Image

ഒത്തുകളി: ശ്രീശാന്ത്‌ ഉള്‍പ്പടെയുള്ള പ്രതികള്‍ പോലീസ്‌ കസ്റ്റഡിയില്‍

Published on 16 May, 2013
ഒത്തുകളി: ശ്രീശാന്ത്‌ ഉള്‍പ്പടെയുള്ള പ്രതികള്‍ പോലീസ്‌ കസ്റ്റഡിയില്‍
ഡല്‍ഹി: ഒത്തുകളി വിവാദത്തില്‍ അറസ്റ്റിലായ ശ്രീശാന്ത്‌ ഉള്‍പ്പടെയുള്ള പ്രതികളെ ഡല്‍ഹിയിലെ സാകേത്‌ കോടതിയില്‍ ഹാജരാക്കി. മജിസ്‌ട്രേറ്റ്‌ പ്രതികളെ അഞ്ചുദിവസത്തേക്കു പൊലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. സ്‌പിന്നര്‍മാരായ അജീത്‌ ചാന്ദില, അങ്കിത്‌ ചവാന്‍ എന്നിവരാണ്‌ അറസ്‌റ്റിലായ മറ്റു താരങ്ങള്‍. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന വകുപ്പുകള്‍ പ്രകാരമാണു കേസ്‌. മൂവരെയും ബിസിസിഐ സസ്‌പെന്‍ഡ്‌ ചെയ്‌തു. ശ്രീശാന്തുമായി വാതുവയ്‌പു കരാര്‍ ഉറപ്പിച്ച കണ്ണൂര്‍ സ്വദേശി ജിജു ജനാര്‍ദനനെയും മുംബൈയില്‍ നിന്നു കസ്‌റ്റഡിയിലെടുത്തു.

ബുധനാഴ്‌ച രാത്രി മുംബൈ ഇന്ത്യന്‍സും രാജസ്‌ഥാന്‍ റോയല്‍സും തമ്മില്‍ മുംബൈയില്‍ നടന്ന മല്‍സരത്തിനു ശേഷമാണു മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന്‌ ഇവര്‍ അറസ്‌റ്റിലായത്‌. മുംബൈയില്‍ ബാന്ദ്ര കാര്‍ട്ടര്‍ റോഡിലെ സുഹൃത്തിന്റെ വസതിയില്‍ നിന്നാണു ശ്രീശാന്തിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. ചാന്ദിലയെ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിനു മുന്നില്‍ നിന്നും അങ്കിത്തിനെ ട്രൈഡന്റ്‌ ഹോട്ടലില്‍ നിന്നുമാണു പിടികൂടിയത്‌. ഏഴു വാതുവയ്‌പുകാരെ ബുധനാഴ്‌ച വൈകിട്ടുതന്നെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. വാതുവയ്‌പുകാരുടെ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ 51 മൊബൈല്‍ ഫോണുകള്‍, അഞ്ചു ലാപ്‌ടോപ്പുകള്‍, റിക്കോര്‍ഡിങ്‌ ഉപകരണം എന്നിവ പിടിച്ചെടുത്തു.

ഐപിഎല്‍ ആറാം സീസണ്‍ ആരംഭിച്ചതു മുതല്‍ നടത്തിയ അന്വേഷണത്തിലൂടെ ലഭിച്ച ശക്‌തമായ തെളിവുകളുടെ അടിസ്‌ഥാനത്തിലാണു നടപടിയെന്നു നീരജ്‌ കുമാര്‍ പറഞ്ഞു.

കോടതിയില്‍ ഹാജരായ ശേഷം ശ്രീശാന്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞത്‌ `എന്റെ തെറ്റല്ല എന്നു മാത്രമായിയിരുന്നു. മുഖംമൂടി അണിഞ്ഞ നിലയില്‍ എത്തിയ ശ്രീശാന്ത്‌ കോടതിയില്‍ നിന്നു തിരിച്ചിറങ്ങുമ്പോള്‍ കരയുന്നുണ്ടായിരുന്നു. കറുത്ത ടീ ഷര്‍ട്ടും ചാര നിറത്തിലുള്ള ജീന്‍സുമായിരുന്നു വേഷം. ചിത്രമെടുക്കുമ്പോള്‍, പിന്നിലേക്ക്‌ മാറി നിന്ന ശ്രീശാന്തിനെ പൊലീസ്‌ മുന്‍നിരയിലേക്കു മാറ്റിനിര്‍ത്തി. സദാസമയം തലതാഴ്‌ത്തി നിന്നു ശ്രീശാന്ത്‌.
Join WhatsApp News
Tom Francis 2013-05-17 05:51:45
Shame on you Srishant. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക