Image

വിവാദങ്ങള്‍ പിന്നിട്ട് ബിനോയി ചെറിയാന്‍ മടങ്ങിയെത്തി

emalayalee news Published on 13 June, 2013
വിവാദങ്ങള്‍ പിന്നിട്ട് ബിനോയി ചെറിയാന്‍ മടങ്ങിയെത്തി
ന്യൂയോര്‍ക്ക്: വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒരു മാസത്തെ കേരള വാസത്തിനുശേഷം ബിനോയി ചെറിയാന്‍ ന്യൂയോര്‍ക്കില്‍ മടങ്ങിയെത്തി.

ഒരല്‍പം പനി പിടിച്ചു എന്നതൊഴിച്ചാല്‍ മാറ്റമൊന്നുമില്ല. നാട്ടില്‍ നിന്നു പോരുമ്പോഴെ പനിയുണ്ടായിരുന്നു- ബിനോയി പറഞ്ഞു. നാട്ടില്‍ ചെന്നപ്പോള്‍ കടുത്ത ചൂടും, പോരുമ്പോള്‍ കനത്ത മഴയും. കാലാവസ്ഥയിലെ മാറ്റം തന്നെ കാരണം.

രഞ്ജിനി ഹരിദാസ് നല്‍കിയ പരാതിയിലുള്ള കേസൊക്കെ മുറപോലെ നടക്കുന്നു. എന്നുവെച്ചാല്‍ കോടതിയില്‍ നിന്നോ, പോലീസില്‍ നിന്നോ പിന്നെ വിവരമൊന്നും ഉണ്ടായില്ല. എയര്‍പോര്‍ട്ടിലും പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.

ഈ പ്രശ്‌നത്തിന്റെ പേരില്‍ ഒട്ടേറെ സമയം പോയി. സ്വസ്ഥമായ യാത്ര പ്രതീക്ഷിച്ചു പോയിട്ട് സമയം കളഞ്ഞുകുളിക്കേണ്ടിവന്നു. എങ്കിലും അതില്‍ ഖേദമൊന്നുമില്ല.

പബ്ലിസിറ്റി തീരെ ആഗ്രഹിച്ചതല്ല. പതിനഞ്ചാം വയസില്‍ കരാട്ടെയില്‍ ബ്ലാക്‌ബെല്‍റ്റ് നേടിയപ്പോള്‍ പോലും പബ്ലിസിറ്റിക്ക് പിന്നാലെ നടന്നവരെ നിരുത്സാഹപ്പെടുത്തുകയായിരുന്നു.

തനിക്കെതിരായ ആരോപണങ്ങള്‍ മാറിമറിയുന്നുവെന്നു ബിനോയി പറഞ്ഞു. കടന്നു പിടിക്കാന്‍ ശ്രമിച്ചു എന്നുവരെ പോകുന്നു അത്. ഭാര്യയും മക്കളും നൂറുകണക്കിന് ആളുകളും നോക്കി നില്‍ക്കെ ഉണ്ടായ സംഭവമാണത്. സാമാന്യ നിലയില്‍ ക്യൂ ലംഘിച്ചാല്‍ ചോദ്യം ചെയ്യുന്നവരോട് മര്യാദയ്ക്കു പറയുകയാണ് ആരും ചെയ്യുക. രഞ്ജിനിയെ അറിയില്ലേ എന്നു ചോദിച്ച് ചാടിയെത്തിയ ചില ഉദ്യോഗസ്ഥരോടും ശക്തമായ മറുപടി പറഞ്ഞതുകൊണ്ടാണ് അവര്‍ അടങ്ങിയത്. ഗള്‍ഫില്‍ നിന്നൊക്കെ വരുന്നവരെ പോലെ ഒന്നിനോടും പ്രതികരിക്കാത്ത നിലപാട് താനും സ്വീകരിക്കുമെന്നവര്‍ കരുതിയിരിക്കണം.

എന്തായാലും ഈ പ്രശ്‌നത്തോടെ ക്യൂ തെറ്റിക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന് ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടായി. അതില്‍ സന്തോഷം.

ക്വീന്‍സില്‍ കണ്‍സ്ട്രക്ഷന്‍ സ്ഥാപനം നടത്തുന്ന ബിനോയി 13 വര്‍ഷമായി അമേരിക്കയിലെത്തിയിട്ട്. എങ്കിലം ഇപ്പോഴും ഇന്ത്യന്‍ പൗരന്‍ തന്നെ. രാജ്യസ്‌നേഹം തന്നെ അമേരിക്കന്‍ പൗരത്വമെടുക്കാന്‍ മടിക്കാനുള്ള കാരണമെന്ന് ബിനോയി പറഞ്ഞു.

എന്തായാലും ബിനോയി മടങ്ങിയെത്തിയതോടെ വിവാദങ്ങള്‍ക്ക് തത്കാലം വിരാമം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക