Image

ചിരി എന്ന ഔഷധം (ജീ. പുത്തന്‍കുരിശ്‌)

Published on 15 May, 2013
ചിരി എന്ന ഔഷധം (ജീ. പുത്തന്‍കുരിശ്‌)
`കഷ്‌ടം! കഷ്‌ടം! അവരില്‍ ഒരാളെങ്കിലും ഇങ്ങോട്ടൊന്നു നോക്കി ചിരിക്കണമല്ലോ! എന്നോടു വേണ്ട. തൊട്ടടുത്ത്‌ ഇരിക്കുന്നവര്‍ തമ്മിലെങ്കിലും. എന്തെങ്കിലും ഒന്ന്‌ ഉരിയാടണമല്ലൊ! ഞാന്‍ സഞ്ചരിച്ച ഇരുപത്തിനാല്‌ കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ യാതൊന്നും സംഭവിച്ചില്ല. നമ്മുടെ ആളുകള്‍ക്ക്‌ എന്തുപറ്റി? എന്തൊരു ഗൗരവമാണ്‌! ഗൗരവ കൂടുതല്‍കൊണ്ട്‌ കഴുത്തില്‍ ഞരമ്പുകള്‍ മുറുകിവലിഞ്ഞ്‌, ഇപ്പോള്‍ പൊട്ട`ിപ്പോകുമെന്ന്‌ തോന്നും. അടുത്തിരിക്കുന്നവന്‍ പോക്കറ്റടിക്കാരനോ, കൊള്ളക്കാരനോ ആണെന്ന്‌ അവര്‍ സംശയിക്കുന്നതുപോലെ തോന്നും, ആ കുന്തം വിഴുങ്ങിയ മട്ടിലുള്ള ഇരിപ്പു കണ്ടാല്‍, ഈ സ്ഥിതിയൊന്നു മാറ്റിയെടുക്കാന്‍ നമുക്ക്‌ എന്തു ചെയ്യാന്‍ കഴിയും? എന്തു ചെയ്യാം? ഒരു തരം മരവിപ്പ്‌ നമ്മുടെ സമൂഹ മനസ്സിനെ ബാധിച്ചിരിക്കുകയാണ്‌. നാമെല്ലാം വെറും പാവകളായി മാറിക്കഴിഞ്ഞിരിക്കുന്നു. (ചിരിക്കാത്ത മലയാളി, ഏവൂര്‍ പരമേശ്വരന്‍)

ചിരിയേപ്പറ്റി ചിന്തിച്ച പല മഹാന്മാരുമുണ്ട്‌. നിങ്ങള്‍ വിവേകിയാണെങ്കില്‍ ചിരിക്കു എന്ന്‌ ഉപദേശിച്ച മാര്‍ഷ്യല്‍, ചിരിയും വിവേകവും തമ്മിലുള്ള ബന്ധത്തിലേക്കാണ്‌ വിരല്‍ ചൂണ്ടിയത്‌. വീട്ടിലെ സൂര്യപ്രകാശമാണ്‌ ഹാര്‍ദ്ദവമായ ചിരി എന്ന താക്കറേയുടെ നിരീക്ഷണം ശ്രദ്ധിക്കു. ചിരിയുയരാത്ത വീട്‌ അസംതൃപ്‌തരായ കുറെ മനുഷ്യജീവികളുടെ കൂടു മാത്രമായിരിക്കും. ആരോഗ്യപരമായ കുടുംബ ജീവിതത്തില്‍ അഹ്ലാദപ്രദമായ ചിരിയുണ്ടായിരിക്കണമെന്നര്‍ത്ഥം. സൗഹാര്‍ദ്ദം ലളിതമനസ്സിന്റെ ലക്ഷണമാണ്‌. ആര്‍ദ്രതയും മാര്‍ദ്ദവവും സ്‌നേഹവുമാണ്‌ ചിരി വ്യഞ്‌ജിപ്പിക്കുക. 'കുടുകുടാ' ചിരിക്കാത്തവര്‍ സുഹൃത്തുക്കളാണോ? `ചിരിച്ചാല്‍ തടിക്കും` എന്ന ജോ ടെയ്‌ലറുടെ ഉപദേശം വായിച്ചറിഞ്ഞവര്‍പോലും ചിരിക്കാറില്ല എന്നതാണ്‌ തമാശ. കരയാതിരിക്കാന്‍ വേണ്ടി ഞാന്‍ ചിരിക്കുന്നു എന്ന്‌ എബ്രഹാം ലിങ്കണ്‍ പറഞ്ഞപ്പോള്‍, ചിരിയുടെ ഔഷധഗൂണം എത്രയെന്ന്‌ അനുമാനിക്കാവുന്നതാണ്‌.

നര്‍മ്മം സാംക്രമികമാണ്‌. ഉറക്കെയുള്ള ഒരു ചിരി എന്നത്‌ മൂക്കിപ്പൊടി വലിക്കുന്നതുപോലെയും തുമ്മുന്നതുപോലെയും സുഖകരമാണ്‌. നല്ല ഒരു ചിരി പങ്കിടാന്‍ കഴിയുകയാണെങ്കില്‍ അത്‌ സന്തോഷത്തെ വര്‍ദ്ധിപ്പിക്കുകയും ഗാഢമായ സൗഹൃദത്തിന്‌ വഴിയൊരുക്കുകയും ചെയ്യുന്നു. സന്തോഷത്തിനും വിനോദത്തിനും ഉപരിയായി ചിരിക്ക്‌ നമ്മുടെ ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. നര്‍മ്മവും ഉറക്കെയുള്ള ചിരിയും നമ്മളുടെ ശരീരത്തിന്റെ പ്രതിരോധ ശക്‌തി വര്‍ദ്ധിപ്പിക്കുന്നു, വേദനയെ കുറയ്‌ക്കുന്നു, മനസ്സിന്റെ പിരിമുറുക്കം കുറച്ച്‌ അയവ്‌ വരുത്തുന്നു. വിലമതിക്കാനാവാത്തതും ഒന്നും വിലയില്ലാത്തതും, ആനന്ദത്തെ പ്രധാനം ചെയ്യുന്നതുമായ ഈ മരുന്നു ഏവര്‍ക്കും സൗജന്യമാണെുന്നള്ളതാണ്‌ ഇതിന്റെ മറ്റൊരു പ്രത്യേകത.

ഒരു നല്ല ചിരി എന്നു പറയുന്നത്‌, മനസ്സിന്റെ സംഘര്‍ഷത്തിനും, വേദനയ്‌ക്കും, വിഷാദ രോഗത്തിനും ഒക്കെ ഒന്നാന്തരം പ്രതിവിധിയാണ്‌. നല്ല ചിരിപോലെ, വളരെ വേഗത്തില്‍, മനസ്സിനേയും ശരീരത്തേയും അതിന്റെ സമതുലനാവസ്ഥയിലേക്ക്‌ കൊണ്ടുവരാവുന്ന മറ്റൊരു ഔഷധവും ഇല്ല. മാനസിക ഭാരങ്ങളെ കുറയ്‌ക്കാനും, പ്രത്യാശയെ വര്‍ദ്ധിപ്പിക്കാനും, മറ്റുള്ളവരുമായുള്ള ബന്ധം നിലനിര്‍ത്താനും ഒക്കെ നര്‍മ്മം നമ്മെ സഹായിക്കുന്നതോടൊപ്പം, ചിരി നമ്മളുടെ മനസ്സിനെ കൂടുതല്‍ ഏകാഗ്രതയും ജാഗ്രതയും ഉള്ളതാക്കുകയുംചെയ്യുന്നു. നല്ല ചിരി എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണിനെ ശരീരത്തില്‍ ഉല്‌പാദിപ്പിക്കുകയും അത്‌ നല്ലൊരു വേദന സംഹാരിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു

ചിരിയുടെ ഗുണങ്ങള്‍ എന്നു പറയുന്നത്‌, പ്രതിരോധ ശക്‌തി വര്‍ദ്ധിപ്പിക്കുന്നു, സമ്മര്‍ദ്ദത്തിനു കാരണമായ രാസവസ്‌തുക്കളുടെ ഉല്‌പാദനത്തെ കുറക്കുന്നു, വേദന ശമിപ്പിക്കുന്നു, മാംസപേശികള്‍ക്ക്‌ അയവ്‌ വരുത്തുന്നു, ഹൃദയാഘാതം വരാതെ ഒരു പ്രതിബന്ധകമായി പ്രവര്‍ത്തിക്കുന്നു, ജീവതത്തിന്‌ സന്തോഷവും, ഉന്മേഷവും പകരുന്നു, ഭയവും ഉല്‍ക്കണ്‌ഠയും കുറയ്‌ക്കുന്നു, മ്ലാനതയില്‍ നിന്ന്‌ വിടുതല്‍ നല്‍കുന്നു, ഏതു പരാജയങ്ങളില്‍ നിന്നും മടങ്ങി വരാനുള്ള കഴിവ്‌ വര്‍ദ്ധിപ്പിക്കുന്നു, ബന്ധങ്ങളെ മുറുക്കുന്നു, മറ്റുള്ളവരെ നമ്മിലേക്ക്‌ ആകര്‍ഷിക്കാന്‍ പ്രാപ്‌തരാക്കുന്നു, ഒരുമിച്ച്‌ പ്രവര്‍ത്തിക്കാനുള്ള കഴിവ്‌ നല്‍കുന്നു, സംഘര്‍ഷങ്ങളെ ഒഴിവാക്കാന്‍ സഹായിക്കുന്നു. ഡോക്‌ടര്‍. പോള്‍ ഇ. മക്‌ഗീ പറയുന്നതു പോലെ, ` നര്‍മ്മഭാവം പോലെ മനുഷ്യന്റെ ആരോഗ്യത്തെ സഹായിക്കുന്ന മറ്റൊരു ശക്‌തമായ ഔഷധം വേറെയില്ല.`. അതുകൊണ്ട്‌ മാന്യ വായനക്കാരെ ചിരിക്കാന്‍ മടിക്കരുത്‌. ലോകം ചിരിയുടെ ദിവസം കൊണ്ടാടുന്ന സമയത്ത്‌ എന്തിന്‌ നാം മസിലു പിടിച്ചിരിക്കണം. ഇത്‌ ചിരിയുടെ ദിവസങ്ങളാണ്‌.

വീടിന്റെ പൂമുഖത്ത്‌ പത്രം വായിച്ചുകൊണ്ടിരുന്ന ഭര്‍ത്താവിന്റെ തലയില്‍ ഫ്രൈയിങ്ങ്‌ പാന്‍ കൊണ്ടടിച്ച ഭാര്യയോട്‌ ഭര്‍ത്താവ്‌ അടിയ്‌ക്കാനുള്ള കാരണം തിരക്കിയപ്പോള്‍, തുണി കഴുകാന്‍ എടുത്തപ്പോള്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ മേരി എന്നു പേരെഴുതിയ ഒരു കുറിപ്പ്‌ കണ്ടെന്നും, ഭാര്യയെ വഞ്ചിക്കുന്ന ഭര്‍ത്താവനെ പിന്നെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള മറുപടി ചോദ്യമാണ്‌ കിട്ടിയത്‌. വളരെ ശാന്തമായി ഭര്‍ത്താവ്‌ പറഞ്ഞു അത്‌ കുതിരപന്തയത്തിന്‌ പോയപ്പോള്‍ ആ കുതിരയുടെ പേര്‌ എഴുതി വച്ചതാണ്‌. ഇത്‌ കേട്ട ഭാര്യ കുറ്റബോധത്തോടെ മടങ്ങി പോയി. വളരെ ദിവസങ്ങള്‍ക്കു ശേഷം വീണ്ടും ഭാര്യ മറ്റൊരു വലിയ ഫ്രൈയിങ്ങ്‌ പാന്‍ കൊണ്ട്‌ തലയ്‌ക്കടിച്ചപ്പോള്‍, അയാള്‍ വീണ്ടും കാര്യം തിരക്കി. അപ്പോള്‍ ഭാര്യ പറഞ്ഞു നിങ്ങളുടെ കുതിര മേരി ഇപ്പോള്‍ ടെലിഫോണില്‍ വിളിച്ചിരുന്നു.

ചിരി സര്‍വ്വരോഗ സംഹാരിയായ ഒരു ഔഷധമാണ്‌. അതുകൊണ്ട്‌ ജീവിതത്തില്‍ ചിരിക്കാന്‍ സമയം കണ്ടെത്തു.
ചിരി എന്ന ഔഷധം (ജീ. പുത്തന്‍കുരിശ്‌)
Join WhatsApp News
Jack Daniel 2013-05-15 17:25:21
ഹ ഹ ഹ ചിരിച്ചു ചിരിച്ചു ഞാൻ മണ്ണ് കപ്പിയെന്നു പറഞ്ഞാൽ മതിയെല്ലോ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക