Image

മരതക വീണ: ഡോ. പി.സി. നായര്‍ വിവര്‍ത്തനം ചെയ്ത ചൈനീസ് കവിതകള്‍

Published on 04 June, 2013
മരതക വീണ: ഡോ. പി.സി. നായര്‍ വിവര്‍ത്തനം ചെയ്ത ചൈനീസ് കവിതകള്‍
അവതാരിക: സുഗതകുമാരി

നമുക്ക് ഏതാണ്ട് അപരിചിതമാണ് ചൈനീസ് കവിതാലോകം. പേള്‍ബക്കിന്റെ നോവലുകളിലൂടെ പഴയ ചീനയുടെ ജീവിതം നമുക്ക് സുവിദിതമാണ്. മാവോകാലഘട്ടം വന്നപ്പോഴുണ്ടായ ആഴമുള്ള മുറിവുകളും, പേള്‍ബക്ക് നമുക്ക് അനുഭവയോഗ്യമാക്കിത്തന്നു. അപ്പോഴും കവിതകള്‍ നമുക്കു ലഭ്യമായില്ല. ശ്രീ.പി.സി.നായര്‍ അദ്ദേഹത്തിന്റെ സ്വതന്ത്ര പരിഭാഷയിലൂടെ തികച്ചും അജ്ഞാതമായ ഒരു പഴയ ലോകമാണ് നമുക്കു മുന്നില്‍ തുറന്നിട്ടിരിക്കുന്നത്. ഇവ ചൈനീസില്‍ നിന്നും നേരിട്ടുള്ള തര്‍ജ്ജമല്ല. ഇംഗ്ലീഷ് പരിഭാഷകളില്‍ നിന്നുള്ളവയാണ്. രണ്ടുവട്ടം കൈമറിഞ്ഞു വന്നതിനാല്‍ ആദികവിതയുടെ രൂപഭാവങ്ങള്‍ക്ക് എത്രമാറ്റം സംഭവിച്ചിരിക്കാമെന്നൊക്കെ നമുക്ക് ഊഹിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. എങ്കിലും ഇതൊരു പുതിയ അനുഭവമാണ്. പഴയ ചീനച്ചക്രവര്‍ത്തിമാര്‍ നീരസം തോന്നിയാലുടന്‍ 'വെട്ടട്ടേ കഴുത്ത'് എന്നു കല്‍പിക്കുന്ന കാലം. അന്നും പ്രണയവും വിരഹവും പ്രകൃതി ലാവണ്യാസ്വാദനവും പ്രണയിനിയുടെ സൗന്ദര്യവര്‍ണ്ണനയും എല്ലാം, ഇന്നുള്ള എല്ലാം തന്നെ, ഉണ്ടായിരുന്നു.
പഴയ ചീനയുടെ കാല്‍പനിക ഭാവാവിഷ്‌ക്കാരങ്ങള്‍, അസാധാരണമായ ഇമേജുകള്‍, വിചിത്രകഥാരൂപങ്ങള്‍ എന്നിവ കൗതുകകരമാണ്. ഈ വരികള്‍ നോക്കുക.
'മഞ്ഞപ്പൂക്കളുള്ള കാട്ടുചെടി അരപ്പട്ടയായി അണിയുന്ന'പുരുഷന്‍, 'വ്യാഘ്രമാണദ്ദേഹത്തിന്റെ തോഴന്‍'. 'കാട്ടുകൊന്നപ്പൂക്കള്‍ കൊണ്ടലങ്കരിച്ച' രഥത്തിലാണ് സഞ്ചാരം. ആ ഏകാന്തപഥികന് രാജാക്കന്മാരുടെ നിലയിലേക്ക് അധഃപതിക്കാന്‍ വേണ്ട കരുത്തില്ലത്രേ!'
'ശോണനിറമാര്‍ന്ന ആകാശം
ഒരു മിന്നല്‍പ്പിണര്‍ പോലെ
അപ്രത്യക്ഷമായി.'
'ഞാനെന്റെ തംബുരു പെട്ടെന്നു മീട്ടാന്‍ തുടങ്ങി
മൃതരായവരെ ആരു രസിപ്പിക്കും?'
'ഒരു തരുണി സ്വപ്നത്തില്‍ നൂറ്റെടുത്ത നേര്‍ത്ത നൂലു
കൊണ്ടൊരു പാവാട തുന്നുന്നു
അവളുടെ സോദരിക്കായിരിക്കാം'
'കുത്തിയൊഴുക്ക് ഫണമുയര്‍ത്തിയാടുമ്പോള്‍
ജലനിരപ്പ് ഉയരുന്നു.'
ചീനക്കാരിയായ നെയ്ത്തുകാരി എന്ന കവിത തടാകമധ്യത്തിലെ ഒരു മാര്‍ബിള്‍ ശില്‍പത്തെക്കുറിച്ചുള്ളതാണ്. രാത്രി നക്ഷത്രെ പോലുള്ളൊരു സുന്ദരി ജലപ്പരപ്പില്‍ ഉയര്‍ന്നു നില്‍ക്കുന്നു. അവളുടെ സൗന്ദര്യത്തില്‍ മയങ്ങിയ ഓളങ്ങള്‍ പച്ചപ്പായലുകള്‍ കൊണ്ടൊരു പട്ടാട അവള്‍ക്കു വേണ്ടി നിര്‍മ്മിച്ചു ചാര്‍ത്തിക്കൊടുത്തിരിക്കുന്നു. നൂറ്റാണ്ടുകളായി അവളുടെ സൗന്ദ്യര്യം എല്ലാവര്‍ക്കുമായി സൗജന്യമായി വാരിവിതറിക്കൊണ്ട് അവള്‍ നിശ്ശബ്ദയായി ഉയര്‍ന്നു നില്‍ക്കുന്നു.
'സാന്ധ്യമഴയില്‍ മുഴങ്ങിയ ചേങ്ങലനാദം' പോലെ ഈ കവിതകള്‍ ഏതോ പുരാതനകാലത്തിന്റെ നഷ്ടസ്വപ്നങ്ങളെ നമുക്കുവേണ്ടി ചൊല്ലിത്തരുന്നു. ഇവ വായിച്ചപ്പോള്‍ ചീനക്കവിതയുടെ രാഗമെന്താവാം, താളമെന്താവാം, അറിയാനാവില്ലല്ലോ എന്നൊക്കെ എന്റെ മനസ്സ് വ്യാകുലമായി. എങ്കിലും ആ അജ്ഞാത മനോഹര ലോകത്തേയ്ക്ക് ഒരു കവാടം തുറന്നിട്ട പി.സി.നായര്‍ക്കു നന്ദി! അഭിനന്ദനങ്ങള്‍!
സുഗതകുമാരി

ഡോ.പി.സി.നായര്‍
അമേരിക്കയിലെ പല കോളേജുകളിലും ധനതത്വശാസ്ത്ര പ്രൊഫസറായിരുന്ന ശ്രീ.പി.സി.നായര്‍ തിരുവല്ലാ സ്വദേശിയാണ്. 1959-ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും എക്‌ണോമിക്‌സില്‍ ബി.എ. ഓണേഴ്‌സ് പാസ്സായി. ലോകപ്രസിദ്ധ ധനതത്വശാസ്ത്രജ്ഞനായ ഡോ. ഇ.എ.ജെ. ജോണ്‍സന്റെ കൂടെ കുറച്ചുകാലം ഡല്‍ഹിയില്‍ ജോലി നോക്കി. തുടര്‍ന്നു ഉപരിപഠനാര്‍ത്ഥം അമേരിക്കയിലേക്ക് പോയി. ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ.ബിരുദം നേടി. പിന്നീട് ധനതത്വശാസ്ത്രത്തില്‍ പി.എച്ച്.ഡി. ബിരുദവും സമ്പാദിച്ചു.
ഹെര്‍മന്‍ഹെസ്സെയുടെ വിഖ്യാതമായ 'സിദ്ധാര്‍ത്ഥ'യും ഇബ്‌സന്റെ Master Builder ഉം (ശ്രേഷ്ഠശില്പി) മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. 1985-ല്‍ വാഷിങ്ടണില്‍ വെച്ചു നടന്ന ലോകമലയാള സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്നു. വെര്‍ജീനിയയില്‍ സ്ഥിരതാമസം. അമേരിക്കന്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇംഗ്ലീഷിലും എഴുതാറുണ്ട്.
മരതക വീണ: ഡോ. പി.സി. നായര്‍ വിവര്‍ത്തനം ചെയ്ത ചൈനീസ് കവിതകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക