Image

`അലിക്ക്‌' ഇറ്റലിയുടെ നേതൃത്വത്തില്‍ റോമില്‍ ഓണം ആഘോഷിച്ചു

ജോസ്‌മോന്‍ കമ്മട്ടില്‍ Published on 27 September, 2011
`അലിക്ക്‌' ഇറ്റലിയുടെ നേതൃത്വത്തില്‍ റോമില്‍ ഓണം ആഘോഷിച്ചു
റോം: `അലിക്ക്‌' ഇറ്റലിയുടെ നേതൃത്വത്തില്‍ റോമില്‍ ഓണാഘോഷം കേരള തനിമയോടെ ആഘോഷിച്ചു. സെപ്‌റ്റംബര്‍ 18ന്‌ രാവിലെ ഒമ്പതിന്‌ ആരംഭിച്ച ആഘോഷങ്ങള്‍ വൈകുന്നേരം ഏഴോടെ സമാപിച്ചു.

ഓണ ദിനത്തിലെ പ്രധാന മത്സരമായ വടംവലി മത്സരം വളരെ വാശിയോടെ നടന്നു. ഇറ്റലിയുടെ വിവിധ സ്ഥലങ്ങളില്‍നിന്ന്‌ വന്ന ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ സിയന്ന ടീം ഒന്നാം

സ്ഥാനവും മിലാന്‍ ടീം രണ്‌ടാം സ്ഥാനവും നേടി. ഓണപ്പൂക്കള മത്സരത്തില്‍ സാം പിയോനെ ടീം ഒന്നാം സമ്മാനവും വിയ ബ്രെവെത്ത ടീം രണ്‌ടാം സമ്മാനവും നേടി. തീറ്റ മത്സരം, കസേരകളി മത്സരം എന്നിവയും വാശിയോടെ നടന്നു.

സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത വത്തിക്കാനിലെ പ്രവാസി കാര്യാലയ സെക്രട്ടറി ബിഷപ്പ്‌ ജോസഫ്‌ കളത്തിപ്പറമ്പിലിനെ കേരളീയ വേഷത്തില്‍ താലപ്പോലിയോടും വാദ്യമേളങ്ങളോടും ചേര്‍ന്ന്‌ സ്വീകരിച്ചു.

സമാപന സമ്മേളനത്തില്‍ തോമസ്‌ ഇരിമ്പന്‍ അധ്യക്ഷത വഹിച്ചു. ബിഷപ്പ്‌ ജോസഫ്‌ കളത്തിപറമ്പില്‍ എല്ലാ മലയാളികള്‍ക്കും പ്രത്യേകിച്ച്‌ റോമിലെ മലയാളികള്‍ക്ക്‌ ഓണാശംസകള്‍ നേര്‍ന്നു. കൂട്ടായ്‌മകളുടെ പ്രാധാന്യത്തെക്കുറിച്ച്‌ അദ്ദേഹം ആശംസാ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. റോമിലെ എല്ലാ പ്രവാസികള്‍ക്കും അദ്ദേഹത്തിന്റെ സഹായ സഹകരണങ്ങള്‍ വാഗ്‌ദാനം ചെയ്‌തു.

ഫാ. സ്റ്റീഫന്‍ ചിറപ്പണത്ത്‌, ഫാ. ആന്റണി പട്ടപ്പരംപില്‍, ജയിംസ്‌ മാവേലി, വക്കച്ചന്‍ കല്ലറക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സിബി കൊള്ളിയില്‍ നന്ദി പറഞ്ഞു. തുടര്‍ന്ന്‌ സമ്മാനദാനവും നടത്തി.

ഉച്ചക്ക്‌ വിവിധയിനം കറികളോട്‌ കൂടിയ ഓണസദ്യയും നടന്നു. ആയിരത്തി അഞ്ഞൂറോളം പേര്‍ പങ്കെടുത്ത ഓണാഘോഷത്തില്‍ സ്വദേശിയരും പങ്കു ചേര്‍ന്നു.
`അലിക്ക്‌' ഇറ്റലിയുടെ നേതൃത്വത്തില്‍ റോമില്‍ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക