Image

മലയാള സിനിമയില്‍ വീണ്ടും വിലക്ക്‌ എന്ന കാട്ടുനീതി

Published on 28 September, 2011
മലയാള സിനിമയില്‍ വീണ്ടും വിലക്ക്‌ എന്ന കാട്ടുനീതി
ഒരു തരത്തിലും പൊതുസമൂഹത്തിന്‌ അംഗീകരിക്കാന്‍ കഴിയാത്ത തലത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌ മലയാള സിനിമയിലെ ചില വങ്കത്തരങ്ങള്‍. സാധാരണ മലയാള സിനിമക്കുള്ളില്‍ അടിപിടിയും വിവാദങ്ങളും കാണുമ്പോള്‍, അത്‌ സിനിമക്കുള്ളിലെ കാര്യം എന്ന്‌ പറഞ്ഞ്‌ തള്ളിക്കളയുകയാണ്‌ മലയാളിയുടെ ശീലം. എന്നാല്‍ തിലകന്‍ വിഷയത്തില്‍ കേരള സമൂഹം അങ്ങനെയായിരുന്നില്ല പ്രതികരിച്ചത്‌. ഫെഫ്‌കയും അമ്മയുമൊക്കെ തിലകനെതിരെ വിലക്കുമായി എത്തിയപ്പോള്‍ കേരള സമൂഹത്തിലെ ഒരു ബഹുഭൂരിപക്ഷം തിലകനൊപ്പം നിന്നു.

ഇതേ സാഹചര്യമാണ്‌ ഇപ്പോള്‍ നിത്യാമേനോന്‍ എന്ന നടിയെ നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ വിലക്കിയതിലും കാണുന്നത്‌. തിലകന്‍ വിവാദത്തില്‍ തിലകനും മറുപക്ഷവും തമ്മില്‍ ദീര്‍ഘനാളത്തെ അഭിപ്രായ വിത്യാസങ്ങളും പ്രശ്‌നങ്ങളും എല്ലാമുണ്ടായിരുന്നു എന്ന്‌ കരുതാം. പക്ഷെ ഇവിടെ ഒരു സുപ്രഭാതത്തില്‍ ഒരു നായികയെ സിനിമയില്‍ നിന്നും കുറച്ച്‌ മേലാളന്‍മാര്‍ ചേര്‍ന്ന്‌ വിലക്കിയിരിക്കുന്നു എന്നാണ്‌ ശ്രദ്ധേയമാകുന്നത്‌.

നിത്യാമേനോന്റെ വിലക്കുമായി ബന്ധപ്പെട്ട സംഭവം ഇങ്ങനെയാണ്‌.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ ടി.കെ രാജീവ്‌കുമാര്‍ സംവിധാനം ചെയ്യുന്ന തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിര്‍മ്മാതാവ്‌ ആന്റോ ജോസഫ്‌, പ്രൊഡ്യൂസര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ സുരേഷ്‌കുമാര്‍, പ്രൊഡ്യൂസര്‍ അസോസിയേഷന്‍ സെക്രട്ടറി സാബു ചെറിയാന്‍ എന്നിവര്‍ ചെല്ലുന്നു. നിത്യയാണ്‌ ചിത്രത്തിലെ നായിക. ആന്റോ ജോസഫ്‌ നിര്‍മ്മിക്കുന്ന സിനിമയിലേക്ക്‌ നിത്യയുടെ ഡേറ്റ്‌ വാങ്ങുക എന്നതായിരുന്നു നിര്‍മ്മാതാക്കളുടെ സംഘത്തിന്റെ ഉദ്ദേശം. ലൊക്കേഷനില്‍ ചെന്ന്‌ വെടിവട്ടം പറഞ്ഞിരിക്കുന്നതിനിടയില്‍ നിര്‍മ്മാതാക്കളുടെ സംഘം നിത്യയെവിടെയെന്ന്‌ തിരക്കി.

നിത്യ അപ്പോള്‍ ഷൂട്ടിംഗ്‌ നടക്കുന്ന വീട്ടിനുള്ളില്‍ വിശ്രമിക്കുകയായിരുന്നു. ഉടന്‍ ഒരു പ്രൊഡക്ഷന്‍ മാനേജരെ വിട്ട്‌ നിത്യയെ നിര്‍മ്മാതാക്കളുടെ സമക്ഷം വരാന്‍ അറിയിച്ചു. പക്ഷെ സിനിമയുടെയും തന്റെ ഡേറ്റിന്റെയും കാര്യങ്ങള്‍ തന്റെ മാനേജരുമായി സംസാരിച്ചാല്‍ മതിയെന്നാണ്‌ നിത്യ മറുപടി നല്‍കി.

ഇത്രമാത്രമേ സംഭവിച്ചിട്ടുള്ളു എന്ന്‌ നിര്‍മ്മാതാക്കളും പറയുന്നുണ്ട്‌. ഇവിടെ നിത്യയുടെ മേല്‍ പഴിചാരിയിരിക്കുന്ന കുറ്റം രണ്ടാണ്‌. പ്രസ്‌തുത നിര്‍മ്മാതാക്കള്‍ ലൊക്കേഷനില്‍ എത്തിയപ്പോള്‍ അങ്ങോട്ട്‌ ചെന്ന്‌ കണ്ട്‌ ബഹുമാനിച്ചില്ല. പിന്നെ മലയാള സിനിമയില്‍ മാനേജര്‍ സിസ്റ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഈ രണ്ട്‌ കുറ്റങ്ങള്‍ വിചാരണക്കെടുത്ത്‌ നിത്യയെ പ്രൊഡ്യൂസര്‍ അസോസിയേഷന്‍ വിലക്കുകയും ചെയ്‌തു.

ഇവിടെ കുറെ ചോദ്യങ്ങള്‍ ബാക്കിയാണ്‌. സത്യത്തില്‍ എന്താണ്‌ നിത്യ ചെയ്‌ത കുറ്റം. നിര്‍മ്മാതാക്കള്‍ ലൊക്കേഷനില്‍ ചെന്നപ്പോള്‍ അങ്ങോട്ട്‌ ചെന്ന്‌ കണ്ടില്ല എന്നതാണോ കുറ്റം. ഈ അഭിനയം എന്ന്‌ പറയുന്നത്‌ വെറുമൊരു കൂലിപ്പണിയല്ല എന്നാണ്‌ പ്രേക്ഷകര്‍ മനസിലാക്കിയിട്ടുള്ളത്‌. ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അഭിനേതാവിന്‌ തീര്‍ച്ചയായും ചില സ്വാതന്ത്രങ്ങള്‍ ആവശ്യമാണ്‌. അങ്ങനെയുള്ളപ്പോള്‍ നിത്യ അഭിനയിക്കുന്ന ഒരു സിനിമക്കിടയില്‍ ഡേറ്റ്‌ ചോദിക്കാന്‍ ചെന്ന നിര്‍മ്മാതാക്കളല്ലേ കുറ്റക്കാര്‍. തന്നെയുമല്ല ഒരു സിനിമയുടെ ഷൂട്ടിംഗ്‌ നടക്കുന്ന വേളയില്‍ മറ്റൊരു ചിത്രത്തിന്റെ കഥയും കാര്യങ്ങളുമായി ചെല്ലുന്നത്‌ തന്നെ നല്ല പ്രവണതയല്ല. മാത്രമല്ല ഒരു സിനിമയില്‍ അഭിനയിക്കണോ, കഥ കേള്‍ക്കണോ എന്നുള്ള കാര്യങ്ങളൊക്കെ അഭിനേതാവിന്റെ തീരുമാനമാണ്‌. തന്റെ സിനിമയില്‍ അഭിനയിച്ചേ മതിയാകു എന്ന്‌ ഒരു താരത്തെ നിര്‍ബന്ധിക്കാന്‍ ആര്‍ക്കാണ്‌ അധികാരമുള്ളത്‌.

ഇനി ഏതെങ്കിലും ഒരു നിര്‍മ്മാതാവിന്റെ സിനിമയില്‍ താന്‍ അഭിനയിക്കുന്നില്ല എന്ന്‌ നിത്യ പറഞ്ഞുവെന്നിരിക്കട്ടെ (അങ്ങനെ പോലും നിത്യ എന്ന നടി അഭിപ്രായപ്പെട്ടിട്ടില്ല). അതുകൊണ്ട്‌ എല്ലാ സിനിമയില്‍ നിന്നും ഒരു അഭിനേത്രിയെ വിലക്കാന്‍ ആര്‍ക്കാണ്‌ അധികാരമുള്ളത്‌. ഒരു കലാമേഖലയില്‍ നിന്ന കലാകാരനെയോ, കലാകാരിയെയോ മാറ്റിനിര്‍ത്തുക എന്നതില്‍ കവിഞ്ഞൊരു കാട്ടുനീതി വേറെയുണ്ടോ. ഇവിടെ മലയാള സിനിമയില്‍ നിന്നു മാത്രമല്ല സൗത്ത്‌ ഇന്ത്യന്‍ സിനിമയില്‍ നിന്നു തന്നെ നിത്യാമേനോനെ വിലക്കണമെന്ന്‌ മലയാളം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ സൗത്ത്‌ ഇന്ത്യന്‍ ഫിലിം ചേംബറിന്‌ കത്തും നല്‍കിയിരിക്കുന്നു. അവരെ ഒരു ഭാഷയില്‍ സിനിമ ചെയ്‌ത്‌ ജീവിക്കാന്‍ സമ്മതിക്കില്ലെന്ന്‌ ചുരുക്കം.

നിത്യ കഥകേള്‍ക്കാന്‍ ചെന്നില്ല എന്നാണ്‌ പ്രൊഡ്യൂസര്‍ അസോസിയേഷന്‍ ഭാരവാഹി സുരേഷ്‌കുമാര്‍ ഉന്നയിക്കുന്ന മറ്റൊരു പ്രശ്‌നം. സത്യത്തില്‍ ഒരു സിനിമയുടെ കഥ നായികയുമായി ചര്‍ച്ച ചെയ്യാന്‍ പോകുന്നത്‌ ചിത്രത്തിന്റെ നിര്‍മ്മാതാവാണോ. സംവിധായകനും, തിരക്കഥാകൃത്തുമല്ലേ. പിന്നെ നിര്‍മ്മാതാക്കള്‍ സംഘം ചേര്‍ന്ന്‌ പോയതിനു പിന്നില്‍ കഥ ചര്‍ച്ച ചെയ്യാനുള്ള ഉദ്ദേശം ഒന്നും ഉണ്ടായിരുന്നില്ലെന്ന്‌ വ്യക്തം.
ഇനി മലയാള സിനിമയില്‍ മാനേജര്‍ സിസ്റ്റം കൊണ്ടുവന്നതാണ്‌ കുറ്റമെങ്കില്‍ അതൊരു കുറ്റമായി ഭൂമിയിലാര്‍ക്കും തോന്നാന്‍ ഇടയില്ല. മലയാളത്തില്‍ മാത്രമല്ല കന്നഡയിലും തെലുങ്കിലും തമിഴിലുമായി തിരക്കേറിയ നായികയാണ്‌ നിത്യമേനോന്‍. കഴിഞ്ഞ വര്‍ഷം വിവിധ ഭാഷകളിലായി ഏഴ്‌ ചിത്രങ്ങളാണ്‌ ഇവര്‍ അഭിനയിച്ചത്‌. ഈ വര്‍ഷം ഇവര്‍ അഭിനയിക്കുന്ന ആറാമത്‌ ചിത്രമാണ്‌ തത്സമയം ഒരു പെണ്‍കുട്ടി. ഇത്രയും തിരക്കുള്ള ഒരു നായിക തന്റെ ഷെഡ്യൂളുകള്‍ ക്രമികരിക്കുന്നതിന്‌ ഒരു മാനേജരെ വെച്ചതില്‍ എന്താണ്‌ കുറ്റമെന്ന്‌ ഇനിയും മനസിലാകുന്നില്ല. മാനേജരെ നിയമിക്കാതെ തന്റെ ഫിലിം ഷെഡ്യൂള്‍ ബുക്ക്‌ കക്ഷത്തില്‍ വെച്ച്‌ അഭിനയിക്കുന്നിടത്തെല്ലാം നടക്കാന്‍ നിത്യക്കല്ല തിരക്കുള്ള ഒരു ആര്‍ട്ടിസ്റ്റിനും കഴിയുമെന്ന്‌ തോന്നുന്നില്ല.

ഇനിയിപ്പോള്‍ മറ്റൊരു ചോദ്യം. മലയാള സിനിമയില്‍ ആര്‍ക്കാണ്‌ മാനേജര്‍ ഇല്ലാത്തത്‌. മമ്മൂട്ടിക്കില്ലേ, മോഹന്‍ലാലിനില്ലേ ദിലീപിനില്ലേ, നമ്മുടെ പ്രധാനപ്പെട്ട നായികമാര്‍ക്കെല്ലാമുണ്ടല്ലോ മാനേജര്‍മാര്‍. കാവ്യമാധവന്‍, ഭാവന, പത്മപ്രീയ, തുടങ്ങിയ നായികമാര്‍ക്കെല്ലാം മാനേജര്‍മാരുണ്ട്‌. മീരാജാസ്‌മിനാണെങ്കില്‍ രണ്ട്‌ മാനേജര്‍മാരാണ്‌ ഉള്ളത്‌. എന്തിനേറെ ഈ നിര്‍മ്മാതാക്കള്‍ അന്യഭാഷയില്‍ നിന്നും നൂലില്‍ കെട്ടിയിറക്കുന്ന മറുനാടന്‍ നായികമാര്‍ക്കെല്ലാമുണ്ട്‌ മാനേജര്‍മാര്‍. താരങ്ങളുടെ ഷെഡ്യൂളുകളും ഡേറ്റുകളും നോക്കി കൈകാര്യം ചെയ്യുക എന്ന ജോലിയാണ്‌ മാനേജര്‍മാര്‍ക്കുള്ളത്‌. തിരക്കുള്ള താരങ്ങള്‍ അങ്ങനെ ചെയ്യുന്നതില്‍ കുറ്റം പറയാനും കഴിയില്ല.

വിലക്ക്‌ ഏര്‍പ്പെടുത്തുമ്പോള്‍ മറ്റു ചില പരാതികളും നിത്യക്കുറിച്ച്‌ ലഭിച്ചിരുന്നുവെന്ന്‌ സുരേഷ്‌കുമാര്‍ പറയുന്നു. നിര്‍മ്മാതാക്കള്‍ വിളിച്ചാല്‍ നിത്യ ഫോണെടുക്കില്ല എന്നതാണത്രേ ഒരു പരാതി. അഭിനയം തൊഴിലാക്കിയ ആരെങ്കിലും ഒരു നിര്‍മ്മാതാവ്‌ വിളിച്ചാല്‍ ഫോണ്‍ എടുക്കാതിരിക്കുമോ എന്ന്‌ അറിയില്ല. ഇനി ഫോണെടുക്കുന്നില്ലെങ്കില്‍ നിത്യയെ അഭിനയിപ്പിക്കേണ്ട എന്നു വെച്ചാല്‍ പോരെ. ഇത്ര കഷ്‌ടപ്പെട്ട്‌ വിളിച്ച്‌ നിത്യാ മേനോനെ തന്നെ അഭിനയിപ്പിക്കണം എന്ന്‌ ആര്‍ക്കെങ്കിലും നേര്‍ച്ചയുണ്ടോ.

ഇതിനെല്ലാം പുറമേ ഷൂട്ടിഗ്‌ സമയത്ത്‌ ആര്‍ട്ടിസ്റ്റുകള്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന്‌ ഫെഫ്‌കയുടെ കര്‍ശന നിര്‍ദ്ദേശവുമുണ്ട്‌. ഇത്‌ ലംഘിക്കുന്നവരെ ഫെഫ്‌ക വിലക്കുമെന്നാണ്‌ അറിയുന്നത്‌. ഫെഫ്‌കയെ അനുസരിച്ച്‌ ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ ഉടന്‍ വരും നിര്‍മ്മാതാക്കളുടെ വിലക്ക്‌. എങ്ങനെയുണ്ട്‌ മൊത്തത്തില്‍ മലയാള സിനിമയിലെ വങ്കത്തരങ്ങള്‍.

നിത്യമേനോനെ വിലക്കാന്‍ മറ്റൊരു കാരണവും പ്രൊഡ്യൂസര്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌. മലയാള സിനിമ ഒരു കുടുംബം പോലെയാണ്‌. അവിടെ എല്ലാവരും പരസ്‌പരം സഹകരിച്ച്‌ പോകുന്നവരാണ്‌. അതിനിടയില്‍ ഇടനിലക്കാരായി മാനേജര്‍മാര്‍ വേണ്ട. ഇതാണ്‌ പ്രൊഡ്യൂസര്‍ അസോസിയേഷന്റെ നിലപാട്‌.
ഇനി ഒരു ചോദ്യം കൂടി. മലയാള സിനിമയിലെ വിവാദങ്ങളും, അടിപിടിയും തമ്മില്‍ത്തലും കണ്ടാല്‍ ആരെങ്കിലും പറയുമോ ഇതൊരു കുടുംബക്കൂട്ടായ്‌മയാണെന്ന്‌?.
അപ്പോള്‍ ഇവിടെ പ്രസക്തമാകുന്ന യാതൊരു കുറ്റവും നിലവില്‍ ചെയ്യാത്ത നിത്യാ മേനോന്‍ എങ്ങനെ കുറ്റക്കാരിയാവുന്നു എന്നതാണ്‌. നിത്യാമേനോന്‍ വലിയ കുറ്റക്കാരിയാണെങ്കില്‍ പിന്നെ ആന്റോ ജോസഫ്‌ എന്തിനാണ്‌ അവരെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ തിരുവനന്തപുരം വരെ പോയത്‌. മലയാള സിനിമയിലെന്താ വേറെ നായികമാരൊന്നുമില്ലേ.

അപ്പോള്‍ പിന്നെ ഏതെങ്കിലും പ്രൊഡ്യൂസറെ ഒരു നായിക വേണ്ടവിധം ബഹുമാനിച്ചില്ല എന്ന കുറ്റത്തിന്‌ ഒരു നായികയെ സിനിമയില്‍ നിന്നു വിലക്കുകയെന്നൊക്കെ പറഞ്ഞാല്‍ ഇതെന്താ വെള്ളരിക്കാപട്ടണമാണോ എന്ന്‌ പ്രേക്ഷകര്‍ ചോദിച്ചേക്കാം. ആവശ്യമില്ലാത്ത ബഹുമാനം കിട്ടണമെന്ന വാശി നിര്‍മ്മാതാക്കള്‍ ഉപേക്ഷിക്കുന്നതാവില്ലേ കൂടുതല്‍ ഭംഗി.

സത്യത്തില്‍ നിത്യാമേനോന്റെ വിലക്ക്‌ എന്നത്‌ മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ താന്‍പോരായ്‌മയുടെയും അഹങ്കാരത്തിന്റെയും ഉദാഹരണം മാത്രമാണ്‌. തങ്ങള്‍ നിയന്ത്രിക്കുന്നിടത്ത്‌ കാര്യങ്ങള്‍ നടക്കണമെന്ന നിര്‍മ്മാതാക്കളുടെ പിടിവാശിയാണ്‌ ഇവിടെ കാണുന്നത്‌. നിര്‍മ്മാതാക്കളുടെ സംഘടന വളരെ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്ന ഒന്നായിരുന്നെങ്കില്‍ മലയാള സിനിമയിലെ എത്രയോ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കാമായിരുന്നു. ഇവിടെ സൂപ്പര്‍താരങ്ങളുടെ ഡേറ്റിന്‌ ലക്ഷങ്ങള്‍ അഡ്വാന്‍സ്‌ കൊടുത്ത്‌ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്ന എത്രയോ നിര്‍മ്മാതാക്കളുണ്ട്‌. അവരുടെ പ്രശ്‌നങ്ങളില്‍ ഈ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ എന്ത്‌ നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്‌.

ഇവിടെയൊന്നും കാണിക്കാത്ത താത്‌പര്യം ഒരു നായികയെ ഉപരോധിക്കുന്നതില്‍ കാണുക്കുമ്പോള്‍ ഇതിനുള്ള ഹിഡന്‍ അജണ്ടയും താത്‌പര്യവുമൊക്കെ എന്തെന്ന്‌ ചിന്തിക്കാന്‍ സാമാന്യ ബുദ്ധി മാത്രം മതി. എന്തായാലും ഇത്തവണ നിര്‍മ്മാതാക്കളുടെ നിലപാടിനെ കേരളീയ സമൂഹം ചോദ്യം ചെയ്യുമെന്ന്‌ ഉറപ്പാണ്‌. വങ്കത്തരങ്ങള്‍ കണ്‍മുന്നില്‍ നടന്നാല്‍ എത്രകാലം കണ്ടില്ലെന്ന്‌ നടിക്കും.
മലയാള സിനിമയില്‍ വീണ്ടും വിലക്ക്‌ എന്ന കാട്ടുനീതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക