Image

വിലാപങ്ങള്‍ക്കപ്പുറം-2 (കഥ)- പി,.റ്റി. പൗലോസ്

പി,.റ്റി. പൗലോസ് Published on 09 May, 2013
 വിലാപങ്ങള്‍ക്കപ്പുറം-2 (കഥ)- പി,.റ്റി. പൗലോസ്
“ഇത് മോന്റെ കുഞ്ഞളിയന്‍”

പിന്നെ പാവാടക്കാരിയെ പരിചയപ്പെടുത്തി:

“ഇത് മോന്റെ കുഞ്ഞനുജത്തി”

മാത്തുക്കുട്ടി ഭാര്യ ശോഭയെ നോക്കി. ശോഭ തലകുനിച്ചു. പിന്നീട് കാര്യസ്ഥന്‍ സ്വയം പരിചയപ്പെടുത്തി:

“ഞാന്‍ ചാക്കപ്പന്‍. ഡ്രൈവര്‍ ചാക്കപ്പന്‍”

വിവാഹ ആലോചന സമയത്ത് ശോഭ വീട്ടിലെ ഇളയകുട്ടി ആണെന്നാണ് പറഞ്ഞത്. ഇപ്പോള്‍ കുഞ്ഞനുജത്തിയും കുഞ്ഞളിയനും. ഒന്നും മനസ്സിലാകുന്നില്ല. അഴിക്കാന്‍ ശ്രമിച്ചിട്ടും കെട്ടുകള്‍ ഓരോന്നായി മുറുകുകയാണ്. വിവാഹ നിശ്ചയ സമയത്ത് കൂടുതല്‍ അന്വേഷിച്ചില്ല. ആത്മീയ ആചാര്യന്‍മാരുടെ പാരമ്പര്യം. ഇാഷ്ട്രീയ പ്രബുദ്ധത നിറഞ്ഞു നിന്ന വീട്. സര്‍ഗ്ഗപ്രതിഭകളുടെ സ്വന്തം തറവാട്. മാത്തുക്കുട്ടി തറവാട്ടിലെ പ്രശസ്ത സാഹിത്യകാരന്റെ ആരാധകന്‍. അദ്ദേഹത്തിന്റെ എല്ലാ സര്‍ഗ്ഗ സൃഷ്ടികളും മാത്തുക്കുട്ടിയുടെ ഗ്രന്ഥശേഖരത്തിലുണ്ട്. പിന്നെ എന്തന്വേഷിക്കാന്‍.
മാത്തുക്കുട്ടിയുടെ ആദ്യരാത്രി. ചമ്പയില്‍ തറവാടിന്റെ തെക്കിനിയില്‍ കാര്യസ്ഥന്‍ ചാക്കപ്പന്റെ നേതൃത്വത്തില്‍ നാട്ടിലെ ചട്ടമ്പി പ്രമാണികളുടെ പാര്‍ട്ടി കൊഴുക്കുകയാണ്. മദ്യലഹരിയില്‍ അശ്ലീല ചുവയുള്ള കൊടുങ്ങല്ലൂര്‍ പാട്ടുകളുടെ ശീലുകള്‍ രാത്രിയുടെ നിശബ്ദയാമങ്ങളെ നൊമ്പരപ്പെടുത്തുന്നു. പ്രമാണിമാരുടെ നാവുകള്‍ കുഴയുന്നു. പിന്നെ മൂളലുകളും ഞെരങ്ങലുകളും…

ആദ്യരാത്രിയില്‍ ശോഭ നല്ല ഉറക്കത്തിലാണഅ. മാത്തുക്കുട്ടി ചിന്തകളുടെ ലോകത്തില്‍. തന്റെ വിവാഹ ജീവിതത്തിന്റെ തുടക്കത്തില്‍ ദുഃശ്ശകുനമായി കാര്യസ്ഥന്റെ രൂപത്തില്‍ വന്ന ഡ്രൈവര്‍ ചാക്കപ്പന്‍ ആര്? അദ്ദേഹം പരിചയപ്പെടുത്തിയ കുഞ്ഞനുജനത്തിയും കുഞ്ഞളിയനും? തെക്കിനിയില്‍ കലാപരിപാടികള്‍ എല്ലാം കഴിഞ്ഞു എന്ന് തോന്നുന്നു. മാത്തുക്കുട്ടി ജനല്‍ കര്‍ട്ടന്‍ നീക്കി മുറ്റത്തേക്ക് നോക്കി. നിലാവുള്ള രാത്രി. മുറ്റവും തെക്കിനിയും ഭംഗിയായി കാണാം. തെക്കിനിയില്‍ അവിടവിടെ വീണുകിടക്കുന്ന ചങ്ങാതിമാരെ തട്ടിമാറ്റി ഉറയ്ക്കാത്ത കാലുകളുമായി ചാക്കപ്പന്‍ മുറ്റത്തേക്ക്, പിന്നെ വരാന്തയിലേക്ക്, പിന്നെ ശോഭയുടെ മാതാവിന്റെ മുറിയിലേക്ക്- തിരുവിതാംകൂറിലെ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് പ്രക്ഷോഭത്തിലെ ധീരരക്ത സാക്ഷിയുടെ വിധവയുടെ മുറിയുടെ വാതില്‍ ഒരു ഞെരക്കത്തോടെ തുറക്കപ്പെട്ടു, ഡ്രൈവര്‍ ചാക്കപ്പനെ ഉള്‍ക്കൊള്ളാന്‍ - പിന്നീട് ചുംബനങ്ങളും സീല്‍ക്കാരങ്ങളും കൊച്ചുവര്‍ത്തമാനങ്ങളും. മകളുടെ ആദ്യരാത്രി അമ്മ ആഘോഷിക്കുകയാണ്. തൊട്ടടുത്ത മുറിയില്‍ മാത്തുക്കുട്ടി വിഷണ്ണനായി തരിച്ചിരുന്നു. മാത്തുക്കുട്ടി ശോഭയെ കുലുക്കി വിളിച്ചു.

“ശോഭേ എഴുന്നേല്‍ക്ക്”

“എന്താ അച്ചായാ”

“അമ്മയുടെ മുറിയില്‍ ആരോ ഉണ്ട്”

ശോഭ നിസ്സാരമായി: “അത് ചാച്ചനായിരിക്കും”

“ചാച്ചനോ? ഏത് ചാച്ചന്‍, ചാക്കപ്പനോ?”

"ങാ, ഞങ്ങള്‍ പുള്ളിയെ ചാച്ചാ എന്നാ വിളിക്കുന്നത്."

"അപ്പോള്‍ , കുഞ്ഞനുജത്തിയും കുഞ്ഞളിയനും?"

"അവര്‍ ചാച്ചന്റെ മക്കള്‍"

"അപ്പോ
ള്‍ അവരുടെ അമ്മ?"

"നമ്മുടെ അമ്മ"

ഇടിവെട്ടേറ്റതുപോലെ മാത്തുക്കുട്ടി തരിച്ചിരുന്നു.

അന്ന് പുലര്‍ച്ചെ മാത്തുക്കുട്ടിയും ശോഭയും ചമ്പയില്‍ വീട്ടില്‍ നിന്നും ഇറങ്ങി. അവിടെ നിന്ന് കല്‍ക്കട്ടക്ക്. അവിടെ ബാങ്കിലെ ജോലി രാജിവച്ച് ബോംബെക്ക്. അവിടെ നിന്നും ഡല്‍ഹിക്ക്.
മാത്തുക്കുട്ടി ഇന്നലെ പറഞ്ഞു നിറുത്തിയത് ഇത്രയുമാണ്. മഴയുടെ ശക്തി കുറഞ്ഞു. വിജനമായ ചെങ്കല്‍ കുന്നിന്‍ ചെരിവിലെ ഹൈവേയിലൂടെ കാര്‍ സാമാന്യം നല്ല വേഗതയില്‍ ഓടുകയാണ്. ഒരു ജംഗ്ഷന്‍ അടുത്തുവരുന്നു. പച്ചനിറത്തിലുള്ള ബോര്‍ഡില്‍ വെളുത്ത അക്ഷരങ്ങള്‍: "ഇടശേരിക്കര ഗ്രാമപഞ്ചായത്തിലേക്ക് സ്വാഗതം," നാലും കൂടിയ കവലയില്‍ നിന്നും കാര്‍ വലത്തോട്ട് തിരിഞ്ഞഅ ഓടിത്തുടങ്ങി. വേണു പറഞ്ഞു:
“നാലുമണിക്ക് മുന്‍പേ നമുക്ക് എത്താം സാര്‍”

ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന മാത്തുക്കുട്ടി കുറെക്കൂടി ഉന്മേഷവാനായി:

"എനിക്ക് ഈ നാടിനെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. വിവാഹത്തിന് ശേഷം ആദ്യമായുള്ള വരവാണ്. ദീര്‍ഘമായ ഇരുപത് വര്‍ഷങ്ങള്‍.

ഇടശേരിക്കരയെക്കുറിച്ച് ഞാന്‍ മാത്തുക്കുട്ടിയോട് സംസാരിച്ചുതുടങ്ങി:

"മറക്കാന്‍ കഴിയാത്ത മഹാസംഭവങ്ങള്‍ക്ക് ചരിത്ര പശ്ചാത്തലമൊരുക്കിയ നാടാണ് ഇടശേരിക്കര. ബഹുജനപ്രക്ഷോഭങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിച്ച നൂറ് നൂറ് രക്തസാക്ഷികളുടെ നാട്. ഹൃദയശൂന്യരായ ഉടമകളുടെ ഭൂമിയില്‍ അടിമപ്പണി ചെയ്ത് ആയുസ്സെത്താതെ മരിച്ചു വീണ അടിമത്തൊഴിലാളികളുടെ നോവുന്ന ആത്മാക്കള്‍ ഇന്നും ഈ പ്രദേശങ്ങളില്‍ അലയുന്നുണ്ട്. നഷ്ടസ്വപ്നങ്ങളെ ഉള്ളിലൊതുക്കി ജീവിതമെന്ന നൂല്‍പ്പാലത്തു നിന്നും തെന്നിവീണ നിരവധി പ്രണയ ജോഡികളുടെ ഇടനെഞ്ച് പൊട്ടിയുള്ള രോദനം ഇടശേരിക്കരയെ ചിലപ്പോഴൊക്കെ വിഷാദമൂകമാക്കാറുണ്ട്.
ഇവിടുത്തെ കര്‍ഷകതൊഴിലാളികളുടെയും ബീഡിതൊഴിലാളികളുടെയും വിയര്‍പ്പിന്റെ അപ്പം ഭക്ഷിച്ച് തടിച്ചുകൊഴുത്ത രാഷ്ട്രീയ-ഭരണനേതാക്കളുടെ കൊടിവച്ച വാഹനങ്ങള്‍ അപ്പുറത്തെ ബൈപാസിലൂടെ പായുന്നത് കാണാം. സര്‍ഗ്ഗപ്രതിഭകളുടെ സംഗമസ്ഥാനമായിരുന്നു ഒരിക്കല്‍ ഇടശേരിക്കര. ഇവിടെ നാടകൃത്തുക്കള്‍ ഉണ്ടായിരുന്നു. സാഹിത്യനിരൂപകരുണ്ടായിരുന്നു. കലാകാരന്മാരുണ്ടായിരുന്നു. ശില്പികളുണ്ടായിരുന്നു. ക്രാന്തദര്‍ശികരായ കഥാകാരന്മാരുണ്ടായിരുന്നു. ഞാനും ഒരു കഥാകാരനല്ലെ മാത്തുക്കുട്ടിയെ പോലെ."

മാത്തുക്കുട്ടി :"എനിക്ക് മനസ്സിലായില്ല"

ഞാന്‍ : "നമ്മള്‍ പരിചയപ്പെട്ട നിമിഷം മുതല്‍ മാത്തുക്കുട്ടിക്ക് ഒന്നും മനസ്സിലാകുന്നില്ല എന്നു തോന്നുന്നു. അതെ, മാത്തുക്കുട്ടിയെ പോലെ ഞാനും ഒരു കഥ പറയട്ടെ. ജീവന്റെ ഗന്ധമുള്ള കഥ. മാത്തുക്കുട്ടി നിറുത്തിയിടത്തു നിന്നും
തുടങ്ങാം. ഒരു തുടര്‍ക്കഥ"
 (തുടരും)
 വിലാപങ്ങള്‍ക്കപ്പുറം-2 (കഥ)- പി,.റ്റി. പൗലോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക