Image

കുഞ്ഞിക്കൂനനും ശ്രേഷ്ഠതയില്‍ പങ്കാളി: മാത്യു മൂലേച്ചേരില്‍

Published on 25 May, 2013
കുഞ്ഞിക്കൂനനും ശ്രേഷ്ഠതയില്‍ പങ്കാളി: മാത്യു മൂലേച്ചേരില്‍

കുഞ്ഞിക്കൂനന്‍ അമേരിക്കയില്‍ എത്തിയിട്ട് കുറെ നാളുകളായി. വന്നപ്പോള്‍ ഇംഗ്ലീഷ് എന്നതില്‍ ഒരു 'YES' ഉം 'NO' യും മാത്രമേ അറിയാമായിരുന്നുള്ളു. മുക്കിയും മൂളിയുമുള്ള അദ്ദേഹത്തിന്റെ ഇംഗ്ലീഷില്‍ മുഴുവന്‍ മലയാളം തന്നെയായിരുന്നു. ഒരു നല്ല നാടന്‍ മലയാളത്തുകാരന്‍. ഇംഗ്ലീഷിലെ പോരായ്മകള്‍ തീര്‍ത്തിട്ടെയുള്ളുവെന്ന് അദ്ദേഹം ഒരുനാള്‍ തീരുമാനിച്ചു.

അദ്ദേഹം ഇംഗ്ലീഷ് ക്ലാസ്സുകളില്‍ ചേര്‍ന്നു. ഇംഗ്ലീഷ് പത്രങ്ങള്‍ വായിച്ചു. ഇംഗ്ലീഷ് വാര്‍ത്തകള്‍ മാത്രം കേട്ടു. ഇംഗ്ലീഷ് സിനിമകള്‍ കണ്ടു. ഇംഗ്ലീഷ് പള്ളികളില്‍ മാത്രം പോയി. ഇംഗ്ലീഷ് ബൈബിള്‍ മാത്രം വായിച്ചു. മലയാളത്തെയും മലയാളികളെയും വെറുക്കുവാനും ശ്രമിച്ചു ശീലിച്ചു. അങ്ങനെ അദ്ദേഹം നല്ല ഫ്ലൂവന്റായി ഇംഗ്ലീഷ് സംസാരിക്കുവാനും എഴുതുവാനും പഠിച്ചു. വീട്ടില്‍ ആരെങ്കിലും മലയാളം പറഞ്ഞാല്‍ അപ്പോള്‍ അടി കൊടുക്കും. അത്രക്ക് വെറുപ്പായിരുന്നു മലയാളത്തോട്! മലയാളികളുടെ കൂടെയുള്ള സൗഹൃദവും, മലയാളം പത്രങ്ങളും മാസികകളും ടെലിവിഷനുകളും എല്ലാം അദ്ദേഹത്തിന് വെറുപ്പായിരുന്നു. അങ്ങനെ കുഞ്ഞിക്കൂനന്‍ അമേരിക്കയില്‍ ജീവച്ചു. വേനലും മഞ്ഞും മഴയും ഒക്കെയായി കാലങ്ങള്‍ കടന്ന് പോയി. ഇന്നദ്ദേഹത്തിന് അഞ്ചാറ് ഗ്യാസ് സ്റ്റേഷനുകള്‍, അപ്പാര്‍ട്ട്മെന്റ് കെട്ടിടങ്ങള്‍ ഒരു വലിയ മണിമാളിക ... അങ്ങനെയങ്ങനെ വളരെ സമ്പന്നന്‍.

പക്ഷെ ഒരു കാര്യത്തില്‍ മാത്രം അദ്ദേഹം സംതൃപ്തനായിരുന്നില്ല. അദ്ദേഹത്തിന് സുഹൃത്തുക്കളായി ആരുമുണ്ടായിരുന്നില്ല. ഇംഗ്ലീഷുകാരുടെ കൂടെ മാത്രമുള്ള സൗഹൃദം കൊണ്ട് അദ്ദേഹത്തിന് ഉദ്ദേശിച്ച ബഹുമാനം നേടാനായില്ല. എന്നാല്‍ എല്ലാവരാലും ബഹുമാനിക്കപ്പെടണമെന്നുള്ള അതിയായ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു താനും. ആ ആഗ്രഹം ഓരോ ദിനവും പ്രബലപ്പെട്ടു. ആയിടെ പരിചയപ്പെട്ട മറ്റൊരു മലയാളി സമ്പന്നനും സമൂഹത്തില്‍ പ്രബലനെന്ന് സ്വയം വിശേഷിപ്പിക്കുന്നവനുമായ ഒരുവനോട് തന്റെ ആഗ്രഹം പങ്കുവെച്ചു.

'ഓ.... അതോ വളരെ സിമ്പിള്‍ ആയ ഒരു കാര്യമല്ലേ.. ഏതെങ്കിലും ഒരു സംഘടനയില്‍ ചേരുക, കുറച്ച് പണം ചിലവഴിച്ച് അവിടെ ഒരു നേതാവാകുക ... പിന്നെ കാണുന്നതിനെല്ലാം പ്രതികരിക്കുക. അങ്ങനെ കുറച്ച് വാര്‍ത്തകളും ഫോട്ടോയും പത്രങ്ങളില്‍ വരുത്തുക.. അത്രമാത്രം ചെയ്താല്‍ പെട്ടെന്ന് സമൂഹത്തില്‍ പ്രശസ്തിയും സ്ഥാനവും ഉണ്ടാവും' സുഹൃത്തിന്റെ ഉപദേശം.


തന്റെ സുഹൃത്തിന്റെ ഉപദേശം അദ്ദേഹം ശിരസ്സാ വഹിച്ചു. ഒരു സംഘടനയുമായി ബന്ധപ്പെട്ടു... അതില്‍ നൂറു ഡോളര്‍ കൊടുത്ത് മെംബറുമ്മായി... അതിന്റെ ഒരു ഓണാഘോഷത്തിന്റെ മുഴുവന്‍ ചിലവും അദ്ദേഹം തന്നെ വഹിച്ചു. അടുത്ത ഇലക്ഷനില്‍ അതിന്റെ പ്രസിഡാന്റുമായി..പ്രസംഗങ്ങളും വാര്‍ത്തകളും ഓരോരുത്തരെ സമീപിച്ച് ആദ്യമൊക്കെ എഴുതിപ്പിച്ചു. പിന്നീട് എല്ലാം സ്വന്തമായ വാര്‍ത്തകളും പ്രസംഗങ്ങളും...ഞെട്ടലുകളുകളുടെയും പ്രതികരണങ്ങളുടെയും വാര്‍ത്തകളും ചിത്രങ്ങളും ഇടമുറിയാതെ പത്രങ്ങളില്‍ സ്ഥാനം പിടിച്ചു. ആള്‍ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ വളരെ പ്രശസ്ഥനാണിപ്പോള്‍. കുഞ്ഞിക്കൂനന്‍ എന്ന് കേട്ടാല്‍ അറിയാത്തവരാരുമില്ല.

അങ്ങനെയിരിക്കെയാണ് മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വാര്‍ത്ത അദ്ദേഹം അറിയുന്നത്. അതെന്തോന്ന് കോപ്പാണെന്ന് എത്രകണ്ടാലോചിച്ചിട്ടും അദ്ദേഹത്തിനൊരു പിടിയും കിട്ടിയില്ല. അദ്ദേഹത്തിന് അതിനൊരു പ്രതികരണം എഴുതി വിട്ടില്ലെങ്കില്‍ എന്തോ ഒരു കുറച്ചില്‍ പോലെ തോന്നി. ഇവിടെയുള്ള എല്ലാ പത്രങ്ങളിലും വെബ് സൈറ്റുകളിലും അതിനെക്കുറിച്ചു ഓരോരുത്തര്‍ വിശാലമായി എഴുതി നിറച്ചുമിരിക്കുന്നു... എന്തെങ്കിലും എഴുതിയില്ലെങ്കില്‍ മരിച്ചതിനു തുല്ല്യമായ ഒരു അനുഭവമാണ് മനസ്സില്‍ തോന്നുന്നത്.

വെബ് സൈറ്റുകളില്‍ കണ്ട എല്ലാ എഴുത്തുകളും അദ്ദേഹം പ്രിന്റ് ചെയ്തെടുത്തു.. എല്ലാം വായിച്ച് പഠിച്ച് അദ്ദേഹം തന്റെ പ്രതികരണവും എഴുതി.

ഇതായിരുന്നു ഹെഡിംഗ് 'മലയാലത്തിനു ശേഷ്ട പതവി ഞങ്ങടെ സംകടയുടെ വിജയം' പിന്നെ തുടര്‍ന്നു...

''വേള്‍ഡിലെ ഏറ്റവും പ്രസസ്തമായ ബാഷയാണു മലയാലം. അതിനു ശേഷ്ട പതവി കിട്ടിയതില്‍ ഞാന്‍ ഊറ്റം കൊള്ളുന്നു. അതിനായി ഞാന്‍ പ്രസിടന്റായ ഞങ്ങടെ സംകടന ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇത് ഞങ്ങടെ സംകടനയുടെ വിജയമാണ്. ഇതുപോലെ ലോകത്തുള്ള എല്ലാ ബാഷകലെയും ശേഷ്ട ബാഷയാക്കുവാന്‍ വേണ്ടി ഞങ്ങടെ സംകടന പ്രതിഞ്ഞാബത്തമാണ്. ഈ ശേഷ്ട പതവിയാല്‍ ലബിക്കുന്ന 100 കോടി ടോളരിന്റെ കുറച്ച് ഞങ്ങടെ സംകടനക്കും നല്‍കണം. അത് ഞങ്ങടെ ആവശ്യമാണ്. അത് കിട്ടിയിട്ടുവേനം ഇവിടെ അമേരിക്കായില്‍ നമ്മടെ ബാഷയായ മലയാലത്തെ ഉയര്‍ത്തുവാന്‍".


പട്ടിണി കിടന്ന പട്ടിക്ക് കിട്ടിയ മട്ടണ്‍ ബിരിയാണി കണക്കെ ഒരു നീണ്ട പ്രതികരണം എഴുതി തന്റെ മനോഹരമായ ഒരു ഫോട്ടോയും വച്ച് അദ്ദേഹം എല്ലാ പത്രങ്ങള്‍ക്കും അയച്ചു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ആ പ്രതികരണവും പത്രത്തില്‍. അങ്ങനെ കുഞ്ഞിക്കൂനനും ശ്രേഷ്ഠതയില്‍ പങ്കാളി.കുഞ്ഞിക്കൂനനും ഹാപ്പി..! പത്രക്കാരും ഹാപ്പി! ... വായിച്ച എന്നെപ്പോലുള്ളവരും വളരെ വളരെ ഹാപ്പി!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക