Image

മുന്തിരി തേടുന്നവര്‍ (കഥ) -അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 29 May, 2013
മുന്തിരി തേടുന്നവര്‍ (കഥ) -അനില്‍ പെണ്ണുക്കര
കരഞ്ഞുകലങ്ങിയ കണ്ണുകളോടെ കടന്നുപോയ പകലിനോടൊപ്പം താനും യാത്രയാവുകയായിരുന്നു. പിച്ചവെച്ചു നടന്ന മുറ്റവും സ്വപ്നങ്ങള്‍ വിരിയുന്ന ഏകാന്തതയും മോഹങ്ങള്‍ വലംവയ്ക്കുന്ന തറവാടും തുളസിത്തറയും നഷ്ടമാവുകയായിരുന്നു. കൂടിനെ സ്‌നേഹിച്ചു തുടങ്ങിയപ്പോഴേയ്ക്കും ചില്ലതന്നെ ഇല്ലാതാവുകയായിരുന്നു. വാതില്‍ തഴുതിട്ട് വാസുപിള്ളയെ താക്കോലേല്പിക്കുമ്പോള്‍ നനഞ്ഞൊലിക്കുന്ന പക്ഷിയെപ്പോലെയായി മനസ്. നഷ്ടപ്പെടലുകള്‍ ഇരുട്ടിന്റെ ലോകത്തുനിന്നും വരുന്നതുകൊണ്ട് തിരിച്ചറിയാനാവുന്നില്ല. പക്ഷെ നിഴലുകള്‍. നിങ്ങളിനിയും എന്നില്‍ പ്രതീക്ഷിക്കുന്നത് എന്താണ്? സ്വന്തമെന്ന് സ്വപ്നം കണ്ടിരുന്ന നിമിഷങ്ങളുടെ പേക്കോലങ്ങള്‍കൊണ്ട് എന്നെ ഭയപ്പെടുത്തുന്നതെന്തിനാണ്? പീഡിപ്പിക്കപ്പെടുന്നവന്‍ നിയമങ്ങളെക്കുറിച്ചറിയുന്നില്ല. അറിഞ്ഞാല്‍ത്തന്നെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കെ പിടഞ്ഞുവീഴുമ്പോള്‍ പരാതികള്‍ക്ക് എന്തു പ്രസക്തി. അങ്ങിങ്ങ് ഇളകിത്തുടങ്ങിയെങ്കിലും ജീവിതത്തിന്റെ ഈ പഴയ പടവുകള്‍ എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ എണ്ണം പഠിച്ചിരുന്നതും പിന്നീട് പോക്കുവെയിലത്തു സ്വപ്നങ്ങള്‍ ഉണങ്ങാനിട്ടതും ഇവിടെയാണ്. നഗരത്തിന്റെ ഏതോ കോണില്‍ നിന്നുവരുന്ന അമ്മയുടെ കത്തിലെ പരാതികള്‍ കേട്ടിരുന്നതും സാന്ത്വനത്തിന്റെ വിശറിപോലെ ദേവൂടീച്ചറിന്റെ സാമീപ്യം കത്തുകളിലൂടെ അനുഭവിച്ചിരുന്നതും ഈ പടവുകളാണ്. പക്ഷേ ഈ പടവുകള്‍ തന്നെ എന്റെ യാത്രയ്ക്കുള്ള വഴിയൊരുക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പായലുമൂടിയ ജീവിതത്തില്‍ ആദ്യം വഴുതിവീഴുന്നത് സ്വപ്നങ്ങളാണെന്ന് ഇനിയാരും പറഞ്ഞുതരേണ്ടല്ലോ. ഒന്നും പറഞ്ഞുതരാന്‍ നില്‍ക്കാതെ എല്ലാവരും പോവുകയായിരുന്നു. കടം കയറിയ തറവാട് കാക്കാന്‍ ആദ്യം അച്ഛന്‍; കണക്കുകള്‍ കൂട്ടിമടുത്തപ്പോള്‍ പിന്നെ അമ്മയും. ഇതൊന്നുമറിയാത്ത താന്‍ മാത്രം വാശിയുടെ കയറില്‍ തൂങ്ങിക്കിടന്നു ഇത്രനാള്‍. പുതിയ പേജുകള്‍ ആവശ്യമായിവരുംതോറും കയറ് ദുര്‍ബലമാവുകയായിരുന്നു. പതിവിനു വിപരീതമായി അച്ഛന്റെ കത്തുകിട്ടുമ്പോള്‍ ആകെ സംഭ്രമമായിരുന്നു.
'ഉണ്ണീ ഞങ്ങള്‍ക്ക് ഇവിടംവിട്ട് വരാനൊക്കുകയില്ലെന്ന് എത്രതവണ പറഞ്ഞിട്ടുണ്ട്. നിന്റെയീ പോക്കുകണ്ടിട്ട് ഞങ്ങള്‍ക്ക് പേടിതോന്നുന്നു. നിന്റെ ജോലിക്കാര്യത്തിനുവേണ്ടി തറവാടും പറമ്പും വില്‍ക്കേണ്ടിവന്നു.നീ വിഷമിക്കേണ്ട. നല്ലൊരു കരിയര്‍ നിനക്കിവിടെ തരപ്പെടുത്താം. ഇങ്ങോട്ടുപോരുന്നതിനുള്ള ടിക്കറ്റും വയ്ക്കുന്നു. കത്തുകിട്ടിയാലുടന്‍ പുറപ്പെടുക.'' പിന്നീട് നിര്‍വികാരതയുടെ നാളുകളായിരുന്നു. ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത നഗരത്തില്‍ ഒരു പ്രവാസിയെപ്പോലെ കടന്നുചെല്ലുക. അപരിചിതമായ പുതിയ പടവുകളില്‍ വഴുതിവീഴുക. അപരിചിതര്‍ക്കിടയില്‍ അന്യനെപ്പോലെ കഴിയുക. വാസ്തവത്തില്‍ ഇതൊന്നും എനിക്കാലോചിക്കാന്‍ കൂടി കഴിയുമായിരുന്നില്ല. ഈ തറവാടും മുറ്റവും ഇവിടുത്തെ വെയിലും നിലാവും മഞ്ഞും എന്റെ ജീവരക്തം തന്നെയായിരുന്നു. പക്ഷെ അച്ഛന് എന്തുപറ്റി? തറവാടിന്റെ മാനം കാക്കാന്‍ നാടുവിട്ട അച്ഛന്‍ ഒടുവില്‍ തറവാട് ഉപേക്ഷിക്കുന്നത്. പാരമ്പര്യങ്ങളെല്ലാം മറന്ന് അമ്മയെക്കൂടി മഹാനഗരത്തിലേക്കു വിളിച്ചത്? എന്നും ഉത്തരങ്ങള്‍ തേടുവാന്‍ മാത്രമായിരുന്നു എനിക്കു താല്പര്യം. ഇതുപോലുമറിയാത്ത എനിക്ക് എങ്ങനെ നഗരത്തിന്റെ പാതകള്‍ സ്വന്തമാക്കുവാന്‍ കഴിയും.
ആഞ്ഞെറിയവേ തുഴ നഷ്ടപ്പെട്ട തുഴച്ചില്‍ക്കാരന് മുകളില്‍ ആകാശവും താഴെ കടലമ്മയുടെ വീടുമാണ്. കവിതയറിയാത്ത ഹൃദയംപോലെ മരവിച്ചുനില്‍ക്കുന്ന അവര്‍ക്ക് നിലവിളി കേള്‍ക്കാനാവുമോ? ''കുഞ്ഞ് വലിയ ആളായി തിരികെ വരുമ്പോള്‍ ഇങ്ങോട്ടൊക്കെ വര്വോ? ഈ ഞങ്ങളെയൊക്കെ ഓര്‍ക്ക്വോ? താക്കോല്‍ക്കൂട്ടം വാങ്ങിക്കൊണ്ട് വാസുപിള്ള ചോദിച്ചു. പതുക്കെ ചിരിച്ചുകൊണ്ട് വാസുപിള്ളയുടെ തോളില്‍ തട്ടിക്കൊണ്ടുപറഞ്ഞു. ''ഓര്‍ക്കാന്‍ വേറൊന്നുമില്ലാത്ത ഞാന്‍ നിങ്ങളെയൊക്കെ മറക്കുമോ വാസുപിള്ളേ''. വെറുതെയെങ്കിലും ഒരിക്കല്‍ക്കൂടി തിരിഞ്ഞുനോക്കി പടിയിറങ്ങി. അടഞ്ഞുകിടക്കുന്ന വാതിലിനു മുന്‍പില്‍ മുറ്റം വെടിപ്പായിത്തന്നെ കിടക്കുന്നു. നാളെ കരിയിലകള്‍ വീണ, പുല്ലുകള്‍ കിളിര്‍ത്ത് അനാഥമാകുവാന്‍ പോകുന്ന മുറ്റം എന്റെ ജീവിതം പോലെയാണെന്ന് തോന്നി. അന്നാദ്യമായി വീട്ടില്‍വന്ന ദേവൂടീച്ചര്‍ ചോദിച്ചു. ''എന്താ കുട്ടീ ഈ മുറ്റം ഒരിക്കലും അടിക്കില്യാന്നുണ്ടോ? ആ സ്‌നേഹപൂര്‍വമായ ശാസന കേട്ടതില്‍ പിന്നെ ഈ മുറ്റം എന്നും വെടിപ്പായിത്തന്നെയേ കിടന്നിട്ടുള്ളൂ.
സ്‌കൂള്‍ ഫൈനല്‍ മുതല്‍ തുടങ്ങിയ ആ ബന്ധം കത്തുകളിലൂടെയെങ്കിലും ഇന്നും വെടിപ്പായിത്തന്നെ സൂക്ഷിക്കുന്നു. നിറം മങ്ങിത്തുടങ്ങിയതെങ്കിലും ആ ജീവിതം സ്‌നേഹപൂര്‍ണ്ണമായിരുന്നു. തീര്‍ത്ഥജലം പോലെ മനസിലേക്ക് ഒഴുകിയിറങ്ങുന്നതായിരുന്നു. വിദൂരതയില്‍നിന്നുള്ള ഹൃദയമര്‍മ്മരങ്ങള്‍ എന്റെ പ്രാണസംഗീതമായിരുന്നു. അലക്ഷ്യമായ ഇപ്പോഴത്തെ യാത്രയ്ക്കു മുന്‍പും ഈ വഴിത്തിരിവിലും ഏക സാന്ത്വനം അവര്‍ മാത്രമാണ്. ഒരിക്കലും കടന്നു ചെന്നിട്ടില്ലായെങ്കിലും ആ മുറ്റം എനിക്ക് അപരിചിതമാകില്ല എന്നത് ഏറെ ആശ്വാസകരം തന്നെ. എനിക്കുവേണ്ടിയുള്ള കത്തുകള്‍ എഴുതുന്നതിന് തണല്‍ കൊടുക്കുമായിരുന്ന ബദാമിനെങ്കിലും എന്നെ പരിചയം കാണില്ലേ? അന്ന് വീട്ടില്‍ വന്നിട്ട് പോകാന്‍ തുടങ്ങവെ ഇവിടെ വന്നതിന്റെ ഓര്‍മ്മയ്ക്ക് എന്നു പറഞ്ഞ് കൊണ്ടുപോയ ബദാമിന്റെ തൈ മുറ്റത്തുതന്നെ നട്ടു എന്ന് എനിക്ക് എഴുതിയിരുന്നു. പിന്നീടൊരിക്കലെഴുതി ''ബദാമിന്റെ തൈ വളര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ അതിന്റെ ചുവട്ടിലിരുന്നാണ് എഴുതുന്നത്. ഉണ്ണിയോട് എല്ലാം നേരിട്ട് പറയുന്നതുപോലെയാണ് എനിക്കിതിന്റെ ചുവട്ടിലിരുന്നെഴുതുമ്പോള്‍.'' ബസ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ തിരക്ക് വളരെ കൂടുതലായിരുന്നു. മഞ്ഞ ജലം കണക്കെ വൈദ്യുതി വെളിച്ചം ഒഴുകിപ്പടരാന്‍ തുടങ്ങിയിരുന്നു. നന്നേ ക്ഷീണം തോന്നിയിരുന്നതിനാല്‍ അടുത്തുകണ്ട കോഫീഹൗസില്‍ കയറി ബില്ലു തീര്‍ക്കാന്‍ പോക്കറ്റില്‍നിന്ന് പൈസയെടുത്തപ്പോള്‍ ടിക്കറ്റും പോക്കറ്റില്‍ത്തന്നെയുണ്ടെന്ന് ഓര്‍ത്തു. സിഗരട്ടു പായ്ക്കറ്റിനോടൊപ്പം അതും ഓടയിലേക്കെറിഞ്ഞു. അമ്പൂരിയില്‍ വന്നിറങ്ങുന്നതും ടീച്ചറിന്റെ വീട് അന്വേഷിച്ച് കണ്ടെത്തുന്നതും അത്ഭുതം കൂറുന്ന കണ്ണുകളോടെ ടീച്ചര്‍ തന്നെ സ്വീകരിച്ചിരുത്തുന്നതും ഒക്കെ സങ്കല്പിച്ച് കുറേ നേരം കൂടി അവിടെ നിന്നു. അവസാനം ക്ഷമ നശിച്ച് അടുത്തു കണ്ട കടക്കാരനോട് ചോദിച്ചു: ''അമ്പൂരിയിലേക്കുള്ള ബസ്സ് പോയോ?'' ''അരമണിക്കൂര്‍ മുന്‍പ് പോയല്ലോ സാര്‍. ഇന്നിനിയും അമ്പൂരിയിലേക്ക് ബസ്സുമില്ല സാര്‍''. അയാള്‍ മറുപടി പറഞ്ഞു. ആകാശം അക്കരെനിന്നും വീണ്ടും ഇരുണ്ടുവരികയായിരുന്നു. ബസ്സുകള്‍ പലതും വന്നുപോയിട്ടും ഞാനവിടെത്തന്നെ നില്പുണ്ടായിരുന്നു. എനിക്കുള്ള ബസ് എപ്പോഴെങ്കിലും വരുമെന്നെനിക്കുറപ്പുണ്ടായിരുന്നു.
മുന്തിരി തേടുന്നവര്‍ (കഥ) -അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക