Image

ആദിവാസി ബാലന്‍ മണി മൂന്നുചിത്രങ്ങളില്‍ അഭിനയിക്കുന്നു

Published on 13 June, 2013
ആദിവാസി ബാലന്‍ മണി മൂന്നുചിത്രങ്ങളില്‍ അഭിനയിക്കുന്നു
മാവൂര്‍: സംസ്ഥാന അവാര്‍ഡ്‌ ജേതാവും മോഹന്‍ലാലിനൊപ്പം സിനിമയില്‍ അഭിനയിച്ച ആദിവാസി ബാലന്‍ മണി മൂന്നു സിനിമകളില്‍ അഭിനയിക്കുന്നു. ഇതില്‍ ഒന്ന്‌ തമിഴ്‌സിനിമയാണ്‌.

വയനാട്‌ ചെതലയം പൂവഞ്ചി കോളനിവാസിയാണ്‌ മണി. അച്ഛനും അമ്മയും ഭാര്യയും സഹോദരങ്ങളുമടങ്ങുന്ന വലിയ കുടുംബത്തെ പട്ടണിയില്‍ രക്ഷപെടുത്താന്‍ മണി തോട്ടിപ്പണി ഉള്‍പ്പയെ കൂലിവേല ചെയ്‌തു കഴിയുകയായിരുന്നു.

കൊയിലാണ്ടി, കുന്ദമംഗലം, കോഴിക്കോട്‌ എന്നിവിടങ്ങളിലൊക്കെ റോഡുപണി ചെയ്‌ത മണി നാലു മാസം മുമ്പാണ്‌ മെഡിക്കല്‍ കോളജ്‌ മുതല്‍ ചെറൂപ്പ വരെയുള്ള റോഡ്‌ നവീകരണത്തിനെത്തിയത്‌. ഒഴിവുദിനങ്ങളില്‍ തോട്ടപ്പണിയും കൃഷിപ്പണിയുമൊക്കെ ചെയ്‌ത മണിയെ നാട്ടുകാരാരും തിരിച്ചറിഞ്ഞിരുന്നില്ല. കുറ്റിക്കാട്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സംഗീതാധ്യാപകന്‍ മാനവേദനാണ്‌ മണിയെ ആദ്യം തിരിച്ചറിയുന്നത്‌.

ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ ബാലനായി വേഷമിട്ട്‌, 2006 ല്‍ സംസ്ഥാന ബാല ചലച്ചിത്ര അവാര്‍ഡ്‌ നേടിയ മണി കോഴിക്കോട്‌ കൂലിവേലക്കാരനായി കഴിയുന്ന വിവരം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

താജ്‌ മൂവീസിനുവേണ്ടി താജുദ്ദീന്‍ നിര്‍മിച്ച്‌ പി. ബാബു സംവിധാനം ചെയ്യുന്ന `ചക്കരമാമ്പഴം' എന്ന കുട്ടികളുടെ സിനിമയിലാണ്‌ മണി ആദ്യം വേഷമിടുക. ജൂലൈ അവസാനവാരത്തില്‍ കൊടുങ്ങല്ലൂര്‍, കൊച്ചി, തൃശൂര്‍ ഭാഗങ്ങളിലാണ്‌ ചിത്രീകരണം. ഇതില്‍ നായക കഥാപാത്രത്തിനൊപ്പം പ്രാധാന്യമുള്ള വില്ലന്‍വേഷമാണ്‌ മണിക്ക്‌.ചിത്രത്തില്‍ അഭിനയിക്കാനുള്ള അഡ്വാന്‍സ്‌, മണി ഇപ്പോള്‍ താമസിക്കുന്ന പൂവാട്ടുപറമ്പ്‌ തോട്ടുമുക്കിലെ വീട്ടിലെത്തി സംവിധായകന്‍ ബാബു കൊടുങ്ങല്ലൂരും നിര്‍മാതാവ്‌ താജുദ്ദീനും പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ ഹോച്‌മിനും ചേര്‍ന്ന്‌ കൈമാറി.

കൂടാതെ, വിഷ്‌ണു തേവര്‍ സംവിധാനംചെയ്യുന്ന പേരിട്ടിട്ടില്ലാത്ത തമിഴ്‌ സിനിമയിലും നവാഗതനായ സുനില്‍ സാരഥി സംവിധാനംചെയ്യുന്ന പേരിടാത്ത മലയാള സിനിമയിലും മണി വേഷമിടുന്നുണ്ട്‌. ഇതിലും പ്രധാനപ്പെട്ട രണ്ട്‌ കഥാപാത്രങ്ങളെയാണ്‌ മണി അവതരിപ്പിക്കുക. അതിന്‍െറ പ്രാരംഭ ചര്‍ച്ചകളും നടക്കുന്നുണ്ട്‌.
ആദിവാസി ബാലന്‍ മണി മൂന്നുചിത്രങ്ങളില്‍ അഭിനയിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക