Image

കുഞ്ഞൂഞ്ഞിന്റെ ഡല്‍ഹി വിപ്ലവം

ജി.കെ. Published on 27 September, 2011
കുഞ്ഞൂഞ്ഞിന്റെ ഡല്‍ഹി വിപ്ലവം
പ്രസംഗത്തിലല്ല പ്രവര്‍ത്തിയിലാണ്‌ കാര്യമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിയും കൂട്ടരും ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിലാധ്യമായി ഒരു മുഖ്യമന്ത്രിയും സഹമന്ത്രിമാരും ചേര്‍ന്ന്‌ വികസനത്തിനായി ഡല്‍ഹിയിലേക്ക്‌ നടത്തിയ തീര്‍ഥയാത്ര ഒറ്റയടിക്ക്‌ ഒരുപാട്‌ കാര്യങ്ങള്‍ നേടിയെടുത്തതിലൂടെയാണ്‌ വിപ്ലവമാവുന്നത്‌. കേന്ദ്ര പദ്ധതികളോട്‌ മുഖം തിരിച്ചു നിന്നും കിട്ടാത്ത മുന്തിരിയെക്കുറിച്ച്‌ പഴി പറഞ്ഞും കാലം പോക്കുന്ന മുഖ്യമന്ത്രിമാരില്‍ നിന്ന്‌ വ്യത്യസ്‌തനാണെന്ന്‌ ഉമ്മന്‍ ചാണ്‌ടി ഒരിക്കല്‍ കൂടി അടിവരയിട്ട്‌ ആവര്‍ത്തിക്കുകയായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ ഡല്‍ഹി യാത്രയിലൂടെ.

വേണ്‌ടത്ര പഠിക്കാതെയും ഗൃഹപാഠം ചെയ്യാതെയും ഉന്നയിക്കുന്ന ആവശ്യങ്ങള്‍ കേന്ദ്രം ഇതുവരെ കണ്‌ടില്ലെന്ന നടിച്ചുവെങ്കില്‍ അതില്‍ നിന്നെല്ലാം വ്യത്യസ്‌തമായി കേരളത്തിന്റെ ആവശ്യങ്ങള്‍ മുന്‍കൂട്ടി പഠിച്ച്‌ ബന്ധപ്പെട്ടവര്‍ക്കുമുന്നില്‍ വിശദമായി അവതരിപ്പിക്കുകയും അവയില്‍ ചിലതെല്ലാം നേടിയെടുക്കുകയും ചെയ്‌ത കുഞ്ഞൂഞ്ഞിന്റെയും കൂട്ടരുടെയും ശ്രമം സംസ്ഥാനത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക്‌ ചെറുതല്ലാത്ത പ്രതീക്ഷയാണ്‌ നല്‍കിയിരിക്കുന്നത്‌.

നൂറുദിവസത്തെ കര്‍മപരിപാടിയില്‍ പ്രഖ്യാപിച്ച 106 പദ്ധതികളില്‍ നൂറെണ്ണവും നടപ്പാക്കിയതിനു പിന്നാലെയാണ്‌ കുഞ്ഞൂഞ്ഞിന്റെ ഈ ഡല്‍ഹി വിപ്ലവം. നൂറുദിന കര്‍മപരിപാടിയില്‍ നടപ്പാക്കിയ പദ്ധതികളില്‍ നൂറുകണക്കിന്‌ പാകപ്പിഴകള്‍ ഉണ്‌ടെങ്കില്‍പ്പോലും ജനക്ഷേമം മുന്നില്‍ക്കണ്‌ട്‌ അവ നടപ്പാക്കാന്‍ കാണിച്ച ആത്മാര്‍ഥതയേ അഭിനന്ദിച്ചേ മതിയാകു. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ നല്ലതാണ്‌ കുറച്ചൊക്കെ തെറ്റിയാലും കുറെയൊക്കെ ചെയ്യുന്നതെന്നത്‌ കേരള ജനതക്കും പ്രതീക്ഷ നല്‍കുന്ന കാര്യമാണ്‌.

പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ഡല്‍ഹിയിലില്ലാത്തപ്പോള്‍ തന്നെ ഡല്‍ഹി സന്ദര്‍ശനത്തിന്‌ സമയം കണ്‌ടെത്തിയതിനെതിരെ വിമര്‍ശനമുയരുന്നുണ്‌ടെങ്കിലും കുഞ്ഞൂഞ്ഞും കൂട്ടരും വെറും കൈയോടെ മടങ്ങിവന്നില്ല എന്നത്‌ ഈ വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍ പര്യാപ്‌തമാണ്‌. പ്രത്യേകിച്ചും കൊച്ചി മെട്രോ ചെന്നൈ മാതൃകയില്‍ നടപ്പാക്കാമെന്ന ഉറപ്പു നേടിയെടുത്തത്‌.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായി ആസൂത്രണക്കമ്മീഷന്‍ പദ്ധതി വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളടങ്ങുന്ന സമിതിക്ക്‌ കൈമാറിയിരിക്കുകയാണ്‌. അതുകൊണ്‌ടു തന്നെ ഇപ്പോള്‍ മുഖ്യമന്ത്രിയും കൂട്ടരും വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്‌ചകള്‍ പദ്ധതിക്ക്‌ അന്തിമാനുമതി കിട്ടുന്നതിന്‌ ഗുണകരമാവുമെന്നാണ്‌ സംസ്ഥാനത്തിന്റെ പ്രതീക്ഷ.

പതിനഞ്ചോളം കേന്ദ്രമന്ത്രിമാരുമായി അറുപതോളം വിഷയങ്ങളിലാണ്‌ കുഞ്ഞൂഞ്ഞും കൂട്ടരും രണ്‌ടും ദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിനിടെ കൂടിക്കാഴ്‌ച നടത്തിയത്‌. തല്ലിക്കൂട്ടിയുണ്‌ടാക്കുന്ന നിവേദനങ്ങളുമായി കേന്ദ്രത്തില്‍ പോയി മടങ്ങുന്ന മന്ത്രിതല സംഘങ്ങളെ കണ്‌ടു ശീലിച്ച മലയാളികള്‍ക്ക്‌ ഇത്തവണത്തെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം വ്യത്യസ്‌തമാവുന്നതും അതുകൊണ്‌ടു തന്നെയാണ്‌. മന്ത്രിതല സംഘത്തിന്റെ ഡല്‍ഹി സന്ദര്‍ശനത്തിന്‌ മുമ്പെ ബന്ധപ്പെട്ട എല്ലാ കേന്ദ്ര മന്ത്രാലയങ്ങളിലേക്കും പദ്ധതി രേഖകള്‍ മുന്‍കൂര്‍ അയച്ചുകൊടുത്തതും കേരളത്തിന്റെ വികസന സഞ്ചി നിറയ്‌ക്കാന്‍ കാരണമായി.

കേന്ദ്ര റെയില്‍വെ മന്ത്രിയെ തിരുവനന്തപുരത്തെത്തിച്ച്‌ കേരളത്തിന്റെ ആവശ്യങ്ങല്‍ അവതരിപ്പിച്ചതും ഇതിനോട്‌ ചേര്‍ത്തു വായിക്കേണ്‌ടതാണ്‌. ഓരോ തവണ റെയില്‍ ബജറ്റ്‌ അവതരിപ്പിച്ചു കഴിയുമ്പോഴും കേരളത്തെ അവഗണിച്ചു എന്ന പതിവു പല്ലവി ഒരു അനുഷ്‌ഠാനം പോലെ ആവര്‍ത്തിക്കുന്നതിന്‌ പകരം കേരളത്തിന്റെ ആവശ്യങ്ങള്‍ കാര്യകാരണസഹിതം കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്താനായി എന്നതാണ്‌ പ്രധാനം.

കേരളത്തിന്‌ മാത്രമായി റെയില്‍വേ സോണ്‍ എന്ന ചിരകാല ആവശ്യത്തിന്‌ പച്ചക്കൊടി കിട്ടിയില്ലെങ്കിലും കേരളത്തിന്റെ വികസനക്കുതിപ്പിന്‌ ഗതിവേഗം നല്‍കുമെന്ന്‌ കരുതുന്ന കഞ്ചിക്കോട്‌ റെയില്‍ കോച്ച്‌ ഫാക്‌ടറിക്ക്‌ അടുത്തമാസം തറക്കല്ലിടുമെന്ന ഉറപ്പ്‌ നേടാനായതു തന്നെ വലിയ കാര്യമാണ്‌. 2008ലെ റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയായിട്ടും ഇതുവരെയും ഓടിത്തുടങ്ങാതിരുന്നതിന്‌ കാരണം സംസ്ഥാനത്തിന്റെ കൂടി അനാസ്ഥയും അത്മാര്‍ഥതയില്ലായ്‌മയുമാണെന്ന്‌ തെളിയിക്കുന്നതാണ്‌ ഈ പ്രഖ്യാപനം.

വികസനത്തിന്റെ കാര്യത്തില്‍ തന്റെ സര്‍ക്കാരിന്‌ വ്യക്തവും പ്രായോഗികവുമായൊരു നയമുണ്‌ടെന്നതിന്റെ പ്രഖ്യാപനങ്ങളായിരുന്നു ഈ നടപടിളെല്ലാം എന്ന്‌ സമ്മതിക്കുമ്പോഴും ഒന്നോ രണ്‌ടോ ദിവസം കൊണ്‌ട്‌ തീരുന്ന ആരംഭശൂരത്വമല്ല ഇതെന്ന്‌ തെളിയിക്കാനുള്ള ബാധ്യതയും കുഞ്ഞൂഞ്ഞിനും കൂട്ടര്‍ക്കുമുണ്‌ട്‌ എന്നത്‌ മറന്നുകൂടാ.

പാമോയില്‍ മുതല്‍ പത്മനാഭ സ്വാമിക്ഷേത്രം വരെയുള്ള വിവാദ വിഷയങ്ങള്‍ക്കിടയിലും പുതിയ കാലത്തിന്റെ വെല്ലുവിളികളും സാധ്യതകളും തിരിച്ചറിഞ്ഞുള്ള ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കുമാണ്‌ പോയവാരം കേരളം സാക്ഷ്യം വഹിച്ചത്‌. ഇനി വേണ്‌ടത്‌ അര്‍പ്പണ ബുദ്ധിയോടെയുള്ള തുടര്‍ നടപടികളും ധാരണയെത്തിയ പദ്ധതികളുടെ സമയബന്ധിതമായ നടപ്പാക്കലുമാണ്‌. അവ ഉണ്‌ടാകുമെന്ന്‌ പ്രതീക്ഷിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക