Image

എന്തിനേയും മതപരമായി കാണുന്ന പ്രവണത ശരിയല്ല: കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ്‌ ബാവ

Published on 11 May, 2013
എന്തിനേയും മതപരമായി കാണുന്ന പ്രവണത ശരിയല്ല: കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ്‌ ബാവ
എന്തിനേയും മതപരമായി കാണുന്ന പ്രവണത ശരിയല്ല: കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ്‌ ബാവ
ന്യൂയോര്‍ക്ക്‌: എഴുതാവുന്നതേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. പറഞ്ഞതേ നിങ്ങള്‍ എഴുതാവൂ- ഇന്ത്യാ പ്രസ്‌ ക്ലബ്‌ അംഗങ്ങളുമായി ന്യൂ ഹൈഡ്‌ പാര്‍ക്കിലെ മാര്‍ ഈവാനിയോസ്‌ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ മലങ്കര കാതോലിക്കാ സഭാധ്യക്ഷനും കര്‍ദിനാളുമായ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാ ബാവ പറഞ്ഞു.

മാധ്യമങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന തനിക്ക്‌, അനുഭവപ്പെട്ടിട്ടില്ലെങ്കിലും ഒറ്റപ്പെട്ട വാചകങ്ങള്‍ തെരഞ്ഞെടുത്ത്‌ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പ്രവണത മാധ്യമ രംഗത്ത്‌ കണ്ടുവരുന്നത്‌ അദ്ദേഹം അനുസ്‌മരിച്ചു. പൊതുവായ കാര്യങ്ങളേപ്പറ്റിയാണ്‌ താന്‍ സംസാരിക്കാറ്‌. അതിനാല്‍ മറുപടി പറയുക ഒരിക്കലും വിഷമമായി തോന്നിയിട്ടില്ല.

മിക്ക കാര്യങ്ങളിലും ഒരു പിന്തുടര്‍ച്ച (ഫോളോ അപ്പ്‌) ഉണ്ടാകുന്നില്ല എന്നത്‌ കേരളത്തിന്റെ ദുരവസ്ഥയാണെന്നും ഇത്‌ അവസാനിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക്‌ ഏറെ പ്രവര്‍ത്തിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന്‌ മന്ത്രിമാര്‍ വരുമ്പോള്‍ നേരത്തെ തുടങ്ങിയ പ്രൊജക്‌ടുകളുടെ വിവരം ചോദിക്കുകയും എഴുതുകയുമൊക്കെ ചെയ്‌താല്‍ മാറ്റങ്ങള്‍ വരും.

കേരളത്തിലിപ്പോള്‍ കൊടും ചൂട്‌ അനുഭവപ്പെടുന്നു. കാലാവസ്ഥ മാറിയിരിക്കുന്നു. മരങ്ങളില്ല. കൃഷിയുമില്ല എന്നതാണ്‌ അവസ്ഥ. ഇനിയുള്ള കാലത്ത്‌ വെള്ളത്തിനുവേണ്ടിയായിരിക്കും മനുഷ്യര്‍ യുദ്ധം ചെയ്യുന്നത്‌.

മുപ്പത്‌ വര്‍ഷം മുമ്പ്‌ ബനിഡിക്‌ട്‌ മാര്‍ ഗ്രിഗോറിയോസ്‌ തിരുമേനി പള്ളി സന്ദര്‍ശനവേളയില്‍ മരം വെച്ചുപിടിപ്പിക്കേണ്ടതിനെപ്പറ്റി പറയുമായിരുന്നു. തിരുമേനിക്ക്‌ ആത്മീയകാര്യം പറഞ്ഞാല്‍ പോരെ എന്ന്‌ അന്ന്‌ പലരും ചോദിച്ചത്‌ ഓര്‍ക്കുന്നു. പ്രകൃതിയ്‌ക്കിണങ്ങി ജീവിക്കുന്നതിലും ആത്മീയതയാണ്‌ അദ്ദേഹം കണ്ടത്‌.

എന്നു കരുതി റോഡിന്റെ നടുവില്‍ നില്‍ക്കുന്ന മരം വെട്ടരുത്‌ എന്നല്ല. വെട്ടിയാല്‍ പുതിയവ വെച്ചുപിടിപ്പിക്കണം.

പശ്ചിമഘട്ടം സംരക്ഷിക്കാന്‍ മാധവ്‌ ഗാഡ്‌ഗില്‍ കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെ ശാസ്‌ത്രീയമായും വസ്‌തുനിഷ്‌ഠമായും വിലയിരുത്തണം. അവിടെ ജീവിക്കന്ന കര്‍ഷകരെ മറക്കുന്നുത്‌ ശരിയാണോ? അവരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്‌.

കര്‍ഷകര്‍ എന്നു പറയുമ്പോള്‍ അവിടെ ജാതിയോ മതമോ പ്രസക്തമല്ല. ക്രിസ്‌ത്യാനി കര്‍ഷകരോ, ഹിന്ദു കര്‍ഷകരോ ഇല്ല. എല്ലാവരും കര്‍ഷകര്‍. അങ്ങനെ കണ്ടുവേണം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍. നാടും വീടും വിട്ട്‌ വലിയ കഷ്‌ടതകള്‍ സഹിച്ച്‌ തലമുറകളായി കൃഷി ചെയ്‌ത്‌ നാടിനു ഭക്ഷണവും സമ്പത്തും നല്‍കിയവരാണവര്‍. കടുവയെ സംരക്ഷിക്കാന്‍ ഒരു മേഖല മുഴുവന്‍ വേര്‍തിരിച്ചുവെന്നു വെയ്‌ക്കുക. അതിനടുത്ത്‌ താമസിക്കുന്ന ജനം ക്രമേണ ഒറ്റപ്പെട്ടവരാകും. അവര്‍ സ്ഥലംവിടേണ്ട സ്ഥിതിവരും.

ഇങ്ങനെ മനുഷ്യര്‍ ഒഴിഞ്ഞുപോകുന്ന സ്ഥലം കുറെ കഴിഞ്ഞ്‌ വന്‍കിടക്കാര്‍ കൈവശപ്പെടുത്തുന്ന സ്ഥിതിയാണ്‌ വരിക. വയനാട്‌ കടുവാ സങ്കേതമാകുമ്പോള്‍ അവിടെ ജീവിക്കുന്ന മനുഷ്യര്‍ പള്ളിയിലോ, അമ്പലത്തിലോ പോകുന്നതെന്ന അടിസ്ഥാനത്തിലല്ല തീരുമാനം വരേണ്ടത്‌. വസ്‌തുനിഷ്‌ഠമായ (ഓബ്‌ജക്‌ടീവ്‌) തീരുമാനങ്ങള്‍ ഉണ്ടാകണം.

വസ്‌തുനിഷ്‌ഠമായി കാര്യങ്ങളെ കാണാത്ത ദുഖകരമായ ഒരവസ്ഥ കേരളത്തിലുണ്ട്‌. നമുക്ക്‌ പാളിച്ചകള്‍ വരുന്നുവെങ്കില്‍ മുന്‍ കരുതലുകള്‍ എടുക്കണം. വികസനവും പുരോഗതിയും എല്ലാവര്‍ക്കും അര്‍ഹതപ്പെട്ടതാണ്‌. പല കാരണങ്ങളാല്‍ ചില വിഭാഗങ്ങള്‍ക്ക്‌ ചില കാര്യങ്ങള്‍ക്ക്‌ നിയമപരമായ പരിരക്ഷയുണ്ട്‌. പക്ഷെ അവയൊന്നും പൊതു സമൂഹത്തില്‍ വിള്ളല്‍ വരുത്തുവാന്‍ ഇടയാക്കരുത്‌.

ഏതൊരു കാര്യത്തേയും മതപരമായ കാഴ്‌ചപ്പാടില്‍ വിലയിരുത്തുന്ന ദു:സ്ഥിതിയാണ്‌ കേരളത്തില്‍. അത്‌ ഒരു മതക്കാരുടേത്‌ എന്ന രീതിയില്‍ ചിന്തിക്കുന്നു. സമുദായങ്ങള്‍ അകന്നാല്‍ ആര്‍ക്കാണ്‌ ലാഭം? ആര്‍ക്കുമില്ല. എല്ലാവര്‍ക്കും ദോഷം.

പൊതു സമൂഹത്തില്‍ വിള്ളല്‍ ഉണ്ടാകുവാന്‍ അധിക സമയം വേണ്ട. എന്നാല്‍ ആ വിള്ളല്‍ കൂട്ടിയോജിപ്പിക്കാന്‍ നമുക്ക്‌ ആരുമില്ല. വിളളലുണ്ടാക്കാന്‍ എളുപ്പം. മുറിവുണക്കാന്‍ പ്രയാസം. വര്‍ഗ്ഗീയതയുടെ ഭിന്നതയുണ്ടെങ്കിലും മനുഷ്യരില്‍ ഇപ്പോഴും നന്മ നിലനില്‍ക്കുന്നു. അതിനാല്‍ താന്‍ പ്രത്യാശ കൈവിടുന്നില്ല. ഹിന്ദുക്കള്‍ ഒന്നിക്കരുത്‌ എന്നു പറയാനുള്ള സ്വാര്‍ത്ഥതയൊന്നും തനിക്കില്ല. ഹിന്ദുക്കളും മുസ്ലീംകളും ക്രിസ്‌ത്യാനികളുമൊക്കെ ഒന്നിക്കണം. അതിനു പുറമെ നാമൊക്കെ കേരളീയരായി ജീവിക്കണം. കേരളത്തെ ഒന്നായി കാണണം. വികസനം കൊച്ചിയിലും തിരുവനന്തപുരത്തും മാത്രം പോര. പാറശാലയിലും മഞ്ചേശ്വരത്തും കാസര്‍കോട്ടും എത്തണം.

നിലവിലുള്ള സംവരണത്തിലൊന്നും ഒരു മാറ്റവും വരുത്താതെതന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സംരക്ഷിക്കാന്‍ നടപടി വേണമെന്നാണ്‌ തന്റെ വ്യക്തിപരമായ അഭിപ്രായം. പാവപ്പെട്ടവനെ പാവപ്പെട്ടവനായി കാണണം. അസന്തുലിതാവസ്ഥ നിലനില്‍ക്കുമ്പോള്‍ അസ്വസ്ഥതയുണ്ടാകുന്നു.

പണത്തോടും ഭൗതീകതയോടുമുള്ള അമിത താത്‌പര്യവും ദുരഭിമാനവുമൊക്കെയാണ്‌ കേരളത്തെ അപചയത്തില്‍ എത്തിച്ചിരിക്കുന്നത്‌. കൃത്രിമത്വം നിറഞ്ഞ ചിന്തകളാണ്‌ പലരേയും നയിക്കുന്നത്‌. എങ്കിലും ബന്ധങ്ങള്‍ പവിത്രമായി കാണുന്ന ഗ്രാമീണ സംസ്‌കാരം ഇന്നും അന്യംനിന്നിട്ടില്ല.

അപചയങ്ങളുണ്ടാകുമ്പോള്‍ പൊതുവായ തിരുത്തല്‍ ഉണ്ടാകണം. അല്ലെങ്കില്‍ കേരളം ഇല്ലാതെ പോകുമെന്ന്‌ ചിന്തിക്കാന്‍ നമുക്ക്‌ കഴിയണം.

ഒരേ പ്രാര്‍ത്ഥന ചൊല്ലുകയും, ഒരേ ആചാരങ്ങള്‍ പിന്തുടരുകയും ചെയ്യുന്ന കേരളത്തിലെ എല്ലാ മലങ്കര സഭകളുടേയും പ്രതിനിധിയായാണ്‌ താന്‍ മാര്‍പാപ്പ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്‌. മലബാര്‍ സഭയില്‍ നിന്ന്‌ കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ മുതലുള്ളവര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തിരുന്നെങ്കിലും മലങ്കര സഭാ പൈതൃകമുള്ളവരില്‍ ഒരാള്‍ ആദ്യമായിരുന്നു. (മാര്‍പാപ്പാ തെരഞ്ഞെടുപ്പിലെ അനുഭവങ്ങളെപ്പറ്റിയുള്ള വിവരണം - മലയാളം പത്രം കാണുക). കോണ്‍ക്ലേവിനു പോകും മുമ്പ്‌ മാര്‍ത്തോമാ മെത്രാപ്പോലീത്ത ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദേശം അയച്ചിരുന്നു. മലങ്കര സഭയിലെ മുടിത്തൊപ്പി തന്നെയാണ്‌ താന്‍ ധരിച്ചത്‌. ഒരു ചിഹ്നം കൂടുതലായി ചേര്‍ത്തുവെന്നു മാത്രം. പൈതൃകം സംരക്ഷിക്കേണ്ടത്‌ എന്റെ കടമ തന്നെ.

താന്‍ അമേരിക്കയില്‍ അപ്പസ്‌തോലിക്‌ വിസിറ്ററായി വന്ന 2001 മുതലുള്ള കാലം നോക്കുമ്പോള്‍ അമേരിക്കയിലെ സഭയില്‍ വലിയ വളര്‍ച്ച ഉണ്ടായിട്ടുണ്ട്‌.

ക്രൈസ്‌തവ ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ആവശ്യപ്പെടാതെ ഇടപെടലകള്‍ നടത്താറില്ല. എങ്കിലും ഭിന്നതകള്‍ തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു.

കരിസ്‌മാറ്റിക്‌ പ്രസ്ഥാനത്തില്‍ ഒത്തിരി നന്മകളുണ്ട്‌. ചില കറുത്ത വരകളുമുണ്ട്‌. അതുകൊണ്ട്‌ രജതരേഖ കണ്ടില്ലെന്ന്‌ നടിക്കാനാവില്ല. ഒട്ടേറെ പേര്‍ അതില്‍ ആശ്വാസം കണ്ടെത്തുന്നു.
എന്തിനേയും മതപരമായി കാണുന്ന പ്രവണത ശരിയല്ല: കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ്‌ ബാവ
Join WhatsApp News
Jack Daniel 2013-05-12 06:41:46
എന്നാൽ ഇനിമുതൽ 50 % രാഷ്ട്രീയം ആയി കണ്ടുകളയാം. 
Biju Cherian 2013-05-13 04:54:24
Excellent Interview. Cardinal Catholicos's visions are great!. American Malayali Press Club members also deserve special appreciation for their dedicated service.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക