Image

മാധവിക്കുട്ടിയുടെ (കമലാസുരയ്യയുടെ) മതം വിവാദമാകുമ്പോള്‍

Published on 07 May, 2013
മാധവിക്കുട്ടിയുടെ (കമലാസുരയ്യയുടെ) മതം വിവാദമാകുമ്പോള്‍
മലയാളത്തിലെ പ്രശസ്തമായ വാരികയില്‍ യുവകഥാകാരി ഇന്ദുമേനോന്റെ ലേഖനം ഇപ്പോള്‍ വന്‍ വിവാദമായിരിക്കുന്നു. മലയാളത്തിന്റെ എന്നത്തെയും പ്രീയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ഓര്‍മ്മകളാണ് ഇന്ദുമേനോന്റെ ലേഖനത്തിലെ വിഷയം. മാധവിക്കുട്ടിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഇന്ദുമേനോന്‍ പ്രീയ എഴുത്തുകാരിക്കൊമുണ്ടായ ചില സ്വകാര്യ അനുഭവങ്ങളും പിന്നെ മാധവിക്കുട്ടി അവരോട് സ്വകാര്യമായി പറഞ്ഞിരുന്ന ചിലകാര്യങ്ങളുമൊക്കെ ലേഖനത്തിലൂടെ പങ്കുവെക്കുന്നു.

ഇന്ദുമേനോന്റെ വിവാദ അഭിമുഖം എന്ന പേരില്‍ തന്നെയാണ് വാരിക ഇന്ദുമേനോന്റെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു പത്രഉടമ മാധവിക്കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതും, മാധവിക്കുട്ടി എറണാകുളത്ത് ഫ്‌ളാറ്റില്‍ താമസിക്കുമ്പോള്‍ അതേ ബില്‍ഡിംഗിലെ മറ്റൊരു ഫ്‌ളാറ്റില്‍ വിവാദ സ്വാമി സന്തോഷ് മാധവന്‍ താമസിച്ചിരുന്നതും, മാധവിക്കുട്ടി തന്റെ പ്രീയപ്പെട്ട സീലോ കാര്‍ ഇന്ദുമേനോന് സ്‌നേഹസമ്മാനമായി നല്‍കിയതും, ഇജിപ്ത് അംബാസിഡര്‍ ഇ.ഇ.ഇ ഫൈസി കോടികള്‍ വിലയുള്ള രത്‌നമോതിരം മാധവിക്കുട്ടിക്ക് സ്‌നേഹസമ്മാനമായി നല്‍കിയതും, ഇന്ദുമേനോനോട് തന്നെ അമ്മയെന്ന് വിളിക്കാന്‍ ആവിശ്യപ്പെട്ടതും, പിന്നെ കൃഷ്ണ വിഗ്രഹത്തോട് മാധവിക്കുട്ടിയുടെ അഗാധമായ ആത്മീയ സ്‌നേഹവുമൊക്കെ ഇന്ദുമേനോന്‍ വിവരിക്കുന്നുണ്ട്. ഇതില്‍ പലതും കൗതുകമുള്ള വിഷയങ്ങളുമാണ്.

എന്നാല്‍ അഭിമുഖം വിവാദമായത് ഇതുകൊണ്ടൊന്നുമല്ല. മാധവിക്കുട്ടി മതംമാറി കമലസുരയ്യ ആയപ്പോള്‍ മുതല്‍ കത്തി തുടങ്ങുകയും ഇന്നും കെടാതെ നില്‍ക്കുകയും ചെയ്യുന്ന അതേ വിഷയത്തില്‍ പേരിലാണ് ഇക്കുറിയും വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.

പ്രേമം അമ്മയുടെ മതം എന്ന സബ് ടൈറ്റിലോടെ ഇന്ദുമേനോന്‍ എഴുതുന്ന കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്...

മൂന്നു ഭാര്യമാരുള്ള കവിതയെയും ഗസലിനെയും സ്‌നേഹിക്കുന്ന ഒരാളാണ് എന്റെ കാമുകന്‍ എന്ന് അമ്മ പറഞ്ഞിട്ടുണ്ട്.

അയാള്‍ ഇടക്കിടെ ഫ്‌ളാറ്റിലേക്ക് വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വന്നയുടന്‍ അയാള്‍ അമ്മക്ക് മുമ്പിലിരിക്കും.

"കമല എന്റെ പ്രേമം സ്വീകരിക്കണം'.

തൊപ്പിയിട്ട അദ്ദേഹത്തിന്റെ ഘനഗംഭീര ശബ്ദത്തിന് മുമ്പില്‍ പ്രേമത്തിനു വേണ്ടി ദാഹിക്കുന്ന സ്ത്രീ വീണു പോകുന്നത് സ്വാഭാവികം. ശരിക്കും അയാള്‍ ബ്രെയിന്‍ സ്റ്റോമിംഗ് നടത്തുകയായിരുന്നു. അയാളെ വിശ്വസിച്ചാണ് മാധവിക്കുട്ടി കമലസുരയ്യയായി മാറിയത്. അല്ലാതെ അത് ഒരു മതത്തോടുള്ള ഇഷ്ടം കൊണ്ടായിരുന്നില്ല. മനുഷ്യനായിരുന്നു അമ്മക്ക് മുന്നിലുണ്ടായിരുന്നത്. പക്ഷെ മതം മാറിയപ്പോഴാണ് അദ്ദേഹം ഒരു ഭീരുവാണെന്ന് അമ്മക്ക് മനസിലായത്. അയാള്‍ അമ്മയെ നിര്‍ദ്ദയം ഉപേക്ഷിച്ചുവെന്ന് പറയാം. അദ്ദേഹത്തോടുള്ള ദേഷ്യം എപ്പോഴുമുണ്ടായിരുന്നു അമ്മയുടെ മനസില്‍.

ഇങ്ങനെയാണ് വാരികയില്‍ ഇന്ദുമേനോന്റെ കുറിപ്പ് എഴുതപ്പെട്ടിരിക്കുന്നത്.

പുതിയ വിവാദങ്ങള്‍ ഉടലെടുക്കാന്‍ ഈ കുറിപ്പ് ധാരാളമായിരുന്നു. മാധവിക്കുട്ടി മതം മാറി കമലസുരയ്യയായത് ഒരു കൂട്ടര്‍ക്ക് ആഹ്ലാദവും, മറ്റൊരു കൂട്ടര്‍ക്ക് എന്നും പ്രശ്‌നവുമായിരുന്നു. കാരണം എതിര്‍ത്തവരും സന്തോഷിച്ചവരും കണ്ടത് മാധവിക്കുട്ടിയുടെ ആത്മയമായ ഒരു സഞ്ചാരമായിരുന്നില്ല മറിച്ച്, ഞങ്ങളെ സ്വീകരിച്ചല്ലോ, അല്ലെങ്കില്‍ ഞങ്ങളെ നിരസിച്ചല്ലോ എന്നത് മാത്രമായിരുന്നു.

എന്നാല്‍ മതേതരവാദികളായ മലയാളികള്‍ ഇതില്‍ ഒരിക്കലും ഒരു കുഴപ്പവും കണ്ടിരുന്നില്ല. മാധവിക്കുട്ടി ഏത് മതത്തിലായാലും നല്ല കവിതകള്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു ശരാശരി മലയാളിയുടെ താത്പര്യം. എന്നാല്‍ മാധവിക്കുട്ടിക്ക് ഒരു മുസ്ലിം നാമധാരിയായ രാഷ്ട്രീയ നേതാവുമായി പ്രണയമുണ്ടായിരുന്നുവെന്നും അയാള്‍ വിവാഹ വാഗ്ദാനം ചെയ്തതാണ് അവര്‍ മതം മാറി കമലസുരയ്യയാവാന്‍ കാരണമെന്നുമുള്ള കാര്യങ്ങള്‍ പ്രചരിച്ചപ്പോഴൊക്കെ ഇത് വലിയ വാര്‍ത്തകളുമായിരുന്നു. മാധവിക്കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പലരും പലപ്പോഴും ഇങ്ങനെയൊരു സംഗതി വെളിപ്പെടുത്തിയിട്ടുണ്ട്. വന്‍ വിവാദങ്ങള്‍ തന്നെ മലയാള സാംസ്കാരിക സാഹിത്യ ലോകത്ത് ഇത് സംബന്ധിച്ച് നടന്നു.

ഇന്ന് ഇന്ദുമേനോന്റെ ലേഖനത്തിന് ഉത്തരം പറയാന്‍ മാധവിക്കുട്ടി നമ്മോടൊപ്പം ഇല്ല. ഇന്ദുമേനോന് മാധവിക്കുട്ടിയുമായി ഉണ്ടായിരുന്ന അടുപ്പം നേരിട്ടറിയുന്ന ആരും ഇന്ദുമേനോന്‍ കള്ളം പറഞ്ഞതാണെന്ന് കരുതുകയുമില്ല തന്നെ.

എന്നാല്‍ പ്രണയം കാരണമാണ് മാധവിക്കുട്ടി മതം മാറിയതെന്ന വീണ്ടും വീണ്ടുമുള്ള വെളിപ്പെടുത്തലുകള്‍ പലരെയും അസ്വസ്ഥരാക്കുന്നുണ്ടെന്നതാണ് ശരി. അതുകൊണ്ടു തന്നെ ഇന്ദുമേനോനെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതുപോലെ തന്നെ ഇന്ദുമേനോനെ ശരിവെക്കുന്നവരും കുറവല്ല. മാധവിക്കുട്ടി ലൗജിഹാദിന്റെ ഇരയാണെന്ന് പോലുമുള്ള പ്രചരണങ്ങളും നിരവധിയായി നടക്കുന്നു.

എന്തു തന്നെയായാലും മാധവിക്കുട്ടിയുടെ മകന്‍ എം.ഡി നാലപ്പാട്ട് പറയുന്നത് കൂടെ ഇവിടെ കേള്‍ക്കേണ്ടതുണ്ട്. എം.ഡി നാലപ്പാട്ട് പറയുന്നത് പരിഗണിക്കുമ്പോള്‍ ഇസ്ലാം മതം മാധവിക്കുട്ടി സ്വീകരിക്കുന്നതിനും വളരെ മുമ്പു തന്നെ അവര്‍ ഇസ്ലാമിനോട് താത്പര്യം പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു എന്നാണ്. ഒരു പ്രണയത്തിന്റെ പേരിലാണ് അമ്മയുടെ മതം മാറ്റമെന്ന വാദത്തെ സ്വന്തം അമ്മയെ അടുത്തറിയുന്ന മകന്‍ തീര്‍ത്തും നിഷേധിക്കുകയും ചെയ്യുന്നു. എത്രയോ കാലം മുമ്പേ ഗൗരവമായി ഖുറാന്‍ വായിച്ചിരുന്നു മാധവിക്കുട്ടിയെന്ന് എം.ഡി നാലപ്പാട്ട് പറയുന്നു. ഒപ്പം ഏതെങ്കിലും ഒരു സുങ്കുചിതമായ മതച്ചട്ടക്കൂടില്‍ തന്നെ തളക്കാനും അമ്മ ആഗ്രഹിച്ചിരുന്നില്ല എന്നും എം.ഡി നാലപ്പാട്ട് പറയുന്നു. ഇസ്ലാമിനോടുള്ള താത്പര്യമാണ് മതം മാറ്റത്തിന് അത്യന്തികമായി അമ്മയെ പ്രേരിപ്പിച്ചത് എന്നു തന്നെയാണ് എം.ഡി നാലപ്പാട്ട് പറയുന്നത്. സുഹൃത്തുക്കളും അടുപ്പക്കാരും പറയുന്നതിനേക്കാള്‍ ഏറ്റവും വിശ്വസനീയം മകന്‍ പറയുന്നത് തന്നെ.

എന്നാല്‍ മാധവിക്കുട്ടി തന്നെ മാധ്യമങ്ങള്‍ നല്‍കിയ ചില അഭിമുഖങ്ങള്‍ നോക്കുമ്പോള്‍ എം.ഡി നാലപ്പാട്ട് പറയുന്നതിനേക്കാള്‍ ഇന്ദുമേനോന്റെ വെളിപ്പെടുത്തലിലും കഴമ്പുണ്ടാകാം എന്ന് തോന്നിപ്പോകാനും മതി.

അതില്‍ പ്രധാനം 2007ല്‍ ജൂണ്‍മാസത്തില്‍ കേരളത്തോട് വിടപറഞ്ഞ് പൂനൈയിലേക്ക് പോകുന്നതിന് മുമ്പായി കൈരളിയില്‍ ജോണ്‍ ബ്രിട്ടാസിനു നല്‍കിയ അഭിമുഖമാണ്. ഈ അഭിമുഖത്തിലും ഇന്ത്യാവിഷനില്‍ സാഹിത്യകാരന്‍ സക്കറിയയുമായി നല്‍കിയ അഭിമുഖത്തിലും കമലസുരയ്യ ഒരാള്‍ തന്നെ പ്രണയം വാഗ്ദാനം ചെയ്ത് വഞ്ചിച്ചതായി സൂചിപ്പിക്കുന്നുണ്ട്. കമലസുരയ്യയുടെ ജീവചരിത്രം എഴുതിയ മെറിലി വിസ്‌ബോഡിന്റെ ദ ലൗ ക്വീന്‍ ഓഫ് മലബാര്‍ എന്ന പുസ്തകത്തിലും ഇതൊക്കെ തന്നെ പറയുന്നുണ്ട്.

ഇനി മാതൃഭൂമി ആഴ്ചപതിപ്പില്‍ മതം മടുത്തു (16-01-2005) എന്ന തലക്കെട്ടോടെ വന്ന മാധവിക്കുട്ടിയുടെ അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു. - "സ്‌നേഹം തരാമെന്ന് ഒരാള്‍ പറഞ്ഞു, ഞാനുമത് വിശ്വസിച്ചു. എന്നെപ്പോലെ ധീരയായ ഒരു പെണ്ണിന് ഒരു ഭീരുവിനെ സ്‌നേഹിക്കാന്‍ കഴിയുമോ. ഞാനൊരു പുലിയാണെങ്കില്‍ അയാളൊരു കോലാടാ...ഞാനയാളെ സ്വതന്ത്രനാക്കി. ഞാനും സ്വതന്ത്രയായി. പ്രേമമൊക്കെ മങ്ങി. ഇപ്പോള്‍ ഈ വേഷം അത്ര തരക്കേടില്ല എന്ന് തോന്നുന്നു'. മാധവിക്കുട്ടിയുടെ ഈ വാക്കുകള്‍ ഇന്ദുമേനോന്റെ വെളിപ്പെടുത്തലിനോട് അടുത്തു നില്‍ക്കുന്നതാണ്.

എന്നാല്‍ ഇതിനും മുമ്പു തന്നെ എല്ലാ മതങ്ങളെയും ഒരുപോലെ നിരസിച്ചിരുന്നു മാധവിക്കുട്ടി എന്ന് തോന്നുന്ന പ്രസ്താവനകളും ഉണ്ടായിട്ടുണ്ട്.

മതം സാര്‍സ് പോലെയാണ് എന്ന് മാധവിക്കുട്ടി ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. മതം സാര്‍സ് പോലെ വിഷലിപ്തമാണെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. "എല്ലാ മതത്തിനും ഒരു വിഷപ്പല്ലുണ്ടെന്നാണ് ഞാന്‍ ധരിച്ചത്. പക്ഷെ എത്രയോ വിഷപ്പല്ലുകള്‍ ഉള്ളതാണ് മതമെന്ന് എനിക്കിപ്പോള്‍ തോന്നുന്നു. ദൈവത്തിന്റെ അറിവില്‍ മതമില്ല. ദൈവത്തിന്റെ പദാവലിയില്‍ സ്‌നേഹമെന്ന വാക്കേയുള്ളു'.

ഈ വാക്കുകളും മാധവിക്കുട്ടിയുടേത് തന്നെ. അപ്പോള്‍ പിന്നെ കേവലം പ്രണയത്തിനു വേണ്ടി അവര്‍ മതം മാറിയെന്നത് ശുദ്ധ അസംബന്ധം തന്നെയാകില്ലേ. ആത്മമീയമായ ഒരു സഞ്ചാരത്തിനിടയില്‍ അവര്‍ക്ക് കൂടുതല്‍ താത്പര്യം തോന്നിയ ഒരു മതത്തെ അടുത്തറിയാന്‍ ശ്രമിച്ചതുമാകാം മാധവിക്കുട്ടിയില്‍ നിന്നും കമലസുരയ്യയിലേക്കുള്ള മാറ്റം.

എന്നാല്‍ മാധവിക്കുട്ടിയെ തികച്ചും വിമര്‍ശിച്ചു കൊണ്ടുള്ള വിലയിരുത്തലുകള്‍ക്കും തീരെ കുറവുണ്ടായിരുന്നില്ല. മാധവിക്കുട്ടിയെ ഒരു സവര്‍ണ്ണ ഫാസിസ്റ്റ് എന്ന നിലയില്‍ രേഖപ്പെടുത്തിക്കൊണ്ടും ചില ആക്ടിവിസ്റ്റുകള്‍ ഇന്ദുമേനോന്റെ ലേഖനത്തോട് പ്രതികരിക്കുന്നുണ്ട്. അതിന് ഉപോല്‍ബലകമായി 1998ല്‍ മാധവിക്കുട്ടി തപസ്യ എന്ന കലാസാംസ്കാരിക സംഘടനയില്‍ നടത്തിയ പ്രസംഗം പത്ര വാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടുന്നു.

പ്രസ്തുത പ്രസംഗം ഇങ്ങനെയായിരുന്നു. "ഇവിടെ ജനിച്ചു വളര്‍ന്ന ഹിന്ദുമതം അവഗണിക്കപ്പെടുന്നു. സര്‍ക്കാര്‍ പോലും പീഡിപ്പിക്കുന്നു. സെക്കുലര്‍ എന്നു പറഞ്ഞാല്‍ അത് ഹിന്ദു വിരോധമാണെന്ന് ഭരിച്ച സര്‍ക്കാര്‍ വരെ ജനങ്ങളെ പഠിപ്പിച്ചു. ഇന്ത്യക്ക് പുറത്തു നിന്നും വന്ന മതങ്ങളെ ആചരിച്ചു. സ്വീകരിച്ചു. പക്ഷെ ഇന്ത്യയില്‍ വളര്‍ന്നു വന്ന ഹിന്ദുമതത്തെ അവഗണിക്കാന്‍ ശ്രമിച്ചു'.

ഇതിനൊപ്പം മാധവിക്കുട്ടിയുടെ കൃഷ്ണവിഗ്രഹത്തോടുള്ള താത്പര്യവും ശീലങ്ങളുമെല്ലാം ചേര്‍ത്ത് വെച്ച് വരേണ്യവര്‍ഗത്തിന്റെ ഒരു ബിംബമായിട്ടും ഇപ്പോള്‍ മാധവിക്കുട്ടിയെ പലരും രേഖപ്പെടുത്തുന്നു.


എന്നാല്‍ ശരാശരി മലയാളിക്ക് ഒന്നേ പറയാനുണ്ടാവു. ഇത്തരം വിവാദങ്ങള്‍ തീര്‍ത്തും ഒഴിവാക്കപ്പെടേണ്ടതു തന്നെ. മാധവിക്കുട്ടിയെന്ന വ്യക്തിയെക്കാള്‍, ആ വ്യക്തി സഞ്ചരിച്ച വഴികളേക്കാള്‍ മലയാളിക്ക് പ്രധാന്യം മാധവിക്കുട്ടിയെന്ന എഴുത്തുകാരി തന്നെയല്ലേ. ആ എഴുത്തികാരി സഞ്ചരിച്ച പ്രണയവും, ആത്മീയതും, മാനവികതയും തന്നെയല്ല പ്രധാനം. നമ്മെ വിടപറഞ്ഞ് പോയിട്ടും മഹതിയായ ഒരു കലാകാരിയെ ഇങ്ങനെ വിവാദങ്ങളിലെ വ്യക്തിയായി നിര്‍ത്തുന്നത് ശരിക്കും അവരെ അപമാനിക്കുന്നതിന് തുല്യമല്ലേ. കുറഞ്ഞ പക്ഷം മാധവിക്കുട്ടിയുടെ ഇഷ്ടം നേടിയിരുന്നു എന്ന് പറയുന്ന ഇന്ദുമേനോന്‍ അത് തീര്‍ച്ചയായും ശ്രദ്ധിക്കണമായിരുന്നു. വിവാദങ്ങളിലൂടെയല്ലാതെ മാധവിക്കുട്ടിയെക്കുറിച്ച് എഴുതാന്‍ ശ്രമിക്കണമായിരുന്നു.

വിവാദങ്ങളില്ലാതെ ഈ കുറിപ്പ് അവസാനിപ്പിക്കാന്‍ മാധവിക്കുട്ടിയുടെ പക്ഷിയുടെ മണം എന്ന കഥയിലെ ചില വരികള്‍ കുറിക്കാം...


""അതെ സ്‌നേഹത്തിന്റെ പരിപൂര്‍ണ്ണത കാണിച്ചുതരാന്‍ എനിക്കു മാത്രമേ കഴിയുകയുള്ളു. എനിക്കു നീ ഓരോന്നോരോന്നായി കാഴ്ചവെക്കും. ചുവന്ന ചുണ്ടുകള്‍, ചാഞ്ചാടുന്ന കണ്ണുകള്‍, അവയവ ഭംഗിയുള്ള ദേഹം. എല്ലാം... ഓരോ രോമകൂപങ്ങള്‍ കൂടി നീ കാഴ്ചവെക്കും. ഒന്നും നിന്റേതല്ലാതാകും, എന്നിട്ട് ഈ ബലിക്കു പ്രതിഫലമായി ഞാന്‍ നിനക്ക് സ്വാതന്ത്രം തരും. നീ ഒന്നുമല്ലാതാവും. പക്ഷെ എല്ലാമായിത്തീരും. നീ കാറ്റാവും, നീ മഴത്തുള്ളികളാവും, നീ മണ്ണിന്റെ തരികളാവും.... നീയായിത്തീരും ഈ ലോകത്തിന്റെ സൗന്ദര്യം...''

യഥാര്‍ഥത്തില്‍ മതമല്ല മറിച്ച് സര്‍ഗാത്മകതയും മാനവികതയുമാണ് വലുതെന്നാണ് മാധവിക്കുട്ടി പറഞ്ഞത്, എഴുതിയത്, പഠിപ്പിച്ചത്... എന്നാല്‍ നാം കേട്ടതും, വായിച്ചതും പഠിച്ചതും വേറെന്തൊക്കെയോ മണ്ടത്തരങ്ങള്‍...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക