Image

പ്രവാസികളുടെ ശബ്ദമായി ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സില്‍ നിലവില്‍ വന്നു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 29 September, 2011
പ്രവാസികളുടെ ശബ്ദമായി ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സില്‍ നിലവില്‍ വന്നു
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികള്‍ നയതന്ത്രകാര്യാലയങ്ങളില്‍നിന്നു നേരിടുന്ന അവഗണനകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുന്നതിനും, അവരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും ഉത്തരവാദിത്വബോധത്തോടെ, രാഷ്ട്രീയാതീതമായി പ്രവര്‍ത്തിക്കുന്നതിന്‌ ഒരു കൂട്ടം സാമൂഹ്യപ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ `ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സിലിന്‌' (IPAC) രൂപം നല്‍കി.

കാലാകാലങ്ങളായി അമേരിക്കന്‍ ഇന്ത്യക്കാര്‍, പ്രത്യേകിച്ച്‌ കേരളീയര്‍, നേരിട്ടുകൊണ്ടിരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുന്നതിനായി വിവിധ സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനകളും വ്യക്തികളും അവരുടേതായ രീതിയില്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളിലും മന്ത്രിതലങ്ങളിലും നിവേദനങ്ങള്‍ സമര്‍പ്പിക്കാറുണ്ടായിരുന്നെങ്കിലും, അവയെല്ലാം അവഗണിക്കപ്പെടുകയോ നിസ്സംഗത പാലിക്കുകയോ ചെയ്യുന്ന പ്രവണതയാണ്‌ നയതന്ത്ര ഉദ്യോഗസ്ഥ മേധാവികള്‍ ചെയ്‌തുവരുന്നത്‌. അക്കാരണംകൊണ്ടുതന്നെയാണ്‌ ഒരു ജനകീയ മുന്നേറ്റത്തിലൂടെ പ്രവാസികളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍വേണ്ടി ഒരുപറ്റം സാമൂഹ്യപ്രവര്‍ത്തകര്‍ ഒന്നിച്ചണിനിരന്ന്‌ പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചത്‌.

നാനാതുറകളില്‍പ്പെട്ട പ്രശസ്‌തരും പ്രഗത്ഭരുമായ നിരവധി പേര്‍ ഈ പ്രസ്ഥാനത്തിന്‌ പിന്തൂണ പ്രഖ്യാപിച്ച്‌ രംഗത്തെത്തിക്കഴിഞ്ഞു. കക്ഷിരാഷ്ട്രീയഭേദമന്യേ, സംഘടനാഭേദമന്യേ ഒരു കുടക്കീഴില്‍ അണിനിരക്കാമെന്ന ദൃഢപ്രതിജ്ഞയോടെയാണ്‌ എല്ലാവരും മുന്നോട്ടുവന്നിരിക്കുന്ന ത്‌. ചരിത്രത്തിലാദ്യമായി സാമൂഹ്യ-സാംസ്‌ക്കാരിക-മത സംഘടനകളും, പത്രമാധ്യമ പ്രവര്‍ത്തകരും ഒന്നിച്ചണിനിരക്കുന്ന അമേരിക്കയിലെ ഏക സംരംഭമാണെന്നുള്ള പ്രത്യേകതയും ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സില്‍ നേടി.ജാതി-മത-ദേശഭേദമന്യേ എല്ലാ പ്രവാസികള്‍ക്കും ഗുണകരമായ സൗജന്യസേവന പദ്ധതികളൂമായി ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ മുന്നോട്ടു പോകുമെന്ന്‌ എല്ലാവരും ഐകകണ്‌ഠ്യേന പ്രതിജ്ഞ ചെയ്‌തു.

പ്രസ്ഥാനത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി ഒരു അഡ്‌ഹോക്‌ കമ്മിറ്റിയും രൂപീകൃതമായി. ഡോ. ശ്രീധര്‍ കാവില്‍ (ന്യൂയോര്‍ക്ക്‌), അലക്‌സ്‌ കോശി വിളനിലം (ന്യൂജെഴ്‌സി), ജോണ്‍ സി. വര്‍ഗീസ്‌ (ന്യൂയോര്‍ക്ക്‌), തോമസ്‌ ടി. ഉമ്മന്‍ (ന്യൂയോര്‍ക്ക്‌), സുധ കര്‍ത്താ (ഫിലഡല്‍ഫിയ), സാം ഉമ്മന്‍ (കാലിഫോര്‍ണിയ), മൊയ്‌തീന്‍ പുത്തന്‍ചിറ (ന്യൂയോര്‍ക്ക്‌), ജിബി തോമസ്‌ (ന}ജെഴ്‌സി), മധു കൊട്ടാരക്കര (ന്യൂജെഴ്‌സി), ജോയിച്ചന്‍ പുതുക്കുളം (ചിക്കാഗോ), ജോര്‍ജ്ജ്‌ ജോസഫ്‌ (ന്യൂയോര്‍ക്ക്‌), ബാബു സക്കറിയ (ടെക്‌സാസ്‌), ബിജു തോമസ്‌ (ലാസ്‌ വേഗസ്‌), വിന്‍സന്‍ പാലത്തിങ്കല്‍ (വാഷിംഗ്‌ടണ്‍ ഡി.സി.), ടി. ഉണ്ണിക്കൃഷ്‌ണന്‍ (ഫ്‌ളോറിഡ), ഗ്ലാഡ്‌സണ്‍ വര്‍ക്ഷീസ്‌ (ഇല്ലിനോയ്‌), അനിയന്‍ ജോര്‍ജ്ജ്‌ (ന്യൂജെഴ്‌സി), തോമസ്‌ കൂവള്ളൂര്‍ (ന്യൂയോര്‍ക്ക്‌), സുഗണ ഞാറക്കല്‍ (ടെക്‌സാസ്‌), ഫിലിപ്പോസ്‌ ഫിലിപ്പ്‌ (ന്യൂയോര്‍ക്ക്‌), ജോസഫ്‌ ഔസോ (ലോസ്‌ ഏഞ്ചലസ്‌), വില്ലി ജേക്കബ്ബ്‌ (ലാസ്‌ വേഗസ്‌) എന്നിവരെയാണ്‌ വിവിധ കമ്മിറ്റികളുടെ ചുമതലകള്‍ ഏല്‌പിച്ചിരിക്കുന്നത്‌. മലയാളികളെ മാത്രമല്ല, എല്ലാ ഇന്ത്യന്‍ പ്രവാസികളേയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ്‌ ഈ പ്രസ്ഥാനം ലക്ഷ്യമിടുന്നത്‌.

മേഖലാടിസ്ഥാനത്തില്‍ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനും, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എല്ലാ പ്രവാസികളുടേയും പിന്തുണയും സഹകരണവും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ആദ്യ സംരംഭമെന്ന നിലയില്‍ സെപ്‌തംബര്‍ 30ന്‌ ഇന്ത്യന്‍ സ്ഥാനപതി നിരുപമ റാവുവിന്‌ പ്രവാസികളുടെ ആവശ്യങ്ങളടങ്ങുന്ന ഒരു നിവേദനം ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വെച്ച്‌ നല്‍കുന്നതായിരിക്കും. ഇന്ത്യാ ഗവണ്മെന്റിന്റെ അടിയന്തര ശ്രദ്ധക്കായി നിരവധി ആവശ്യങ്ങളാണ്‌ ആ നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. സുതാര്യമായ ഞങ്ങളൂടെ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണവിവരങ്ങള്‍ വെബ്‌സൈറ്റുവഴി നിങ്ങള്‍ക്ക്‌ ലഭിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ താല്‌പര്യമുള്ളവര്‍ pravasiaction@yahoogroups.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക