Image

ലയനമല്ല ഫോമയുടെ ലക്ഷ്യം: ബേബി ഊരാളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 27 May, 2011
ലയനമല്ല ഫോമയുടെ ലക്ഷ്യം: ബേബി ഊരാളില്‍
ന്യൂയോര്‍ക്ക്‌: ഫോമ തുടങ്ങിവെച്ച നല്ല പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്‌ ഫോമയുടെ ലക്ഷ്യമെന്ന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ പ്രസ്‌താവിച്ചു. ലയനം ഫോമയുടെ നിലവിലുള്ള അജണ്ടയിലില്ല. ജൂണ്‍ 15-ന്‌ അവസാനിക്കുന്ന ദേശീയ സാഹിത്യ മത്സരം, ജൂണ്‍ 11-ന്‌ ഷിക്കാഗോയില്‍ നടക്കുന്ന മലയാളി പ്രഫഷണലുകളുടെ സംഗമം, ഓഗസ്റ്റില്‍ വാഷിംഗ്‌ടണില്‍ നടക്കുന്ന 18 നും 35-നും ഇടയ്‌ക്ക്‌ പ്രായമുള്ള യുവതീ യുവാക്കളുടെ നേതൃത്വ സമ്മിറ്റ്‌, ന്യൂയോര്‍ക്കില്‍ വെച്ച്‌ നടക്കുന്ന പൊളിറ്റിക്കല്‍ അവയര്‍നെസ്സ്‌ സമ്മിറ്റ്‌ തുടങ്ങിയവയുടെ വിജയമാണ്‌ ഫോമയുടെ നിലവിലുള്ള അജണ്ടയും, ലക്ഷ്യവുമെന്ന്‌ ഫോമാ പ്രസിഡന്റ്‌ അറിയിച്ചു.

ഫോമയുടെ ഔദ്യോഗിക ഭാരവാഹികളുടേതല്ലാതെ, പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോട്‌ ഫോമയ്‌ക്ക്‌ ഉത്തരവാദിത്വമില്ല. ഫോമയ്‌ക്കുവേണ്ടി പ്രസ്‌താവനകളിറക്കുവാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഫോമ പ്രസിഡന്റ്‌ ബേബി ഊരാളില്‍ വ്യക്തമാക്കി.

ലയനം പോലുള്ള വിഷയങ്ങള്‍ അംഗസംഘടനകളുമായി ആലോചിച്ച്‌, ഫോമയുടെ ജനറല്‍ബോഡിയുടെ അംഗീകാരത്തോടുംകൂടി വേണം നടപ്പിലാക്കേണ്ടത്‌. ലയന ചര്‍ച്ചകളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക്‌ വിരാമമിട്ടുകൊണ്ട്‌ ഫോമാ പ്രസിഡന്റ്‌ നയം വ്യക്തമാക്കി.

ജൂണ്‍ 11-ന്‌ ഷിക്കാഗോയില്‍ വെച്ച്‌ നടക്കുന്ന പ്രൊഫഷണലുകളുടെ സംഗമത്തിന്‌ ലഭിക്കുന്ന വന്‍ പിന്തുണയ്‌ക്ക്‌ ഫോമാ പ്രസിഡന്റ്‌ നന്ദി രേഖപ്പെടുത്തുകയും, സംഗമത്തിന്റെ വിജയത്തിന്‌ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. ഫോമയ്‌ക്കുവേണ്ടി ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌ അറിയിച്ചതാണിത്‌.
ലയനമല്ല ഫോമയുടെ ലക്ഷ്യം: ബേബി ഊരാളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക