Image

യുഎസ്‌ സൈനികരെ ആക്രമിച്ചത്‌ ഐഎസ്‌ഐയെന്ന്‌ (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 27 September, 2011
യുഎസ്‌ സൈനികരെ ആക്രമിച്ചത്‌ ഐഎസ്‌ഐയെന്ന്‌ (അങ്കിള്‍സാം വിശേഷങ്ങള്‍)
വാഷിംഗ്‌ടണ്‍: കഴിഞ്ഞ കുറെ ദിവസങ്ങളായി ആടിയുലഞ്ഞുകൊണ്‌ടിരിക്കുന്ന യുഎസ്‌-പാക്‌ ബന്ധത്തെ ഗുരുതരമായി ബാധിച്ചേക്കാവുന്ന പുതിയ വിവരങ്ങള്‍ `ന്യൂയോര്‍ക്ക്‌ ടൈംസ്‌' പുറത്തുവിട്ടു. 2007 മെയ്‌ 14ന്‌ പാക്‌-അഫ്‌ഗാന്‍ അതിര്‍ത്തിയിലുള്ള തേരി മംഗല്‍ ഗ്രാമത്തില്‍ വെച്ച്‌ ഒരു യുഎസ്‌ മേജര്‍ കൊല്ലപ്പെടുകയും മൂന്ന്‌ സൈനികര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌ത ആക്രമണം പാക്കിസ്ഥാനി ചാരസംഘടനയായ ഐഎസ്‌ഐ ആസൂത്രണം ചെയ്‌തതായിരുന്നുവെന്നാണ്‌ പേര്‌ വെളിപ്പെടുത്താത്ത യുഎസ്‌ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

നാലു വര്‍ഷം മുമ്പ്‌ അഫ്‌ഗാന്‍ അധികൃതരുമായി അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്യാനായിരുന്നു യുഎസ്‌ സൈനിക സംഘം തേരി മംഗലില്‍ എത്തിയത്‌. പാക്‌ സൈനികരായിരുന്നു ആതിഥേയര്‍. ഉച്ച വരെ ഔപചാരികമായ അന്തരീക്ഷത്തില്‍ ചര്‍ച്ച കഴിഞ്ഞ ഉടനെയായിരുന്നു പാക്‌ സൈനികര്‍ തന്നെ അമേരിക്കക്കാര്‍ക്ക്‌ നേരെ വെടിയുതിര്‍ത്തത്‌. ആക്രമണത്തില്‍ ഒരു യുഎസ്‌ മേജര്‍ കൊല്ലപ്പെട്ടു. നാലു യുഎസ്‌ സൈനികര്‍ക്കും അവരുടെ വിവര്‍ത്തകനും പരിക്കേറ്റു. ചോരയില്‍ കുതിര്‍ന്ന ശരീരവുമായാണ്‌ യുഎസ്‌ സൈനികര്‍ ഹെലികോപ്‌റ്ററില്‍ ജീവനും കൊണ്‌ട്‌ രക്ഷപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി ന്യൂയോര്‍ക്ക്‌ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2007 മെയ്‌ മാസത്തില്‍ നടന്ന ആക്രമണം യുഎസ്‌ ഇത്രകാലം മൂടിവെയ്‌ക്കുകയായിരുന്നു.

യുഎസിന്റെ അഫ്‌ഗാന്‍ ദൗത്യത്തെ ഐഎസ്‌ഐ തുരങ്കം വെയ്‌ക്കുന്നുവെന്ന ജോയിന്റ്‌ ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌ ചെയര്‍മാന്‍ അഡ്‌മിറല്‍ മൈക്ക്‌ മുള്ളന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്‌താവന ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഭിന്നത കൂടുതല്‍ രൂക്ഷമാക്കിയിരുന്നു. എന്നാല്‍ നാലു വര്‍ഷം മുമ്പ്‌ തന്നെ ഐഎസ്‌ഐയുടെ യുഎസ്‌ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ യുഎസിന്‌ അറിയമായിരുന്നുവെന്നും അതു മൂടിവെയ്‌ക്കുകയായിരുന്നുവെന്നാണ്‌ ന്യൂയോര്‍ക്ക്‌ ടൈംസിന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്‌. ഹഖാനി ഗ്രൂപ്പുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇപ്പോള്‍ തന്നെ ഉലഞ്ഞിരിക്കുന്ന യുഎസ്‌-പാക്‌ ബന്ധത്തെ ന്യൂയോര്‍ക്ക്‌ ടൈംസിന്റെ വെളിപ്പെടുത്തല്‍ കൂടുതല്‍ വഷളാക്കുമെന്നാണ്‌ കരുതുന്നത്‌.

യാചകയ്‌ക്ക്‌ പാരീസ്‌ ഹില്‍ട്ടന്റെ വക 100 ഡോളര്‍

മുംബൈ: വിവാദങ്ങളിലൂടെ മാത്രമല്ല സഹജീവികളോടുള്ള കരുണയിലൂടെയും തനിക്ക്‌ വാര്‍ത്ത സൃഷ്‌ടിക്കാനാവുമെന്ന്‌ ഹോളിവുഡ്‌ താരം പാരീസ്‌ ഹില്‍ട്ടന്‍ തെളിയിച്ചു. ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ മുംബൈയിലെ അന്ധേരിയിലൂടെ വാഹനത്തില്‍ പോകുമ്പോഴാണ്‌ അടുത്തെത്തിയ യാചക ബാലികയ്‌ക്ക്‌ 100 ഡോളര്‍(ഏകദേശം 5000 രൂപ) നല്‍കി പാരീസ്‌ വാര്‍ത്ത സൃഷ്‌ടിച്ചത്‌.

ചില്ലറതുട്ടുകള്‍ പ്രതീക്ഷിച്ചു പാരീസിന്റെ വാഹനത്തിനടുത്തെത്തിയ ബാലികയ്‌ക്ക്‌ കാറിനുള്ളിലിരിക്കുന്ന താരത്തിന്റെ മൂല്യമോ അവര്‍ നല്‍കിയ പണത്തിന്റോ മൂല്യമോ അറിയില്ലായിരുന്നു. അതുകൊണ്‌ടു തന്നെ പാരീസ്‌ പണം നീട്ടിയപ്പോള്‍ ബാലിക ആദ്യം ചോദിച്ചത്‌ `ഇതു ചില്ലറയാക്കാന്‍ പറ്റുമല്ലോ അല്ലെ' എന്നുമാത്രമായിരുന്നു. ബാലികയ്‌ക്ക്‌ ഒരു ചിരി സമ്മാനിച്ച്‌ പാരീസ്‌ പോകുകയും ചെയ്‌തു. അതിനിടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ പ്രമുഖ ബോളിവുഡ്‌ താരങ്ങളൊന്നും പാരീസിനെ ഗൗനിക്കാന്‍ തയാറായില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടു ണ്‌ട്‌. എങ്കിലും ഇന്ത്യയെ താന്‍ ഏറെ ഇഷ്‌ടപ്പെട്ടുവെന്നും ഇനിയും വരുമെന്നും പറഞ്ഞാണ്‌ പാരീസ്‌ ഇന്ത്യയില്‍ നിന്ന്‌ മടങ്ങുന്നത്‌.

പാക്കിസ്ഥാനുള്ള ധനസഹായം വെട്ടിക്കുറക്കുക്കണമെന്ന്‌ പ്രമേയം

വാഷിംഗ്‌ടണ്‍: പാക്കിസ്ഥാനുള്ള എല്ലാ ധനസഹായം വെട്ടിക്കുറക്കുന്നതിനുള്ള പ്രമേയം ജനപ്രതിനിധിസഭയില്‍ അവതരിപ്പിച്ചു. വിദേശകാര്യസമിതി അംഗം കൂടിയായ ടെഡ്‌ പോ ആണ്‌ പ്രമേയം സഭയുടെ മേശപ്പുറത്തുവെച്ചത്‌. പ്രമേയം ജനപ്രതിനിധി സഭ അംഗീകരിച്ചാല്‍ പാക്കിസ്ഥാന്‌ നല്‍കുന്ന സുരക്ഷിത ആണവോര്‍ജ സമാഹരണത്തിനുള്ളതൊഴികെയുള്ള എല്ലാ യുഎസ്‌ ധനസഹായവും നിലയ്‌ക്കും. എന്നാല്‍ ഇത്തരത്തില്‍ വരുന്ന പ്രമേയങ്ങള്‍ അപൂര്‍വമായി മാത്രമെ ജനപ്രതിനിധിസഭ അംഗീകരിക്കാറുള്ളൂ എന്നതാണ്‌ വസ്‌തുത.

അമേരിക്കയുടെ സഖ്യരാജ്യമായിരിക്കെത്തന്നെ അമേരിക്കയ്‌ക്കെതിരെ യുദ്ധം ചെയ്യുന്ന സമീപനമാണ്‌ പാക്കിസ്ഥാന്‍ സ്വീകരിക്കുന്നതെന്ന്‌ ബില്ല്‌ അവതരിപ്പിച്ചുകൊണ്‌ട്‌ ടെഡ്‌ പോ പറഞ്ഞു. കാബൂളിലെ യുഎസ്‌ എംബസിക്ക്‌ നേരെ അക്രമണം നടത്തിയ ഹഖാനി ഗ്രൂപ്പിന്‌ പാക്‌ ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്‌ടെന്ന യുഎസ്‌ സൈനിക മേധാവി മൈക്ക്‌ മുള്ളന്റെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ്‌ ടെഡ്‌ പോയുടെ പ്രമേയമെന്നതും ശ്രദ്ധേയമാണ്‌.

കൗമാരത്തിലേക്ക്‌ കാലൂന്നി ഗൂഗിള്‍

ന്യയോര്‍ക്ക്‌: ഇന്റനെറ്റിന്റെ മുഖച്ഛായതന്നെ മാറ്റിയ ഗൂഗിളിന്‌ ഇന്ന്‌ പതിമൂന്നാം പിറന്നാള്‍. പതിമൂന്ന്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ 1998ല്‍ സ്റ്റാന്‍ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളായിരുന്ന ലാറി പേജും സെര്‍ജി ബ്രിനും ചേര്‍ന്ന്‌ തുടക്കമിട്ട പ്രസ്ഥാനം ഇന്ന്‌ കൗമാരത്തിലേക്ക്‌ കാലൂന്നുമ്പോള്‍ ഇന്റര്‍നെറ്റ്‌ എന്ന വാക്കിന്റെ പര്യായപദങ്ങളിലൊന്നായി തന്നെ മാറിയിരിക്കുന്നു ഗൂഗിള്‍ എന്ന മൂന്നക്ഷരം. സേര്‍ച്ച്‌ എഞ്ചിന്‍ വിപണിയില്‍ 90 ശതമാമാണ്‌ ഇപ്പോള്‍ ഗൂഗിളിന്റെ മാര്‍ക്കറ്റ്‌ ഷെയര്‍. ഗൂഗിളിന്റെ ക്രോമിനാകട്ടെ ബ്രൗസര്‍ വിപണിയില്‍ 22 ശതമാനം വിപണി വിഹിതമുണ്‌ട്‌.

13 മെഴുകുതിരികള്‍ കത്തിച്ചുവെച്ച കേക്കിന്റെ ചിത്രവുമായാണ്‌ ഗൂഗിളിന്റെ ഏറ്റവും പ്രശസ്‌തമായ `ഡൂഡില്‍ 'ഈ പതിമൂന്നാം പിറന്നാള്‍ ആഘോഷിച്ചത്‌. അതേസമയം ഗൂഗിളിന്റെ പിറന്നാള്‍ ദിനം സെപ്‌റ്റംബര്‍ 27 ആയതിന്‌ പിന്നിലും ഒരു കഥയുണ്‌ട്‌. യഥാര്‍ത്ഥത്തില്‍ ഗൂഗിള്‍ കമ്പനി രൂപീകരിച്ചത്‌ സെപ്‌റ്റംബര്‍ ഏഴിനായിരുന്നു. 2005വരെ സെപ്‌റ്റംബര്‍ ഏഴിനു തന്നെയായിരുന്നു ഗൂഗിള്‍ ജന്‍മദിനം ആഘോഷിച്ചിരുന്നത്‌.

എന്നാല്‍ 2005ല്‍ തങ്ങളുടെ സേര്‍ച്ച്‌ എഞ്ചിനില്‍ ലിസ്റ്റ്‌ ചെയ്‌തിട്ടുള്ള പേജുകളുടെ എണ്ണം റെക്കോര്‍ഡായത്‌ പ്രഖ്യാപിക്കാനായി സെപ്‌റ്റംബര്‍ 27 തെരഞ്ഞെടുത്തതോടെ ഗൂഗിളിന്റെ പിറന്നാളും സൗകര്യാര്‍ഥം അന്നേത്തേക്ക്‌ മാറ്റുകയായിരുന്നു. പിന്നീട്‌ എല്ലാ വര്‍ഷവും സെപ്‌റ്റംബര്‍ 27 ആയി ഗൂഗിളിന്റെ പിറന്നാള്‍ ദിനം.

ആശങ്കകള്‍ക്കൊടുവില്‍ പ്രകൃതിദുരന്ത ധനസഹായ പ്രമേയം സെനറ്റ്‌ പാസാക്കി

ന്യൂയോര്‍ക്ക്‌: അവസാനനിമിഷം വരെ നീണ്‌ടു നിന്ന ആശങ്കകള്‍ക്കൊടുവില്‍ പ്രകൃതിദുരന്ത ധനസഹായ പ്രമേയം യുഎസ്‌ സെനറ്റ്‌ പാസാക്കി. പ്രകൃതി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക്‌ ധനസഹായം നല്‍കുന്നതിനായി ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ്‌ ഏജന്‍സിക്ക്‌(ഫെമ) ഫണ്‌ട്‌ അനുവദിക്കുന്നതിനുള്ള പ്രമേയം റിപ്പബ്ലിക്കന്‍ പാട്ടിയുടെ കടുത്ത എതിര്‍പ്പിനും ഒടുവില്‍ ഒത്തുതീര്‍പ്പിനുംശേഷമാണ്‌ പാസാക്കിയത്‌. ജനപ്രതിനിധിസഭയും പ്രമേയം പാസാക്കുന്നതോടെ ഫെമയ്‌ക്ക്‌ നവംബര്‍ 18വരെ പ്രര്‍ത്തിക്കുന്നതിനുള്ള ഫണ്‌ട്‌ അനുവദിക്കാന്‍ സര്‍ക്കാരിനാവും.

സെപ്‌റ്റംബര്‍ 30ന്‌ മുമ്പ്‌ പ്രമേയം പാസാക്കില്ലായിരുന്നെങ്കില്‍ ഫെമയക്കുള്ള ഫണ്‌ട്‌ വിതരണം നിലയ്‌ക്കുകയും ചുഴലിക്കാറ്റം പ്രളയവും കാട്ടുതീയും നാശംവിതച്ച മേഖലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിലയ്‌ക്കുകയും ചെയ്യുമായിരുന്നു. ഈ സാമ്പത്തിക വര്‍ഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള ഫണ്‌ട്‌ കൈവശമുണ്‌ടെന്ന്‌ ഫെമ അറിയിച്ചതും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡമോക്രാറ്റുകളും തമ്മില്‍ ധാരണയിലെത്തുന്നതിന്‌ സഹായകരമായി.

ഇരുപാര്‍ട്ടികളും തമ്മിലുള്ള പുതിയ ധാരണ അനുസരിച്ച്‌ ഇലക്‌ട്രിക്‌ കാര്‍ പദ്ധതിക്കുള്ള ഒന്നര ബില്യണ്‍ ഡോളറിന്റെ ധനസഹായം സര്‍ക്കാര്‍ വെട്ടിക്കുറയ്‌ക്കും. ഇതിനു പുറമെ ദുരിതാശ്വാസപ്രവര്‍ത്തനത്തിന്‌ ഫെമയക്ക്‌ നല്‍കുന്ന ഫണ്‌ട്‌ മൂന്ന്‌ ബില്യണ്‍ ഡോളറായി പരിമിതപ്പെടുത്തുകയും ചെയ്യും.

ഡോള്‍ഫിനുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നുവെന്ന്‌ അമേരിക്കക്കാരന്റെ ആത്മകഥ

ന്യൂയോര്‍ക്ക്‌: പലപ്രമുഖരുടെയും ആത്മകഥകള്‍ വായിച്ച്‌ അന്തം വിട്ടിരിക്കുന്നവരെ ഞെട്ടിക്കുന്ന ആത്മകഥയുമായി ഒരു അമേരിക്കക്കാരന്‍ വരുന്നു. പെണ്‍ ഡോള്‍ഫിനുമായി ഒമ്പതുമാസത്തോളം ലൈംഗീക ബന്ധം പുലര്‍ത്തിയിരുന്ന വെളിപ്പെടുത്തലുമായാണ്‌ അമരേക്കയിലെ ഫ്‌ളോറിഡ സ്വദേശിയായ മാല്‍ക്കം ബ്രെണ്ണറിന്റെ ആത്മകഥയായ ` വെറ്റ്‌ ഗോഡസ്‌: റീ കളക്ഷന്‍ ഓഫ്‌ എ ഡോള്‍ഫിന്‍ ലവര്‍' പുറത്തിറങ്ങുന്നത്‌.

1970കളിലാണ്‌ നീന്തല്‍കുളത്തില്‍ വളര്‍ത്തിയിരുന്ന റൂബി എന്ന ഡോള്‍ഫിനുമായി താന്‍ ലൈംഗീക ബന്ധം പുലര്‍ത്തിയിരുന്നതെന്ന്‌ ബ്രെണ്ണര്‍ ആത്മകഥയില്‍ പറയുന്നു. റൂബി തന്നെയാണ്‌ ലൈംഗീക ബന്ധത്തിന്‌ മുന്‍കൈയെടുത്തതെന്നും ബ്രെണ്ണര്‍ വിശദീകരിക്കുന്നുണ്‌ട്‌. താന്‍ വിട്ടുപിരഞ്ഞതോടെ ഹൃദയം പൊട്ടിയാണ്‌ റൂബി മരിച്ചതെന്നും ബ്രെണ്ണര്‍ പറയുന്നു. എന്തായാലും 16.95 ഡോളര്‍ വിലയുള്ള ബ്രെണ്ണറുടെ ആത്മകഥാപുസ്‌തകത്തിന്‌ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റായ ആമസോണ്‍ ഫൈവ്‌ സ്റ്റാര്‍ റേറ്റിംഗ്‌ തന്നെയാണ്‌ നല്‍കിയിരിക്കുന്നത്‌.

റഷ്യന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ റഷ്യയുടെ ആഭ്യന്തര വിഷയം: യുഎസ്‌

വാഷിംഗ്‌ടണ്‍: റഷ്യന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ ആ രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണെന്ന്‌ യുഎസ്‌. അതേസമയം, മോസ്‌കോയുമായുളള യുഎസ്‌ സഹകരണം ഇരുരാജ്യങ്ങള്‍ക്കുമെന്ന പോലെ ലോകത്തിനും പ്രാധാന്യമേറിയതാണെന്നും യുഎസ്‌ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്‌മെന്റ്‌ വക്‌താവ്‌ മാര്‍ക്‌ ടോണര്‍ പറഞ്ഞു.

റഷ്യയിലെ പ്രസിഡന്റ്‌ ആരാകണമെന്നത്‌ റഷ്യന്‍ ജനത തന്നെയാണ്‌ തീരുമാനിക്കേണ്‌ടത്‌. അതാരായാലും അവരുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന നിലപാടാവും യുഎസിന്റേത്‌. യുഎസും റഷ്യയും യോജിച്ച്‌ പ്രവര്‍ത്തിക്കുന്നത്‌ ഇരുരാജ്യങ്ങള്‍ക്കെന്ന പോലെ ലോകത്തിനും ഉചിതമാണ്‌. റഷ്യന്‍ പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ വ്‌ളാഡിമിര്‍ പുടിന്‍ വീണ്‌ടും മത്സരിക്കുന്നത്‌ സംബന്ധിച്ച ചോദ്യങ്ങളോടായിരുന്നു ടോണറുടെ പ്രതികരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക