Image

ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ ടെറന്‍സണ്‍ തോമസ്‌ മത്സരിക്കുന്നു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 26 September, 2011
ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ ടെറന്‍സണ്‍ തോമസ്‌ മത്സരിക്കുന്നു
ന്യൂയോര്‍ക്ക്‌: ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ ഇപ്പോഴത്തെ ജോയിന്റ്‌ സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌ മത്സരിക്കുന്നു. നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഫൊക്കാനയുടെ കരുത്തുറ്റ സാരഥിയായി നിലകൊണ്ട ടെറന്‍സണ്‍ മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ നേതാവാണ്‌.

സെക്രട്ടറി സ്ഥാനത്തേക്ക്‌ ഇനിയും ആരും സജീവമായി രംഗത്തു വന്നിട്ടില്ല. അണിയറയില്‍ ചില പേരുകള്‍ കേള്‍ക്കുന്നുവെന്നു മാത്രം. അടുത്ത കണ്‍വെന്‍ഷന്‍ വാഷിംഗ്‌ടണ്‍ ഡി.സി.യിലേക്ക്‌ പോകുമെന്ന ധാരണയാണ്‌ പൊതുവെ. അവിടെനിന്നൊരാള്‍ പ്രസിഡന്റാവുമെന്നും കരുതപ്പെടുന്നു. പ്രസിഡന്റ്‌ എവിടെനിന്നായാലും യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയ്‌ക്ക്‌ ശക്തിപകരാന്‍ താന്‍ മുന്നിലുണ്ടാവുമെന്ന്‌ വെസ്റ്റ്‌ചെസ്റ്ററില്‍ നിന്നുള്ള ടെറന്‍സണ്‍ ചൂണ്ടിക്കാട്ടി.

സംഘടനയെ ശക്തിപ്പെടുത്താന്‍ യുവതലമുറയെ കൂടുതലായി സംഘടനയിലേക്ക്‌ കൊണ്ടുവരിക, നാട്ടിലുള്ളവര്‍ക്ക്‌ കൂടുതല്‍ സഹായമെത്തിക്കുക തുടങ്ങിയവയാണ്‌ ടെറന്‍സണ്‍ ലക്ഷ്യമിടുന്നത്‌. ഇവിടെയുള്ള പ്രൊഫഷണല്‍ സംഘടനകളേയും ഫൊക്കാനയുടെ കുടക്കീഴില്‍ കൊണ്ടുവരികയാണ്‌ മറ്റൊരു ലക്ഷ്യം. പ്രൊഫഷണല്‍ രംഗങ്ങളില്‍ മികവ്‌ നേടാന്‍ പഠനക്കളരികളും സെമിനാറുകളും സംഘടിപ്പിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രയോജനപ്രദമായ കരിയര്‍ ഗൈഡന്‍സ്‌ നല്‍കുക, മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവരെ തുണയ്‌ക്കാനായി ധനസമാഹരണമടക്കമുള്ള കര്‍മ്മപരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവയൊക്കെ ലക്ഷ്യമിടുന്നുണ്ട്‌.

ഫൊക്കാന പോലുള്ള പ്രവാസി മലയാളി സംഘടനകള്‍ യുവജനങ്ങളെ നേതൃത്വനിരയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ പ്രകടമായ തെളിവാണ്‌ ഫൊക്കാനയുടെ നാഷണല്‍ ജോയിന്റ്‌ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ടെറന്‍സണ്‍ തോമസ്‌. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്തേക്ക്‌ കടന്നുവന്ന ടെറന്‍സനെപ്പോലെയുള്ളവരുടെ സാന്നിധ്യം സംഘടനയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകരുമെന്ന തിരിച്ചറിവായിരിക്കാം ഇതിനു പിന്നില്‍. 1993-ല്‍ അമേരിക്കന്‍ മലയാളിയായി കുടിയേറിയ കൊട്ടാരക്കര സ്വദേശിയായ ടെറന്‍സണ്‍, ചുരുങ്ങിയ കാലംകൊണ്ടാണ്‌ പ്രവാസി മലയാളി സംഘടനകളുടെ നേതൃത്വനിരയിലേക്കുയര്‍ന്നത്‌. സ്‌കൂള്‍തലം മുതല്‍ പുലര്‍ത്തിവന്ന നേതൃത്വപാടവവും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനത്തില്‍നിന്ന്‌ ലഭിച്ച അനുഭവസമ്പത്തുമാണ്‌ പ്രവാസി മലയാളിയുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാനും മനസ്സിലാക്കാനുമുള്ള ടെറന്‍സന്റെ ശ്രമങ്ങള്‍ക്ക്‌ സഹായകമായത്‌. ഈ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ്‌ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസ്സിയേഷനിലൂടെ ടെറന്‍സനെ തേടിയെത്തിയ ഫൊക്കാനയുടെ ദേശീയ ജോയിന്റ്‌ സെക്രട്ടറി പദവി.

2009-ല്‍ ഫിലഡല്‍ഫിയയില്‍ നടന്ന കണ്‍വന്‍ഷനില്‍ ന്യൂയോര്‍ക്ക്‌ മേഖലാ വൈസ്‌പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടെറന്‍സണ്‍ ആല്‍ബനിയില്‍ നടന്ന കണ്‍വന്‍ഷനിലാണ്‌ സംഘടനയുടെ ജോയിന്റ്‌ സെക്രട്ടറി സ്ഥാനത്തെത്തുന്നത്‌. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതെങ്കിലും സമവായത്തിലൂടെ ജോയിന്റ്‌ സെക്രട്ടറിപദം തെരഞ്ഞെടുക്കുകയായിരുന്നു. പദവിയുടെ വലിപ്പമല്ല സാമൂഹ്യസേവനത്തിന്റെ മാനദണ്‌ഢമാണ്‌ പ്രധാനമെന്ന വിളിച്ചുപറയല്‍ കൂടിയായിരുന്നു ടെറന്‍സന്റെ തീരുമാനം. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കു വേണ്ടിയുള്ള കടിപിടി പതിവായ നമ്മുടെ പൊതുപ്രവര്‍ത്തനരംഗത്തിന്‌ നഷ്ടമായിക്കൊണ്ടിരിക്കുന്നതും ഇത്തരം മനസ്സിന്റെ ഉടമകളെയാണെന്ന്‌ പറയാതെ വയ്യ. അന്യനാട്ടിലെ നിയമങ്ങള്‍ പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പരിധികള്‍ നിശ്ചയിക്കുന്നുണ്ടെങ്കിലും മലയാളി സമൂഹത്തിന്റെ ഉന്നമനത്തിന്‌ പ്രവാസി സംഘടനകള്‍ വഹിക്കുന്ന പങ്ക്‌ വലുതാണെന്ന്‌ തന്നെയാണ്‌ ടെറന്‍സന്റെ വിലയിരുത്തല്‍.

കൊട്ടാരക്കര സെന്റ്‌ ഗ്രിഗോറിയോസ്‌ കോളെജിലായിരുന്നു പ്രീഡിഗ്രി, ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌. കോളേജ്‌ യൂണിയന്‍ മാഗസിന്‍ എഡിറ്റര്‍, സ്‌പോര്‍ട്‌സ്‌ ക്ലബ്ബ്‌ സെക്രട്ടറി, സ്റ്റാഫ്‌ സ്റ്റുഡന്റ്‌സ്‌ ബോര്‍ഡ്‌ മെംബര്‍ എന്നീ നിലകളില്‍ കോളേജ്‌ വിദ്യാഭ്യാസകാലത്ത്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സെന്റ്‌ ജോര്‍ജ്ജ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ ട്രസ്റ്റിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. വെസ്റ്റ്‌ചെസ്റ്റര്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ ന്യൂറോഷലിലെ കമ്മിറ്റിയംഗം കൂടിയാണ്‌ ടെറന്‍സണ്‍.
ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ ടെറന്‍സണ്‍ തോമസ്‌ മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക