Image

ലാദന്റ ചിത്രങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന്‌ യുഎസ്‌ (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 28 September, 2011
ലാദന്റ ചിത്രങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന്‌ യുഎസ്‌ (അങ്കിള്‍സാം വിശേഷങ്ങള്‍)
ന്യൂയോര്‍ക്ക്‌: അല്‍ക്വയ്‌ദ തലവന്‍ ഉസാമാ ബിന്‍ലാദനെ പാക്കിസ്ഥാനിലെ അബോട്ടാബാദിലെ ഒളിസങ്കേതത്തില്‍വെച്ച്‌ യുഎസ്‌ സൈന്യം വധിച്ചശേഷമെടുത്ത ചിത്രങ്ങള്‍ പുറത്തുവിടാനാവില്ലെന്ന്‌ യുഎസ്‌ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലാദന്റെ മരണശേഷമെടുത്ത ചിത്രങ്ങള്‍ പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ `ജുഡീഷ്യല്‍ വാച്ച്‌' എന്ന സാമൂഹിക സംഘടന വിവരാവകാശനിയമപ്രകാരം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ്‌ സര്‍ക്കാര്‍ കോടിതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്‌. സുരക്ഷാപരമായ കാരണങ്ങളാലാണ്‌ ചിത്രങ്ങള്‍ പുറത്തുവിടാന്‍ കഴിയാത്തതെന്നും നിയമവകുപ്പ്‌ വ്യക്തമാക്കി.

ലാദന്റെ മരണശേഷമുള്ള ചിത്രങ്ങള്‍ പുറത്തുവിടുന്നത്‌ അമേരിക്കയോടുള്ള വിദ്വേഷം വളരുന്നതിനും ആക്രമണം വര്‍ധിക്കുന്നതിനും കാരണമാകുമെന്നും നിയമവകുപ്പ്‌ വ്യക്തമാക്കിയിട്ടുണ്‌ട്‌. ലാദന്റെ മരണശേഷമെടുത്ത 52 ചിത്രങ്ങളും വീഡിയോയുമാണ്‌ സിഐഎയുടെ കൈവശമുള്ളത്‌.


ഹോളിവുഡില്‍ ഒബാമയുടെ പ്രസംഗം തടസ്സപ്പെട്ടു

വാഷിംഗ്‌ടണ്‍: അടുത്തവര്‍ഷം നടക്കുന്ന യുഎസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ ഫണ്‌ട്‌ ശേഖരണാര്‍ഥം ഹോളിവുഡിലെത്തിയ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുടെ പ്രസംഗം തടസ്സപ്പെട്ടു. തിങ്കളാഴ്‌ച രാത്രി ലോസ്‌എയ്‌ഞ്ചല്‍സിലെ ഹൗസ്‌ ഓഫ്‌ ബ്ലൂസ്‌ തിയറ്ററില്‍ നടന്ന ചടങ്ങില്‍ ഒബാമ നടത്തിയ പ്രസംഗമാണ്‌ തടസ്സപ്പെട്ടത്‌.

സദസ്സിന്റെ നിറഞ്ഞ കരഘോഷത്തിനിടെയായിരുന്നു ഒബാമ പ്രസംഗം ആരംഭിച്ചത്‌. എന്നാല്‍ പ്രസംഗം ആരംഭിച്ച ഉടനെ സദസ്സിന്റെ മുന്‍നിരയിലിരുന്ന ഒരാള്‍ ഉച്ചത്തില്‍ ബഹളം ആരംഭിച്ചു. ക്രിസ്‌തുമതവിശ്വാസികള്‍ക്ക്‌ ഒരു ദൈവമേ ഉള്ളൂവെന്നും അത്‌ യേശു ദേവനാണെന്നും ഒബാമ ക്രൈസ്‌തവ വിരുദ്ധനാണെന്നും ഇയാള്‍ വിളിച്ചുപറഞ്ഞു. സദസ്സിലുള്ളവര്‍ ഇയാളെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ ബഹളം വെച്ചതിനെത്തുടര്‍ന്ന്‌ സുരക്ഷാ സൈനികരെത്തി ഇയാളെ ഹാളിന്‌ പുറത്തേക്ക്‌ കൊണ്‌ടുപോയി. ബഹളംവെച്ചയാളെ തിരിച്ചിറിഞ്ഞിട്ടില്ല.

ലോകപ്രശസ്‌ത അമേരിക്കന്‍ കരടി `ഹോപ്‌' വേട്ടക്കാരന്റെ വെടിയേറ്റ്‌ മരിച്ചു

ന്യൂയോര്‍ക്ക്‌: ഇന്റര്‍നെറ്റിലൂടെ ജനിച്ച്‌ ലോകപ്രശസ്‌തനായ അമേരിക്കന്‍ കരടി `ഹോപ്‌' മിനസോട്ടയില്‍ വേട്ടക്കാരന്റെ വെടിയേറ്റു മരിച്ചു. ജനനം വെബ്‌ക്യാമിലൂടെ തത്സമയം സംപ്രേഷണം ചെയ്‌തതിലൂടെയാണ്‌ ഹോപ്‌ എന്ന അമേരിക്കന്‍ കരടി ലോകപ്രശസ്‌തനായത്‌.

കരടികളുടെ പെരുമാറ്റത്തെക്കുറിച്ച്‌ പഠനം നടത്തുന്ന യുഎസ്‌ ബയോളജിസ്റ്റായ ഡോ.ലിന്‍ റോജേഴ്‌സ്‌ ആണ്‌ ലില്ലി എന്ന കരടി ഹോപിന്‌ ജന്‍മം നല്‍കുന്നത്‌ ഇന്റര്‍നെറ്റിലൂടെ ലോകത്തെ കാണിച്ചത്‌. ബിബിസി നിര്‍മിച്ച `ദ്‌ ബിയര്‍ ഫാമിലി ആന്‍ഡ്‌ മി' എന്ന ഡോക്യുമെന്ററിയിലും നായനായിരുന്നു വെടിയേറ്റുമരിച്ച ഹോപ്‌. മിനസോട്ടയില്‍ ലൈസന്‍സുള്ളവര്‍ക്ക്‌ വിനോദസഞ്ചാരത്തിന്റെ ഭാഗമായി വേട്ടയാടാന്‍ അനുവാദമുണ്‌ടെങ്കിലും കോളര്‍ ഘടിപ്പിച്ച കരടികളെ വെടിവെയ്‌ക്കാന്‍ അനുവാദമില്ല. ഹോപിന്റെ മാതാവ്‌ ലില്ലിക്ക്‌ റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്‌ടെങ്കിലും ഹോപിന്‌ റേഡിയോ കോളര്‍ ഉണ്‌ടായിരുന്നില്ല. ഇതും മരണകാരണമായതാണ്‌ സൂചന.

വാഷിംഗ്‌ടണ്‍ സ്‌മാരകം ഉടന്‍ തുറക്കില്ല

വാഷിംഗ്‌ടണ്‍: ഓഗസ്റ്റിലെ ഭൂചലനത്തില്‍ കേടുപാടുകള്‍ സംഭവിച്ച ലോകത്തിലെ ഏറ്റവും വലിയ കല്‍സ്‌തൂപമായ വാഷിംഗ്‌ടണ്‍ സ്‌മാരകം പൊതുജനങ്ങള്‍ക്കായി ഉടന്‍ തുറന്നു കൊടുക്കില്ല. ഭൂചലനത്തില്‍ കെട്ടിടത്തില്‍ നിരവധി വിള്ളലുകള്‍ സംഭവിച്ചിട്ടുണ്‌ടെന്ന്‌ യുഎസ്‌ നാഷണര്‍ പാര്‍ക്‌ സര്‍വീസ്‌ അധികൃതര്‍ പറഞ്ഞു.

എന്നാല്‍ 555 അടി ഉയരമുള്ള കെട്ടിടത്തിന്റെ അടിസ്ഥാന ഘടനയില്‍ വലിയ കേടുപാടൊന്നും പറ്റിയിട്ടില്ലെന്നും എങ്കിലും വിദഗ്‌ധ പരിശോധനയ്‌ക്കുശേഷമെ സ്‌മാരകം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കൂവെന്നും അധികൃതര്‍ പറഞ്ഞു. കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ എപ്പോള്‍ നടത്തുമെന്നതിനെക്കുറിച്ച്‌ അടുത്ത മാസം പ്രഖ്യാപിക്കുമെന്ന്‌ നാഷണല്‍ മാള്‍ സൂപ്രണ്‌ട്‌ ബോബ്‌ വോഗല്‍ പറഞ്ഞു.

അമേരിക്കയുടെ ആദ്യ പ്രസിഡന്റായ ജോര്‍ജ്‌ വാഷിംഗ്‌ടണിന്റെ സ്‌മരണാര്‍ഥം 1884ലാണ്‌ സ്‌മാരകം സ്ഥാപിച്ചത്‌. ഓഗസ്റ്റ്‌ 23നാണ്‌ വാഷിംഗ്‌ടണ്‍ സ്‌മാരകത്തെ പിടിച്ചു കുലുക്കിയ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്‌ടായത്‌.

മൈക്കല്‍ ജാക്‌സന്റെ ഡോക്‌ടറുടെ വിചാരണ ആരംഭിച്ചു

ന്യൂയോര്‍ക്ക്‌: പോപ്‌ ഇതിഹാസം മൈക്കല്‍ ജാക്‌സണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അദ്ദേഹത്തിന്റെ പേഴസണല്‍ ഡോക്‌ടര്‍ കോണ്‍റാഡ്‌ മുറെയുടെ വിചാരണ ലോസ്‌എയ്‌ഞ്ചല്‍സില്‍ ആരംഭിച്ചു. മന:പൂര്‍വമല്ലാത്ത നരഹത്യക്കാണ്‌ മുറെയ്‌ക്കെതിരെ കേസ്‌ എടുത്തിരിക്കുന്നത്‌. മയങ്ങുന്നതിനുള്ള പ്രോപോഫോള്‍ അമിതമായി നല്‍കിയതാണ്‌ ജാക്‌സന്റെ മരണകാരണമെന്ന്‌ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

കേസില്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ മുറെയക്ക്‌ നാലുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. ഇതിനു പുറമെ മെഡിക്കല്‍ ലൈസന്‍സും റദ്ദാക്കപ്പെടും. കോടതി നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കുന്നതിനു പുറമെ ഓന്‍ലൈനിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നുമുണ്‌ട്‌. വിചാരണ ആരംഭിക്കുന്നതിന്‌ മുമ്പ്‌ തന്നെ നൂറുകണക്കിന്‌ ജാക്‌സണ്‍ ആരാധകര്‍ ലോസ്‌എയ്‌ഞചല്‍സിലെ കോടതിക്ക്‌ പുറത്ത്‌ തടിച്ചുകൂടിയിരുന്നു. വിചാരണ ആഴ്‌ചകളോളം നീണ്‌ടു നില്‍ക്കുമെന്നാണ്‌ കരുതുന്നത്‌.


യുഎസ്‌ പോസ്റ്റല്‍ സ്റ്റാമ്പുകളില്‍ ഇനി സെലിബ്രിറ്റികളും

ന്യൂയോര്‍ക്ക്‌: മരണമടഞ്ഞ മഹദ്‌ വ്യക്തിത്വങ്ങള്‍ക്ക്‌ മാത്രമെ പോസ്റ്റല്‍ സ്റ്റാമ്പില്‍ ചിത്രം കയറികൂടാന്‍ അര്‍ഹതയുള്ളൂ എന്ന ധാരണ തിരുത്തിയെഴുതുകയാണ്‌ യുഎസ്‌ പോസ്റ്റല്‍ വകുപ്പ്‌. ജീവിക്കുന്ന സെലിബ്രിറ്റികളുടെ ചിത്രമുള്ള സ്റ്റാമ്പുകള്‍ പുറത്തിറക്കാനാണ്‌ പോസ്റ്റല്‍ വകുപ്പിന്റെ പുതിയ തീരുമാനം. പ്രശസ്‌തരായ സംഗീതജ്ഞരുടെയും രാഷ്‌ട്രീയ നേതാക്കളുടെയുമെല്ലാം സ്റ്റാമ്പുകളായിരിക്കും ആദ്യഘട്ടത്തില്‍ പുറത്തിറക്കുക.

സാധാരണ പൗരന്‍മാരുടെ ചിത്രങ്ങളോടുകൂടിയ സ്റ്റാമ്പുകളും പിന്നീട്‌ പുറത്തിറക്കും. അതായത്‌ ആര്‍ക്കുവേണമെങ്കിലും സ്വന്തം ചിത്രം പതിച്ച സ്റ്റാമ്പൊട്ടിച്ച്‌ കത്തയക്കാം എന്നു സാരം. നിലവില്‍ മരണമടഞ്ഞ്‌ അഞ്ചുവര്‍ഷത്തിനുശേഷമെ സ്റ്റാമ്പില്‍ ചിത്രം വരാന്‍ മഹദ്‌വ്യക്തികള്‍ക്ക്‌ പോലും യോഗമുണ്‌ടായിരുന്നുള്ളു. നഷ്‌ടത്തിലോടുന്ന പോസ്റ്റല്‍ സര്‍വീസിനെ കരകയറ്റാനുള്ള ഭാഗമായാണ്‌ പുതി പരീക്ഷണം. പോസ്റ്റല്‍്‌ സ്റ്റാമ്പില്‍ ചിത്രം വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഇപ്പോള്‍ സ്വന്തം ഫോട്ടൊ പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യാനും സൗകര്യമൊരുക്കിയിച്ചുണ്‌ട്‌.

പേസ്‌മേക്കറിന്റെ ഉപജ്ഞാതാവ്‌ വില്‍സണ്‍ ഗ്രേറ്റ്‌ബാച്ച്‌ അന്തരിച്ചു

ന്യൂയോര്‍ക്ക്‌: മാറ്റിവെയ്‌ക്കാവുന്ന പേസ്‌മേക്കര്‍ കണ്‌ടുപിടിച്ച വില്‍സണ്‍ ഗ്രേറ്റ്‌ബാച്ച്‌(92) ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ അന്തരിച്ചു. 1960ലാണ്‌ ഹൃദയസ്‌പന്ദനം സാധാരണ നിലയിലാക്കാനുപകരിക്കുന്ന പേസ്‌മേക്കര്‍ എന്ന ഉപകരണം ഗ്രേറ്റ്‌ബാച്ച്‌ ആദ്യമായി മനുഷ്യരില്‍ ഉപയോഗിച്ചത്‌. ഇന്ന്‌ ലക്ഷക്കണക്കിനാളുകള്‍ ഇതിന്റെ ഗുണഭോക്താക്കളാണ്‌.

1960ല്‍ ബഫല്ലോയിലെ വെറ്ററന്‍സ്‌ അഫയേഴ്‌സ്‌ ആശുപത്രിയില്‍ 77കാരനായ ഹൃദ്രോഗിയിലാണ്‌ ഗ്രേറ്റ്‌ബാച്ച്‌ ആദ്യമായി പേസ്‌മേക്കര്‍ ഘടിപ്പിച്ചത്‌. പേസ്‌മേക്കര്‍ ഘടിപ്പിച്ച രോഗി 18 മാസം കൂടി സുഖമായി ജീവിച്ചു. കഴിഞ്ഞവര്‍ഷം പേസ്‌മേക്കര്‍ കണ്‌ടുപിടിച്ചതിന്റെ അമ്പതാം വാര്‍ഷികം ഗ്രേറ്റ്‌ബാച്ച്‌ ആഘോഷിച്ചിരുന്നു.

പേസ്‌മേക്കര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ബാറ്ററികള്‍ നിര്‍മിക്കുന്ന ഗ്രേറ്റ്‌ബാച്ച്‌ ലിമിറ്റഡ്‌ എന്ന കമ്പനിയും അദ്ദേഹം സ്ഥാപിച്ചിരുന്നു. 1983ല്‍ സൊസൈറ്റി ഓഫ്‌ പ്രൊഫഷണല്‍ എഞ്ചിനീയേഴ്‌സ്‌ കഴിഞ്ഞ അരനൂറ്റാണ്‌ടുകാലത്തെ മികച്ച പത്തു എഞ്ചിനീയറിംഗ്‌ കണ്‌ടുപിടുത്തങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ അതിലൊന്ന്‌ പേസ്‌മേക്കറായിരുന്നു.

ഇന്ത്യന്‍ വംശജരായ മൂന്ന്‌ ശാസ്‌ത്രജ്‌ഞര്‍ക്ക്‌ യുഎസില്‍ ഉന്നത ബഹുമതി

വാഷിംഗ്‌ടണ്‍: ശാസ്‌ത്രരംഗത്തെ മികച്ച സംഭാവനയ്‌ക്കു യുഎസ്‌ സര്‍ക്കാര്‍ നല്‍കുന്ന ഉന്നത ബഹുമതിക്ക്‌ അര്‍ഹരായ ശാസ്‌ത്രജ്‌ഞരില്‍ മൂന്ന്‌ ഇന്ത്യന്‍ വംശജരും. ശ്രീനിവാസ എസ്‌.ആര്‍.വര്‍ധന്‍, രാകേഷ്‌ അഗര്‍വാള്‍, ബി.ജയന്ത്‌ ബാലിഗ എന്നിവരാണ്‌ നേട്ടം കൈവരിച്ചത്‌. നാഷനല്‍ മെഡല്‍ ഓഫ്‌ സയന്‍സിന്‌ അര്‍ഹരായ ഏഴു ഗവേഷകരുടെ പട്ടികയിലാണ്‌ എസ്‌.ആര്‍.വര്‍ധനും ഉള്‍പ്പെട്ടത്‌. ന്യൂയോര്‍ക്ക്‌ സര്‍വകലാശാലയിലെ ഗവേഷകനാണ്‌ ഇദ്ദേഹം. കാന്‍പൂര്‍ ഐഐടിയിലെ പൂര്‍വവിദ്യാര്‍ഥിയാണ്‌.

ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ പൂര്‍വ വിദ്യാര്‍ഥികളായ രാകേഷും ജയന്തും ടെക്‌നോളജി ആന്‍ഡ്‌ ഇനോവേഷന്‍ മെഡലുകള്‍ക്കാണ്‌ അര്‍ഹരായത്‌. രാകേഷ്‌ പര്‍ദ്യു സര്‍വകലാശാലയിലും ജയന്ത്‌ വടക്കന്‍ കാരലിന സ്‌റ്റേറ്റ്‌ സര്‍വകലാശാലയിലും പ്രവര്‍ത്തിച്ചു വരുന്നു. ടെക്‌നോളജി ആന്‍ഡ്‌ ഇനോവേഷന്‍ മെഡലുകള്‍ക്ക്‌ ഇവരുള്‍പ്പെടെ അഞ്ചുപേരാണ്‌ ഇത്തവണ അര്‍ഹത നേടിയത്‌. വൈറ്റ്‌ ഹൗസില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക