Image

ഒന്നുമാവാതെ ചെന്നിത്തല; വിജയിക്കുന്നത്‌ സാമുദായിക ശക്തികള്‍

Published on 21 May, 2013
ഒന്നുമാവാതെ ചെന്നിത്തല; വിജയിക്കുന്നത്‌ സാമുദായിക ശക്തികള്‍
രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോകുകയാണ്‌ രമേശ്‌ ചെന്നിത്തല എന്ന നേതാവ്‌. ഉപമുഖ്യമന്ത്രിയാവുമെന്നും ആഭ്യന്തര മന്ത്രിയാകുമെന്നുമൊക്കെയുള്ള അഭ്യൂഹങ്ങള്‍ക്ക്‌ അവസാനം ഒന്നുമാവാതെ കെ.പി.സി.സി പ്രസിഡന്റിന്റെ കസേരിയിലേക്ക്‌ തന്നെ തിരിച്ചു പോകേണ്ടി വരുന്ന രമേശിന്റെ രാഷ്‌ട്രീയ സാഹചര്യം വെളിപ്പെടുത്തുന്നത്‌ യു.ഡി.എഫ്‌ രാഷ്‌ട്രീയത്തിന്റെ പതനം കൂടിയാണ്‌.

ഒപ്പം സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും ഇന്ന്‌ ചാനല്‍ അഭിമുഖങ്ങളില്‍ യുഡിഎഫ്‌ ഭരണകൂടത്തെ കണക്കിന്‌ അപഹസിച്ച്‌ തള്ളുകയും ചെയ്‌തിരിക്കുന്നു. എന്‍.എസ്‌.എസ്‌ തള്ളിക്കളഞ്ഞ ഡെഡ്‌ ബോഡി എന്നാണ്‌ ഇന്ന്‌ രമേശ്‌ ചെന്നിത്തലയെ വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്‌. യു.ഡി.എഫ്‌ പ്രാകൃതാവസ്ഥയിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ ഗ്രൂപ്പ്‌ രാഷ്‌ട്രീയമാണ്‌ ചെന്നിത്തലയുടെ പതനത്തിന്‌ കാരണമെന്ന്‌ പറഞ്ഞുകൊണ്ട്‌ കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ രാഷ്‌ട്രീയം ഒന്നുകൂടി കത്തിച്ചുകൊടുത്തിരിക്കുന്നു സുകുമാരന്‍ നായര്‍. എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയും തങ്ങളുടെ രാഷ്‌ട്രീയ നീക്കങ്ങളില്‍ എത്രത്തോളം പ്രീപ്ലാന്‍ഡ്‌ ആണെന്നതും സമീപകാലങ്ങളിലെങ്ങുമില്ലാത്തവിധം ഇവര്‍ ശക്തരായിരിക്കുന്നു എന്നതുമാണ്‌ ഇപ്പോഴത്തെ കേരള രാഷ്‌ട്രീയം തെളിയിക്കുന്നത്‌.

ഉപമുഖ്യമന്ത്രിക്കസേരയിലേക്ക്‌ നിസാരമായി കടന്നു കയറാം എന്ന്‌ തന്നെയായിരുന്നു കേരളത്തിന്‌ കുറെകെ യാത്രക്കിറങ്ങുമ്പോള്‍ രമേശ്‌ കരുതിയിരുന്നത്‌. അതിനു വേണ്ട ആലോചനകളും ചര്‍ച്ചകളുമെല്ലാം നേരത്തെ പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്‌ മുമ്പു തന്നെ രമേശിന്‌ ഉപമുഖ്യമന്ത്രിയാകാമെന്ന ഉറപ്പ്‌ ലഭിക്കുകയും ചെയ്‌തിരുന്നു.

ചെന്നിത്തല എന്‍.എസ്‌.എസ്‌ നോമിനിയാണെന്നും ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്തു കൊണ്ടു വരണമെന്നുമുള്ള സുകുമാരന്‍ നായരുടെ പ്രസ്‌താവനയാണ്‌ ചെന്നിത്തലയുടെ തകര്‍ച്ചക്ക്‌ തുടക്കമിട്ടത്‌. കെ.പി.സി.സി പ്രസിഡന്റ്‌ എന്ന നിലയില്‍ മതേതര മുഖം വീണ്ടെടുക്കേണ്ടത്‌ അത്യാവശ്യമായിരുന്ന ചെന്നിത്തല എന്‍.എസ്‌.എസ്‌ ബിനാമിയല്ല താനെന്നും തന്നെ കേവല നായര്‍ ആക്കേണ്ടതില്ല എന്നും തുറന്നടിച്ചു. ഇതോടെ കോണ്‍ഗ്രസില്‍ തങ്ങളുടെ ശബ്‌ദത്തിന്‌ വിലയില്ലാതായിരിക്കുന്നു എന്ന തോന്നാല്‍ മുമ്പേ തന്നെ പിണങ്ങി നിന്ന എന്‍.എസ്‌.എസിനെ വീണ്ടും കോണ്‍ഗ്രസില്‍ നിന്നും ചെന്നിത്തലയില്‍ നിന്നും അകറ്റി. അപ്രഖ്യാപിത ജാതിഭ്രഷ്‌ട്‌ തന്നെയാണ്‌ ചെന്നിത്തലക്ക്‌ നേരിടേണ്ടി വന്നത്‌ എന്നതാണ്‌ സത്യം.

കോണ്‍ഗ്രസില്‍ സമുദായത്തിന്റെ പിന്തുണയില്ലാതെ ഇന്നത്തെ പ്രീണന രാഷ്‌ട്രീയ കാലഘട്ടത്തില്‍ ആരും ഒന്നുമാകാന്‍ പോകുന്നില്ല എന്നതാണ്‌ സത്യം. എന്‍.എസ്‌.എസ്‌ കൈവിട്ട ചെന്നിത്തല ഗ്രൂപ്പുകള്‍ നിറഞ്ഞ കോണ്‍ഗ്രസില്‍ പിന്നെ ഒന്നുമല്ലാതെയായി എന്നതാണ്‌ സത്യം. എന്നാല്‍ രമേശ്‌ ചെന്നിത്തലയോട്‌ എന്‍.എസ്‌.എസിന്റെ അപ്രീതിക്ക്‌ ഇതുമാത്രമല്ല കാരണം എന്നും പറഞ്ഞു കേള്‍ക്കുന്നു. ബോര്‍ഡ്‌, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങളില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ എന്ന നിലയില്‍ നിഷ്‌പക്ഷ നിലപാട്‌ സ്വീകരിച്ചതു കൂടിയാണ്‌ ചെന്നിത്തലയെ കുരുക്കിലാക്കിയത്‌. ഒരു പ്രമുഖ സമുദായ നേതാവ്‌ തന്റെ നോമിനികളെ വിവിധ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ചെയര്‍മാന്‍ സ്ഥാനത്തേക്കും കൊണ്ടുവരാന്‍ ചെന്നിത്തലയ്‌ക്കു മേല്‍ സമര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ ഇതിന്‌ കൂട്ടാക്കത്തത്‌ ചെന്നിത്തലക്ക്‌ പിന്നീട്‌ തിരിച്ചടിയായി മാറി.
സമുദായ ശക്തികള്‍ കൈയ്യൊഴിഞ്ഞ ചെന്നിത്തലയെ പിന്നീട്‌ ഒതുക്കുക എന്ന തന്ത്രം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ്‌ സ്വീകരിച്ചു. ഇതിന്‌ രണ്ട്‌ തന്ത്രങ്ങളാണ്‌ സ്വീകരിച്ചത്‌. അതില്‍ പ്രധാനം ഘടക കക്ഷികള്‍ക്കും ഉപമുഖ്യമന്ത്രിസ്ഥാനത്തിന്‌ അര്‍ഹതയുണ്ടെന്ന പ്രസ്‌താവനകള്‍ നിരത്തുക എന്നതായിരുന്നു. കേരളാ കോണ്‍ഗ്രസില്‍ നിന്ന്‌ കെ.എം മാണി തനിക്കും ഉപമുഖ്യമന്ത്രി സ്ഥാനത്തിന്‌ അര്‍ഹതയുണ്ടെന്നു പറഞ്ഞതും, മുസ്ലിം ലീഗ്‌ നേതാവ്‌ കുഞ്ഞാലിക്കുട്ടിയും ഉപമുഖ്യമന്ത്രി സ്ഥാനത്തിന്‌ അര്‍ഹനാണെന്ന്‌ കെ.സി ജോസഫ്‌ പറഞ്ഞതും ഇതിനോട്‌ കൂട്ടിവായിക്കണം. ഉപമുഖ്യമന്ത്രിസ്ഥാനം എന്നത്‌ നിസാരമായി കോണ്‍ഗ്രസിന്‌ നിലപാട്‌ എടുക്കാന്‍ കഴിയുന്ന ഒന്നല്ല എന്ന്‌ വരുത്തി തീര്‍ക്കാന്‍ ഇതിലൂടെ കഴിഞ്ഞു.

രണ്ടാമത്‌ രമേശ്‌ ചെന്നിത്തല മന്ത്രിസഭയിലേക്ക്‌ വന്നാല്‍ കെ.പി.സി.സി പ്രസിഡന്റ്‌ സ്ഥാനം ഐ ഗ്രൂപ്പിന്‌ നീക്കിവെച്ച കെ.പി.സി.സി പ്രസിഡന്റ്‌ സ്ഥാനത്തില്‍ എ ഗ്രൂപ്പ്‌ അവകാശം ഉന്നയിച്ചു. രമേശ്‌ ഉപമുഖ്യമന്ത്രിയാവുകയും കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റാവുകയും ചെയ്യുക എന്ന ഐ ഗ്രൂപ്പിന്റെ രഹസ്യ ധാരണക്കാണ്‌ ഇവിടെ മങ്ങലേറ്റത്‌. കെ.പി.സി.സി പ്രസിഡന്റ്‌ സ്ഥാനം ഉമ്മന്‍ചാണ്ടി പക്ഷത്തിന്‌ വിട്ടു നല്‍കുന്ന ആത്മഹത്യാപരമാകുമെന്ന്‌ വിശാല ഐ ഗ്രൂപ്പിന്‌ നന്നായി അറിയാം. അതുകൊണ്ടു തന്നെ മന്ത്രിസഭയിലേക്ക്‌ എന്ന സ്വപ്‌നത്തില്‍ നിന്നും പിന്നോട്ടു നടക്കുക മാത്രമായിരുന്നു രമേശ്‌ ചെന്നിത്തലയുടെ മുമ്പിലെ പോംവഴി.

ആഭ്യന്തരമോ, ഉപമുഖ്യമന്ത്രിസ്ഥാനമോ ഇല്ലാതെ ഗണേഷിന്‌ പകരക്കാരന്‍ മന്ത്രിയായി എത്തിയാല്‍ അതോടെ ചെന്നിത്തല പണ്ട്‌ കെ.മുരളീധരന്‍ കാണിച്ചതിനേക്കാള്‍ വലിയ മണ്ടത്തരമാകും ചെയ്യുക.
എന്തായാലും കേരള ജനത കഴിഞ്ഞ ദിവസം കണ്ടത്‌ തരംതാണ രാഷ്‌ട്രീയ നാടകങ്ങളായിരുന്നു എന്നതാണ്‌ സത്യം. ഉപമുഖ്യമന്ത്രി സ്ഥാനത്തിന്‌ ചെന്നിത്തല കുപ്പായം തയിപ്പിച്ചിരുന്നു എന്ന്‌ എല്ലാവര്‍ക്കുമറിയാം. പക്ഷെ ചെന്നിത്തല മന്ത്രിസ്ഥാനം ആവിശ്യപ്പെട്ടിട്ടില്ലെന്ന്‌ പറഞ്ഞുകൊണ്ട്‌ കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി കൈകഴുകിയപ്പോള്‍ തിരിച്ചടി നേരിട്ടത്‌ രമേശ്‌ ചെന്നിത്തലയുടെ ആനാവശ്യ രാഷ്‌ട്രീയ താത്‌പര്യങ്ങള്‍ക്കായിരുന്നു. കേരള ജനതക്ക്‌ മുമ്പില്‍ ഇത്തരത്തില്‍ കോമാളിവേഷം കെട്ടേണ്ട കാര്യം ഒരിക്കലും കോണ്‍ഗ്രസിന്റെ പ്രസിഡന്റ്‌ സ്ഥാനത്തിരിക്കുന്ന വ്യക്തിക്കുണ്ടായിരുന്നില്ല. ഉമ്മന്‍ചാണ്ടിയുമായി നടന്ന ചര്‍ച്ചയില്‍ തന്നെ പല മന്ത്രിമാരും വ്യക്തിപരമായി അവഹേളിച്ചുവെന്നു വരെ ചെന്നിത്തല പരാതി പറഞ്ഞിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ രാഷ്‌ട്രീയം എത്രത്തോളം വികൃതമായിരിക്കുന്നു എന്നു തന്നെയാണ്‌ ഇത്‌ തെളിയിക്കുന്നത്‌.

എന്തായാലും ഫലത്തില്‍ ലോട്ടറിയടിച്ചത്‌ സുകുമാരന്‍ നായര്‍ തന്നെ എന്നു പറയണം. ഇനിയൊരു രാഷ്‌ട്രീയ ഭാവിയില്ല എന്നു കരുതിയിരുന്ന വിശ്വസ്‌തന്‍ ബാലകൃഷ്‌ണപിള്ളക്ക്‌ ക്യാബിനറ്റ്‌ പദവിയോടെ മുന്നോക്ക ക്ഷേമകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനംകിട്ടി. കൊട്ടാരക്കയില്‍ ഒരു പഞ്ചായത്ത്‌ ഇലക്ഷന്‌ പോലും ഇനി ബാലകൃഷ്‌ണപിള്ള ജയിക്കുമെന്ന്‌ ആരും കരുതുന്നുണ്ടാവില്ല, പിള്ള പോലും. അങ്ങനെയിരിക്കുമ്പോഴാണ്‌ നിനച്ചിരിക്കാതെ ഒരു ക്യാബിനറ്റ്‌ പദവി. ആനന്ദ ലബ്‌ദിക്ക്‌ ഇനിയെന്തു വേണം. ഒപ്പം സുകുമാരന്‍ നായരുടെ ചിലകാലഅഭിലാഷമായ മുന്നോക്കക്ഷമ കോര്‍പ്പറേഷന്‍ യഥാര്‍ഥ്യമാകുകയും ചെയ്‌തിരിക്കുന്നു. ഇത്‌ സുകുമാരന്‍ നായരുടെ സമര്‍ദ്ദ തന്ത്രങ്ങളുടെ വിജയം തന്നെ എന്ന്‌ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. പക്ഷെ ചെയര്‍മാന്‍ സ്ഥാനം പിള്ളക്കാകുമ്പോള്‍ സ്വജനപക്ഷപാതം കൊണ്ട്‌ കോര്‍പ്പറേഷന്റെ ഗതിയെന്താകുമെന്ന്‌ കണ്ടറിയണം.

ഗണേഷ്‌കുമാര്‍ പിള്ളയുടെയും, സുകുമാരന്‍ നായരുടെയും കാല്‍ക്കല്‍ വീണു കരഞ്ഞു എന്നതാണ്‌ മറ്റൊരു വിജയം. ഗണേഷിന്‌ ഇതല്ലാതെ മറ്റെന്താണ്‌ ഒരു വഴി. മന്ത്രിസ്ഥാനമില്ലെങ്കിലും ഒപ്പം അഭിനയിച്ച സിനിമാ താരങ്ങള്‍ പോലും ഗണേഷിനെ വിലവെക്കാന്‍ പോകുന്നില്ല. അതുകൊണ്ട്‌ ഗണേഷ്‌ വിനീത വിധേയനായിരിക്കുന്നു. ചിലപ്പോള്‍ മന്ത്രിസ്ഥാനം തിരിച്ചു കിട്ടിയേക്കും. അങ്ങനെയെങ്കില്‍ പെരുന്നയിലെ കളിപ്പാവയായി ഗണേഷ്‌ വകുപ്പുകള്‍ കൈകാര്യം ചെയ്‌തുകൊള്ളും. എന്തായാലും സുകുമാരന്‍ നായര്‍ക്ക്‌ ബഹുസന്തോഷം. പെരുന്നയില്‍ സന്തോഷം നിറയുന്നതിനാല്‍ വെള്ളാപ്പള്ളിക്കും സന്തോഷം. നഷ്‌ടമെല്ലാം മതേതരനാവാന്‍ പോയ ചെന്നിത്തലക്ക്‌ മാത്രം. മതേതരത്വത്തിന്‌ കേരളത്തില്‍ ഇനി പ്രസക്തിയില്ലെന്ന്‌ ജനങ്ങള്‍ക്ക്‌ ഒരു ഗുണപാഠവുമായി.
Read current news reports

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായുള്ള പ്രശ്‌നത്തില്‍ പരസ്യ പ്രസ്താവനയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിലെ ഒരു നേതാവിനെയും അപമാനിക്കുന്ന തരത്തിലുള്ള നടപടിക്ക് താന്‍ കൂട്ടുനില്‍ക്കില്ല. എല്ലാ കാര്യങ്ങളും ചെന്നിത്തലയുമായി ചര്‍ച്ച ചെയ്തതാണ്. കോണ്‍ഗ്രസിലെ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ മന്ത്രിസഭാ പ്രവേശത്തെക്കുറിച്ചോ ആഭ്യന്തര വകുപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തെക്കുറിച്ചോ വയക്തമായി മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഒരു ഇംീഷ് ദിനപത്രത്തില്‍ കെപിസിസി പ്രസിഡന്റിന്റെ പേരില്‍ വന്ന പ്രസ്താവനയെക്കുറിച്ച് ചൂണ്ടിക്കാട്ടിയപ്പോള്‍ ചെന്നിത്തല അങ്ങനെ പറയുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം, മന്ത്രിസ്ഥാനം തിരികെ വേണമെന്ന് കേരള കോണ്‍ഗ്രസ് (ബി) ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമങ്ങളില്‍ കൂടി ബാലകൃഷ്ണപിള്ള ഇക്കാര്യം ഉന്നയിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ തന്നോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഗണേഷ് വീണ്ടും മന്ത്രിയാകുന്നതില്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നതയുണ്ടോയെന്ന ചോദ്യത്തിന് വിഷയം യുഡിഎഫില്‍ ചര്‍ച്ചാന്‍ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും യു.ഡി.എഫ് സര്‍ക്കാരിനുമെതിരെ കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പരസ്യ പ്രസ്താവന നടത്തുമെന്ന് കരുതുന്നില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന രമേശ് ചെന്നിത്തലയുടെ അഭിമുഖത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസിലെ നേതാക്കള്‍ വളരെ അനുഭവ പരിചയമുള്ളവരാണ്. എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാം. ഇത്ര നിസാരമായി അദ്ദേഹം പ്രതികരിക്കുമെന്ന് താന്‍ വിശ്വസിക്കില്ലെന്നും മന്ത്രി പറഞ്ഞു
അഭിമുഖം വിവാദമായതോടെ ഔദ്യോഗികമായി അഭിമുഖം നല്‍കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. അഭിമുഖത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് 'ഔദ്യോഗികമായി ഒരു അഭിമുഖവും ആര്‍ക്കും നല്‍കിയിട്ടില്ല' എന്ന് മാത്രമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ചെന്നിത്തല നിഷേധിച്ചില്ല.

ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രമേശ് ആഞ്ഞടിച്ചത്. മുഖ്യമന്ത്രിയുമായി ഇനി സന്ധിയില്ലെന്നും അദ്ദഹത്തേിന് അദ്ദേഹത്തിന്റെ വഴി നോക്കാമെന്നും തനിക്ക് തന്റെവഴിയായിരിക്കുമെന്നും രമേശ് വ്യക്തമാക്കി. സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഇനി പഴയതുപോലെയാകില്ല. സര്‍ക്കാരിന് എന്തങ്കെിലും തരത്തിലുള്ള തടസ്സം താനായിട്ട് ഉണ്ടാക്കുന്നുണ്ടോ എന്ന് ചോദിച്ച ചെന്നിത്തല മന്ത്രിയാകാന്‍ തനിക്ക് താല്‍പര്യമില്ല എന്ന് മുഖ്യമന്ത്രിയടക്കം എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്ന് വ്യക്തമാക്കി.

കേരളയാത്രയുടെ അവസാനം തന്നെ വീണ്ടും വീണ്ടും നിര്‍ബന്ധിക്കുകയായിരുന്നു. ഇതെല്ലം തന്നെ അപമാനിക്കാനായിരുന്നുവെന്നാണ് ഇപ്പോള്‍ മനസിലാകുന്നതെന്നും അദ്ദഹേം തുറന്നടിച്ചു. ഗണേഷ് കുമാറിന്റെമന്ത്രിസഭാ പ്രവേശനത്തെ എതിര്‍ക്കുമെന്നും രമേശ് ചെന്നിത്തല അഭിമുഖത്തില്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക