Image

യോങ്കേഴ്‌സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ ഓണാഘോഷം വന്‍വിജയം

ജോയിച്ചന്‍ പുതുക്കുളം Published on 28 September, 2011
യോങ്കേഴ്‌സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ ഓണാഘോഷം വന്‍വിജയം
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ പത്തിന്‌ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 12.30-ന്‌ 1500 സെന്‍ട്രല്‍ പാര്‍ക്ക്‌ അവന്യൂവിലുള്ള യോങ്കേഴ്‌സ്‌ പബ്ലിക്‌ ലൈബ്രറിയില്‍ വെച്ച്‌ നടക്കിയ ഓണാഘോഷം വന്‍ വിജയമായിരുന്നു. കഴിഞ്ഞകാലത്തെ ഭിന്നതകള്‍ മറന്ന്‌ ജാതിമതഭേദമെന്യേ സമീപവാസികളായ മലയാളികള്‍ കുടുംബസമേതം വന്ന്‌ പങ്കെടുത്തു എന്നുള്ളത്‌ എടുത്തുപറയത്തക്ക കാര്യമാണ്‌. അന്നേദിവസം സമീപ പ്രദേശങ്ങളില്‍ പലയിടത്തും ഓണാഘോഷപരിപാടികള്‍ ഉണ്ടായിരുന്നിട്ടുകൂടി സംഘടനാ ഭാരവാഹികള്‍ പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികം ജനങ്ങള്‍ വന്നു പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്‌തത്‌ സംഘടനയുടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക്‌ താത്‌പര്യം ജനിച്ചിരിക്കുന്നു എന്നതിന്‌ തെളിവാണ്‌.

വിഭവസമൃദ്ധമായ സദ്യയ്‌ക്കുശേഷം ചെണ്ടമേളങ്ങളുടേയും താലപ്പൊലിയേന്തിയ വനിതകളുടേയും അകമ്പടിയോടെ മഹാബലി തമ്പുരാനെ അര്‍ഹിക്കുന്ന വിധത്തില്‍ വരവേല്‍പ്‌ നല്‍കുകയുണ്ടായി. പ്രസ്‌തുത കാഴ്‌ച കാണാന്‍ മറ്റ്‌ രാജ്യങ്ങളില്‍ നിന്നും കുടിയേറിയിട്ടുള്ള അമേരിക്കക്കാരും സന്നിഹിരായിരുന്നു.

അസോസിയേഷന്റെ പ്രസിഡന്റ്‌ എം.കെ. മാത്യൂസ്‌ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. മിനി സാബു ആയിരുന്നു മാസ്റ്റര്‍ ഓഫ്‌ സെറിമണി ആയി പ്രവര്‍ത്തിച്ചത്‌. അസോസിയേഷന്റെ ബോര്‍ഡ്‌ ചെയര്‍മാന്‍ ജോര്‍ജ്‌ ഉമ്മന്‍ 9/11 -ന്‌ മരണമടഞ്ഞവര്‍ക്കുവേണ്ടി പ്രത്യേക അനുസ്‌മരണാ പ്രസംഗം നടത്തുകയും അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്‌തു.

യോങ്കേഴ്‌സ്‌ സിറ്റി കൗണ്‍സിലിന്റെ മെനോറിറ്റി ലീഡറും, യോങ്കേഴ്‌സ്‌ സിറ്റി മേയറായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌ത ജോണ്‍ മര്‍ട്ടാഗ്‌ ഓണാഘോഷ പരിപാടികള്‍ നിലവിളക്ക്‌ കൊളുത്തി ഉദ്‌ഘാടനംചെയ്‌തു. അദ്ദേഹം തന്റെ പ്രസംഗത്തില്‍ താന്‍ മേയറായി ജയിക്കുന്നപക്ഷം മഹാബലിയുടെ കാലത്തെപ്പോലെയുള്ള ഒരു ഭരണം കാഴ്‌ചവെയ്‌ക്കാന്‍ ശ്രമിക്കുമെന്നും മഹാബലിയുടെ ചരിത്രം ഇന്നത്തെ ഭരണകര്‍ത്താക്കള്‍ക്ക്‌ ഒരു മാതൃകയാക്കാവുന്നതാണെന്നും പറയുകയുണ്ടായി. തുടര്‍ന്ന്‌ അദ്ദേഹം സംഘടനയ്‌ക്ക്‌ യോങ്കേഴ്‌സ്‌ സിറ്റി മേയറുടെ അംഗീകരാപത്രവും, പ്രവാസി എഴുത്തുകാരനും, നോവലിസ്റ്റുമായ ജോര്‍ജ്‌ കുര്യന്‍ തുടങ്ങിയവര്‍ക്ക്‌ മേയറുടെ പ്രത്യേക സര്‍ട്ടിഫിക്കറ്റുകളും നല്‍കുകയുണ്ടായി.

അര്‍ഹതയുള്ള നിരവധി പേര്‍ക്ക്‌ സിറ്റിയുമായി ബന്ധപ്പെട്ട്‌ അര്‍ഹിക്കുന്ന അംഗീകാരം വാങ്ങിക്കൊടുക്കുന്നതിന്‌ സംഘടനാ ഭാരവാഹികള്‍ക്ക്‌ കഴിയുന്നുണ്ട്‌ എന്നുള്ളത്‌ സംഘടനയ്‌ക്കുതന്നെ അഭിമാനിക്കാവുന്നതാണ്‌.

തുടര്‍ന്ന്‌ റവ.ഫാ. സജി അമായില്‍ ഓണസന്ദേശം നല്‍കുകയും മലയാളികളുടെ ഇടയില്‍ സ്‌നേഹവും സാഹോദര്യവും ഊട്ടിവളര്‍ത്തേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പറയുകയുണ്ടായി. വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ന്യൂയോര്‍ക്ക്‌ റീജിയന്‍ ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി, ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ വിന്‍സെന്റ്‌ സിറിയക്‌, റവ.ഡോ. വര്‍ഗീസ്‌ ഏബ്രഹാം എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രസിഡന്റ്‌ റോയി എണ്ണശ്ശേരില്‍, ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സില്‍ ഓഫ്‌ യോങ്കേഴ്‌സ്‌ പ്രസിഡന്റ്‌ ഹരിസിംഗ്‌ തുടങ്ങി സമൂഹത്തില്‍ അറിയപ്പെടുന്ന നിരവധി പേര്‍ പങ്കെടുത്തു.

നാട്യമുദ്ര സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സിന്റെ പ്രിന്‍സിപ്പലും സ്ഥാപകയുമായ ലിസാ ജോസഫിന്റെ നേതൃത്വത്തില്‍ ഹെലിയാനി പൗലോസ്‌, മേഘാ ജോര്‍ജ്‌ എന്നീ കുട്ടികളുടെ ഭരതനാട്യവും ജസീക്ക, ദിവ്യ, ഷാന്‍, നീന, എലിസബത്ത്‌ എന്നീ കുട്ടികളുടെ സെമി ക്ലാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സും കാണികള്‍ക്ക്‌ ഹരംപകര്‍ന്നു. സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എയിലൂടെ പ്രസിദ്ധനായ മനോജിന്റെ മധുരഗാനം കാണികള്‍ക്ക്‌ ഹരംപകര്‍ന്നു. തുടര്‍ന്ന്‌ ക്യാപ്‌റ്റന്‍ മാത്യു ഫിലിപ്പിന്റെ നേതൃത്വത്തില്‍ വള്ളംകളിയും വഞ്ചാപ്പാട്ടും പരിപാടികള്‍ക്ക്‌ കൊഴുപ്പേകി.

ക്യാപ്‌റ്റന്‍ മാത്യു ഫിലിപ്പ്‌ നിമിഷനേരംകൊണ്ട്‌ നിര്‍മ്മിച്ച ഓണപ്പൂക്കളം ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റി.

സംഘടനാ ഭാരവാഹികളായ രാജു സക്കറിയ, സാക്ക്‌ തോമസ്‌, ജോര്‍ജ്‌ ഉമ്മന്‍, ജോര്‍ജുകുട്ടി ഉമ്മന്‍, സി. ജോയി പുളിയനാല്‍, മോളി ഫിലിപ്പ്‌, റോയി മാത്യു, വിന്‍സെന്റ്‌ പോള്‍, ക്യാപ്‌റ്റന്‍ മാത്യു ഫിലിപ്പ്‌, ഏലിയാസ്‌ വര്‍ക്കി തുടങ്ങിയവര്‍ ഓണാഘോഷപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. മലയാളി സമൂഹത്തില്‍ `മഹാബലി' എന്ന്‌ അറിയപ്പെടുന്ന ജോയി പുളിയനാല്‍ ആയിരുന്നു മഹാബലിയായി വേഷമിട്ടത്‌. സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എയുടെ ഡയറക്‌ടര്‍കൂടിയായ ഏലിയാസ്‌ വര്‍ക്കി സംഘടനയുടെ മീഡിയാ കോര്‍ഡിനേറ്റര്‍ കൂടിയാണ്‌.

സൗഹൃദബന്ധങ്ങള്‍ പുതുക്കുന്നതിനും, പൂര്‍വ്വകാല സ്‌മരണകള്‍ അയവിറക്കുന്നതിനും, കുട്ടികളില്‍ നമ്മുടെ സംസ്‌കാരത്തിന്റെ വിത്തുകള്‍ പാകുന്നതിനും, അതോടൊപ്പം കൂട്ടായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ അമേരിക്കന്‍ മുഖ്യധാരയില്‍ കടന്നു ചെല്ലുന്നതിനും സിറ്റിയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിനും, തങ്ങള്‍ അധിവസിക്കുന്ന സിറ്റി അധികൃതരുടെ ശ്രദ്ധപിടിച്ചുപറ്റുന്നതിനും, തങ്ങളില്‍ ഉറങ്ങിക്കിടന്നിരുന്ന കലാവാസനകളെ പുനരുജ്ജീവിപ്പിക്കുന്നതിനും ഈ അന്യനാട്ടിലും നാമൊരു ശക്തിയാണെന്നുള്ള ധാരണ വളര്‍ത്തിയെടുക്കുന്നതിനും ഇത്തരത്തിലുള്ള പരിപാടികളിലൂടെ സാധിച്ചു എന്നുള്ളത്‌ സംഘടനയെ സംബന്ധിച്ചടത്തോളം അഭിമാനകരമാണ്‌. സംഘടിക്കാനും പ്രവര്‍ത്തിക്കാനും കിട്ടുന്ന ഇത്തരത്തിലുള്ള അവസരങ്ങള്‍ നാം പാഴാക്കാതെ വിനിയോഗിക്കാന്‍ ശ്രമിച്ചാല്‍ സമീപ ഭാവിയില്‍ നമ്മുടെ സമൂഹത്തിന്‌ സ്‌പാനീഷുകാരേയും, ചൈനീസുകാരേയും, അഫ്രിക്കക്കാരേയും പോലെ അമേരിക്കന്‍ മുഖ്യധാരയില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നതിനും ഉന്നതസ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധിക്കും എന്നുള്ളതില്‍ സംശയമില്ല.

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സിന്റെ സെക്രട്ടറി തോമസ്‌ കൂവള്ളൂര്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും മലയാളികള്‍ മാറിനില്‍ക്കാതെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തയാറായി മുന്നോട്ടുവരണമെന്ന്‌ അദ്ദേഹം തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ദേശീയ ഗാനത്തോടെ നാലുമണിക്ക്‌ പരിപാടികള്‍ സമാപിച്ചു. തോമസ്‌ കൂവള്ളൂര്‍ അറിയിച്ചതാണിത്‌.
യോങ്കേഴ്‌സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ ഓണാഘോഷം വന്‍വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക