Image

കുവൈത്തും കാനഡയും വ്യാപാര, നിക്ഷേപ കരാറില്‍ ഒപ്പുവെച്ചു

Published on 28 September, 2011
കുവൈത്തും കാനഡയും വ്യാപാര, നിക്ഷേപ കരാറില്‍ ഒപ്പുവെച്ചു
കുവൈത്ത് സിറ്റി: വ്യാപാര, നിക്ഷേപ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കരാറില്‍ കുവൈത്തും കാനഡയും ഒപ്പുവെച്ചു. കാനഡയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ അഹ്മദ് അസ്വബാഹും കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറുമാണ് കരാറില്‍ ഒപ്പുചാര്‍ത്തിയത്.

ഫോറിന്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ആന്‍റ് പ്രൊട്ടക്ഷന്‍ ട്രീറ്റി എന്ന പേരിലുള്ള കരാര്‍ പ്രകാരം വിദേശി നിക്ഷേപകര്‍ക്ക് സ്വദേശി നിക്ഷേപകരുടെ അതേ പരിഗണന ലഭിക്കും. ഇടക്കുവെച്ച് നിക്ഷേപകരെ ഒഴിവാക്കേണ്ടിവരികയാണെങ്കില്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയേ അത് ചെയ്യാനാവൂ. അപ്പോഴും അന്താരാഷ്ട്ര നിലവാരമനുസരിച്ചുള്ള പരിഗണന നിക്ഷേപകര്‍ക്ക് ലഭിക്കുകയും ചെയ്യും.
കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധം മെച്ചപ്പെടുത്തുമെന്ന് ഹാര്‍പര്‍ അഭിപ്രായപ്പെട്ടു. കുവൈത്തിലെ ഉല്‍പാദന, അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കാനഡക്കാര്‍ക്ക് വന്‍ അവസരങ്ങളാണ് തുറന്നുകിടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമീപകാലത്തായി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വളര്‍ച്ചയുടെ പാതയിലാണ്. 129 മില്യണ്‍ ഡോളറിന്‍െറ വ്യാപാരമായിരുന്നു കഴിഞ്ഞവര്‍ഷം ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്. ഇത് കൂടുതല്‍ മെച്ചപ്പെടുത്താന്‍ കരാര്‍ ഉപകരിക്കും. എയര്‍ലൈന്‍ രംഗത്ത് സഹകരണം മെച്ചപ്പെടുത്തുന്ന കാര്യവും ഇരുപ്രധാനമന്ത്രിമാരും ചര്‍ച്ച ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക