Image

കമ്യൂണിറ്റി കോളജുകള്‍ ഇനി ഇന്ത്യയിലും

ജോയിച്ചന്‍ പുതുക്കുളം Published on 22 May, 2013
കമ്യൂണിറ്റി കോളജുകള്‍ ഇനി ഇന്ത്യയിലും
വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കന്‍ മോഡല്‍ കമ്യൂണിറ്റി കോളജുകള്‍ ഇന്ത്യയിലും ആരംഭിക്കുന്നു. 2013-ന്റെ അവസാനത്തോടെ രാജ്യത്താകമാനം 200 കമ്യൂണിറ്റി കോളജുകള്‍ ആരംഭിക്കുമെന്ന്‌ ഇന്ത്യയുടെ മാനവ വിഭവശേഷി വകുപ്പ്‌ മന്ത്രി ഡോ. എ. പല്ലം രാജു വാഷിംഗ്‌ടണില്‍ അറിയിച്ചു.

അമേരിക്കന്‍ വിദ്യാഭ്യാസ സെക്രട്ടറി ഏര്‍ണി ഡങ്കന്‍, അണ്ടര്‍ സെക്രട്ടറി താരാ സോണന്‍ഷൈന്‍, അംബാസിഡര്‍ നിരുപമ റാവു, സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ അസിസ്റ്റന്റ്‌ സെക്രട്ടറി റോബല്‍ട്ട്‌ ബ്ലെക്ക്‌ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ്‌ കേന്ദ്രമന്ത്രി പല്ലം രാജു ഇക്കാര്യം അറിയിച്ചത്‌. അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും പോപ്പുലറായിക്കൊണ്ടിരിക്കുന്ന കമ്യൂണിറ്റി കോളജുകള്‍ ചെലവുകുറഞ്ഞ മികവാര്‍ന്ന വിദ്യാഭ്യാസത്തിനുള്ള വാതിലുകളാണ്‌ തുറക്കുന്നത്‌. സംസ്ഥാന ഗവണ്‍മെന്റുകളുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കോളജുകളില്‍ രണ്ടു വര്‍ഷത്തെ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ പിന്നീട്‌ അംഗീകൃത സര്‍വ്വകലാശാലകളില്‍ ചേര്‍ന്ന്‌ രണ്ടുവര്‍ഷത്തിനുശേഷം ഡിഗ്രി സ്വന്തമാക്കാം.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കോളജുകളില്‍ ചേരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിലവിലുള്ള കോളജുകളുടെ അഡ്‌മിഷന്‍ പരിമിതി മനസിലാക്കിയാണ്‌ രണ്ടുവര്‍ഷ കമ്യൂണിറ്റി കോളജുകള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നത്‌.

കഴിഞ്ഞവര്‍ഷം നിലവില്‍ വന്ന സിംഗ്‌- ഒബാമ നോളഡ്‌ജ്‌ ഇനിഷ്യേറ്റീവിന്റെ ഭാഗമായി ഈവര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ `ഇന്റര്‍നാഷണല്‍ സെമിനാര്‍ ഓണ്‍ കമ്യൂണിറ്റി കോളജസ്‌' സംഘടിപ്പിച്ചിരുന്നു. ഈ സെമിനാറില്‍ നിന്നാണ്‌ കമ്യൂണിറ്റി കോളജ്‌ എന്ന കണ്‍സപ്‌റ്റ്‌ ഇന്ത്യയിലും നടപ്പിലാക്കാന്‍ തീരുമാനമായതെന്ന്‌ മന്ത്രി പല്ലം രാജു അറിയിച്ചു.

ഇന്ത്യയിലെ ഉന്നത സംഘത്തിലെ പ്രമുഖര്‍ അടങ്ങുന്ന ഇന്ത്യന്‍ സംഘം മേരിലാന്റിലെ പ്രശസ്‌ത കമ്യൂണിറ്റി കോളജായ മോണ്ട്‌ ഗോമറി കോളജും സന്ദര്‍ശിച്ചിരുന്നു. മോണ്ട്‌ ഗോമറി കോളജിലെ ബയോടെക്‌നോളജി പ്രോഗ്രാമും, സൈബര്‍ സെക്യൂരിറ്റി പ്രോഗ്രാമും, ഇന്ത്യന്‍ ഐ.ഐ.ടിയിലെ പ്രമുഖര്‍ അടങ്ങുന്ന സംഘം ഇന്ത്യയില്‍ ആരംഭിക്കാന്‍ താത്‌പര്യം പ്രകടിപ്പിക്കുകയുണ്ടായി.

കേന്ദ്രമന്ത്രി പല്ലം രാജുവിന്റെ ക്ഷണപ്രകാരം മോണ്ട്‌ ഗോമറി കോളജ്‌ വൈസ്‌ പ്രസിഡന്റ്‌ ഡോ. സന്‍ജയ്‌ റായ്‌, ഗ്ലോബല്‍ എഡ്യൂക്കേഷന്‍ നെറ്റ്‌ വര്‍ക്ക്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയി തോമസ്‌, ലോക്ക്‌ഹീഡ്‌ മാര്‍ട്ടിനിന്റെ ചീഫ്‌ ടെക്‌നോളജി ഓഫീസര്‍ മഹേഷ്‌ കാല്‍വാ എന്നിവരും ഡെലിഗേഷന്‍ മീറ്റിംഗില്‍ പങ്കെടുത്തു.
കമ്യൂണിറ്റി കോളജുകള്‍ ഇനി ഇന്ത്യയിലും
Join WhatsApp News
Nirvani Mallu 2013-05-23 09:13:57
പി. എച്ച്. ഡി.യും കഴിഞ്ഞു പിന്നെ കമ്പ്യൂട്ടറും പഠിച്ചു വാ പൊളിച്ചു നടക്കുന്ന ആയിരങ്ങൾ ഉള്ള നാട് ! അവിടെ അമേരിക്ക രണ്ടുവർഷ കോളേജു നടത്തി അത്യാവശ്യ ബിസിനസ്സ് കോഴ്സുകൾ പഠിപ്പിച്ചു ജോലിക്ക് അത്യാവശ്യം വേണ്ട കഴിവുള്ളവരെ ഉണ്ടാക്കുന്ന രീതിയിൽ പഠിപ്പിച്ചു എന്തോ കാട്ടാനാ? അവിടെ വേണ്ടത് പഠിച്ചു നിൽക്കുന്നവർക്കു ജോലിക്കുള്ള വഴിയുണ്ടാക്കുകയാണ്. പള്ളിക്കൂടം അമേരിക്ക പോലെ ആക്കുന്നതും നല്ലതാ. പക്ഷെ പഠിത്തം രണ്ടുവർഷമാക്കി ചുരുക്കിയാൽ അവിടെ പി.എച്ചു.ഡി എടുത്തോണ്ട് കണ്ടക്ടർ പണിക്കു ചെല്ലുന്നവരെ വേണ്ടാന്നു പറയുമോ? മാസ്റ്റേഴസ് കഴിഞ്ഞ അനവധി പെണ്‍കുട്ടികളെ കഴിഞ്ഞ തവണ 'കണ്‍ട്രാക്ക് ' പണിക്ക് എടുത്ത കാര്യം ഇവർ അറിഞ്ഞല്ലായിരുന്നോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക