Image

ബേക്കര്‍ സ്‌കൂള്‍ 40 വര്‍ഷത്തിന്റെ ഓര്‍മ്മകള്‍: സപ്ന അനു ബി. ജോര്‍ജ്‌

സപ്ന അനു ബി. ജോര്‍ജ്‌ Published on 08 June, 2013
ബേക്കര്‍ സ്‌കൂള്‍ 40 വര്‍ഷത്തിന്റെ ഓര്‍മ്മകള്‍: സപ്ന അനു ബി. ജോര്‍ജ്‌
സൌഹൃദങ്ങള്‍ക്കു ചെങ്കോല്‍ നീട്ടിത്തന്ന ഫെയ്‌സ്ബുക്കിനും, ഇന്നത്തെ ത്വരിത വാര്‍ത്താ വിനിമയ സഹായിയായ ഇമെയിലിനും എസ്സ് എം എസ്സിനും, എത്ര നന്ദി പറഞ്ഞാലും തീരില്ല എന്നു തന്നെ. അത്രമാത്രം സഹായസഹകരണം നടത്തി 40 വര്‍ഷത്തിനു ശേഷം1 മുതല്‍ 4 വരെ പഠിച്ചിരുന്ന സഹപാഠികളെ കണ്ടുപിടിക്കാന്‍.

എല്ലാത്തിനും മുന്നോടിയായി ഒരു ഇമെയില്‍ എത്തി, ഇത് എന്റെ കൂടെ ബേക്കര്‍ സ്‌കൂളില്‍ പഠിച്ചിരുന്ന കൂട്ടുകാരി സപ്നയാണോ, ഇതു റ്റിറ്റി തോമസ് ആണ്? അതെ.... എന്ന മറുപടി കൊണ്ടെത്തിച്ചത് ഒരുപറ്റം നല്ല സുഹൃത്തുക്കളിലേക്ക്. ശോഭയും പ്രകാശും, പിന്നെ എന്നെന്നും എന്റെ സ്വന്തം എന്നു പറയാനായി എത്തിയ മിനി ചാക്കോ, ഇന്നത്തെ മിനി ബിനോയ്. പിന്നീട് ഒന്നൊന്നായി ഓരോരുത്തരായി അടുത്തെത്തി.

പേരെടുത്തു ഞാന്‍ പറയുബോള്‍ എന്നും ഓര്‍ക്കുന്നത്, അല്ലെങ്കില്‍ ആദ്യം മനസ്സില്‍ വരുന്നത് എന്റെ ഈ കൊച്ചുസ്‌കൂള്‍! ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍, കോട്ടയം. നെഴ്‌സറി മുതല്‍ 4 വരെയുള്ള ക്ലാസ്സുകളില്‍, ഇന്നും എന്റെ മനസ്സില്‍ നിന്നു മായാത്ത മുഖങ്ങള്‍; മിനി, അനില/സുനില (ഇരട്ടകള്‍ ) ഷേബ, സുരേഷ്, മിനി മത്തായി, മിനി ജോണ്‍, മീര, ലക്ഷ്മി, സൂസന്‍, ശോശാമ്മ, മെറി, പേരോര്‍ക്കാത്ത ഒരു പറ്റം മുഖങ്ങള്‍!! . മൂന്നാം ക്ലാസ്സില് കുറച്ചു നാള് ബോര്‍ഡിംഗില്‍ നിന്നതിന്റെ ഓര്‍മ്മകള്‍. ഇരുട്ടിനെ എന്നും പേടിച്ചിരുന്ന ഞാന്‍ രാത്രിയില്‍ അടുത്തു കിടന്നിരുന്ന, പേരോര്‍ക്കാത്ത ഏതോ ഒരു കൂട്ടുകാരിയുടെ കയ്യും പിടിച്ചാണ് ഉറങ്ങിയിരിന്നത്. ഡോര്‍മിറ്ററിയില്‍ നിന്നു ഇത്തിരി നടന്നു വേണം മെസ്സിലേക്കു പോകാന്‍. അവിടെയും, കൈപിടിച്ചു നടന്നു പോയ എന്റെ പേരറിയാത്ത കൂട്ടുകാരി.

നാലാം ക്ലാസ്സ് കഴിയുമ്പോള്‍ ആണ്‍കുട്ടികള്‍ വേറെ സ്‌കൂകൂളുകളിലേക്ക് പോകുന്നു. അതിനുമുന്‍പ് ഒരു ഫോട്ടോ എടുത്തിരുന്നു. എന്നോ എന്റെ കയ്യില് സ്‌കാന്‍ ചെയ്ത് ഞാന്‍ വെച്ചിരുന്നു. നഷ്ട്‌പ്പെട്ടുപോയ ആ ഫോട്ടൊയ്ക്കു വേണ്ടി ഞാന്‍ ഇന്നും പരതുന്നു എന്റെ വീടും, അലമാരികളും.

ബേക്കര്‍ സ്‌കൂളിന്റെ അലുംനൈ ഒത്തുചേരല്‍! മറ്റുള്ളവര്‍ക്കു മുന്നില്‍ ആകെ തമാശ രൂപത്തില്‍ പരിണമിക്കപ്പെട്ട ഒരു മീറ്റ്. 1970 ല്‍ ഒരുമിച്ചു പഠിച്ചു എന്ന സന്തോഷത്തില്‍ ഓരോ പൊട്ടുംപൊടിയും ഓര്‍ത്തെടുത്ത, എന്റെ മനസ്സിന്റെ വികാരങ്ങളെ എല്ലാവരും അംഗീകരിക്കണം എന്നില്ല എന്നു ഞാന്‍ ഓര്‍ത്തില്ല.

എന്റെ ഫെയ്‌സ് ബുക്കിലെ സമയങ്ങള്‍ അതിനു മാത്രമായിത്തന്നെ ചിലവിട്ടു, പേരോര്‍ക്കുന്ന എല്ലാവരെയും കണ്ടുപിടിക്കാനായി!.എന്നാല്‍ ഫെയ്‌സ്ബുക്ക് ഇന്നും സാധാരണക്കാരനു അന്യമാണ്, വിവരദോഷികള്‍ അത് പെണ്ണുങ്ങള്‍ക്കും, കൌമാരക്കാര്‍ക്കും അഴിഞ്ഞാടാനുള്ള ഒരുതട്ടകം എന്നു മുദ്രകു കുത്തിയിരിക്കുന്നു. എന്തിനും ഏതിനും തെറ്റുകുറ്റങ്ങള്‍ മാത്രം കാണാറുള്ളവര്‍ കൗമാര പ്രായക്കാരായവരെയും അവരുടെ മക്കളുടെ ദൂരെ ദൂരെയുള്ള ബന്ധുക്കാരുടെ കുട്ടികളെവരെ 'ഫെയ്‌സ്' പോയിട്ട് 'ബുക്കുപോലും പറയാന്‍ സമ്മതിക്കാറില്ല. ഒറ്റവാക്കില്‍ ഉത്തരം എത്തിച്ചേരും.'കെട്ടിച്ചു വിടുന്ന വീട്ടുകാര്‍ക്കും ഭര്‍ത്താവിനും ഇതൊക്കെ ഇഷ്ടപ്പെടുമൊ എന്നാര്‍ക്കറിയാം'!

ഇതിനിടയില്‍ എത്തിയ ബിനുവിന്റെ മെസ്സേജ് ഫെയ്‌സ് ബുക്കില്‍ നിന്നും തന്നെ ഫോണില്‍ എത്തി. ഞാന്‍ ഇന്നു രാവിലെ കുറച്ചു പേരോടു സംസാരിച്ചിരുന്നു അവരുടെ പേരുകളും ഫോണ്‍ നംബരുകളും തരട്ടെ? നീ വിളിക്കുമൊ?. ഫോണെടുത്ത് നേരെ നെറ്റ് വര്‍ക്ക് ഓണാക്കി. എന്നിട്ട് ഒറ്റയടിക്ക് കോപ്പിപേസ്റ്റ്' നേരെ മെസ്സേജ് പേജിലേക്ക്! വീണ്ടും നെറ്റ് വര്‍ക്ക ഓഫ് ചെയ്തു. പേരിലൂടെ മാത്രം ഓര്‍മ്മയുടെ പോപ്പ് സിംഗര്‍ അവിനാഷിനെയും, ലക്ഷ്മിയുടെ സഹോദരന്‍ രാജേഷിനെയും, മരിച്ചു പോയി എന്നു ഞങ്ങള്‍ക്കെല്ലാം അറിയാവുന്ന ജയശ്രീയെയും ഓര്‍ത്തു എല്ലാവരും. എങ്കിലും മനസ്സില്‍ ഒരു സൌഹൃദത്തിന്റെ മൈന കൂകിവിളിച്ചോ അതോ, പച്ചിലകൂടെ ഇടയിലെ കരിയിലകള്‍ക്കു മഞ്ഞച്ചുണ്ടുകളുടെ നിറ വ്യത്യാസം എന്റെ സ്വപ്നചിന്തകള്‍ ചേത്തുതുന്നിയതാണോ ആവോ!

എല്ലാവര്‍ക്കും ചേര്‍ത്തയച്ച മെസ്സേജിനു ആരുംതന്നെ മറുപടി അയക്കില്ല എന്നു തീര്‍ത്തും അറിയാമായിരുന്നു. എങ്കിലും പ്രതീക്ഷ കൈവിടാന്‍ തയ്യാറല്ലാത്തെ എന്റെ മനസ്സ് ആരുടെയും എക്‌സ്യൂസുകള്‍ക്ക് വിലനല്കിയില്ല. ആരോടു ചോദിച്ചാലും ഒരേ ഉത്തരം.'പിള്ളാരെല്ലാവരും പ്രായമായി, കല്യാണപ്രായമായ പെമ്പിള്ളേരും, മക്കളും ഒക്കെയുള്ള നമ്മള്‍ ഫെയ്‌സ്ബുക്കില്‍ കയറി കിന്റര്‍ഗാര്‍ ട്ടന്‍ സ്‌കൂളില്‍ പഠിച്ച സഹപാഠികളുമായി സൌഹൃദ സംഭാഷണത്തിലേര്‍പ്പെടാന്‍ എല്ലാവര്‍ക്കും ചമ്മലും നാണവും. ഇനി അതിനു പരിഹാരം എവിടുന്നുണ്ടാക്കും? വാക്കുതര്‍ക്കത്തിലൂടെ ഏതെങ്കിലും ഒരുകാലത്ത് ബുദ്ധിയുപദേശിക്കാം എന്നു കരുതാം. സൌഹൃദ സത്യവാദി ദേവിദേവന്മാരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും!

എല്ല കടമ്പകളും കടന്ന് ഒടുവില്‍ എല്ലാവരും തീരുമാനിച്ചുറച്ചു 2012 ആഗസ്റ്റ് 4 നു കോട്ടയത്തു സ്‌കൂളില്‍ ഒരുമിച്ചെത്തുക. തിരുവനന്തപുരത്തുനിന്നും ഞാനും ഷേബയും ഒരുമിച്ചുവരാം എന്നു സമ്മതിച്ചു. പേരുപോലും ഓര്‍ത്തില്ലെങ്കിലും വഴിയിലുടനീളം സംസാരവും ഫോണ്‍ വിളികളിലൂടെയും പലരെയും കണ്ടുപിടിച്ചു. കോട്ടയത്തെത്തി സ്‌കൂളിന്റെ പടിക്കലോളം വണ്ടിയില്‍ച്ചെന്നിറങ്ങിയപ്പോള്‍ അവിടെ മെറിയും ബി നുവും പിന്നെ ഒന്നുരണ്ടൂ പരിചിതമുഖങ്ങളും. കൂടെയെത്തിയ മനോരമ പത്രക്കാരുടെ വകയായി എല്ലാവരും ഒരു ബോര്‍ഡില്‍ ഒപ്പിടലും മറ്റുമായി ആകെപ്പാടെ എല്ലാവരുടെയും സന്തോഷം വളരെ പ്രകടമായിരുന്നു.

സ്‌കൂളിന്റെ വാര്‍ഷികപരിപാടിയില്‍ ഏതെങ്കിലും ഒരു പൂര്‍വ്വവിദ്ധ്യാര്‍ഥിയെ വിളിക്കുക പതിവാണ്. ആ ചടങ്ങില്‍ ഇനി മുതല്‍ ഈ അലുംനൈയിലുടെ സ്‌കൂളിലെ കുട്ടികളെ സാമ്പത്തികമായി സഹായിക്കാനും തീരുമാനം എടുത്തു. ഒരു ചെറിയ ചായസല്‍ക്കാരത്തോടെ അവസാനിച്ച ഒത്തുചേരല്‍ 2013 ജൂലൈ മാസത്തില്‍ കൂടുതല്‍ ആള്‍ക്കാരെ കാണാനായും കണ്ടുപിടിക്കാനായി കൂട്ടുചേരാം എന്നു തീരുമാനത്തില്‍ പിരിഞ്ഞു
www.sapnageorge.com
ബേക്കര്‍ സ്‌കൂള്‍ 40 വര്‍ഷത്തിന്റെ ഓര്‍മ്മകള്‍: സപ്ന അനു ബി. ജോര്‍ജ്‌ ബേക്കര്‍ സ്‌കൂള്‍ 40 വര്‍ഷത്തിന്റെ ഓര്‍മ്മകള്‍: സപ്ന അനു ബി. ജോര്‍ജ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക