Image

ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല, കേസിനെ പേടിയുമില്ല: ബിനോയി ചെറിയാന്‍

Malayalam Pathram and Emalayalee exclusive Published on 03 June, 2013
ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല, കേസിനെ പേടിയുമില്ല: ബിനോയി ചെറിയാന്‍

'ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല, കേസിനെ പേടിയുമില്ല, ഇന്ത്യയിലെ കോടതിയിലും നീതിന്യായ വ്യവസ്ഥിതിയിലും പൂര്‍ണ വിശ്വാസമുണ്ട്'- വിമാനത്താവളത്തില്‍ ക്യൂ തെറ്റിച്ചതിനെ തുടര്‍ന്ന് രഞ്ജിനി ഹരിദാസുമായി വിവാദത്തിലായ ബിനോയി ചെറിയാന്‍ പറഞ്ഞു.

തന്റെ മുഖമടച്ച് അടിക്കണമായിരുന്നു എന്ന് രഞ്ജിനി പറഞ്ഞതായി മാധ്യമങ്ങളില്‍ കണ്ടു. ഓരോരുത്തരുടെ സംസ്‌കാരമാണ് അത്തരത്തില്‍ സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നത്. നിയമം കയ്യിലെടുക്കാമെന്നും, മറ്റൊരാളെ ആക്രമിക്കാമെന്നുമൊക്കെ പറയുന്നതില്‍ പന്തികേടുണ്ട്. അത്തരം പ്രസ്താവനയോട് പ്രതികരിക്കാന്‍ തനിക്കാവില്ല.

തന്നെ തേവിടിശ്ശി എന്ന് ബിനോയി വിളിച്ചുവെന്ന് രഞ്ജിനി പറഞ്ഞതായി ചൂണ്ടിക്കാട്ടിയപ്പോള്‍ സംഭവങ്ങളെല്ലാം കണ്ടും കേട്ടും നിന്ന ജനങ്ങളും ഉദ്യോഗസ്ഥരമുണ്ടെന്ന് ബിനോയി പറഞ്ഞു. അത്തരം പദങ്ങള്‍ ഉപയോഗിക്കുക തന്റെ വഴക്കമല്ല. രണ്ട് സഹോദരിമാരുടെ ഏക സഹോദരനാണ് താന്‍. അതുപോലെ തനിക്ക് രണ്ട് പെണ്‍മക്കളാണ്. അതിനാല്‍ തന്നെ സ്ത്രീയെ ബഹുമാനത്തോടെയെ കാണാന്‍ സാധിക്കൂ.

എന്താണ് സംഭവിച്ചതെന്ന് സിസിടിവിയില്‍ ഉണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പോലീസിന്റേയും ഉദ്യോഗസ്ഥരുടേയും റിപ്പോര്‍ട്ടുണ്ട്. അവയിലൊക്കെ തനിക്ക് വിശ്വാസമുണ്ട്. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ എന്നാണല്ലോ ചൊല്ല് തന്നെ.

ക്യൂ തെറ്റിക്കുന്നത് ചോദ്യം ചെയ്തപ്പോള്‍ തന്നെ തല്ലാനൊരുങ്ങി എന്നാണല്ലോ പറഞ്ഞത് എന്ന ചോദ്യത്തിന് തന്റെ ശരീരത്ത് സ്പര്‍ശിക്കുന്നത് സിസിടിവിയില്‍ കാണാമെന്നായിരുന്നു മറുപടി. അത്തരമൊരു പെരുമാറ്റം അംഗീകരിക്കാനാവില്ല.

തങ്ങള്‍ കൊടുത്ത കേസിനു പുറമെ ക്യൂ തെറ്റിച്ചതിനു രഞ്ജിനിക്കെതിരെ പോലീസ് സ്വമേധയാ കേസ് എടുത്തിട്ടുണ്ടെന്ന് ബിനോയി പറഞ്ഞു. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. പക്ഷെ ആര്‍ക്കും അതേപ്പറ്റിയൊന്നും അറിയില്ലെന്നതാണ് വസ്തുത. എന്തായാലും ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിയമത്തെപ്പറ്റിയും ക്യൂ പാലിക്കേണ്ടതിനെപ്പറ്റിയുമൊക്കെ ജനങ്ങളില്‍ കൂടുതല്‍ അവബോധം ഉണ്ടായതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.

നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന് ക്യൂ നില്‍ക്കാമെങ്കില്‍ മറ്റുള്ളവര്‍ക്കും ആകാം.

കയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നതും അങ്ങനെ പറയുന്നതുമൊന്നും മാന്യതയല്ല. കുറ്റകരവുമാണ്. പരാതിയുണ്ടെങ്കില്‍ അധികൃതരെ സമീപിക്കാം.

എന്തായാലും കേസിലൊന്നും പേടിയില്ല. അനീതി ചെയ്യാനോ, തെറ്റായി എന്തെങ്കിലും നേടാനോ ഒരാഗ്രഹവുമില്ല. അതിനാല്‍ അനീതി കാണുമ്പോള്‍ എതിര്‍ക്കുന്നതില്‍ പേടിക്കാനുമില്ല. ഇല്ലെങ്കില്‍ പിന്നെ രാജ്യത്തോടും നിയമത്തോടുമുള്ള പ്രതിബദ്ധതയ്ക്ക് എന്ത് അര്‍ത്ഥം?

ഭാര്യയ്ക്ക് തന്റെ സ്വഭാവം അറിയാം. അതിനാല്‍ വിവാദമൊന്നും കുടുംബത്തില്‍ പ്രശ്‌നമായില്ല. ചെല്ലുന്നിടത്തൊക്കെ ആളുകള്‍ ഇതേപ്പറ്റി ചോദിക്കുന്നു. എല്ലാവരേയും രക്ഷിക്കാനൊന്നും തനിക്കാവില്ലായിരിക്കാം. പക്ഷെ നിശബ്ദനാക്കാനും പറ്റില്ല. പേടിച്ച് മാളത്തില്‍ ഒളിക്കാന്‍ തനിക്കാവില്ല.

ക്യൂവില്‍ നില്‍ക്കാതെ ഇറങ്ങിപ്പോരാന്‍ തക്ക സ്വാധീനം തനിക്കും ഉണ്ടായിരുന്നു. എന്നിട്ടും അസുഖം ബാധിച്ച രണ്ട് കുട്ടികളോടും മൈഗ്രെയിന്‍ മൂലം വലയുന്ന ഭാര്യയോടും കൂടി ക്യൂവില്‍ നില്‍ക്കാനാണ് തയാറായത്.

സംഭവം കഴിഞ്ഞയുടന്‍ ബിനോയി രഞ്ജിനിയെ അടിച്ചു എന്നു പറഞ്ഞാണ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നത്. അതില്‍പ്പരം ഒരു മാനഹാനി ഉണ്ടാകുവാനുണ്ടോ. തേജോവധം ചെയ്തശേഷം എന്തു കോംപ്രമൈസ്. അല്ലെങ്കില്‍ മാധ്യമങ്ങളിലൂടെ പരസ്യമായി ക്ഷമാപണം നടത്തിയാല്‍ അന്ന് ആലോചിക്കാം. അസുഖം ബാധിച്ച ഭാര്യയോടും കുട്ടികളോടും കൂടി അഞ്ചുമണിക്കൂറാണ് പോലീസ് സ്റ്റേഷനില്‍ നിന്നത്. മാനഹാനി, പണനഷ്ടം, ഒരു വെക്കേഷന്‍ നശിപ്പിച്ചത്. ഇതൊക്കെയാണ് മറക്കേണ്ടത്. സിനിമയില്‍ അഞ്ഞൂറാന്‍ ചോദിച്ചപോലെ 'എന്തൊക്കെയാണ് താന്‍ മറക്കേണ്ടത്?'

ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്തപ്പോള്‍ ഒരു സോറി പറഞ്ഞാല്‍ പ്രശ്‌നം തീരുമായിരുന്നു. അതിനു പകരം 'യു. ഷട്ടപ്പ്, ഇഡിയറ്റ്്, ബസ്റ്റാര്‍ഡ് തുടങ്ങിയ പ്രയോഗങ്ങള്‍ ഉണ്ടായി. അതൊന്നും അംഗീകരിക്കാനാവില്ല.

പ്രവാസികളില്‍ ഗള്‍ഫില്‍ നിന്നുള്ളവരാണ് തനിക്ക് ഏറ്റവും കരുത്തുറ്റ പിന്തുണയുമായി വന്നത്. അവരോടുള്ള ഉദ്യോഗസ്ഥരുടേയും സെലിബ്രിറ്റികളുടേയും പെരുമാറ്റം കാണുമ്പോള്‍ സങ്കടം തോന്നും. രാജ്യത്ത് ഏറ്റവും അധികം സേവനം നല്‍കുന്നവരാണവര്‍.
എന്തായാലും തനിക്ക് പിന്തുണയുമായെത്തിയവരെ അവഹേളിച്ച് ഒരു ഒത്തുതീര്‍പ്പിനും താന്‍ പോകില്ല. തൂക്കിക്കൊല്ലാന്‍ വകുപ്പുണ്ടെങ്കില്‍ അങ്ങനെയാകട്ടെ. കോടതിയില്‍ നിന്ന് സമന്‍സ് ഒന്നും കിട്ടിയില്ലെന്നും മടക്കയാത്രയ്ക്ക് പ്രശ്‌നമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ബിനോയി പറഞ്ഞു.

ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല, കേസിനെ പേടിയുമില്ല: ബിനോയി ചെറിയാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക