Image

അദ്വാനിയില്‍ നിന്നും മോഡിയിലേക്കുള്ള ദൂരം

Published on 13 June, 2013
അദ്വാനിയില്‍ നിന്നും മോഡിയിലേക്കുള്ള ദൂരം
അഴമിതിയില്‍ മുങ്ങിക്കുളിച്ച്‌ നില്‍ക്കുന്ന ഒരു ഭരണകൂടമാണ്‌ കേന്ദ്രം ഭരിക്കുന്ന യു.പി.എ മുന്നണിയെന്ന്‌ രാജ്യമൊട്ടുക്ക്‌ സംസാരമുണ്ട്‌. വെറും സംസാരമല്ല അത്‌ സത്യവുമാണ്‌. കോടികളില്‍ നിന്നും കോടാനുകോടികളിലേക്ക്‌ അഴിമതി വളര്‍ന്ന്‌ വലുതാകുമ്പോള്‍ കോണ്‍ഗ്രസ്‌ നയിക്കുന്ന ഭരണകൂടം ജനങ്ങള്‍ക്ക്‌ മുമ്പില്‍ നിശബ്‌ദമാണ്‌. അഴിമതിയും സ്വജനപക്ഷപാതവും, അധികാര ദുര്‍വിനിയോഗവും കോണ്‍ഗ്രസിന്റെ തലപ്പത്ത്‌ വരെയെത്തി നില്‍ക്കുമ്പോഴും, റോബട്ട്‌ വധേരമാര്‍ പാവപ്പെട്ട ജനത്തെ നോക്കി കളിയാക്കുമ്പോഴും ഒരു രാഷ്‌ട്രീയ ബദല്‍ എന്തെന്ന്‌ അറിയാതെ നില്‍ക്കുകയാണ്‌ ഇന്ത്യന്‍ ജനത.

കോണ്‍ഗ്രസിനെ മാറ്റി വരാന്‍ പോകുന്ന ഇന്ത്യയുടെ രാഷ്‌ട്രീയ ബദലായി ബി.ജെ.പിയെ ജനങ്ങള്‍ കാണുമോ എന്നതാണ്‌ പ്രധാന ചോദ്യം. ഈ ചോദ്യത്തിന്‌ ഒരു രാഷ്‌ട്രീയ മറുപടി നല്‍കികൊണ്ടല്ല ബിജെപി ഇന്ന്‌ സെന്‍സേഷന്‍ ന്യൂസ്‌ ഐറ്റമാകുന്നത്‌ എന്നതാണ്‌ ഏറെ ശ്രദ്ധേയം. ഇനി വരുന്ന കാലം ബി.ജെ.പിയുടെ മുഖം ആരെന്ന കാര്യത്തിലാണ്‌ ഇപ്പോള്‍ തര്‍ക്കം. അത്‌ നരേന്ദ്രമോഡിയാണെന്ന്‌ ഏറെക്കുറെ വ്യക്തമാകുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്‌ ഒരു മതേതര പ്രതിഛായ സൃഷ്‌ടിക്കുക എന്ന വലിയ കടമ്പ തന്നെയാണ്‌ ബിജെപിക്ക്‌.

ഏറെക്കാലം ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ തീവ്രമുഖമായിരുന്ന അദ്വാനിയെ പിന്തള്ളി നരേന്ദ്രമോഡിയെ തലപ്പത്ത്‌ പ്രതിഷ്‌ഠിക്കുമ്പോള്‍ ബിജെപിക്ക്‌ മുമ്പോട്ടു വെക്കുന്നത്‌ കൂടുതല്‍ തീവ്രഹിന്ദുത്വ രാഷ്‌ട്രീയത്തിലേക്കുള്ള പ്രയാണം തന്നെ. ഹിന്ദുത്വവാദികള്‍ ഗുരിജി എന്ന്‌ വിളിക്കുന്ന മാധവ സദാശിവ്‌ ഗോള്‍വാള്‍ക്കറുടെ ഹിന്ദുത്വ രാഷ്‌ട്രീയം അഥവാ സ്വരാഷ്‌ട്രം എന്ന തീവ്ര അജണ്ടയില്‍ നിന്നാണ്‌ ബി.ജെ.പിയുടെ ഏറ്റവും മുതിര്‍ന്ന നേതാവായ ലാല്‍കൃഷ്‌ണാ അദ്വാനിയും ഊര്‍ജ്ജം വലിച്ചെടുത്തിരുന്നത്‌. ഇപ്പോള്‍ മോഡിയും ഊര്‍ജ്ജം പേറുന്നത്‌ ഇതേ ഗോള്‍വാള്‍ക്കറിസത്തില്‍ നിന്നു തന്നെ.

ലാല്‍കൃഷ്‌ണ അദ്വാനി എന്ന തീവ്രഹിന്ദുമുഖഛായ എങ്ങനെ തുടങ്ങുന്നു എന്നും ഇവിടെ പരിശോധിക്കേണ്ടതുണ്ട്‌. വെറും രണ്ട്‌ എം.പിമാര്‍ മാത്രം പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന ബി.ജെ.പിയെ പിന്നീട്‌ ഇന്ത്യ മുഴുവന്‍ ഭരിക്കാന്‍ ശേഷിയുള്ള ദേശിയ പാര്‍ട്ടിയായി വളര്‍ത്തിയെടുത്തത്‌ അദ്വാനിയുടെ ഹിന്ദുത്വ രാഷ്‌ട്രീയ തന്ത്രങ്ങള്‍ തന്നെയായിരുന്നു. `രഥയാത്ര' എന്നത്‌ തന്നെ അദ്വാനി രൂപം നല്‍കിയ രാഷ്‌ട്രീയ പരിപാടിയായിരുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും അദ്വാനിയുടെ രഥം യാത്ര നടത്തിയത്‌ വര്‍ഗീയ കലാപങ്ങളുടെ നടുവിലൂടെ തന്നെയായിരുന്നു. പച്ചക്ക്‌ പറഞ്ഞാല്‍ മതധ്രൂവീകരണത്തിലൂടെ തന്നെയാണ്‌ അദ്വാനി എന്ന രാഷ്‌ട്രീയ നേതാവ്‌ രൂപപ്പെട്ടത്‌. പാകിസ്ഥാന്‍ സ്‌പോര്‍സര്‍ഷിപ്പിലുള്ള തീവ്രവാദി അക്രമങ്ങളും വിഘടനവാദ പ്രവര്‍ത്തനങ്ങളും ഇന്ത്യയില്‍ അരങ്ങേറുമ്പോള്‍ ഇതില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ തീവ്രദേശിയ ബോധത്തിനും തീവ്രരാഷ്‌ട്രീയത്തിനും മാത്രമേ കഴിയു എന്നതായിരുന്നു എല്ലാക്കാലത്തും അദ്വാനിയുടെ അജണ്ട. അത്‌ വ്യക്തമായി നടപ്പിലാക്കാന്‍ അദ്വാനിക്ക്‌ കഴിഞ്ഞുവെന്നതാണ്‌ സത്യം.

അവസാനം രാമജന്മഭൂമി പ്രസ്ഥാനം എന്ന തീവ്രഅജണ്ട സംഘപരിവാര്‍ നേതൃത്വത്തില്‍ നടപ്പിക്കാന്‍ തീരുമാനിച്ചതിലെ പ്രമുഖന്‍ അദ്വാനി തന്നെ. എന്തിനെറെ പറയുന്നു 1992 ഡിസംബര്‍ ആറിന്‌ ബാബറി മസ്‌ജിദ്‌ തകര്‍ന്നു വീണപ്പോള്‍ മതേതര ഇന്ത്യയുടെ മുഖത്ത്‌ ആഞ്ഞടിക്കുകയായിരുന്നു എല്‍.കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ രാഷ്‌ട്രീയ നടത്തിപ്പുകാര്‍. ഇവിടെ നിന്നും തുടങ്ങുന്ന ഹിന്ദുത്വ നിലപാടുകളിലൂടെ ഭരണത്തിലേക്കുള്ള ബിജെപിയുടെ വഴി.

എന്നാല്‍ ഒരു ഭരണകൂടം സ്ഥാപിക്കുമ്പോള്‍ ഉരുക്കു മനുഷ്യന്‍ എന്ന അദ്വാനിയുടെ ഇമേജിനെ മറിടക്കാന്‍ എ.ബി വാജ്‌പേയി എന്ന സൗമ്യരാഷ്‌ട്രീയക്കാരന്റെ മുഖമുണ്ടായിരുന്നു അക്കാലത്ത്‌ ബി.ജെ.പിക്ക്‌. 1998ല്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണിയെ ഭരണത്തിലെത്തിച്ചത്‌ അദ്വാനിയുടെ തീവ്രരാഷ്‌ട്രീയ നിലപാടുകള്‍ തന്നെയായിരുന്നു. എന്നാല്‍ ഭരണത്തില്‍ വാജ്‌പേയിക്ക്‌ പിന്നില്‍ രണ്ടാംസ്ഥാനക്കാരനായി നില്‍ക്കാനായിരുന്നു അദ്വാനിക്ക്‌ താത്‌പര്യം. അതോടെ ഒരു വര്‍ഗീയ പാര്‍ട്ടി എന്ന ലേബലില്‍ നിന്നും ബിജെപിയെ മാറ്റിയെടുക്കാന്‍ വാജ്‌പേയിയുടെ മതേതര മുഖത്തിന്‌ കഴിഞ്ഞു. മതേതാര രാഷ്‌ട്രീയ പാര്‍ട്ടികള്‍ പോലും എന്‍ഡിഎ മുന്നണിയില്‍ വിമുഖതയില്ലാതെ ഒത്തുചേര്‍ന്നത്‌ വാജ്‌പേയി എന്ന സൗമ്യനായ ധീഷണ ശാലിയോടുള്ള ഇഷ്‌ടം കൊണ്ടു തന്നെയായിരുന്നു.

വാജ്‌പേയിക്ക്‌ ശേഷം താന്‍ തന്നെയെന്ന്‌ അദ്വാനി തീര്‍ച്ചയായും ഉറപ്പിച്ചിരുന്നു. അദ്വാനി മാത്രമല്ല ബിജെപിയും. അതിനായി ഒരു മതേതര മുഖം സൃഷിടിക്കാന്‍ മുമ്പ്‌ താന്‍ നടത്തിയ രഥയാത്രകളെ മറന്ന്‌ അദ്വാനി ശ്രമിച്ചു. ഈ ശ്രമം തന്നെയാണ്‌ അദ്വാനിയെ തകര്‍ത്തത്‌ എന്ന യാഥാര്‍ഥ്യം ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസമായി തോന്നാം. സംഘപരിവാര ലോബിയിലെ തീവ്രഹിന്ദുനിലപാടുകാരെ അദ്വാനിയുടെ എതിര്‍ചേരിയില്‍ എത്തിച്ച രണ്ട്‌ സംഭവങ്ങളാണ്‌ ഇതില്‍ പ്രധാനം.

പാകിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ മുഹമ്മദലി ജിന്നയെ മതേതര വാദിയായി പ്രഖ്യാപിച്ച അദ്വാനിയുടെ പ്രസഗം തീവ്രനിലപാടുകാരെ വല്ലാതെ പ്രകോപിപ്പിച്ചു. പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെടുന്ന അഖണ്‌ഡ ഹിന്ദുരാഷ്‌ട്രം സ്വപ്‌നം കാണുന്നവര്‍ക്ക്‌ ജിന്ന മതേതര വാദി എന്ന്‌ പറഞ്ഞത്‌ ഒരിക്കലും ക്ഷമിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീട്‌ ബാബറി മസ്‌ജിദ്‌ പൊളിച്ച സംഭവത്തില്‍ ദുഖിക്കുന്നുവെന്ന നിലപാടും അദ്വാനി ഒരിക്കല്‍ സ്വീകരിച്ചിരുന്നു. വാജ്‌പേയിക്ക്‌ പിന്നാലെ ഒരു മതേതര പ്രതിഛായ വേണമെന്നതായിരുന്നു ഇവിടെ അദ്വാനിയുടെ ആവിശ്യം. പഴയ തീവ്ര രാഷ്‌ട്രീയത്തില്‍ നിന്നും മനസുകൊണ്ട്‌ അദ്വാനി പിന്തിരിഞ്ഞുവെന്ന്‌ അടുപ്പക്കാര്‍ പോലും പറഞ്ഞു തുടങ്ങിയിരുന്നു.

ഒരു പ്രസംഗവും പ്രസ്‌താവനയും ഒരു സംഘടനയെ വളര്‍ത്തിയെടുത്ത ഏറ്റവും മുതിര്‍ന്ന നേതാവിന്റെ പതനത്തിന്‌ കാരണമാകുമോ എന്ന്‌ സ്വഭാവികമായും സംശയം തോന്നാം. എന്നാല്‍ ഉത്തരേന്ത്യയുടെ മണ്ണില്‍ തഴച്ചു വളര്‍ന്ന ഹിന്ദുരാഷ്‌ട്രീയത്തിന്റെയും സംഘപരിവാരത്തിന്റെയും നേര്‍മുഖം കണ്ടിട്ടുള്ളവര്‍ക്ക്‌ അറിയാം എന്തുകൊണ്ട്‌ ഒരു പ്രസംഗത്തിന്റെ പേരില്‍ അദ്വാനിക്ക്‌ പതനം സംഭവിച്ചുവെന്ന്‌. അദ്വാനിയും അത്‌ മനസിലാക്കിയിരിക്കണം. അതുകൊണ്ട്‌ രണ്ടു വര്‍ഷം മുമ്പ്‌ ബിജെപി ഇനി അധികാരത്തില്‍ വരുമോ എന്ന്‌ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്‌ അദ്വാനി ബ്ലോഗില്‍ കുറിപ്പെഴുതിയത്‌. അതിനെതിരെ സംഘപരിവാര്‍ പ്രതികരിക്കും മുമ്പ്‌ പ്രതികരിച്ചതും അദ്വാനിയെ നിശിതമായി വിമര്‍ശിച്ചതും മറ്റൊരു ഹിന്ദുത്വ രാഷ്‌ട്രീയ സംഘടനയായ ശിവസേനയുടെ നേതാവ്‌ ബാല്‍താക്കറെയായിരുന്നു. അങ്ങനെ തനതു രാഷ്‌ട്രീയത്തില്‍ നിന്നുമുള്ള ഒരു ചുവടുമാറ്റവും സംഘപരിവാര്‍ ലോബി മാപ്പു നല്‍കില്ല എന്നതിന്റെ തെളിവാണ്‌ ഇന്ന്‌ അദ്വാനിക്ക്‌ സംഭവിച്ചിരിക്കുന്ന പതനം.

ഒരു മാസം മുമ്പ്‌ ഒരു അവസാന തിരിച്ചു വരവിന്‌ അദ്വാനി ശ്രമിച്ച രീതിയും ഏറെ ശ്രദ്ധേയമാണ്‌. ഇതിനു മുമ്പു നടന്ന ബി.ജെ.പിയുടെ ദേശിയ യോഗത്തില്‍ ബാബറി മസ്‌ജിദ്‌ പൊളിച്ചതില്‍ അഭിമാനിക്കണമെന്ന്‌ അദ്വാനി പ്രസംഗിച്ചത്‌ ഓര്‍മ്മിക്കുക. ഹിന്ദുത്വ രാഷ്‌ട്രീയം പ്രയോഗത്തില്‍ വരുത്തി ശീലിച്ച അദ്വാനിക്ക്‌ തീര്‍ച്ചയായും അറിയാമല്ലോ സംഘപരിവാരത്തെ പ്രീതിപ്പെടുത്താന്‍ എന്താണ്‌ വേണ്ടതെന്ന്‌. പക്ഷെ തീവ്രഹിന്ദുമുഖം തിരിച്ചെടുക്കാന്‍ ശ്രമിച്ച അദ്വാനിക്ക്‌ വിനയായി മാറിയത്‌ താന്‍ തന്നെ വളര്‍ത്തിയെടുത്ത നരേന്ദ്രമോഡിയാണെന്നത്‌ മറ്റൊരു സത്യം.

അദ്വാനിയേക്കാള്‍ മികച്ചൊരു ഹിന്ദുത്വവാദിയെ, അതും പുതിയ കാലഘട്ടത്തിലേക്ക്‌ വേണ്ടുംവിധം പരിഷ്‌കരിക്കപ്പെട്ട ഒരു ഹിന്ദുത്വരാഷ്‌ട്രീയ തന്ത്രശാലിയെ ആര്‍.എസ്‌.എസ്‌ നരേന്ദ്രമോഡിയില്‍ കണ്ടെത്തി കഴിഞ്ഞിരുന്നു. ബ്രാന്റ്‌ ഗുജറാത്ത്‌ എന്ന പ്രതിഛായ സൃഷ്‌ടിക്കാന്‍, വികസന നായകനെന്ന ഇമേജ്‌ നേടാന്‍ രാജ്യമൊട്ടുക്ക്‌ ആരാധകരെ നേടാന്‍ നരേന്ദ്രമോഡിക്ക്‌ വേഗത്തില്‍ കഴിഞ്ഞുവെന്നതാണ്‌ സത്യം. സുസംഘടിതമായ ഒരു പി.ആര്‍ ഏജന്‍സി എപ്പോഴും മോഡിക്ക്‌ പിന്നിലുണ്ട്‌. 2002ലെ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഗോദ്ര അക്രമണത്തെ തുടര്‍ന്ന്‌ ഗുജറാത്തിലെമ്പാടുമായി പടര്‍ന്നു പിടിച്ച ഹിന്ദു മുസ്ലിം കലാപകാലത്ത്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡി ഐസക്‌ന്യൂട്ടണ്‍ സിദ്ധാന്തം ഉപയോഗിച്ചാണ്‌ കലാപത്തെ ലാഘവപ്പെടുത്തിയത്‌. സംഘപരിവാരത്തിന്‌ അദ്വാനിയെക്കാള്‍ പ്രീയപ്പട്ടവനായി നരേന്ദ്രമോഡി മാറാന്‍ ഇതില്‍പ്പരം മറ്റൊന്നും വേണമെന്നില്ല.

അദ്വാനിയില്‍ നിന്നും നരേന്ദ്രമോഡിയിലേക്കുള്ള ദൂരം വീണ്ടും ശക്തിപ്രാപിച്ച ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റേതാണ്‌. ഇത്തവണ അവര്‍ക്ക്‌ ലഭിച്ചിരിക്കുന്നത്‌ കോര്‍പ്പറേറ്റുകളുടെ പ്രീയപ്പെട്ട നേതാവ്‌ നരേന്ദ്രമോഡിയെയായിരിക്കുമ്പോള്‍ ഒരുകാലഘട്ടം മുഴുവന്‍ പാര്‍ട്ടിയെ വളര്‍ത്തിയെടുത്ത ലോഹപുരുഷനെന്ന്‌ വിളിക്കപ്പെടുന്ന അദ്വാനിയെ തള്ളിപ്പറയാന്‍ സംഘപരിവാരത്തിന്‌ മറ്റൊന്നും ആലോചിക്കേണ്ടി വരുന്നില്ല. എന്നാല്‍ മതേതര ഇന്ത്യയില്‍ മോഡിയുടെ നേതൃത്വത്തല്‍ ഒരു കൂട്ടുമുന്നണിയെ കെട്ടിപ്പെടുക്കാന്‍ ബിജെപിക്ക്‌്‌ സ്വാധിക്കുമോ എന്നതാണ്‌ പ്രധാനം. കാരണം ഇവിടെ മോഡിയുടെ തീവ്ര മുഖത്തെ ലഘൂകരിക്കാന്‍ ഒരു മിതവാദിയുടെ പരിവേഷത്തോടെ മറ്റൊരു വാജ്‌പേയി കൂട്ടിനില്ല എന്നത്‌ തന്നെ. ഇനി അങ്ങനെയൊരാളെ കണ്ടെത്തിയാല്‍ തന്നെ അയാള്‍ക്ക്‌ പിന്നില്‍ രണ്ടാമനാകാന്‍ മോഡി ഒരിക്കലും താത്‌പര്യപ്പെടുകയുമില്ല. അതുകൊണ്ടു തന്നെ മോഡിയുടെ നേതൃത്വത്തില്‍ ഒരു രാഷ്‌ട്രീയ ബദലിന്‌ ബിജെപിക്ക്‌ കഴിയുമോ എന്നത്‌ തീര്‍ത്തും സംശയം തന്നെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക