Image

യുഎസ് ഉപഗ്രഹം ഭൂമിയില്‍ പതിച്ചു: പക്ഷെ എവിടെ?(അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 24 September, 2011
യുഎസ് ഉപഗ്രഹം ഭൂമിയില്‍ പതിച്ചു: പക്ഷെ എവിടെ?(അങ്കിള്‍സാം വിശേഷങ്ങള്‍)

കേപ് കനാവെറല്‍ : നിയന്ത്രണം നഷ്ടമായ യു.എസ് ഉപഗ്രഹമായ അപ്പര്‍ അറ്റ് മോസ്ഫിയര്‍ റിസര്‍ച്ച് സാറ്റ്‌ലൈറ്റ് ശനിയാഴ്ച രാവിലെയോടെ ഭൂമിയില്‍ പതിച്ചുവെന്ന് നാസ. പക്ഷെ എവിടെയാണ് ആറു ടണ്ണോളം ഭാരമുള്ള ഉപഗ്രഹം പതിച്ചതെന്ന് കണ്ടെത്താനായില്ലെന്നും നാസ വ്യക്തമാക്കി. ഉപഗ്രഹം കാനഡയില്‍ പതിച്ചിരിക്കാമെന്നാണ് നാസയുടെ നിഗമനം. ഉപഗ്രഹത്തിന്റെ വേഗം കുറഞ്ഞതായി നാസ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം ഉപഗ്രഹത്തിന്റെ ചിലഭാഗങ്ങള്‍ പടിഞ്ഞാറന്‍ കാനഡയിലെ ഒക്കോടോക്‌സില്‍ പതിച്ചതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഭൂമിയില്‍ പതിക്കുന്ന ഏറ്റവും വലിയ ഉപഗ്രഹമാണ് അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് സാറ്റ്‌ലൈറ്റ്.

മര്‍ഡോക്കിന് തിരിച്ചടി: ന്യൂസ് കോര്‍പിനെതിരെ യുഎസിലും നിയമനടപടി

ന്യൂയോര്‍ക്ക് : ബ്രിട്ടനില്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ തിരിച്ചടി നേരിട്ട മാധ്യമ ഭീമന്‍ റൂപ്പര്‍ട് മര്‍ഡോക്കിനെതിരെ യുഎസിലും കേസ് വരുന്നു. ബ്രിട്ടണിലെ മില്ലി ഡൗളര്‍ കൊലപാതകത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ "ന്യൂസ് ഓഫ് ദ് വേള്‍ഡി"ന്റെ പാരന്റ് കമ്പനിയായ മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പിനെതിരെ യുഎസിലും കേസ് നല്‍കുമെന്ന് മില്ലി ഡൗളറിന്റെ അഭിഭാഷകന്‍ മാര്‍ക് ലൂയിസ് പറഞ്ഞു.

ന്യൂസ് ഓഫ് ദ വേള്‍ഡിനുവേണ്ടി മില്ലി ഡൗളറുടെ ഫോണ്‍ ചോര്‍ത്തിയതും തുടര്‍ന്നുണ്ടായ വിവാദങ്ങളും ഡൗളറുടെ മരണവുമെല്ലാം "ന്യൂസ് ഓഫ് ദ വേള്‍ഡ്" സ്വീകരിച്ച മാര്‍ഗങ്ങള്‍ ബ്രിട്ടണില്‍ മാത്രമല്ല യുഎസിലും നിയമവിരുദ്ധമാണെന്ന് മാര്‍ക് ലൂയിസ് പറഞ്ഞു. ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ പാരന്റ് കമ്പനിയായ ന്യൂസ് കോര്‍പ് യുഎസ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ന്യൂസ് ഉത്തരവാദിത്തമുണ്ടെന്നും ലൂയിസ് വ്യക്തമാക്കി.

ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഓഫീസിനു നേരെ ആക്രമണം

ലോസാഞ്ചല്‍സ് : പ്രസിഡന്റ് ബറാക് ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഓഫീസിനു നേര്‍ക്ക് ആക്രമണം. ലോസാഞ്ചല്‍സിലെ വെസ്റ്റ് സൈഡിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണ ഓഫീസിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം ഒബാമ ഇവിടെ സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.

എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചതാണെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ ഓഫീസിന്റെ ഗ്ലാസ് ചില്ലുകള്‍ തകര്‍ന്നു അതേസമയം, സംഭവം വെടിവെയ്പ്പാണെന്ന് സ്ഥിതീകരിക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. അജ്ഞാതമായ വസ്തു ഓഫീസിലേക്ക് എറിഞ്ഞതാകാമെന്നാണ് പോലീസ് ഭാഷ്യം. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ആശങ്ക വേണ്ടെന്നും ലോസാഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് ഗ്രിഗറി ബെക്ക് പറഞ്ഞു.

പെറിക്കെതിരെ ലൈംഗിക ആരോപണമുയര്‍ത്തുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം

ന്യൂയോര്‍ക്ക് അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കച്ചമുറുക്കുന്ന ടെക്‌സാസ് ഗവര്‍ണര്‍ റിക് പെറിക്കെതിരെ തെളിവുകളോടെ ലൈംഗിക ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം. പോണോഗ്രാഫിക് മാഗസിന്‍ പബ്ലിഷറായ ലാറി ഫ്‌ളൈന്റ് ആണ് ഈ വാഗ്ദാനവുമായി രംഗത്തു വന്നിരിക്കുന്നത്.

ഇക്കാര്യം വ്യക്തമാക്കി "ഒനിയ
ന്‍ ‍", "ഓസ്റ്റിന്‍ ക്രോണിക്കിള്‍ "എന്നീ പത്രങ്ങളില്‍ പരസ്യവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 35 വര്‍ഷമായി ഇത്തരത്തില്‍ ചെയ്യാറുണ്ടെന്നും തെളിവുകളുള്ളവര്‍ക്ക് മുന്നോട്ടു വരാന്‍ ഇത് സഹായകരമാവുമെന്നും ഫ്‌ളൈന്റ് പറഞ്ഞു.

ടെലിവിഷന്‍ സംവാദത്തില്‍ മിറ്റ് റോമ്‌നെയ്ക്ക് വിജയം

ന്യൂയോര്‍ക്ക് : അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന ടെക്‌സാസ് ഗവര്‍ണര്‍ റിക് പെറിയുമായുള്ള ടെലിവിഷന്‍ സംവാദത്തില്‍ മിറ്റ് റോമ്‌നെയ്ക്ക് വിജയം. ഒര്‍ലാന്‍ഡോയിലും, ഫ്‌ളോറിഡയിലുമായി നടന്ന ടെലിവിഷന്‍ സംവാദങ്ങളില്‍ പെറിയും റോമ്‌നെയും സാമൂഹിക സുരക്ഷ. ആരോഗ്യ സുരക്ഷ എന്നീ വിഷയങ്ങളില്‍ പരസ്പരം വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി.

കുടിയേറ്റത്തെക്കുറിച്ചുള്ള പെറിയുടെ പരാമര്‍ശങ്ങളെ വോട്ടര്‍മാര്‍ കൂവലോടെയാണ് എതിരേറ്റത്. ഫോക്‌സ് ന്യൂസ് ചാനലാണ് സംവാദത്തിനുശേഷം മുന്‍ മാസ്ചുസെറ്റ്‌സ് ഗവര്‍ണര്‍കൂടിയായ റോമ്‌നെയെ വിജയിയായി പ്രഖ്യാപിച്ചത്. ഇതിനെ ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും അനുകൂലിക്കുകയും ചെയ്തു.

പദാര്‍ത്ഥ കണത്തിന് പ്രകാശത്തേക്കാള്‍ വേഗം

ജനീവ: പ്രകാശത്തേക്കാള്‍ വേഗതയുള്ള പദാര്‍ത്ഥ കണം ശാസ്ത്രലോകം കണ്ടെത്തി. കണികാ പരീക്ഷണത്തിന്റെയും അതിനുള്ള ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍ എന്ന ഭീമന്‍ യന്ത്രത്തിന്റെയും ഉടമകളായ യൂറോപ്യന്‍ ആണവോര്‍ജ ഏജന്‍സി (സേണ്‍ )യിലെ ശാസ്ത്രജ്ഞരാണ് ഞെട്ടിക്കുന്ന കത്തെലിനു പിന്നില്‍ .

സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയുലുള്ള സേണ്‍ ഗവേഷണശാലയില്‍ നിന്ന് 732 കിലോമീറ്റര്‍ അകലെ ഇറ്റലിയിലെ ഗ്രാന്‍ സാസോ ലബോറട്ടറിയിലേക്ക് ഭൂമിക്കടിയിലൂടെ പരമാണു കേന്ദ്രത്തിലെ മൗലിക കണങ്ങളിലൊന്നായ ന്യൂട്രിനോ തൊടുത്തുവിട്ടായിരുന്നു പരീക്ഷണം. പ്രകാശകണമെത്തുന്നതിലും വേഗത്തില്‍ അത് ഇറ്റലിയിലെത്തി. വിശ്വാസം വരാത്തതുകൊണ്ട് 15,000 തവണ പരീക്ഷണം ആവര്‍ത്തിച്ചു. അപ്പോഴെല്ലാം ന്യൂട്രിനോയുടെ വേഗം പ്രകാശത്തിന്റെ വേഗത്തേക്കാള്‍ കൂടുതലായിരുന്നു. ഇത്രയും തവണ ആവര്‍ത്തിച്ചിട്ടും ഒരേ ഉത്തരം കിട്ടിയാല്‍ കത്തെല്‍ ഔപചാരികമായി പ്രഖ്യാപിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ക്കിടയിലെ അലിഖിത നിയമം. പ്രകാശത്തിന്റെ വേഗത്തിനൊപ്പം ഈ പ്രപഞ്ചത്തില്‍ മറ്റൊന്നിനും സഞ്ചരിക്കാനാവില്ലെന്ന ആശയമാണ് ആധുനിക ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനം.

അതുകൊണ്ട് ലോകവ്യാപകമായി കൂടുതല്‍ പരിശോധനകളും വിലയിരുത്തലുകളും നടത്തിയശേഷം മതി കണ്ടെല്‍ പ്രഖ്യാപിക്കുന്നത് എന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ബേണ്‍ സര്‍വകലാശാലയില്‍ ഹൈ എനര്‍ജി ഫിസിക്‌സ് പ്രൊഫസറായ അന്റോണിയോ എറെഡിറ്റാറ്റയുടെയും കൂട്ടരുടെയും തീരുമാനം. എല്ലാവരും ശരിവെച്ചാല്‍ കണ്ടെത്തല്‍ ഔപചാരികമായി പ്രഖ്യാപിക്കും. അതോടെ ഭൗതികശാസ്ത്രത്തില്‍ പുതിയൊരു യുഗപ്പിറവിക്ക് തുടക്കമാവും. പിന്നെ, സമവാക്യങ്ങള്‍ തിരുത്തേണ്ടിവരും, പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതേണ്ടിയും വരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക