമുദായത്തിലുള്‍പ്പെടുന്നതെന്നു പറഞ്ഞില്ല. കേരള ജനസംഖ്യയില്‍ നായര്‍, പിള്ള, മേനോന്‍, വര്‍മ്മ, കൈമ്മള്‍, വാര്യര്‍ എല്ലാം കൂടി 13 ശതമാനത്തില്‍ താഴെ മാത്രമേയുള്ളൂ. ഒന്നര ശതമാനം വരുന്ന ബ്രാഹ്മണരെയും പുലയ സമുദായത്തില്‍ പെട്ടവരെയും (3.25%) പിന്നെ ഹൈന്ദവ ആദിവാസികള്‍, ചെറുമന്‍, കുറവന്‍, വിശ്വകര്‍മ്മ, അമ്പലവാസി, വാണിക,വൈശ്യ, ധീരവ, മറ്റു പട്ടികജാതി /പട്ടികവര്‍ഗത്തില്‍ പെട്ടവരെയെല്ലാം കൂടി കൂട്ടിയാല്‍ ഒരു 19 ശതമാനം കൂടി വരും. അങ്ങനെ 32 ശതമാനം. ഈഴവര്‍ മാത്രം 23 ശതമാനമുണ്ട്. അവര്‍ കൂടികൂട്ടിയാല്‍ 55 ശതമാനം. ഭൂരിപക്ഷം ഉറപ്പ്! എന്നാല്‍ കേരളത്തില്‍ ജാതിവ്യവസ്ഥ നിലനിന്നിരുന്ന അടുത്ത കാലം വരെ ഈഴവരെ ക്ഷേത്രത്തിന്റെ പരിസരത്തുപോലും സവര്‍ണ ഹിന്ദുക്കള്‍ കയറ്റിയിരുന്നില്ല. ഹിന്ദുവിശ്വാസികളായ പുലയനും പറയനും മറ്റു താണ വര്‍ഗ്ഗത്തില്‍ പെട്ടവരും പേരുകൊണ്ടു ഹിന്ദുക്കളാണെങ്കിലും നായര്‍ സമുദായത്തില്‍ അവരെയും സുകുമാരന്‍ നായര്‍ അംഗീകരിക്കുമോ? ഭൂരിപക്ഷം അവകാശപ്പെടുന്നതുകൊണ്ട് അംഗീകരിക്കുമെന്നു വിശ്വസിക്കാം. എല്ലാവരെയും ഒന്നായികാണണം എന്ന തത്വമായിരിക്കാം സുകുമാരന്‍ നായര്‍ക്കുള്ളത്. അതുകൊണ്ടായിരിക്കണം പരമ്പരാഗതമായി പൂജ ചെയ്യുന്ന ബ്രാഹ്മണര്‍ക്കു മാത്രമല്ല നായന്മാര്‍ക്കും ശ്രീകോവിലില്‍ പൂജ ചെയ്യുന്ന മേല്‍ ശാന്തിയുടെ പണി കിട്ടണം എന്നു മുറവിളികൂട്ടി അടുത്തയിടെ വിവാദം സൃഷ്ടിച്ചത്.

ഭൂരിപക്ഷം കിട്ടുമെന്നുറപ്പായ സ്ഥിതിക്ക് വെള്ളാപ്പള്ളി നടേശന്‍ കൂടി സമ്മതിച്ചാല്‍ സുകുമാരന്‍ നായര്‍ക്ക് അടുത്ത മുഖ്യമന്ത്രിയാകാമെന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ എവിടെ നിന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന ചിന്തിക്കണം. കാരണം നായന്മാരുടെ മാത്രം വോട്ടു പിടിച്ചാല്‍ ജയിക്കാന്‍ പറ്റുന്ന ഏതു മണ്ഡലമാണ് കേരളത്തിലുള്ളത്? സ്വന്തം നാടായ ചങ്ങനാശ്ശേരിയില്‍ മറ്റുവിഭാഗങ്ങളുടെ- ക്രൈസ്തവ, മുസ്ലീം- പിന്തുണയില്ലാതെ മുനിസിപ്പാലിറ്റിയില്‍ ഒരു വാര്‍ഡു മെംബര്‍ ആയിട്ടുപോലും ജയിക്കാന്‍ സാധിക്കില്ലെന്നു സുകുമാരന്‍ നായര്‍ക്കു നല്ലതുപോലെ അറിയാം. അതുകൊണ്ടാണ് അദ്ദേഹം കിംഗ് മേക്കര്‍ വേഷം അണിയാന്‍ ശ്രമിക്കുന്നത്. എന്‍.എസ്.എസിന്റെ പിന്തുണ ഇല്ലെങ്കില്‍ രമേശ് ചെന്നിത്തല തെക്കുവടക്ക് അലഞ്ഞുനടക്കുമെന്നു ഭീഷണി മുഴക്കിയ സുകുമാരന്‍ നായര്‍ ഒരു കാര്യം ചിന്തിച്ചില്ല. താന്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയാല്‍ കേരളത്തിലെ മുഴുവന്‍ ഹിന്ദുക്കളും അതില്‍ പറയുന്നതുപോലെ വോട്ടുചെയ്യും എന്നു ധരിച്ചു വച്ചിരിക്കുന്ന അദ്ദേഹത്തിന് യഥാര്‍ത്ഥ്യം മനസ്സിലാക്കുവാനുള്ള ബോധമുണ്ടായില്ല. കേരളത്തലെ ഹിന്ദുക്കളെല്ലാം അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളാണോ? ശരിയുംതെറ്റും മനസ്സിലാക്കാനും സങ്കുചിതമായ ജാതിചിന്തയില്ലാതെ കഴിവുള്ളവനെ ജയിപ്പിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്കറിയാം. അതിനവര്‍ക്കാരുടെയും വിപ്പു വേണ്ട! ഒരു പ്രത്യേക സാഹചര്യത്തില്‍ എന്‍.എസ്.എസിന്റെ സാരഥിയായി സ്ഥാനമേറ്റതിനുശേഷമാണ് സുകുമാരന്‍ നായര്‍ എന്ന പേരുതന്നെ ജനങ്ങള്‍ കേള്‍ക്കുന്നത്. യശഃശരീരനായ മന്നത്തു പത്മനാഭന്‍ തുടങ്ങിവച്ച ഈ സംഘടനയില്‍ പല പ്രഗത്ഭന്മാരും സാരഥികളായി വന്നിട്ടുണ്ട്. അവരൊക്കെ മതമൈത്രിക്ക് ഊന്നല്‍ നല്‍കിയാണ് സംഘടനയെ പരിപോഷിപ്പിച്ചത്.

നായന്മാര്‍ക്കു പ്രത്യേക രാഷ്ട്രീയ സംഘടനയുണ്ടാവണം എന്നു തീരുമാനിച്ചാണ് എന്‍.ഡി.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയത്. അതുപോലെ ഈഴവരും സ്വന്തം പാര്‍ട്ടിയുണ്ടാക്കി. എസ്.ആര്‍.പി എന്നിട്ട് എന്തുകൊണ്ടാണ് ആ രാഷ്ട്രീയ പാര്‍ട്ടികള്‍ ശോഭിക്കാതെ പോയത്? വെള്ളാപ്പള്ളി നടേശന്‍ തന്റെ ബിസിനസ്സ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് സമുദായത്തിന്റെ വക്താവാകാന്‍ ശ്രമിക്കുന്നതെന്ന് ഈഴവരില്‍ ഭൂരിഭാഗത്തിനും അറിയാം. അതു പോലെ സുകുമാരന്‍ നായര്‍ക്ക് നാരായണപ്പണിക്കരെപ്പോലെയും കിടങ്ങൂരിനെപോലെയുള്ള മുന്‍ഗാമികളുടെ ഗ്ലാമര്‍ ഇല്ലെന്നു വ്യക്തമായി അിറയാം. അതു മറച്ചുപിടിക്കുവാന്‍ സങ്കുചിതമായ ജാതിചിന്ത ഇളകിവിട് ക്ഷിപ്രപ്രശസ്തി നേടുവാനാണു ശ്രമിക്കുന്നത്.

സവര്‍ണ്ണ ഹിന്ദുക്കളില്‍ നിന്നും ഈഴവര്‍ക്കും മറ്റു വിഭാഗങ്ങള്‍ക്കുമുണ്ടായ തിക്തമായ അനുഭവങ്ങള്‍കൊണ്ടാണ് കേരളത്തില്‍ ഇടതുപക്ഷം തഴച്ചുവളര്‍ന്നത്. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ അംഗങ്ങളില്‍ ഭൂരിഭാഗവും ഈഴവരും മറ്റു താണ ജാതി ഹിന്ദുക്കളുമാണ്. സുകുമാരന്‍ നായര്‍/ വെളളാപ്പള്ളി കൂട്ടുകെട്ടിന്റെ മാന്ത്രിക നമ്പരായ 55 ശതമാനം മുഴുവന്‍ കിട്ടിയാല്‍ പിന്നെ ബാക്കി മുസ്ലീം ലീഗും ക്രിസ്ത്യാനികള്‍ പടച്ചുണ്ടാക്കിയിരിക്കുന്ന ഒരിക്കലും ഒന്നിച്ചുചേരാത്ത കൂറെ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളുമേ ഉണ്ടാകയുള്ളൂ. ഫലത്തില്‍ കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും അസ്തമയ സൂര്യന്റെ കൂടെ അറബിക്കടലില്‍ താഴും!

കേരളത്തില്‍ പെരുന്തച്ചന്റെ പിന്‍ഗാമിയായി മകന്റെ കഴുത്തില്‍ തന്നെ ഉളി താങ്ങിയ ആര്‍. ബാലകൃഷ്ണപിള്ളയുടെ ഗോഡ്ഫാദര്‍ ആയി മാറിയതോടെയാണ് സുകുമാരന്‍ നായര്‍ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ടത്. അപവാദത്തിന്റെ നീര്‍ചുഴിയില്‍ മുങ്ങിത്താണ പി.ജെ. കുര്യന്‍ കിട്ടിയ കച്ചിത്തുമ്പില്‍ പിടിച്ചു കയറാന്‍ സുകുമാരന്‍ നായരെ പിന്തുണച്ചു സംസാരിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ പ്രതിഛായയ്ക്കു പുതിയ പരിവേഷം വന്നു. പി.ജെ. കുര്യന്റെ മാവേലിക്കരയില്‍ രമേശ് എതിരാളിയാകാതിരിക്കാന്‍ ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എറിഞ്ഞാണ് കുര്യന്‍ കളിച്ചത് എന്നു രാഷ്ട്രീയ വൃത്തങ്ങളില്‍ എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയത്തില്‍ നേരും നെറിയും സ്ഥിരമായി ബന്ധങ്ങളും ഇല്ലല്ലോ! തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാന്‍ ഏറ്റവും നല്ലത് ജാതിചിന്തകള്‍ ഇളക്കിവിടുകയെന്നതാണ്. അതിന് ആരുടെയും കൂട്ടുപിടിക്കാന്‍ തയ്യാറാണ് കേരളത്തില്‍ മിക്കവാറും നേതാക്കന്മാര്‍. തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തിയാല്‍ ഇപ്പോള്‍ മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന കേരളത്തില്‍ തങ്ങളുടെ മക്കള്‍ തമ്മിലടിച്ചു മരിക്കും എന്നു മനസ്സിലാക്കാനുള്ള ദീര്‍ഘവീക്ഷണം ഈ രാഷ്ട്രീയ കോമരങ്ങള്‍ക്കില്ല.

തെരഞ്ഞെടുപ്പു സമയത്ത് ഓരോ മണ്ഡലത്തിലും ജാതി തിരിച്ചുള്ള ജനസംഖ്യ നോക്കി ഭൂരിഭാഗം വരുന്ന സമുദായത്തില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്ന കേരളത്തില്‍ സുകുമാരന്‍നായരെയും വെള്ളാപ്പള്ളിയെയും പോലെയുള്ള നേതാക്കന്മാരെ പ്രീണിപ്പിക്കുവാന്‍ എന്തും ചെയ്യാന്‍ തയ്യാറായി തൊഴുകയ്യോടെ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുള്ളപ്പോള്‍ ഈ ബാല്‍താക്കറെമാര്‍ക്ക് ഇനിയും വളരാനുള്ള വളക്കൂറാണുള്ളത്. ജനങ്ങള്‍ ബോധവാന്മാരാകണം. കേരളത്തില്‍ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്സീമും ഈഴവന്മാരും എല്ലാം നല്ല സൗഹാര്‍ദ്ദത്തിലാണ് ജീവിക്കുന്നത്. അവിടെ ജാതിയുടെ ലേബല്‍ ഒട്ടിച്ച് തമ്മില്‍ തല്ലി തലകീറാന്‍ ആയുധത്തിനു മൂര്‍ച്ചകൂട്ടുന്ന നേതാക്കന്മാരെ തിരിച്ചറിയണം. അല്ലെങ്കില്‍ അതു നാടിനാപത്താണ്. താക്കോല്‍ സ്ഥാനം കിട്ടിയതുകൊണ്ടുമാത്രം നാട്ടില്‍ സമാധാനം കൈവരണമെന്നില്ലല്ലോ.

Join WhatsApp News
mallu 2013-05-03 09:06:21
Excellent article
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക