Image

വിലാപങ്ങള്‍ക്കപ്പുറം-5(കഥ)- പി,.റ്റി. പൗലോസ്

പി,.റ്റി. പൗലോസ് Published on 13 May, 2013
വിലാപങ്ങള്‍ക്കപ്പുറം-5(കഥ)- പി,.റ്റി. പൗലോസ്
ചമ്പയില്‍ തറവാടിനോട് കാലം കണക്കുതീര്‍ത്തു. തറവാടിന്റെ പതനത്തിന്റെ നാളുകളിലാണ് മാത്തുക്കുട്ടി ശോഭക്ക് മിന്നുചാര്‍ത്തിയത്.

അത്ഭുതങ്ങളുടെ ഏതോ ലോകത്തായ മാത്തുക്കുട്ടിയോട് ഞാന്‍ തുടര്‍ന്നു:

"മാത്തുക്കുട്ടിക്ക് ഇടശേരിക്കരയില്‍ എവിടെയാണ് ഇറങ്ങേണ്ടത്?"

മാത്തുക്കുട്ടി: “സെന്റ് സ്റ്റീഫന്‍സ് യാക്കോബായ പള്ളിയില്‍, അവിടെയാണ് ശോഭയുടെ ബന്ധു ചാക്കപ്പന്റെ സംസ്‌ക്കാര ചടങ്ങ്”

ഞാന്‍ : “ഞാനും ചാക്കപ്പന്റെ സംസ്‌ക്കാരചടങ്ങിന് തന്നെ.”

മാത്തുക്കുട്ടി : “അപ്പോള്‍ ചാക്കപ്പന്‍ താങ്കളുടെ..?

ഞാന്‍ : കടലിലെ തിരകള്‍ പോലെ തുള്ളി മറിഞ്ഞ എന്റെ ജീവിതത്തിന്റെ കണക്കു പുസ്തകത്തിലെ പിതാവിന്റെ കോളത്തിലെ പിശാചിന്റെ കൈ ഒപ്പ്: സി.വി. ചാക്കപ്പന്‍.

മാത്തുക്കുട്ടി ഏതോ വിസ്മയ ലോകത്തില്‍ .

"ഞാന്‍ മനു" എന്റെ വിസിറ്റിംഗ് കാര്‍ഡ് മാത്തുക്കുട്ടിക്ക് കൊടുത്തു. മാത്തുക്കുട്ടി കാര്‍ഡിലൂടെ കണ്ണോടിച്ചു മനുരാജ് ഇടശേരി.

മാത്തുക്കുട്ടി കൂടുതല്‍ വിസ്മയത്തോടെ:
"ഡല്‍ഹിയിലെ ഡൂണ്‍ ഹെറാള്‍ഡ് പത്രത്തിന്റെ…"

ഞാന്‍ : "ബ്യൂറോ ചീഫ്."

അപ്പോഴേക്കും വേണുവിന്റെ കാര്‍ ഇടശേരിക്കര സെന്റ് സ്റ്റീഫന്‍ യാക്കോബായ പള്ളിയുടെ കുരിശും തൊട്ടിയും കടന്ന് പള്ളിമുറ്റത്ത് എത്തിനിന്നു.

എന്റെ കടമയും കര്‍ത്തവ്യവും നിറവേറ്റി ഈസഹോദരന്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ സവിധത്തിലേക്ക് യാത്രയാവുകയാണ്. ഹൃസ്വമായ ഈ ലോകജീവിതത്തില്‍ ഇവന്‍ നന്മയുടെ പൂക്കള്‍ വിരിയിച്ചു. സൗരഭ്യം പരത്തി. ഇവിടെ ഇവന്‍ ഒരു സ്‌നേഹഗോപുരമായിരുന്നു. ആ ഗോപുരനടയില്‍ വേര്‍പാടിന്റെ ദുഃഖം കടിച്ചമര്‍ത്തി നില്‍ക്കുന്ന രക്തബന്ധുക്കളെ നമുക്ക് സമാധാനിപ്പിക്കാം. വാങ്ങിപോയ ഈ ദാസനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം…

വൈദികന്‍ ചരമപ്രസംഗം തുടരുകയാണ്. വൈദികന്റെ അബന്ധധാരണകളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ഞാന്‍ പള്ളിക്കകത്ത് ഒരുകോണില്‍ വികാരരഹിതനായി ആള്‍ക്കൂട്ടത്തിലൊരാളായി ഒതുങ്ങിനിന്നു. ആരും എന്നെ ശ്രദ്ധിച്ചില്ല. പള്ളിയകത്തെ ശുശ്രൂഷയ്ക്ക്‌ശേഷം ജഡം സംസ്‌കാരത്തിന് പുറത്തേക്ക് എടുത്തപ്പോള്‍ എന്റെ ജീനുകളില്‍ കടന്നപാപത്തിന്റെ ഉറവിടത്തെ ഒന്നു നോക്കണമെന്നുണ്ടായിരുന്നു. പക്ഷെ മനസ്സനുവദിച്ചില്ല. എന്തിനാണ് ഞാന്‍ വന്നത്. സഖാവ് സി.കെ.പി. അറിയിച്ചപ്പോള്‍ സഖാവുമായുള്ള ആത്മബന്ധത്തിന്റെ പേരില്‍ വരാതിരിക്കാന്‍ കഴിഞ്ഞില്ല. സി.കെ.പിയോട് യാത്ര പറഞ്ഞ് ഞാന്‍ വേണുവിന്റെ കാറിന്റെ അടുത്ത് എത്തി.

“വേണു, നമുക്ക് തിരിച്ചുപോകാം, റെയില്‍വേസ്റ്റേഷനിലേക്ക്”

മാത്തുക്കുട്ടിയോടു പോലും യാത്രപറയാതെ ഞാന്‍ കാറിന്റെ പിന്‍സീറ്റില്‍ കയറി. ഒന്നുറങ്ങണമെന്ന വലിയ ആഗ്രഹത്തോടെ ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു. വിലാപങ്ങള്‍ക്കപ്പുറത്തെ വിശാലമായ ഇരുണ്ടലോകം. അവിടെ ഞാന്‍ ലയിക്കട്ടെ ഒരു വിഷാദബിന്ദുവായി.

(അവസാനിച്ചു)
വിലാപങ്ങള്‍ക്കപ്പുറം-5(കഥ)- പി,.റ്റി. പൗലോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക