Image

ആറന്മുള വിമാനത്താവള പദ്ധതി മുടക്കുന്നത്‌ ദേശസ്‌നേഹമുള്ളവരോ?

തോമസ്‌ ഫിലിപ്പ്‌ റാന്നി Published on 04 May, 2013
ആറന്മുള വിമാനത്താവള പദ്ധതി മുടക്കുന്നത്‌ ദേശസ്‌നേഹമുള്ളവരോ?
കേന്ദ്രാനുമതി ലഭിച്ച ആറന്മുള വിമാനത്താവളത്തിനെതിരായി സമരഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്ന മലയാളികളായ രാഷ്‌ട്രീയ നേതാക്കന്മാരും, സാംസ്‌കാരിക നേതാക്കളും, പരിസ്ഥിതി സംരക്ഷകരുമൊക്കെ സാക്ഷാല്‍ ദേശസ്‌നേഹമുള്ള മലയാളികള്‍ തന്നെയാണോ? ദേശാഭിമാനം എന്താണെന്ന്‌ മലയാളികള്‍ തമിഴ്‌നാടിനെ കണ്ടു പഠിക്കട്ടെ. കേരളത്തില്‍ വളരെ നാളുകള്‍ക്കു മുമ്പായി തന്നെ വരേണ്ടതായ എത്രയെത്ര പൊതുസ്ഥാപനങ്ങളേയും വികസന പദ്ധതികളേയും, വ്യവസായങ്ങളേയുമാണ്‌ രാജ്യദ്രോഹികളായ ഈ കേരള രാഷ്‌ട്രീയ മാടമ്പിമാരും അവരുടെ അനുയായികളും കൂടിച്ചേര്‍ന്ന്‌ ആട്ടിപ്പായിച്ചുകളഞ്ഞത്‌. അതിവേഗം വളര്‍ന്നു പുരോഗതിയും നേട്ടവും കൈവരിച്ച നെടുമ്പാശേരി എയര്‍പോര്‍ട്ടിനെതിരായി പോലും സമരക്കൊടി ഉയര്‍ത്തിയവരെല്ലെ പില്‍ക്കാലത്ത്‌ അതിന്റെ ചെയര്‍മാന്‍സ്ഥാനത്ത്‌ ഇരുപ്പുറപ്പിച്ചത്‌. സ്വന്തം നാടിന്‌ പേരും പ്രശസ്‌തിയും വളര്‍ച്ചയുമൊന്നും വേണ്ടെന്ന്‌ ശഠിച്ച്‌ നിഷ്‌ക്രിയരായി ജീവിക്കുന്ന ഒരുവിഭാഗം ജനങ്ങള്‍ കേരളത്തിലല്ലാതെ ലോകത്തില്‍ മറ്റൊരു ദേശത്തും നിശ്ചമായും കാണില്ല.

ജനങ്ങള്‍ സഞ്ചരിക്കുന്ന പൊതു സ്ഥലങ്ങളിലും റെയില്‍വേ ലൈനുകളിലുമൊക്കെ മലമൂത്ര വിസര്‍ജ്ജനം ചെയ്യുകയും കുപ്പകള്‍ എവിടെയും വലിച്ചെറിയുകയും ചുറ്റുപാടുകള്‍ മലീമസമാക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന നാട്ടിലെ അഭ്യസ്‌തവിദ്യരായ ജനങ്ങളും നേതാക്കന്മാരുമാണ്‌ ആറന്മുളയില്‍ എയര്‍പോര്‍ട്ട്‌ വന്നാല്‍ പരിസ്ഥിതിയാകെ തകരാറിലായി നാടു നശിക്കുമെന്ന്‌ മുറവിളി കൂട്ടുന്നതെന്ന്‌ ഓര്‍ക്കുമ്പോള്‍ ഏത്‌ വിദേശ മലയാളിയാണ്‌ അമ്പരന്നു പോകാത്തത്‌. അന്താരാഷ്‌ട്ര നിലവാരമുള്ള ഒരു വിമാനത്താവളം വിശ്രുതമായ വള്ളംകളിയുടേയും ആറന്മുള കണ്ണാടിയുടേയും നാട്ടില്‍ നിന്നും ഉണ്ടാകാന്‍ പോകുന്നെന്നും 2014 ഡിസംബറില്‍ ആദ്യ വിമാനം ആറന്മുള എയര്‍പോര്‍ട്ടില്‍ ലാന്റ്‌ ചെയ്യാന്‍ സാധിക്കുമെന്നുമുളള എയര്‍പോര്‍ട്ട്‌ ഡയറക്‌ടര്‍ ശ്രീ പി.ടി. നന്ദകുമാറിന്റെ പ്രസ്‌താവനയെ അതീവ സന്തോഷത്തോടുകൂടി ഞാന്‍ സ്വാഗതം ചെയ്യുന്നു. 2000 കോടി മുതല്‍മുടക്കുള്ള എയര്‍പോര്‍ട്ട്‌ ഒരു യാഥാര്‍ത്ഥ്യമായിത്തീരാന്‍ അശ്രാന്ത പരിശ്രമം ചെയ്‌തുകൊണ്ടിരിക്കുന്ന ആറന്മുള എം.എല്‍.എ ശ്രീ ശിവദാസന്‍ നായര്‍, പത്തനംതിട്ട എം.പി. ശ്രീ ആന്റോ ആന്റണി, മുന്‍ ഡയറക്‌ടര്‍ബോര്‍ഡ്‌ അംഗം ശ്രീ വര്‍ക്കി ഏബ്രഹാം, ധര്‍മ്മിഷ്‌ടനായ അമേരിക്കന്‍ മലയാളി ശ്രീ ശശിധരന്‍ നായര്‍ എന്നിവരെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു.

ഈ എയര്‍പോര്‍ട്ട്‌ ഒരു യാഥാര്‍ഥ്യമായിത്തീരുമ്പോള്‍ മനോഹരവും ആന്താരാഷ്‌ട്ര പ്രശസ്‌തിയാര്‍ജ്ജിച്ചു കഴിഞ്ഞ ആറന്മുളയെ മാത്രമല്ല പത്തനംതിട്ട ജില്ല ഉള്‍പ്പടെ വിസ്‌തൃതമായ മധ്യതിരുവിതാംകൂര്‍ പ്രദേശത്തേയും അവിടുത്തെ നാല്‍പ്പത്‌ ശതമാനത്തോളം വിദേശ മലയാളികളേയും മാരാമണ്‍ കണ്‍വന്‍ഷനേയും വര്‍ഷം തോറും അറുപത്‌ മില്യനോളം ഹൈന്ദവ ഭക്തന്മാര്‍ വന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ശബരിമല തീര്‍ത്ഥാടനത്തേയും നന്മകൊണ്ടലങ്കരിക്കുകയും ചെയ്യും. വളര്‍ച്ച മുട്ടി നില്‍ക്കുന്ന കോട്ടയം പട്ടണത്തിനും ആറന്മുളയില്‍ ചിറകുവിരിക്കാന്‍ പോകുന്ന വിമാനത്താവളം ഗണനീയമാംവിധം സഹായകരമായിത്തീരും.
Join WhatsApp News
വിദ്യാധരൻ 2013-05-04 11:45:33
എന്താണ് ദേശ സ്നേഹത്തെ അളക്കാനുള്ള അളവുകോൽ? മനോഹരമായാ ആറുമുളയെ നശിപ്പിച്ചു എയർപോർട്ട് നിര്മ്മിക്കാൻ കൂട്ട് നില്ക്കുക എന്നതോ? നാനൂറായിരം വരുന്ന പ്രാവാസി മലയാളികളുടെ താല്പ്പര്യവും, കച്ചവടക്കാരുടെയും താല്പ്പര്യം സംരക്ഷിച്ചു, കഴുത്തറപ്പൻ രാഷ്ട്രീയക്കാരുടെയും കൂട്ടുപിടിച്ച് വിമാന താവളം ഉണ്ടാക്കുക എന്നതാണോ രാജ്യ സ്നേഹം? കൗപീനം പോലെയുള്ള കേരളത്തിൽ ഇപ്പോൾ തന്നെ നാല് വിമാന താവളങ്ങൾ എന്റെ അറിവില  ഉണ്ട് (തിരുവന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ).  ആറുമുള തിരുവനതപുരത്തിനും കൊച്ചിക്കും ഇടയ്ക്കു കിടക്കുന്ന പ്രകൃതി രമണീയവും ചരിത്ര പ്രാധാന്യവും ഉള്ള ഒരു ദേശം ആണ്.  അത് മനോഹരമായ പമ്പാ നദിയുടെ തീരാത്തായിരുന്നു. ഇപ്പോൾ എവിടെ ആണെന്ന് പമ്പാ നദി നശിച്ചതുകൊണ്ട്  അറിയാൻ കഴിയുന്നില്ല. (വികസനത്തിന്റെ പേരിൽ മണല് വാരി വിറ്റു കാഴ് ഉണ്ടാക്കിയവര്ക്കും, അതിനു കൂട്ട് നിന്ന രാജ്യദ്രോഹികളായ രാഷ്ട്രീയക്കാര്ക്കും നന്ദി). കഴിഞ്ഞ വര്ഷം നൂറ്റി നല്പ്പതിനായിരം വിദേശികൾ ആണ് ഇവിടെ വന്നത് . അവർ എല്ലാം തിരുവനന്തപുരത്തും, കൊച്ചിയിലും ഇറങ്ങി, വാഹനങ്ങളിൽ  പച്ചില ചാർത്ത്‌കളാൽ ആവൃതമായതും, ഇരുനൂറു വര്ഷത്തിലേറെ പഴക്കമുള്ള കൊട്ടാരവും, ആറുമുള കണ്ണാടിയുടെയും ഒക്കെ നാടായ അറുമുളയിൽ വന്നത് അവിടെ കൂറ്റൻ വിമാനതാവളങ്ങൾ ഉണ്ടായിട്ടല്ല നേരെ മരിച്ചു പ്രികൃതി രമണിയതയും, കളെങ്കമേല്ക്കാത്ത ഗ്രാമീണതയും ആസ്വതിക്കാൻ ആണ്.  കോടികണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന അയ്യപ്പ വിളക്കും മാരാമണ്‍ കണ്‍വെൻഷെന്റെയും ഭക്തി സാന്ദ്രതയെ നില നിറുത്തി മനസിന്‌ ശാന്തി നൽകുന്നതിൽ ഈ ഭൂപ്രദേശം വളെരെ പങ്കു വഹിക്കുന്ന്. ഇതെല്ലാം നശിപ്പിച്ചു കുറെ സ്വാർത്ഥമതികളുടെ താല്പ്പര്യങ്ങളെ മാത്രം കണക്കിലെടുത്ത് ദേശ സ്നേഹത്തെ നിർവചിക്കാൻ ശ്രമിക്കരുത് . ആരുമുലയുടെ ഊട് വഴികളിലൂടെ സഞ്ചരിച്ചു, അവിടെയുള്ള സാധാരണക്കാരുടെ ഇടയിലൂടെ സഞ്ചിരിച്ചു അവരുടെ അഭിപ്രായംകൂടി അറിഞ്ഞിട്ടു ദേശ സ്നേഹത്തെ നിർവചിക്കാം സുഹൃത്തെ 
"വെന്നി കൊടികൾക്ക് വർണ്ണം പിടിപ്പിക്കാൻ 
ചെന്നിണം എന്നും കുറികൂട്ടു കൂട്ടണം"

bijuny 2013-05-05 18:26:01
ചേട്ടാ ഒരു വിമാനത്താവളം മാത്രമാണോ വികസനം? ഒരു വിമാനത്താവളത്തിന്റെ സപ്പോർട്ട് ആണോ ടെസസ്നേഹത്തിന്റെ അളവുകോൽ? തങ്ങളുടെ ഈ ആർട്ടിക്കിൾ വെറും പൊള്ളയായ അർഗുമെന്റ്സ് മാത്രം. പുതുപ്പനക്കാരനായ ഒരു അമേരിക്കൻ മലയാളിയുടെ ഒരു എഗോ സടിസ്ഫി ചെയ്യന്വേണ്ടിയുള്ള സ്വാർത്ഥ താല്പര്യങ്ങൾ വ്യ്ക്തമയീ ആർട്ടിക്കിൾ കാണാം. വെറുതെ ടെസസ്നേഹത്തിന്റെ കഥ പറയല്ലേ? അത്ര സ്നേഹമുണ്ടെങ്കിൽ അമേരിക്കൻ ടെക്നോളജി ഉപയോഗിച്ച് അവിടത്തെ കുടിവെള്ള പ്രസ്നാതിനു ഒരു പരിഹാരം കാണൂ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക