Image

കുട്ടിപ്പെണ്ണിന്റെ ദയനീയകഥ (മിനിക്കഥയും കവിതയും: വി.ജെ. മാത്യൂസ്‌, ന്യൂയോര്‍ക്ക്‌)

Published on 02 June, 2013
കുട്ടിപ്പെണ്ണിന്റെ ദയനീയകഥ (മിനിക്കഥയും കവിതയും: വി.ജെ. മാത്യൂസ്‌, ന്യൂയോര്‍ക്ക്‌)
പത്താം ക്ലാസ്സിലായപ്പോഴേക്കും കുട്ടിപ്പെണ്ണിന്‌ വയസ്സ്‌ 18 കഴിഞ്ഞിരുന്നു. തലയും മുലയും വളര്‍ന്നു വലുതായി കൂര നിറഞ്ഞു നില്‍ക്കുന്ന മകളെ കാണുമ്പോള്‍ നിര്‍ദ്ധനരായ മാതാപിതാക്കള്‍ക്ക്‌ മനസ്സില്‍ തീയായിരുന്നു. ഭാഗ്യവശാല്‍ ലോറി ഡ്രൈവറായ തങ്കപ്പന്‍ ഒരുനാള്‍ ആരും അറിയാതെ കുട്ടിപ്പെണ്ണിനെയും കൂട്ടി നാടുവിട്ടു. ദൂരെയുള്ള വേറെ ഒരു ദേശത്തു ചെന്ന്‌ ചെറിയ ജോലികള്‍ ചെയ്‌ത്‌ ജീവിച്ചുപോന്നു.

ധനികനായ കുട്ടിച്ചേട്ടന്റെ പുരയിടത്തില്‍ ഒരു ചെറിയ വെട്ടിക്കെട്ട്‌ ഉണ്ടാക്കി താമസിച്ച്‌ കുട്ടിച്ചേട്ടനുവേണ്ടിയും തങ്കപ്പന്‍ പണി ചെയ്‌തുപോന്നു. രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്കൊരു മകളും ജനിച്ചു. ചെറുപ്പകാലത്തു ചെവിയിലുണ്ടായ ഇന്‍ഫക്ഷന്‌ ശരിയായ ട്രീറ്റ്‌മെന്റ്‌ ചെയ്യാതിരുന്നതുകൊണ്ട്‌ ആ കുഞ്ഞിന്റെ കേള്‍വി നഷ്‌ടപ്പെട്ടുപോയി. അങ്ങനെ അവളെ മറ്റുള്ളവര്‍ പൊട്ടിപ്പെണ്ണെന്നു വിളിച്ചിരുന്നു. വീണ്ടും രണ്ടു മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തങ്കപ്പന്‍ ഒരു ലോറി ആക്‌സിഡന്റില്‍പ്പെട്ടു മരിച്ചുപോയി. മറ്റെങ്ങും പോകാന്‍ ഇടമില്ലാത്തതിനാലും കുട്ടിച്ചേട്ടന്‍ സഹായിക്കാമെന്നു പറഞ്ഞതിനാലും കുട്ടിപ്പെണ്ണ്‌ അവിടെത്തന്നെ കഴിഞ്ഞുകൂടി. കുട്ടിച്ചേട്ടന്റെ പാടത്തും ഒക്കെയായി അവള്‍ പലപ്പോഴും വേല ചെയ്‌തുപോന്നു. പിന്നെ കുട്ടിച്ചേട്ടന്റെ ഇടയ്‌ക്കിടെയുള്ള ശാരീരികാവശ്യങ്ങളും അവള്‍ നിറവേറ്റിക്കൊടുക്കേണ്ടി വന്നു. അങ്ങനെ നിസ്സഹായാവസ്ഥയില്‍ തന്നെത്തന്നെ ത്യജിച്ച്‌ മകളെ വളര്‍ത്തുന്ന കുട്ടിപ്പെണ്ണിന്റെ കഥ ദയനീയം തന്നെ യാണ്‌. അങ്ങനെ പോകവേ ഒരു ദിവസം സന്ധ്യാസമയം :-

വെട്ടിക്കാട്ടില്‍ കുട്ടിച്ചേട്ടന്‍
പട്ടിക്കുട്ടിയുമായിട്ടെത്തി
പൊട്ടിപ്പെണ്ണിനെ തട്ടിവിളിച്ചി
ട്ടഷ്‌ടിയ്‌ക്കെന്തുണ്ടെന്നു തിരക്കി

പൊട്ടിപ്പെണ്ണു വിളിച്ചു പറഞ്ഞു
കുട്ടിച്ചേട്ടന്‍ വന്നിട്ടുണ്ട്‌
വെട്ടിക്കെട്ടിന്നുള്ളില്‍ നിന്നും
കുട്ടിപ്പെണ്ണതു കേട്ടെന്നോതി

കട്ടന്‍ കാപ്പിയും കപ്പപ്പുട്ടും
പെട്ടെന്നവളങ്ങെത്തിച്ചവിടെ
കുട്ടിച്ചേട്ടന്‍ കപ്പ കഴിച്ചു
പട്ടിയ്‌ക്കിച്ചീര ഇട്ടുകൊടുത്തു


പൊട്ടിപ്പെണ്ണും കപ്പ കഴിച്ചു

കട്ടന്‍ കാപ്പി കുടിച്ചില്ലവള്‌
പെട്ടന്നവളുടെ കാലില്‍ തട്ടി
പൊട്ടിപ്പോയാ കപ്പപ്പാത്രം

കുട്ടിപ്പെണ്ണതു കണ്ടിട്ടുടനേ
പൊടിയ്‌ക്കിട്ടൊരു തട്ടു കൊടുത്തു
പൊട്ടിപ്പെണ്ണു കരഞ്ഞു തുടങ്ങി
കുട്ടിച്ചേട്ടന്‍ പൊക്കിയെടുത്തു

പൊട്ടിപ്പെണ്ണിന്‍ കരച്ചിലൊതു
ക്കീട്ടൊപ്പിയെടുത്താ കണ്ണീര്‍ കണങ്ങള്‍
പട്ടിക്കുട്ടിയും വാലിട്ടാട്ടി
പൊട്ടിപ്പെണ്ണിനെ നക്കിയുറക്കി!

പിന്നീടവിടെ നടന്നവയൊന്നും
പബ്ലിക്കായി പറയുന്നില്ല
പൊട്ടിപ്പെണ്ണൂടുണര്‍ന്നിട്ടിനിയും
ബാക്കിക്കാര്യം പിന്നെപ്പറയാം

രീതി: ഓട്ടംതുള്ളല്‍
കുട്ടിപ്പെണ്ണിന്റെ ദയനീയകഥ (മിനിക്കഥയും കവിതയും: വി.ജെ. മാത്യൂസ്‌, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക