Image

കോളേജ്‌ യൂണിയന്‍ (ലേഖനം: തോമസ്‌ കെ. എബ്രഹാം)

Published on 11 May, 2013
കോളേജ്‌ യൂണിയന്‍ (ലേഖനം: തോമസ്‌ കെ. എബ്രഹാം)
ഓടിട്ട ഒറ്റനിലക്കെട്ടിടത്തിലേക്കും പ്രധാന ബ്ലോക്കിലേക്കും പോകുന്ന കുട്ടികളെ കാണാവുന്ന തന്ത്രപരമായ നിരീക്ഷണകേന്ദ്രം കാന്റീന്റെ മുന്‍പിലത്തെ തേക്കുമരത്തിന്റെ ചെറുതണലായിരുന്നു. മൈതാനത്തേക്ക്‌ നടന്നുപോകുന്നുവെന്ന വ്യാജേന ഗേള്‍സ്‌ വിങ്ങിന്റെ പിന്നില്‍കൂടി നടന്നാല്‍ കാര്യം അല്‌പം കുഴപ്പമാണ്‌. അതിന്റെ മേലെയാണ്‌ സണ്ണിസാറിന്റെ സാമ്രാജ്യം. പടിഞ്ഞാറ്‌ ബോട്ടണി വരെയും കിഴക്ക്‌ സുവോളജിമെയിന്‍ലാബു വരെയും നീണ്ടുനിവര്‍ന്നുകിടക്കുന്ന ഊഷരഭൂമി. പോരാത്തതിന്‌ കോരസാറും,കുറിയാക്കോസ്‌ സാറും.

അതിനിടയിലും കാര്യം പറ്റിച്ചവര്‍ കുറേപ്പേര്‍. സഫലമാകാതെപോയ പ്രണയങ്ങളും,വണ്‍വേ പ്രണയങ്ങളും, പറയാതെപോയ പ്രണയങ്ങളും, പുറകെനടന്ന്‌ പ്രേമിച്ച്‌ വശക്കേടായവരും നിരവധി. ഇതുകണ്ടിട്ടായിരിക്കും വയലാര്‍ എഴുതിയത്‌

`കൊതി തീരും വരെ
ഇവിടെ പ്രേമിച്ച്‌ മരിച്ചവരുണ്ടോ'

ഗീതയ്‌ക്കും, രാജേന്ദ്രനും, എല്‍സിക്കും, മോഹനും, എലിസബേത്തിനും, അബുവിനും, റാണിക്കും, റോണിക്കും ആയുരാരോഗ്യങ്ങള്‍ നേരുന്നു.ബസേലിയോസ്‌, മാര്‍ത്തോമാ, ക്രിസ്‌ത്യന്‍ കോളേജ്‌ മാത്രമല്ല, സി.എം.എസില്‍പോലും ചേരാതെ കുറേപ്പേര്‍ ഇവിടെ പഠിച്ചു.

`എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം വശ്യമനോഹര ദൃശ്യങ്ങള്‍'
ആയിരുന്നതിനാല്‍ കോട്ടയം, ചിങ്ങവനം, കല്ലിശ്ശേരി, കറ്റോഡ്‌, കുറ്റൂര്‍, പുനലൂര്‍നീലംപേരൂര്‍, വെളിയനാട്‌, തിരുവനന്തപുരം, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വന്നവരാരുംവെറുംകയ്യോടെ മടങ്ങിയില്ല. ഡിഗ്രിയും കിട്ടി, പെണ്ണുംകെട്ടി. ചിലര്‍ക്ക്‌ നല്ല ബന്ധവുംഒത്തു.

ഇടവപ്പാതിയും, കര്‍ക്കിടകവും, പെട്ടെന്നുള്ള മഴകളും, ചിലര്‍ക്കിഷ്‌ടമായിരുന്നു.കുടയിലൊക്കെ ലിഫ്‌റ്റ്‌ കിട്ടിയവരും, കൊടുത്തവരും പലരുമുണ്ട്‌. ഇടപ്പാവൂരും, വരൂരും,വലിയതോട്ടിലും കടത്തുവഞ്ചി ഉണ്ടായിരുന്നു. അന്ന്‌ തോട്ടില്‍ മാനത്താംകണ്ണിയും, പള്ളത്തിയും, തവളയും ഉണ്ടായിരുന്നു. തോര്‍ത്തിട്ടും, ചൂണ്ടയിട്ടും മീന്‍പിടിക്കുന്ന വിരുതന്മാരും,വിരുതത്തികളും ഉണ്ടായിരുന്നു. മുങ്ങാംകുഴിയിട്ട്‌ കളിച്ചുതകര്‍ക്കുന്ന കുട്ടിസംഘങ്ങള്‍ഓരോ കടവിലും ഉണ്ടായിരുന്നു. വൃശ്ചികമാസം വരെ കടവുകളില്‍ ഇറങ്ങിക്കയറാന്‍പ്രയാസമാണ്‌. ഇറങ്ങിക്കയറുന്നിടത്ത്‌ നിരീക്ഷകരും ഉണ്ടായിരുന്നു. ഇപ്പോഴത്തെ തെരഞ്ഞെടുപ്പുനിരീക്ഷകരെപ്പോലെ. വല്‍സയും, ആനിയും, ഡോളിയും, ഇമ്പിരയും, ഡാര്‍ലിയും, എലിസ ത്തും, സുമയും, പ്രീതയും മറന്നിരിക്കാന്‍ സാദ്ധ്യതയില്ല.

`റെയ്‌ജിംഗ്‌ റോക്‌സ്‌
ആന്റ്‌ ദി ഷിവറിംഗ്‌ ഷോക്‌സ്‌
ഷാല്‍ ബ്രേക്ക്‌ ദ ലോക്ക്‌സ്‌
ഓഫ്‌ പ്രിസണ്‍ ഗേറ്റ്‌സ്‌
ആന്റ്‌ ഫോബസ്‌ കാര്‍
ഷാല്‍ ഷൈന്‍ ഫ്രം ഫാര്‍
ആന്റ്‌ മേക്ക്‌ ആന്റ്‌ മാര്‍
ദ ഫൂളിഷ്‌ ഫേറ്റ്‌സ്‌'

ഷേക്‌സ്‌പിയര്‍ നാടകങ്ങള്‍ പാടി അഭിനയിച്ചിരുന്ന ടി. ടി. തോമസച്ചന്‍ തന്നെ ഒബ്‌റോണും പക്കും ലൈസാന്‍ഡറും ഒക്കെ ആകും.

`ചെയ്യരുതാത്തതു ചെയ്‌തവളെങ്കിലും
ഈയെന്നെ തള്ളല്ലെ തമ്പുരാനേ
തീയിനെപ്പോലും തണുപ്പിക്കും
ഈ പൊന്നു തൃക്കയ്യില്‍ തീര്‍ത്തവളല്ലോ ഞാനും
നാഥാ തവാജ്ഞകള്‍ കേട്ടുനടക്കാതെ
നാനാപരാധങ്ങള്‍ ചെയ്‌തുപോയ്‌ ഞാന്‍
ശാസിതാവായോനേ സര്‍വ്വം ക്ഷമിച്ചു
നിന്‍ ദാസിയെ തൃക്കാക്കല്‍ നിര്‍ത്തേണമേ'

ഏതോ കാലത്ത്‌ ഭാസ്‌കരന്‍നായര്‍ സാര്‍ പഠിപ്പിച്ചതാണ്‌. മഗ്‌ദലനമറിയത്തെപ്പറ്റി
കൂടുതല്‍ എന്തെങ്കിലും പറയണോ? വാക്കുകള്‍ കൊണ്ടുതീര്‍ത്ത പത്മവ്യൂഹത്തില്‍പ്പെട്ട കുട്ടികള്‍ ഒന്നായി പഠിച്ചു, ഒന്നായി വളര്‍ന്നു, പന്തലിച്ചു.

പ്രപഞ്ചോല്‍പ്പത്തിയെ തേടി ഫ്രാന്‍സിലും സ്വിറ്റ്‌സര്‍ലന്റിലുമായി ഇരുപത്തേഴു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വൃത്താകാരമായ ഒരു തുരങ്കം നിര്‍മ്മിച്ച്‌ സായിപ്പന്മാര്‍ അതിന്‌`ലാര്‍ജ്ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍' എന്ന്‌ പേരിട്ടെന്നുകേട്ടു. എതിര്‍ദിശയില്‍ പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന പ്രോട്ടോണുകള്‍ കൂട്ടിയിടിക്കുമ്പോള്‍ പതിനഞ്ചുകോടി കിലോമീറ്റര്‍അകലെയുള്ള സൂര്യനിലെ ചൂടാണത്രേ ഉണ്ടാകുന്നത്‌. ട്രില്ല്യണ്‍ കണക്കിന്‌. അവിടെനിന്നു ദൈവകണത്തെ തപ്പി എടുക്കാമെന്നാണ്‌ അവരുടെ വിചാരം. ചങ്ങാതിയാണത്രേവസ്‌തുക്കള്‍ക്ക്‌ പിണ്‌ഡം നല്‌കുന്നത്‌. രണ്ടുവര്‍ഷം എം.ഡി. മാത്യുസാറും, തങ്കമ്മ ടീച്ചറും ഒക്കെ കഠിനാധ്വാനം ചെയ്‌തിട്ടാണ്‌ ഇത്രയെങ്കിലും പിടികിട്ടിയത്‌.

ഡ്രിബ്ലിംഗോ, സ്‌മാഷോ അറിയാത്തവര്‍പോലും ബാസ്‌ക്കറ്റ്‌ ബോള്‍ കോര്‍ട്ട്‌ മുതല്‍വോളിബോള്‍ കോര്‍ട്ട്‌ വരെ ദിവസം എത്രയോ പ്രാവശ്യം നടന്നു. ക്ഷീണിച്ചവര്‍ കോമ്പൗ ണ്ടിലെ തെങ്ങില്‍ നിന്നും കരിക്കിട്ടുകുടിച്ചു. തെങ്ങുകയറ്റം അറിയാത്തവര്‍ക്ക്‌ ഫിലിപ്പ്‌ചേട്ടന്‍, കുര്യച്ചന്‍, തേപ്പാച്ചന്‍ ഇവര്‍ കട്ടനും പരിപ്പുവടയും നല്‍കി.ക്യാമ്പസ്‌ സുമ്പരികള്‍ക്കും സ്‌മാര്‍ട്ട്‌ കുട്ടപ്പന്‍മാര്‍ക്കും, സ്‌പോര്‍ട്ട്‌സ്‌മാന്‍മാര്‍ക്കും, കലാപ്രതിഭകള്‍ക്കും കുറേ ആരാധകരെ കിട്ടി. ഒക്കാത്തവര്‍ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി, നരച്ച ജീന്‍സിട്ടു, കീറിയ ഖദറിട്ടു, ഡസ്‌കിലിടിച്ചു, ജനാലകള്‍ വലിച്ചടച്ചു, കൊച്ചുസ്‌കര്‍ട്ടിട്ടു, റോസപ്പൂ ചൂടി, പൊട്ടിട്ടു, കുട്ടികളുടെ കണ്ണില്‍ പൊടിയിട്ടു, എന്നെ ശ്രദ്ധിക്കോഎന്ന്‌ യാചിച്ചു. ചിലര്‍ അലറിവിളിച്ചു. കരഞ്ഞു, കണ്ണീരോഴുക്കി, കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി, കഥകളെഴുതി.

ഭാഗ്യശാലികളെ കൊണ്ടുപോയി ചോദ്യവും ഭേദ്യവും ചെയ്‌തിരുന്ന കക്കയംക്യാമ്പിന്നില്ല. കേളേജില്‍ അടിയന്തിരാവസ്ഥക്കാലത്തുണ്ടായിരുന്ന നാല്‍പ്പത്തിരണ്ട്‌ എസ്‌.എഫ്‌.ഐ.ക്കാരില്‍ ചിലര്‍ക്കെങ്കിലും അവിടം കാണാന്‍ ഭാഗ്യം ലഭിച്ചിരുന്നു. വിക്രമനൊന്നും ഒരക്രമവും കാണിച്ചിട്ടല്ല പോലീസുകാര്‍ പഞ്ചകര്‍മ്മ ചികിത്സ നടത്തിയത്‌. ദാനിയേലുംഒക്കെ രക്ഷപെട്ടത്‌ ആയുസ്സിന്റെ ദൈര്‍ഘ്യം കൊണ്ടുമാത്രം. ഞങ്ങള്‍ തയോസള്‍ഫേറ്റും, പ്ലേയിംഗ്‌ കളേഴ്‌സും പഠിച്ച കോളേജിലെ കക്കയം ക്യാമ്പും ഇന്നില്ല. അതിരുന്ന ഓടിട്ട കെട്ടിടം ഇടിച്ചുനിരത്തി. സമീപത്തായി ഇഷ്‌ടികകൊണ്ടു നിര്‍മ്മിച്ച വാസ്‌തുഭംഗിയുള്ള ഒരു നാലുകെട്ടുണ്ട്‌. ടൂറിസം തുടങ്ങിയ പുതിയ കോഴ്‌സുകള്‍ അവിടെയാണ്‌.റോയിസാറിന്റെ നേതൃത്വത്തില്‍ സെന്റര്‍ ഭംഗിയായി പോകുന്നു എന്നറിയുന്നതില്‍ സന്തോഷം.പലര്‍ക്കും ഗൃഹാതുരസ്‌മരണകളുണ്ടെങ്കിലും എന്താണ്‌ നമ്മളുടെ കുട്ടികളെ റാന്നിസെന്റ്‌. തോമസ്‌ കൊളേജിലേക്ക്‌ വിടാത്തത്‌?

കോളേജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ്‌ കിട്ടിയാല്‍ ബമ്പറാണ്‌. പ്രചരണമെന്ന വ്യാജേന പെണ്‍കുട്ടികളുടെ ഇടയില്‍ കറങ്ങാം, സംസാരിക്കാം, ചിലരെ പ്രത്യേകപ്രചാരകരാക്കാം, വോട്ട്‌ ചോദിച്ച്‌ വീട്ടില്‍ പോകാം, ജയിച്ചാല്‍ ആയുഷ്‌കാലംഅതിന്റെ അനുഭൂതിയില്‍ നടക്കാം. ഭാര്യയും മക്കളും അറിയാതെ മധുര സ്‌മരണകള്‍ഓര്‍ക്കാം, ഓമനിക്കാം, അയവിറക്കാം.`എന്തോന്നാ തന്നെയിരുന്നു ചിരിക്കുന്നത്‌' എന്നുഭാര്യ ചോദിച്ചാല്‍ ഞെട്ടാം.

`ലൗ എന്നൊരു സ്വിമ്മിംഗ്‌ പൂള്‍
അതില്‍ കുളിച്ചാല്‍ എപ്രില്‍ ഫൂള്‍
പിരിഞ്ഞുപോയാല്‍ വണ്ടര്‍ഫുള്‍
പിരിഞ്ഞില്ലെങ്കില്‍ സോറോഫുള്‍'

`കൊച്ചരിപ്പല്ലുകള്‍ കാട്ടിച്ചിരിച്ചുകൊണ്ടൊത്തിരിപ്പേരേ സുഖിപ്പിച്ചിടൂ നീ'ഒ.എന്‍.വി.യോ, സുഗതകുമാരി ടീച്ചറോ, മോളിടീച്ചറോ കണ്ടിരുന്നെങ്കില്‍ അന്നത്തെഓട്ടോഗ്രാഫ്‌ കലാകാരന്മാരെ പിടിച്ച്‌ ഒരു അവാര്‍ഡെങ്കിലും തരമാക്കിക്കൊടുത്തേനേം.ടി.പി. കുരുവിള ആന്റ്‌ സണ്‍സിലെ ബില്ലിലും, ചാണ്ടിച്ചായന്‍ തരുന്ന ഫീസ്‌ രസീതിലും,ഒന്ന്‌ ഏഴായും, രണ്ട്‌ പന്ത്രണ്ടായും വേഷം മാറിയിരുന്നതിനാല്‍ ബോബിയും, ആരാധനയും, ചട്ടക്കാരിയും, ഷോലെയും കാണാന്‍ അമ്മയുടെ തലയിണകവറിനുള്ളില്‍ കയ്യിടേണ്ടിവന്നില്ല. അരിപ്പെട്ടിയിലെ അരിക്കകത്തും, കുരുമുളക്‌ ചാക്കിനുള്ളിലും ഒളിച്ചിരിക്കുന്നകരുതല്‍ ധനം പലര്‍ക്കും ഒരു ബലമായിരുന്നു; പിടിക്കപ്പെട്ട ന്യൂനപക്ഷത്തിന്‌ നല്ല പെടകിട്ടിയിരുന്നെങ്കിലും.

ചാണക്യസൂത്രങ്ങള്‍ മുതല്‍ പൂഴിക്കടകന്‍ വരെ പഠിച്ച്‌ രണ്ടായിരത്തോളം പേര്‍പേര്‍ഷ്യന്‍ ഗള്‍ഫ്‌, ആസ്‌ട്രേലിയ, ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌, ഇറ്റലി, ജര്‍മ്മനി, കാനഡാ, ആഫ്രിക്ക,തുടങ്ങി അര്‍ജ്ജന്റീന, പെറു വരെ സായിപ്പന്മാര്‍ക്കും, കാപ്പിരികള്‍ക്കും, ഷെയ്‌ക്കന്മാര്‍ക്കുംഷെയ്‌ക്ക്‌ ഹാന്റ്‌ കൊടുത്ത്‌, ഹാപ്പിയായി കഴിയുന്നു. വല്ലപ്പോഴും നല്ല സ്‌കോച്ചും,വാച്ചുമൊക്കെ നാട്ടില്‍ കൊണ്ടുവന്നവര്‍ ഓണവും, ക്രിസ്‌തുമസും, വിഷുവും, വെക്കേഷനും പൊടിപൊടിക്കുന്നു. കുറേപ്പേര്‍ കാശ്‌മീരിലും, ഗുജറാത്തിലും, ദില്ലിയിലും,ബോംബെയിലും, പഞ്ചാ ിലും, ഹൈദരാ ാദിലും, മദ്രാസിലും, ബാംഗ്ലൂരിലും, കീക്കൊഴൂരും,തടിയൂരും, ജോര്‍ജ്ജിയയിലും പോയി ജോര്‍ ജോറായി ജോര്‍ജ്ജുകുട്ടി സമ്പാദിക്കുന്നു. ലവര്‍ക്ക്‌ കണ്ണുകിട്ടാതിരിക്കാന്‍ ചിലര്‍ നാട്ടില്‍ ചുറ്റിയടിക്കുകയും, ചുമ്മാതിരിക്കുകയും ചെയ്യുന്നു. വേറെ കുറേപ്പേര്‍ പഞ്ചായത്ത്‌ മുതല്‍ പള്ളിക്കമ്മിറ്റി വരെ മത്സരിച്ചതോല്‍ക്കുന്നു.

പറുദീസയില്‍ ഒന്നാമനായിരുന്ന ദൈവത്തിനുകീഴില്‍ അനന്തകോടി വര്‍ഷങ്ങളായിരണ്ടാമനായികഴിഞ്ഞിരുന്ന ലൂസിഫറിന്‌ ഒരാലോചന. എത്രകാലം ഇങ്ങനെ രണ്ടാമൂഴക്കാരനായി കഴിയണം? ഭീമസേനന്റെ അവസ്ഥയാണ്‌.

`ഇറ്റ്‌ ഈസ്‌ ബെറ്റര്‍ ടു റെയ്‌ന്‍ ദ ഹെല്‍
ദാന്‍ ടു സെര്‍വ്വ്‌ ദി ഹെവന്‍'

കാര്യം മനസ്സിലാക്കിയ ദൈവം ലൂസിഫറിനേയും ചങ്ങാതിമാരായ മെസ്റ്റോഫീലസ്‌,ബേല്‍സേബൂബ്‌്‌, സ്‌ക്രൂടേപ്പ്‌ തുടങ്ങിയവരെ താഴെതള്ളിയിട്ടു. പതിനാലുദിവസമെടുത്തുതാഴെ എത്താന്‍. അങ്ങനെ നരകം സ്ഥാപിതമായി. ഇപ്പോള്‍ അവിടെയാണാള്‍ക്കൂട്ടം.ചെന്നാലുടന്‍ മുളകുപുരട്ടും. എന്നിട്ടും ആളിനൊരുകുറവൊന്നുമില്ല. മധുരസ്‌മരണകൊണ്ട്‌സ്വര്‍ഗ്ഗത്തില്‍ ചെല്ലാനൊക്കത്തില്ല. പത്രോസവിടെ ജാമര്‍ വെച്ചിട്ടുണ്ട്‌. പഴയവല്ല ഗ്ലാമര്‍താരങ്ങളെയെങ്ങാനും അടുത്തൂടെപോയാല്‍ കയറി പ്രേമിച്ചുകളയുമോന്ന്‌ മൂപ്പര്‍ക്ക്‌ നല്ലപേടിയുണ്ട്‌. ഒന്നാമത്‌ അവിടെ ശീമാട്ടിയും പാര്‍ത്ഥാസുമില്ലല്ലോ.

ഓര്‍ക്കാനുള്ളത്‌ ഇവിടെവച്ച്‌ ഓര്‍ത്തോണം.

തോമസ്‌ കെ. എബ്രഹാം
ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷണര്‍,
കൊല്ലം

thomaskandanattu@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക