Image

സമ്മര്‍ദ ന്യൂനപക്ഷ രാഷ്ട്രീയം അതിര് കടക്കുമ്പോള്‍! (ജോസ് കല്ലിടിക്കില്‍)

ജോസ് കല്ലിടിക്കില്‍, ചിക്കാഗോ Published on 07 June, 2013
സമ്മര്‍ദ ന്യൂനപക്ഷ രാഷ്ട്രീയം അതിര് കടക്കുമ്പോള്‍! (ജോസ് കല്ലിടിക്കില്‍)
ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഭൂരിപക്ഷ-ന്യൂനപക്ഷ അംഗങ്ങളുടെ അനുപാതം ഒരു വിവാദമായിരുന്നില്ല. എന്നാല്‍ മുസ്ലീംലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങി അവര്‍ക്ക് ഒരു അഞ്ചാം മന്ത്രികൂടി അനുവദിച്ചത് ഭൂരിപക്ഷ മതസ്ഥരില്‍ കടുത്ത അതൃപ്തിയും വിദ്വേഷത്തിനും കാരണമാക്കി. യു.ഡി.എഫ് ഗവണ്‍മെന്റിന്റെ നിലനില്‍പിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തുടര്‍ന്നുള്ള നേതൃത്വത്തിനും വലിയൊരു പ്രതിസന്ധിയാണ് ഈ തീരുമാനം സൃഷ്ടിച്ചത്. ഇപ്പോള്‍ ഉടലെടുത്തിരിയ്ക്കുന്ന രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശന തടസ്സം ഈ പ്രതിസന്ധി വീണ്ടും രൂക്ഷമാക്കിയിട്ടുണ്ട്.

വിവാദങ്ങളും പ്രതിസന്ധികളും ഒരു തുടര്‍ക്കഥ പോലെ പിന്‍തുടരുമ്പോഴും തന്റെ വികസന സ്വപ്നങ്ങളും, ജനഹിത കര്‍മ്മ പരിപാടികളുമായി ദൃഢനിശ്ചയത്തോടുകൂടി മുന്നോട്ട് പോകുവാന്‍ മുഖ്യമന്ത്രിയ്ക്കു കഴിയുന്നുവെന്നത് ആശ്ചര്യമാണ്. ബഹുഭൂരിപക്ഷം കേരള ജനതയും കോണ്‍ഗ്രസസ് നേതൃത്വത്തിനും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയിലും ഹൃദയശുദ്ധിയിലുമുള്ള ഉറച്ച വിശ്വാസമാണ് ഉമ്മന്‍ചാണ്ടിയുടെ കരുത്ത്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയ്ക്ക് ലഭിച്ച യു.എന്‍. അംഗീകാരം ഉമ്മന്‍ചാണ്ടിയുടെ വിശ്രമം കൂടാതെയുള്ള പ്രവര്‍ത്തന ശൈലിയ്ക്ക് അനുകരണത്തിനും, പുതിയൊരു രാഷ്ട്രീയ പ്രവണതയ്ക്കും വഴിതെളിയ്ക്കാം. യഥാര്‍ത്ഥത്തില്‍ അരനൂറ്റാണ്ടിലധികം ജനമദ്ധ്യത്തില്‍ അവരിലൊരാളായി സദാ ജീവിച്ച് യാതൊരു വിധപ്രതിഫല ഇച്ഛയും കൂടാതെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്വകാര്യവും പൊതുവായതുമായ പ്രശ്‌നപരിഹാരത്തിനായി യന്തിച്ച സമാനതകളില്ലാത്തൊരു വ്യക്തിത്വത്തിനുള്ളൊരു അംഗാകാരമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് ലഭിച്ചത്.

ലീഗിന് നല്‍കിയ അഞ്ചാം മന്ത്രിസ്ഥാനം യു.ഡി.എഫ് ഗവണ്‍മെന്റിന്റെ പ്രതിച്ഛായയ്ക്ക് സാരമായ മങ്ങല്‍ ഏല്‍പിച്ചു. ഈ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ച ലീഗ് നേതൃത്വത്തിന്റെ അവകാശവാദത്തോട് കേരള ജനത പൊതുവേ വിയോജിച്ചു. ന്യൂനപക്ഷ സമ്മര്‍ദത്തിന് മുഖ്യമന്ത്രി വഴങ്ങുന്നുവെന്നും, ഭൂരിപക്ഷ മതസ്ഥര്‍ അവഗണിയ്ക്കപ്പെടുന്നുവെന്നുമുള്ള എന്‍.എസ്സ്.എസ്സ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ ആരോപണം സമൂഹത്തിന്റെ കൂടെ വികാരമായി മാറി. ഈ പൊതുവികാരമാകാം ലീഗ് മന്ത്രിമാരുടെ നടപടികള്‍ സൂക്ഷമമായി നിരീക്ഷിയ്ക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികളേയും, മാധ്യമങ്ങളേയും ജനങ്ങളേയും പ്രേരിപ്പിച്ചത്. അത്തരത്തിലുള്ള നിരീക്ഷണത്തിന്റെ ഫലമായാണ് മുസ്ലീം മതസ്ഥരുടെ നിയന്ത്രണത്തിലുള്ള നിരവധി സ്വകാര്യ മത ന്യൂനപക്ഷങ്ങള്‍ക്കും, ഇതര വിഭാഗങ്ങള്‍ക്കും പ്രത്യേക അവകാശങ്ങളും, സംരക്ഷണവും ഭരണഘടനയില്‍ നല്‍കിയിട്ടുള്ളത്, സാമൂഹ്യ, സാംസ്‌ക്കാരിക, വിദ്യാഭ്യാസ, മേഖലകളില്‍ പ്രസ്തുത വിഭാഗങ്ങള്‍ അഭിമുഖീകരിയ്ക്കുന്ന പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ്. നിലവിലെ കേരള സമൂഹത്തെ മുന്‍വിധികള്‍ കൂടാതെയും, നിഷ്പക്ഷമായും നിരീക്ഷിച്ചാല്‍ ഭൂരിപക്ഷ ഹിന്ദു മതസ്ഥരും, ന്യൂനപക്ഷ മുസ്ലീം- ക്രിസ്ത്യന്‍ മതസ്ഥരും തമ്മില്‍ പ്രകടമായ അന്തരം നിലനില്‍ക്കുന്നില്ലെന്ന് ബോധ്യമാകും, സമ്പന്നരും, ഇടത്തരക്കാരും, ദരിദ്രരും എല്ലാ വിഭാഗത്തിലുമുണ്ട്. വിദ്യാഭ്യാസ സൗകര്യം ആദിവാസി മേഖലകളിലേയ്ക്ക് കൂടി വ്യാപിപ്പിയ്ക്കുവാന്‍ കഴിഞ്ഞാല്‍ പൂര്‍ണ്ണ സാക്ഷരതാ സംസ്ഥാനം എന്ന സങ്കല്പവും യാഥാര്‍ത്ഥ്യമാകും. ഈ സാഹചര്യത്തില്‍ സമൂഹത്തെ വിഘടിപ്പിയ്ക്കുന്ന ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യസ്ഥ പരിഗണനകള്‍ തുടരുന്നതിന്റെ ഔചിത്യത്തെക്കുറിച്ച് ഒരു പുനര്‍ചിന്തനും അനിവാര്യമാണ്. ഇതര സംസ്ഥാനങ്ങളിലെ സ്ഥിതി കേരളത്തില്‍ നിന്നും വ്യത്യസ്ഥമാണ്.

കേരളത്തിലെ വിദ്യാഭ്യാസ, ആരോഗ്യ പരിരക്ഷണ, സാമൂഹ്യ രംഗങ്ങളില്‍ സാമുദായിക സ്ഥാപനങ്ങള്‍ വിശിഷ്യാ ന്യൂനപക്ഷ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള മഹത്തായ സംഭാവനകള്‍ ഏക്കാലവും സ്മരിയ്ക്കപ്പെടേണ്ടിയതാണ്. ലാഭേച്ഛ കൂടാതെ സേവനം മുഖമുദ്രയാക്കി പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനങ്ങള്‍ സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകങ്ങളായി വര്‍ത്തിച്ചിരുന്ന സാമുദായിക, സ്ഥാപനങ്ങളിലേറെയും ഇപ്പോള്‍ ലാഭം മാത്രം മുഖ്യ ലക്ഷ്യമാക്കിയിട്ടുള്ള വ്യവസായ സംവാദങ്ങളായി പരിണമിച്ചിരിയ്ക്കുന്നു വെന്നതാണ് വാസ്തവം. സാമുദായ അംഗങ്ങള്‍ക്കെല്ലാം അവകാശപ്പെട്ട പൊതുസ്വത്തെന്നും കരുതപ്പെടുന് സാമുദായിക സ്ഥാപനങ്ങള്‍ യഥാര്‍ത്ഥത്തില്‍ സാമുദായിക നേതാക്കളുടെ സ്വകാര്യ സ്വത്തെന്നതുപോലെയാണ് നടത്തപ്പെടുന്നത്. സാമുദായിക സംവരണത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചിലര്‍ക്ക് ലഭിയ്ക്കുന്ന അഡ്മിഷനുകള്‍ക്കപ്പുറം ബഹുഭൂരിപക്ഷം സാധാരണക്കാരായ സാമുദായംഗങ്ങള്‍ക്ക് ഇത്തരം സ്ഥാപനങ്ങളില്‍ വേണ്ടത്ര പരിഗണന ലഭിയ്ക്കാറില്ല.
സാമുദായിക സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ സ്വജനപക്ഷപാതത്തിനും, അഴിമതിയ്ക്കുമുള്ള അവസരമായി അധഃപതിച്ചിരിയ്ക്കുന്നു. കഴിവും, സാമ്പത്തിക പിന്നോക്കാവസ്ഥയും പലപ്പോഴും അവഗണിയ്ക്കപ്പെടുന്നു. സാമുദായംഗങ്ങളുടെ വോട്ടിംഗ് പവറിന്റെ ബലത്തില്‍ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും വില പേശി നേടുന്ന ഉന്നത സര്‍ക്കാര്‍ പദവികളിലേറെയും നേതാക്കളുടെ ഇംഗിതത്തിനനുസരിച്ച് വിതരണം ചെയ്യപ്പെടുന്നു.

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക