Image

പാട്രിക്ക്- അകാലത്തില്‍ പൊലിഞ്ഞ യുവപ്രതിഭ

പി.പി.ചെറിയാന്‍/emalayalee exclusive Published on 12 June, 2013
പാട്രിക്ക്- അകാലത്തില്‍ പൊലിഞ്ഞ യുവപ്രതിഭ
മനുഷ്യജീവിതം വിലയിരുത്തപ്പെടുന്നത് ലഭിച്ച ആയുസ്സില്‍ ചെയ്ത പ്രവര്‍ത്തകളെ അടിസ്ഥാനമാക്കിയാണ്. ആയുസ്സിന്റെ ദൈര്‍ഘ്യം എത്രമാത്രമായിരുന്നുവെന്നതു ഒരു നിര്‍ണ്ണായക ഘടകമല്ല. ജനനവും മരണവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ജനനത്തിന്റേയും, മരണത്തിന്റേയും ഇടയിലുള്ള ഒരു ചെറിയ കാലഘട്ടമാണ് ജീവിതം.

നിരവധി താളുകള്‍ ഉള്ള ഒരു നോവല്‍ വായിച്ചു കഴിയുമ്പോള്‍ ലഭിക്കുന്ന മാനസിക സംതൃപ്തിയേക്കാള്‍ ഒരു പക്ഷേ കൂടുതല്‍ സംതൃപ്തി ഒരു പേജുള്ള ചെറുകഥയോ, കവിതയോ വായിക്കുമ്പോള്‍ ലഭിച്ചെന്നുവരാം.

വിശുദ്ധ ബൈബിളില്‍ താലന്തിന്റെ ഉപമയില്‍ ഇപ്രകാരം പറയുന്നു. അഞ്ച് താലന്ത് ലഭിച്ചവന്‍ അത് വ്യാപാരം ചെയ്തു വര്‍ദ്ധിപ്പിക്കുന്നു. ഒന്ന് ലഭിച്ചവര്‍ അത് മണ്ണില്‍ കുഴിച്ചിടുന്നു. പണം ഏല്പിച്ച യജമാനന്‍ വന്ന് കണക്കു ചോദിച്ചശേഷം അഞ്ചുതാലന്തു നല്‍കിയവനെ നല്ലവനും, വിശ്വസ്തനുമായ ദാസനെന്ന് സാക്ഷ്യപ്പെടുത്തുമ്പോള്‍, ഒരു താലന്ത് ലഭിച്ചവനെ ദുഷ്ടനും, മടിയനുമായ ദാസനെന്ന് വിശേഷിപ്പിക്കുന്നത്.

യജമാനന്റെ ആഗ്രഹം സഫലീകരിച്ചു. നല്ലവനും, വിശ്വസ്തനുമായ ദാസനേ എന്ന സാക്ഷ്യത്തിന് അര്‍ഹനായ, അഞ്ചു തവണ ലഭിച്ച ദാസനോടു പാട്രിക്കിനെ ഉപമിക്കുന്നതാണ് ഏറ്റവും അനുയോജ്യമെന്ന് ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ജീവനു തുല്യം സ്‌നേഹിക്കുകയും കരുതുകയും ചെയ്തിരുന്ന മാതാപിതാക്കളുടെ സംരക്ഷണയില്‍ നിന്നും ഭാവി പ്രതീക്ഷകളുടെ ചിറകിലേറി കരയും, കടലും താണ്ടി അമേരിക്കയില്‍ ടെക്‌സസ് സംസ്ഥാനത്തെ ഡാളസ്സില്‍ പത്തുവര്‍ഷം മുമ്പാണ് ഏകമകനായ പാട്രിക്ക് ആദ്യമായി വന്നിറങ്ങിയത്. കൗമാരത്തില്‍ നിന്നും യൗവനത്തിന്റെ ഉജ്ജ്വല പ്രഭയിലേക്ക് കാലൂന്നിയ പ്രായം മാതാപിതാക്കളുടെ സ്‌നേഹവാത്സല്യങ്ങള്‍ പകര്‍ന്ന് നല്‍കുന്നതിന് സന്നദ്ധരായി പാട്രിക്കിന്റെ പിതൃസഹോദരിയും കുടുംബവും വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയിരുന്നു.

ചെറുപ്രായത്തില്‍തന്നെ വിദ്യാഭ്യാസത്തില്‍ അതിസമര്‍ത്ഥനായിരുന്നു പാട്രിക്ക്. കഠിന പരിശ്രമത്തിലൂടെയും, ഈശ്വര കൃപയുടെ തണലിലും അതിവേഗം ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി. എന്‍ജീനിയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം ടെക്‌സസ്സ് ഇന്‍സ്ട്രുമെന്റില്‍ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

ഡാളസ്സില്‍ എത്തിചേര്‍ന്ന പാട്രിക്ക് ഈ രാജ്യത്തിന്റെ മനം മയക്കുന്ന സുഖസൗകര്യങ്ങളില്‍ ആകൃഷ്ടനാകാതെ ആത്മീയ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന നല്ലൊരു മാതൃക പിന്തുടരുക എന്ന ലക്ഷ്യമാണ് തിരഞ്ഞെടുത്തത്.
ചുരുങ്ങിയ കാലത്തിനുള്ളില്‍ തനതായ വ്യക്തി വൈശിഷ്ഠ്യവും, സ്വഭാവശ്രേഷ്ഠതയും, എളിമ മനോഭാവവും, സഹകരണ മനോഭാവവും മറ്റുള്ളവരില്‍ നിന്നും പാട്രിക്കിനെ വേര്‍തിരിച്ചിരുന്നു. തന്നിലര്‍പ്പിതമായ ഔദ്യോഗിക ചുമതലകള്‍ പൂര്‍ത്തീകരിച്ച് തുടര്‍ന്ന് ലഭിക്കുന്ന സമയം നിഷ്‌ക്രിയനായിരിക്കാതെ കര്‍മ്മനിരതമായ ജീവിതശൈലി പിന്തുടരുന്നതിന് പാട്രിക്ക് പ്രദര്‍ശിപ്പിച്ച താല്പര്യം പ്രത്യേകം പ്രശംസനീയമായിരുന്നു.
സംഗീതത്തെ ജീവിതത്തിന്റെ അവിഭാജ്യഘടകമാക്കിയിരുന്ന പാട്രിക്ക് സംഗീതോപകരണങ്ങള്‍ വായിക്കുന്നതിലും വിദഗ്ദനായിരുന്നു. മനോഹരമായ ഗാനങ്ങള്‍ ആലപിക്കുന്നതോടൊപ്പം ഗിത്താര്‍ പ്ലെ ചെയ്യുന്നതിനും പാട്രിക്കിനുള്ള കഴിവ് വര്‍ണ്ണനാതീതമാണ്.
ഡാളസ് സെന്റ് പോള്‍സ് ദേവാലയത്തിലെ അംഗങ്ങളുടെ മാത്രമല്ല, സമീപപ്രദേശങ്ങളിലേയും യുവജനങ്ങളുടെ മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടിയെടുക്കുവാന്‍ കഴിഞ്ഞ ചുരുക്കം ചില യുവാക്കളില്‍ പാട്രിക്കിനായിരുന്നു പ്രഥമസ്ഥാനം.
മറ്റുള്ളവരുടെ സഹതാപത്തിലും, അവരുടെ ആവശ്യങ്ങളിലും ക്രിയാത്മക പങ്കുവഹിക്കുക മാത്രമല്ല ദാനം ചെയ്യുന്നതിനും, ദശാംശം കൊടുക്കുന്നതിനും പാട്രിക്ക് എന്നും മുന്‍പന്തിയിലായിരുന്നു. വലങ്കെ കൊടുക്കുന്നത് ഇടങ്കൈ അറിയരുതെന്ന് നിര്‍ബ്ബന്ധ ബുദ്ധിക്കാരനായിരുന്നു പാട്രിക്ക്.
ഡാളസ്സില്‍ തുടങ്ങിവെച്ച മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ടെക്‌സസ്സിന് സമീപ സംസ്ഥാനങ്ങളിലും വ്യാപിപ്പിക്കുവാനുള്ള ദൗത്യം നിര്‍വ്വഹിക്കുന്നതിനിടെയാണ് ഒക്കലഹോമയില്‍ ഉണ്ടായ ഒരു വാഹനാപകടത്തില്‍ പാട്രിക്കിന്റെ ഹൃസ്വവും ധന്യവുമായ ഐഹിക ജീവിതത്തിന് തിരശ്ശീല വീണത്.
ഒക്കലഹോമ ബ്രോക്കന്‍ ബോയില്‍ നേറ്റീവ് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും നടത്തിവരുന്ന വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂളിന് നേതൃത്വം കൊടുക്കുവാനാണ് ജൂണ്‍ 3ന് പാട്രിക്കും സംഘവും ഒക്കലഹോമയില്‍ എത്തിയത്. ജൂണ്‍ നാലിന് ഉച്ചകഴിഞ്ഞു കാറില്‍ പുറത്തുപോയ പാട്രിക്കും കൂട്ടുകാരും ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പെടുകയായിരുന്നു.

ഒരു പുരുഷായുസ്സില്‍ എന്തൊക്കെ ചെയ്തു തീര്‍ക്കണമെന്ന് നിശ്ചയിച്ചിരുന്നുവോ അതെല്ലാം ഇരുപത്തി ആറു വയസ്സിനുള്ളില്‍ പൂര്‍ത്തീകരിച്ചു എന്ന് ബോധ്യമായതായിരിക്കാം പാട്രിക്കിനെ വിശ്രമത്തിനായി വിളിച്ചു ചേര്‍ക്കുവാന്‍ ദൈവത്തിനു ഹിതമായത്. ദൈവ നിശ്ചയം തടുക്കുവാന്‍ ആര്‍ക്കും സാധ്യമല്ലല്ലോ.ജൂണ്‍ 7ന്(വെള്ളിയാഴ്ച) ഡാളസ് സെന്റ് പോള്‍സ് ദേവാലയത്തില്‍ ദര്‍ശനത്തിനുവെച്ച പാട്രിക്കിന്റെ ഭൗതിക ശരീരം ഒരു നോക്കു കാണുവാന്‍ പ്രായഭേദമെന്യേ എത്തിചേര്‍ന്ന നൂറുകണക്കനിന് ജനങ്ങളുടെ കണ്ണില്‍ നിന്നും കണ്ണീര്‍ കണങ്ങള്‍ അടര്‍ന്നു വീഴുന്നതു കാണാമായിരുന്നു.

മാര്‍ത്തോമാ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളിലും, യുവാക്കളുടെ ഇടയിലും ആത്മീയ നേതൃത്വം നല്‍കിയ പാട്രിക്കിന് അന്ത്യമോപചാരം അര്‍പ്പിക്കുന്നതിന് ഔദ്യോഗിക പരിപാടികള്‍ മാറ്റിവെച്ച് രണ്ടുദിവസം ഭദ്രാസന എപ്പിസ്‌ക്കോപ്പാ ഡാളസ്സില്‍ തന്നെ ചിലവഴിച്ചും അമേരിക്കയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിവന്നിരുന്ന മാര്‍ത്തോമാ മെത്രാപോലീത്തായും ഡാളസ്സില്‍ എത്തിചേര്‍ന്നിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്താ അലക്‌സിയോസ് മാര്‍ യൗസേബിയോസ് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പട്ടക്കാര്‍ എത്തിച്ചേര്‍ന്നിരുന്നു.

അടുത്തയിടെയൊന്നും ഡാളസ്സ് ദര്‍ശിച്ചിട്ടില്ലാത്ത വമ്പിച്ച ജനാവലിയാണ് പാട്രിക്കിന് അന്തിമോപചാരം അര്‍പ്പിക്കുന്നതിന് ഇവിടെ എത്തിചേര്‍ന്നിരിക്കുന്നത്. മാര്‍ത്തോമാ സണ്ടെസ്‌ക്കൂള്‍ പ്രധാന അദ്ധ്യാപകന്‍ സഹപ്രവര്‍ത്തകന് അന്തിമ യാത്രയയപ്പ് നല്‍കിയത് ഇടറിയ കണ്ഠങ്ങളോടെയായിരുന്നു.

വെണ്‍മണി ചെറുവല്ലൂര്‍ മരുതുംമൂട്ടില്‍ ഉമ്മന്‍ചെറിയാന്റേയും ജെസ്സി ചെറിയാന്റേയും ഏകമകന്‍ യുവാക്കള്‍ക്ക് പിന്തുടരുവാന്‍ ഉദാത്തമായ മാതൃക വെച്ചേച്ചാണാ കേരളത്തിന്റെ മണ്ണില്‍ അലിഞ്ഞുചേരുവാന്‍ ഡാളസ്സില്‍ നിന്നും ജൂണ്‍ 12ന് അന്ത്യയാത്രയ്‌ക്കൊരുങ്ങുന്നത്.
പാട്രിക്കിന്റെ താല്‍ക്കാലിക വേര്‍പാടില്‍ വേദനിക്കുന്ന ഹൃദയങ്ങളില്‍ ദൈവീക സമാധാനം വ്യാപരിക്കുന്നതിനായി ഏകാഗ്ര ഹൃദയത്തോടെ കൃപാസനത്തിനടുക്കല്‍ വരാം.

പ്രത്യാശയുടെ തുറമുഖത്ത് ഒരു നാള്‍ താമസം വിന കാണമെന്ന വിശ്വാസം മനസ്സുകളില്‍ ആശ്വാസത്തിന്റെ തിരിനാളങ്ങള്‍ കൊളുത്തട്ടെ.
പാട്രിക്ക്- അകാലത്തില്‍ പൊലിഞ്ഞ യുവപ്രതിഭപാട്രിക്ക്- അകാലത്തില്‍ പൊലിഞ്ഞ യുവപ്രതിഭപാട്രിക്ക്- അകാലത്തില്‍ പൊലിഞ്ഞ യുവപ്രതിഭപാട്രിക്ക്- അകാലത്തില്‍ പൊലിഞ്ഞ യുവപ്രതിഭപാട്രിക്ക്- അകാലത്തില്‍ പൊലിഞ്ഞ യുവപ്രതിഭപാട്രിക്ക്- അകാലത്തില്‍ പൊലിഞ്ഞ യുവപ്രതിഭപാട്രിക്ക്- അകാലത്തില്‍ പൊലിഞ്ഞ യുവപ്രതിഭപാട്രിക്ക്- അകാലത്തില്‍ പൊലിഞ്ഞ യുവപ്രതിഭ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക