Image

ഇന്ത്യയെ വിറപ്പിക്കുന്ന ഡി കമ്പനി

Published on 27 May, 2013
ഇന്ത്യയെ വിറപ്പിക്കുന്ന ഡി കമ്പനി
ഇന്ത്യന്‍ ജനതയെ ഞെട്ടിച്ചു ഐ.പി.എല്‍ വാതുവെയ്‌പ്പിന്റെ ഒത്തുകളിയുടെയും പിന്നില്‍ എന്നും ഇന്ത്യയുടെ മുഖ്യ ശത്രുവായ ദാവൂദ്‌ ഇബ്രാഹിം തന്നെയാണ്‌ പോലീസ്‌ പറയുന്നു. ആദ്യ ദിവസത്തെ പത്രസമ്മേളനത്തില്‍ തന്നെ മുംബൈ പോലീസ്‌ കമ്മീഷണര്‍ വാതുവയ്‌പ്പന്റെ ബുദ്ധി കേന്ദ്രം ദുബായിലാണെന്ന്‌ പറഞ്ഞിരുന്നു. എന്നാല്‍ ദുബായിലല്ല ബുദ്ധികേന്ദ്രം കറാച്ചിയിലാണെന്ന്‌ എല്ലാവര്‍ക്കും അറിയാം. കറാച്ചിയിലിരുന്ന്‌ ലോകമെമ്പാടുമായി പരന്നു കിടക്കുന്ന ഡി കമ്പിനിയെ നയിക്കുന്ന ദാവൂദ്‌ ഇബ്രാഹീം എന്ന അധോലോക നായകന്‍ തന്നെയാണ്‌ ഐ.പി.എല്‍ വാതുവെയ്‌പ്പിന്‌ പിന്നിലെന്ന്‌ കൂടുതല്‍ തെളിവുകള്‍ ഇപ്പോള്‍ പോലീസിന്‌ ലഭിച്ചുകൊണ്ടിരിക്കുന്നു.

ഇന്ത്യന്‍ ജനത ക്രിക്കറ്റിന്റെയും ബോളിവുഡ്‌ മസാല പടങ്ങളുടെയും ചിയര്‍ ഗേള്‍സിന്റെയും ആരാധനയില്‍ കുടുങ്ങിപ്പോയതുകൊണ്ട്‌ ഏറ്റവും നേട്ടമുണ്ടാക്കുന്നതും ദാവൂദ്‌ എന്ന ഡോണ്‍ തന്നെ. ഒരു ജനതയുടെ വിനോദ താത്‌പര്യങ്ങള്‍ ഒരു മാഫിയ തലവന്റെ വരുമാനമാകുന്നു എന്നത്‌ ആലോചിക്കുമ്പോള്‍ കൗതുകം തോന്നുന്ന കാര്യമാണ്‌. പക്ഷെ സത്യമതാണ്‌. എന്നും മുംബൈ ആസ്ഥാനമാകുന്ന ബോളിവുഡ്‌ സിനിമയെയും, ക്രിക്കറ്റിനെയും ഭരിക്കുന്നതും, നയിക്കുന്നതും ദാവൂദ്‌ തന്നെ. മുംബൈ സ്‌ഫോടന പരമ്പരക്ക്‌ ശേഷം ഇന്ത്യക്ക്‌ പുറത്തേക്ക്‌ എന്നേക്കുമായി പോയിട്ടും ദാവൂദ്‌ ഇന്ത്യന്‍ ജനതയെ കരുക്കളാക്കിയുള്ള കളി നിര്‍ത്തിയിരുന്നില്ല. തീവ്രവാദം മുതല്‍ ക്രിക്കറ്റിലെ വാതുവെയ്‌പ്പ്‌ വരെ ദാവൂദിന്റെ ബിസ്‌നസ്സില്‍ പെടുന്നു. ഇതെല്ലാം സഹിക്കേണ്ടതില്‍ മുന്‍പന്തിയിലാണ്‌ ഇന്ത്യന്‍ ജനത.

ഇതിന്‌ മുമ്പ്‌ മൂന്ന്‌ പാക്‌ കളിക്കാര്‍ ആജിവനാന്ത വിലക്ക്‌ നേരിട്ട പ്രമാദമായ ക്രിക്കറ്റ്‌ ഒത്തുകളി കേസിലും സൂത്രധാരന്‍ ദാവൂദായിരുന്നു. പാകിസ്ഥാനിലെ പ്രമുഖ കളിക്കാര്‍ ഉള്‍പ്പെട്ട ഒത്തുകളി വിവാദം പുറത്തു വന്നിട്ടും ഒത്തുകളിയുടെ മുഖ്യസൂത്രധാരനായ ദാവൂദിനെതിരെ പാക്‌ ഗവണ്‍മെന്റ്‌ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്തിന്‌ അന്ന്‌ പാക്‌ ക്യാപ്‌റ്റനായ മിയന്‍ദാദ്‌ സ്ഥാനം ഒഴിയണമെന്ന്‌ പോലും ആരും പറഞ്ഞില്ല. ഒത്തുകളി അന്വേഷിക്കാന്‍ ജസ്റ്റിസ്‌ ഖയൂമിന്റെ നേതൃത്വത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ രൂപീകരിച്ച അന്വേഷണ സമതിയുടെ പ്രധാന കണ്ടെത്തല്‍ കളിക്കാരും ദാവൂദ്‌ ഇബ്രാഹീമും തമ്മിലുള്ള രഹസ്യ ഇടപാടുകളായിരുന്നു. വസിം അക്രമും ദാവൂദുമായി നടന്ന ടെലിഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങളും അന്വേഷണ സമിതി പുറത്തു വിട്ടിരുന്നു. 2000ല്‍ ഷാര്‍ജയില്‍ നടന്ന ഇംഗ്ലണ്ട്‌ പാകിസ്ഥാന്‍ മത്സരത്തിനിടെയായിരുന്നു ഈ ടെലിഫോണ്‍ സംഭാഷണം. അന്ന്‌ വസിം അക്രത്തിന്റെ സഹകളിക്കാരെക്കൊണ്ട്‌ കളി തോല്‍ക്കാമെന്ന്‌ വേദഗ്രന്ഥത്തില്‍ തൊട്ട്‌ സത്യം ചെയ്യിക്കണമെന്നായിരുന്നു ദാവൂദിന്റെ ആവിശ്യം. അന്ന്‌ 35 ഓവറുകളില്‍ 144 റണ്‍സിന്‌ എല്ലാവരും പുറത്തായി പാകിസ്‌ഥാന്‍ ദാവൂദിന്‌ മുമ്പില്‍ തോറ്റു കൊടുത്തു.

പാക്‌ ക്രിക്കറ്റ്‌ ടീമിനെ തീരുമാനിക്കുന്നതില്‍ പോലും ദാവൂദ്‌ ഇബ്രാഹീമിന്‌ പങ്കുണ്ടെന്നതാണ്‌ പരസ്യമായ രഹസ്യം. പാകിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥരിലും പോലീസിംഗ്‌ ഏജന്‍സികളിലും സൈന്യത്തിലുമെല്ലാം ദാവൂദ്‌ ഇബ്രാഹീമിന്റെ ക്ലച്ചസ്‌ അതിവിപുലമാണ്‌. ഇതില്‍ ഏറ്റവും പ്രധാനം പാക്‌ ചാര സംഘടനയായ ഐ.സ്‌.ഐയുമായിട്ടുള്ള ബന്ധമാണ്‌. ദാവൂദിനെ ഇന്നും അധോലോകത്തലവനായി നിലനിര്‍ത്തുന്നത്‌ ഈബന്ധമാണ്‌. ഇന്ത്യക്കെതിരെയുള്ള പല ആസൂത്രണങ്ങളിലും ദാവൂദ്‌ കണ്ണിചേര്‍ക്കപ്പെടുന്നത്‌ ഈ പാക്‌ ബന്ധം വഴി തന്നെ.

പാക്‌ ക്രിക്കറ്റ്‌ ലോകത്ത്‌ ദാവൂദിന്‌ ഏറ്റവും അടുപ്പം മുന്‍ നായകന്‍ ജാവേദ്‌ മിയാന്‍ദാദിനോടാണ്‌. പാക്‌ ടീമിന്റെ കോച്ചായി മിയാന്‍ദാദിനെ മുമ്പ്‌ തീരുമാനിച്ചത്‌ ദാവൂദായിരുന്നുവത്രേ. പിന്നീട്‌ മിയാന്‍ദാദ്‌ ടീമുമായി സഹകരിക്കാതെ പരിശീലക സ്ഥാനം ഒഴിഞ്ഞു. പിന്നീട്‌ 2005 ജൂലൈയില്‍ കറാച്ചിയില്‍ വെച്ച്‌ ദാവൂദിന്റെ മകളുടെയും മിയാന്‍ദാദിന്റെ മകളുടെയും വിവാഹവും നടന്നിരുന്നു. വിവാഹത്തിന്‌ തൊട്ടുപിന്നാലെ ദുബായില്‍ വലിയൊരു വിരുന്നും നടത്തിയിരുന്നു. എന്നാല്‍ അമേരിക്കന്‍ വിദേശ കാര്യ വകുപ്പ്‌ ഗ്ലോബ്ലല്‍ ടെററിസ്റ്റായി പ്രഖ്യാപിച്ച ദാവൂദിന്‌ ദുബായിലെ സല്‍കാരത്തില്‍ പോലും പങ്കെടുക്കാന്‍ കഴിഞ്ഞില്ല എന്നതാണ്‌ സത്യം. വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ അക്രമണത്തിനു ശേഷം പാകിസ്ഥാന്റെ അതിര്‍ത്തി വിട്ട്‌ പോകാന്‍ ദാവൂദിന്‌ കഴിഞ്ഞിട്ടില്ല. എന്നും കറാച്ചിയിലിരുന്ന്‌ തന്നെയാണ്‌ ദാവൂദ്‌ ലോകം മുഴുവന്‍ നിയന്ത്രിക്കുന്നത്‌.

ദാവൂദിന്റെ ലോകം എന്നു പറഞ്ഞാല്‍ ദുബായ്‌ മുതല്‍ ബോംബെ വരെയും, ബാങ്കോക്ക്‌ മുതല്‍ കൊച്ചിവരെയും ഉള്‍പ്പെടും. കള്ളപ്പണവും ആയുധവില്‍പ്പനയും മയക്കുമരുന്നും ഹവാലയുമെല്ലാം നിയന്ത്രിക്കുന്ന ഡീ കമ്പിനിയുടെ ഏറ്റവും സേഫ്‌ ഗെയിമുകളാണ്‌ സിനിമയും ക്രിക്കറ്റും. ബോളിവുഡ്‌ സിനിമയും അധോലോകവും തമ്മിലുള്ള ബന്ധം എന്നും പരസ്യമാണ്‌. അടുത്തിടെ സഞ്‌ജയ്‌ ദത്ത്‌ ജയലിലേക്ക്‌ നടന്നു പോയത്‌ ഈ ബന്ധം കാരണമാണ്‌.

1993ലെ മുംബൈ സ്‌ഫോടനക്കേസോടെയാണ്‌ ദാവൂദ്‌ ഇന്ത്യക്ക്‌ പുറത്തേക്ക്‌ എന്നെന്നേക്കുമായി തെറിക്കുന്നത്‌. അതിനു മുമ്പുവരെ വ്യവസായികളുടെ കൈയ്യില്‍ നിന്ന്‌ പ്രൊട്ടക്ഷന്‍ മണി വാങ്ങിയും ബോളിവുഡില്‍ കള്ളപ്പണമിറക്കിയും മയക്കുമരുന്നും സ്വര്‍ണ്ണവും കടത്തിയുമൊക്കെ മുംബൈയില്‍ തേര്‍വാഴ്‌ച നടത്തുകയായിരുന്നു ദാവൂദും ഗ്യാങും. ഈ കാലഘട്ടത്തില്‍ ബോളിവുഡ്‌ സിനിമയിലെ പല സൂപ്പര്‍താരങ്ങളുമായും, ഗ്ലാമര്‍ നായികമാരുമായും ദാവൂദിനും അബുസലിമിനുമൊക്കെയുള്ള ബന്ധം പരസ്യമായിരുന്നു. ഒരുമിച്ച്‌ ക്രിക്കറ്റ്‌ കളികാണുന്ന അധോലോക നായകന്‍മാരുടെയും ബോളിവുഡ്‌ താരങ്ങളുടെയും ചിത്രങ്ങള്‍ പലപ്പോഴും പത്രങ്ങളില്‍ അച്ചടിച്ചു വന്നിട്ടുമുണ്ട്‌.

പിന്നീട്‌ ബാബറി മസ്‌ജിദ്‌ തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപങ്ങളും ഹിന്ദു മുസ്ലിം വൈരവും മുതലെടുക്കാന്‍ ശ്രമിച്ച പാക്‌ ചാര സംഘടന ഐ.എസ്‌.ഐക്ക്‌ ദാവൂദ്‌ മുഖ്യ ഏജന്റായി മാറി. ഇതിനെ തുടര്‍ന്നാണ്‌ 93ലെ ബോംബെ സ്‌ഫോടന പരമ്പയുണ്ടാകുന്നത്‌. ഈ സംഭവത്തോടെ ഇന്ത്യയില്‍ നിന്ന്‌ എന്നേക്കുമായി പുറത്തേക്ക്‌ പോകേണ്ടി വന്നു ദാവൂദിന്‌. പിന്നീട്‌ ഇന്ത്യയുടെ എക്കാലത്തെയും വലിയ ശത്രൂവായി ഡികമ്പിനിയുടെ തലവന്‍ മാറിയതാണ്‌ ചരിത്രം.

ദാവൂദ്‌ ഇബ്രാഹീം ഇന്ത്യ കടന്നിട്ടും ഇപ്പോഴും ദാവൂദിന്റെ നേരിട്ടുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യക്കുള്ളില്‍ ഉണ്ടെന്നതിന്‌ പുതിയ തെളിവുകളാണ്‌ ഐ.പി.എല്‍ ഒത്തുകളി പുറത്തുകൊണ്ടുവരുന്നത്‌. ശ്രീശാന്തില്‍ തുടങ്ങി വാതുവെയ്‌പ്പും ഒത്തുകളിയും ഇപ്പോള്‍ ബി.സി.സി.ഐ അധ്യക്ഷനെപ്പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന തലത്തിലേക്ക്‌ വളര്‍ന്നിരിക്കുന്നു. എന്തിനേറെ പറയുന്ന വാതുവെയ്‌പ്പില്‍ അറസ്റ്റിലായ ബോളിവുഡ്‌ താരം വിന്ധു താരസിംഗിന്‌ ധോണിയുടെ ഭാര്യ സാക്ഷിയുമായിട്ടുള്ള സൗഹൃദം പോലും ഞെട്ടലോടെയാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലോകം ഉറ്റുനോക്കുന്നത്‌.

ഒരുപക്ഷെ അന്വേഷണം ശരിയായ ദിശയില്‍ സമര്‍ദ്ദങ്ങളില്ലാതെ മുന്നേറിയാല്‍ നമ്മള്‍ കണ്ടുകൊണ്ടിരുന്നതെല്ലാം വെറുമൊരു തട്ടിപ്പാണെന്ന്‌ വരുകയും മനസില്‍ വെച്ച്‌ ആരാധിച്ച പല വിഗ്രഹങ്ങളും വീണുടയുകയും ചെയ്യുമെന്ന്‌ ഉറപ്പ്‌. പക്ഷെ ഒരിക്കലും ഉന്നതങ്ങളിലേക്ക്‌ അന്വേഷണം പോകില്ല എന്നതാണ്‌ സത്യം.

എന്നാല്‍ ഇപ്പോള്‍ വ്യക്തമാകുന്നത്‌ പോലെ ഒരു സമഗ്രവും ശക്തവുമായ മാഫിയയെ ക്രിക്കറ്റിനുള്ളില്‍ സൃഷ്‌ടിച്ചെടുക്കണമെങ്കില്‍ അതിനുള്ള ശേഷി ദാവൂദിന്റെ ഡി കമ്പിനിക്ക്‌ മാത്രമേയുണ്ടാകു എന്നുറപ്പ്‌.

പ്രലോഭനങ്ങളിലൂടെയാണ്‌ ആദ്യം ദാവൂദിന്റെ മാഫിയ സിനിമാതാരങ്ങളെയും ക്രിക്കറ്റര്‍മാരെയും സമീപിക്കുന്നത്‌. പണവും, ബോളിവുഡ്‌ നായികമാരും, ആഡംബര കാറുകളും നിര്‍ലോഭം നല്‍കാന്‍ ഡി കിമ്പിനി തയാര്‍. എന്നാല്‍ ഇതിനു വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുകയാണ്‌ അടുത്ത വഴി. ഭീഷിണിക്ക്‌ വഴങ്ങിയില്ലെങ്കില്‍ ഏതറ്റംവരെ പോകാനും കമ്പിനി മടിക്കില്ല. എന്നാല്‍ ഇന്ത്യയില്‍ തീവ്രവാദ വിരുദ്ധ പോലീസിംഗ്‌ ഏജന്‍സി പ്രവര്‍ത്തനം ശക്തമാക്കിയതോടെ ഡി കമ്പിനിയുടെ കരങ്ങള്‍ സെലിബ്രിറ്റികളിലേക്കും മറ്റും എത്തുന്നത്‌ കുറഞ്ഞിരുന്നു എന്നാണ്‌ കരുതപ്പെട്ടിരുന്നത്‌. പക്ഷെ ക്രിക്കറ്റ്‌ വാതുവെയ്‌പ്പ കേസ്‌ വെളിപ്പെടുത്തുന്നത്‌, ഇന്ത്യയില്‍ ഏറെ ചോര വീഴ്‌ത്തിയ ദാവൂദ്‌ എന്ന ശത്രൂ പഴയതിലും കരുത്തനായി ഇന്ത്യയില്‍ തന്റെ മാഫിയ വളര്‍ത്തുന്നു എന്നു തന്നെയാണ്‌. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇനിയെങ്കിലും ശക്തമായ മറുപടി നല്‍കാന്‍ ഇന്ത്യന്‍ ഭരണകൂടം നടപടിയെടുത്തില്ലെങ്കില്‍ വരും നാളുകളില്‍ ഇതിനേക്കാള്‍ ലജ്ജിപ്പിക്കുന്നതും നടുക്കുന്നതുമായ വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക