Image

നീതിമാന്റെ രോദനം (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍)

Published on 08 May, 2013
നീതിമാന്റെ രോദനം (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍)
പീസിയെന്നുള്ള പേര്‌ മാറ്റീടണം
പോലീസുകാര്‍ അടക്കം പറയുന്നു
ഭരണ കേന്ദ്രത്തിലുന്നയിച്ചീടണം
മാനം പോകുന്നോരീ പീസീ വിളികളെ

എന്ത്‌ ജോലിയെന്നാരു ചോദിച്ചാലും
പീസീയാണെന്ന പതിവ്‌ മറുപടി
യിന്ന്‌ കേട്ടാല്‍ ജനങ്ങള്‍ ചിരിച്ചിടും
പുച്ഛ ഭാവത്തില്‍ കോപ്രായം കാട്ടീടും

പൊതുജനങ്ങളെ സേവിക്കാന്‍ വിധിച്ചവര്‍
പൊതു ജനങ്ങളാല്‍ പരിഹാസ്യരാകുന്നു
തലവിധിയെന്നല്ലാതെന്തു പറയേണ്ടു
പീസി നല്‌കിയ പൊല്ലാപ്പിതൊക്കെയും

വിവരമുള്ളവര്‍ ഞങ്ങളിലേറെയും
ഉന്നതബിരുദം കൈമുതലായവര്‍
ഇവയൊക്കെ നിഷ്‌പ്രഭമാകുന്നു
വിവരമില്ലാത്ത പീസിയായ്‌ മാറുമ്പോള്‍

ഇളം മനസ്സില്‍ കള്ളമില്ലെങ്കിലും
ഞങ്ങളെ കണ്ടാല്‍ കാത്‌ പൂട്ടീടുന്നു
പീസിയായാല്‍ വായില്‍ നിന്നെപ്പോഴും
സഭ്യേതരം ചാടും സുനിശ്ചിതം

വിഡ്‌ഢിത്തങ്ങള്‍ വിളമ്പുന്നവരൊക്കെ
പീസിയാകാന്‍ പഠിക്കുന്നെന്നു ചിലര്‍
മാറി നില്‌ക്കാന്‍ പറഞ്ഞു പോയെന്നാലോ
വിപ്പ്‌ വേണ്ടെന്നു വേറെ ഒരു കൂട്ടര്‍

പീസിയെന്ന പേര്‌ കേള്‍ക്കുംപോഴെപ്പോഴും
കാത്‌ പൊത്തി നടക്കുന്നു പെണ്ണുങ്ങള്‍
പീസിയെന്നുള്ള പേര്‌ മാറ്റീടണം
പോലീസുകാര്‍ അടക്കം പറയുന്നു

ഭരണകേന്ദ്രം ഉണര്‍ന്നു പ്രവര്‍ത്തിച്ചു
പീസി മാറ്റി ഉത്തരവെത്തുന്നു
സിവില്‍ പോലിസ്‌ ഓഫീസറായിന്നു
പീസി മാറുന്നു ഒപ്പ്‌ വച്ചീടുന്നു
നീതിമാന്റെ രോദനം (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക