Image

സമ്മര്‍ദ ന്യൂനപക്ഷ രാഷ്ട്രീയം അതിര് കടക്കുമ്പോള്‍! ( 2)- ജോസ് കല്ലിടിക്കില്‍,

ജോസ് കല്ലിടിക്കില്‍, ചിക്കാഗോ Published on 08 June, 2013
സമ്മര്‍ദ ന്യൂനപക്ഷ രാഷ്ട്രീയം അതിര് കടക്കുമ്പോള്‍! ( 2)- ജോസ് കല്ലിടിക്കില്‍,
ജനാധിപത്യമൂല്യങ്ങള്‍ പരിഗണിയ്ക്കപ്പെടാതെ മത-സമുദായ നേതൃത്വത്തില്‍ അവരോധിയ്ക്കപ്പെടുന്നവരില്‍ ഏറെയും ജീവിതാന്ത്യം വരെ അത്തരം പദവി നിലനിര്‍ത്താന്‍ എത്ര വില കുറഞ്ഞ മാര്‍ഗ്ഗവും അവലംബിയ്ക്കാന്‍ മടിയ്ക്കാറില്ല. ഇവരുടെ അഴിമതിയ്‌ക്കെതിരെ പ്രതികരിയ്ക്കുവാന്‍ ധൈര്യം പ്രകടിപ്പിയ്ക്കുന്നവര്‍ സാമൂഹ്യ വിരുദ്ധരും, മതനിഷേധികളുമായി മുദ്രകുത്തപ്പെട്ട് സമൂഹത്തില്‍ ഒറ്റപ്പെടുന്നു. മാനസികവും ശാരീരികവുമായ പീഢനത്തിനൊപ്പം മനുഷ്യാവകാശലംഘനങ്ങള്‍ക്കും ഇക്കൂട്ടര്‍ ഇരയാകാറുണ്ട്. മത-സാമുദായിക ശക്തികളുടെ നിയന്ത്രണത്തിനടിമപ്പെടുന്നൊരു സര്‍ക്കാരിന് ഇത്തരം അനീതിയ്ക്കും അക്രമങ്ങള്‍ക്കും എതിരെ പുറപ്പെടുവിയ്ക്കുന്ന കോടതി വിധികള്‍ പോലും നടപ്പിലാക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥ നേരിടേണ്ടിവരുന്നു. വ്യക്തികളുടെ മൗലികാവകാശങ്ങള്‍ വരെ നിഷേധിയ്ക്കപ്പെട്ടിട്ടുള്ള മത-സാമുദായിക നേതൃത്വങ്ങളുടെ ചെയ്തികളെക്കുറിച്ചുള്ള ഉത്തമബോധ്യമാകാം അധികാരത്തിലേറുന്നതിന് സാമുദായിക സംഘടനകളെ പ്രീണിപ്പിയ്ക്കുന്ന നയം ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും ഭൂഷണമല്ലെന്ന സത്യം ഗ്രഹിയ്‌ക്കെണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നുവെന്ന് മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മോ മെത്രാപ്പോലീത്താ ഉപദേശിച്ചത്.

രാഷ്ട്രീയ വില പേശലിലൂടെയും , സമ്മര്‍ദ തന്ത്രങ്ങളില്‍ കൂടിയും അനര്‍ഹമായ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാമെന്നും, എക്കാലവും അവ നിലനിര്‍ത്താമെന്നുള്ള ചില ന്യൂനപക്ഷ വിഭാഗങ്ങളുടെ ധാരണ വെറുമൊരു വ്യാമോഹം മാത്രമാണ്. താല്ക്കാലിക നേട്ടങ്ങള്‍ കൈവരിയ്ക്കാന്‍ കഴിയുന്ന ഇത്തരം തന്ത്രങ്ങള്‍ പില്‍ക്കാലത്ത് വലിയൊരു ബാധ്യതയും തിരിച്ചടിയുമായി ഭവിയ്ക്കും. അത്തരം അനുഭവങ്ങള്‍ നമുക്ക് മുമ്പില്‍ ഏറെയുണ്ട്.

മൊഴിചൊല്ലി വിവാഹമോചനം നേടുന്ന മുസ്ലീം പുരുഷന്മാര്‍ തങ്ങളുടെ മുന്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കും ജീവനാംശം നല്‍കുവാന്‍ ബാധ്യസ്ഥരാണെന്ന ഷാബാനു കേസ്സിലെ സുപ്രധാന സുപ്രീംകോടതി വിധി വിദ്യാസമ്പന്നരും, പുരോഗമനവാദികളുമായ മുസ്ലീം സമുദായംഗങ്ങള്‍ ഉള്‍പ്പെടെ ഇന്‍ഡ്യന്‍ ജനത പൊതുവേ സ്വാഗതം ചെയ്തു. എന്നാല്‍ ഈ വിധിയെക്കെതിരെ മുസ്ലീം പുരോഹിതരും, മൗലികവാദികളും ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. ഇന്‍ഡ്യന്‍ ഭരണഘടന നിലകൊള്ളുന്ന, സമത്വത്തിനും നീതിയ്ക്കും അനുസൃതമായി പുറപ്പെടുവിച്ച സുപ്രീം കോടതി വിധി ഒരു ഭരണഘടനാ ഭേദഗതി ബില്ലിലൂടെ അസാധുവാക്കാന്‍ രാജീവ് ഗാന്ധിയുടെ ഗവണ്‍മെന്റ് തയ്യാറായി. മന്ത്രിസഭയിലെ അംഗമായിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ എതിര്‍പ്പും രാജിയും പോലും അവഗണിച്ചാണ് നഗ്നമായൊരു മുസ്ലീം പ്രീണന നടപടിയ്ക്ക് അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ മുതിര്‍ന്നത്. മാധ്യമങ്ങളില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട ഈ വിഷയത്തിലെ ഗവണ്‍മെന്റ് നിലപാട് ധാര്‍മ്മികവും മാനുഷികവുമായ എല്ലാവിധ മൂല്യങ്ങളും അവഗണിച്ചു കൊണ്ടുള്ള വിലകുറഞ്ഞൊരു രാഷ്ട്രീയ അവസരവാദവും, പ്രീണനവുമായാണ് പൊതുവേ കരുതപ്പെട്ടത്. ബഹുഭൂരിപക്ഷം ഇന്‍ഡ്യന്‍ ജനതയേയും നിരാശ്ശരാക്കിയ രാജീവ്ഗാന്ധിയുടെ ഈ നടപടി നിരവധി യുവാക്കളേയും മദ്ധ്യവയസ്‌ക്കരേയും ബി.ജെ.പി.യിലേയ്ക്ക് ആകര്‍ഷിയ്ക്കാന്‍ കാരണമായി. ഏറെക്കാലം ശ്രദ്ധിയ്ക്കപ്പെടാതിരുന്ന അയോധ്യാ ക്ഷേത്രതര്‍ക്കത്തിലേയ്ക്ക് സാധാരണ ഹിന്ദുക്കളുടെ ശ്രദ്ധ തിരിയ്ക്കുവാനും കാരണമായത് കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ മുസ്ലീം പ്രീണന നടപടികളാണ്. അതുകൊണ്ടെത്തിച്ചതോ, വലിയൊരു ദുരന്തത്തിലേയ്ക്കും ഇപ്പോഴും ഉണങ്ങാത്ത മുറിവുകളിലേയ്ക്കും.

തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍, കര്‍ണ്ണാടക കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രമായിരുന്നു. അതിനാലാണ് 1977-ല്‍ അധികാരം നഷ്ടപ്പെട്ടതിനൊപ്പം റായ് ബെരേലിയില്‍ പരാജയവും നേരിട്ട ഇന്ദിരാഗാന്ധി ഒരു രാഷ്ട്രീയ തിരിച്ചുവരവിനായി കര്‍ണ്ണാടകത്തിലെ ചിക്മഗലൂരില്‍ നിന്നും ജനവിധി തേടിയത്. ലിങ്കായത്ത്, വോക്കലിഗാ എന്നീ പ്രബല ഹിന്ദു സമുദായംഗങ്ങളും, നിരവധി നഗരങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള മുസ്ലീം സമുദായവും നല്‍കിയിരുന്ന പിന്തുണയായിരുന്നു കോണ്‍ഗ്രസ്സിന്റെ കര്‍ണ്ണാടകത്തിലെ ശക്തിയുടെ അടിസ്ഥാനം 1969 ലെ കോണ്‍ഗ്രസ്സ് പിളര്‍പ്പ് കോണ്‍ഗ്രസ്സിന്റെ ലിങ്കായത്ത്-വൊക്കലിഗാ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കി. 1980 കളില്‍ കോണ്‍ഗ്രസ്സ്- ജനതാ എന്നീ പാര്‍ട്ടികള്‍ മാറിമാറി കര്‍ണ്ണാടക ഭരണം നിയന്ത്രിച്ചപ്പോള്‍ ബി.ജെ.പി.യ്ക്ക് അവിടെ വേണ്ടത്ര അടിത്തറ ഉണ്ടായിരുന്നില്ല. ഏതാണ്ട് നാല് എം.എല്‍.എമാര്‍ മാത്രമായി ഏ.കെ. സുബയ്യയുടെ നേതൃത്വത്തില്‍(ഇദ്ദേഹം പിന്നീട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു) മുഖ്യമായും ബ്രാഹ്മണ സമുദായത്തിന്റെ മാത്രം പിന്തുണയോടുകൂടി നിലകൊണ്ട ഈ പാര്‍ട്ടി ഒന്നര ദശാബ്ദത്തിനപ്പുറം ആദ്യം ജനതാദളുമായി കൂട്ടുചേര്‍ന്നും, പിന്നീട് ഒറ്റയ്ക്കും കര്‍ണ്ണാടകത്തില്‍ അധികാരത്തിലെത്തുമെന്ന് ബി.ജെ.പിയുടെ കടുത്ത ആരാധകര്‍ പോലും സങ്കല്‍പിച്ചിട്ടുണ്ടാകില്ല. കര്‍ണ്ണാടകത്തിലെ ബി.ജെ.പി.യുടെ വളര്‍ച്ചയ്ക്ക് ആധാരമായത് മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ ഉള്‍പ്പെടുന്ന ലിങ്കായത്ത് സമുദായത്തിനൊപ്പം ഇതര ഹിന്ദു വിഭാഗങ്ങളില്‍ നിന്ന് ആ പാര്‍ട്ടിയിലേയ്ക്കുണ്ടായൊരു വലിയ ഒഴുക്കാണ്. അതിന് കാരണമായതോ, ദേശീയ സംഭവങ്ങള്‍ക്കൊപ്പം, മുന്‍ കേന്ദ്രമന്ത്രി ജാഫര്‍ ഷെരീഫിന്റെ വ്യാപക അഴിമതിയിലും, സ്വജനപക്ഷപാത നടപടികളിലും കര്‍ണ്ണാടക ജനതയ്ക്കുണ്ടായ കടുത്ത അമര്‍ഷമാണ്. ബാംഗ്ലൂര്‍, ഹൂബ്ലി മുതലായ നഗരങ്ങളിലുണ്ടായ വര്‍ഗ്ഗീയ ലഹളകളും ഈ ഒഴുക്കിന് ശക്തി പകര്‍ന്നു.

കര്‍ണ്ണാടകമല്ല കേരളമെന്നും, രാഷ്ട്രീയ പ്രബുദ്ധരായ കേരള ജനത ഒരു വര്‍ഗ്ഗീയ കക്ഷീയെ പരീക്ഷിയ്ക്കുവാന്‍ തയ്യാറാകില്ലായെന്നും രാഷ്ട്രീയ നിരീക്ഷകരും, പ്രമുഖ കക്ഷി നേതൃത്വങ്ങളും വാദിച്ചേക്കാം. രാഷ്ട്രീയ ഭാഗദേയങ്ങള്‍ മാറ്റി മിറച്ചിട്ടുള്ള തരംഗങ്ങള്‍ സൃഷ്ടിയ്ക്കപ്പെട്ടത് ശക്തമായ രാഷ്ട്രീയ അടിത്തറകളുടെ പിന്‍ബലത്തിലല്ലെന്നത് ആന്ഡ്രായിലെ എ.എന്‍.റ്റഇ രാമറാവുവിന്റെയും ആസ്സാമിലെ എ.എന്‍.റ്റി രാമറാവുവിന്റെയും ആസ്സാമിലെ വറും ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്നും ഉടലെടുത്ത ഏ.ജി.പിയുടേയും തകര്‍പ്പന്‍ വിജയങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
എന്‍.എസ്സ്.എസ്സ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും മുസ്ലീം ലീഗും തമ്മില്‍ തുടരുന്ന തുറന്ന യുദ്ധവും, സാമുദായിക താല്പര്യം ലക്ഷ്യമാക്കിയുള്ള മുസ്ലീംലീഗ് മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ കേരള ജനതയില്‍ ഉറഞ്ഞുകൂടുന്ന വിദ്വേഷവും, എന്‍.എസ്സ്.എസ്സ്.എന്‍.ഡി.പി എന്നീ ഹിന്ദു സംഘടനകള്‍ തമ്മിലുണ്ടായിട്ടുള്ള പുതിയ അടുപ്പവും സൃഷ്ടിച്ചിരിയ്ക്കുന്നത് ബി.ജെ.പി.യ്ക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയ്ക്ക് അടുത്തയിടെ ശിവഗിരിയില്‍ ലഭിച്ച ഊഷ്മള വരവേല്‍പ് ശുഭസൂചകമായാണ് ബി.ജെ.പി. നേതൃത്വം കരുതുന്നത്. കോണ്‍ഗ്രസ്സിനുള്ളിലെ മറനീക്കി പുറത്തുവന്നിരിയ്ക്കുന്ന ഗ്രൂപ്പ് വൈര്യവും, അതിന് കൈവരിയ്ക്കാവുന്നൊരു വര്‍ഗ്ഗീയ പരിവേഷവും, യു.ഡി.എഫ് സഖ്യകക്ഷികള്‍ക്കിടയില്‍ നിലനില്ക്കുന്ന അനൈക്യവും, വ്യക്തിവിദ്വേഷവും, അപ്രസക്തമായി കഴിഞ്ഞ ഈര്ക്കിള്‍ പാര്‍ട്ടികളുടെ നിസ്സഹായവസ്ഥയും ഗുണം ചെയ്യുന്നത് ബി.ജെ.പിയ്ക്കാവും. ഹിന്ദു വികാരം വൃണപ്പെടുത്തുന്ന ചന്ദ്രികയില്‍ പ്രത്യക്ഷപ്പെട്ടതുപോലുള്ള പ്രകോപന ലേഖനങ്ങളും, മാറാട് പോലുള്ള മറ്റൊരു വര്‍ഗ്ഗീയ കലാപവും മറനീക്കിയൊരു ഹിന്ദു ഐക്യം രൂപപ്പെടുത്തുന്നതില്‍ കലാശിയ്ക്കും. ശക്തമായൊരു മതവികാര വേലിയേറ്റത്തില്‍ അണികളെ പിടിച്ചു നിര്‍ത്തുക കമ്മ്യൂണിസ്റ്റുകള്‍ക്കുപോലും ശ്രമകരമായിരിയ്ക്കുമെന്നാണ് ഉത്തരേന്ത്യയിലെ സോഷ്യലിസ്റ്റ് അനുഭാവികളിലുണ്ടാക്കിയ വര്‍ഗ്ഗീയ പരിണാമം സൂചിപ്പിയ്ക്കുന്നത്.

(അവസാനിച്ചു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക