Image

അശ്ലീലമാകുന്ന ചാനല്‍ കാഴ്‌ചകള്‍

Published on 14 June, 2013
അശ്ലീലമാകുന്ന ചാനല്‍ കാഴ്‌ചകള്‍
മലയാളത്തിലെ ചാനല്‍ കാഴ്‌ചകള്‍ മാന്യതയുടെ എല്ലാ പരിധികളും ലംഘിക്കുന്നുവെന്നതാണ്‌ സൂര്യാ ടിവി സംപ്രേക്ഷണം ചെയ്യുന്ന മലയാളി ഹൗസ്‌ എന്ന റിയാലിറ്റി ഷോ തെളിയിക്കുന്നത്‌. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ അറിയപ്പെടുന്ന 16 വ്യക്തികളെ മൂന്നുമാസം ഒരു വീട്ടില്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ പാര്‍പ്പിക്കുകയും, അവരുടെ സ്വാകര്യ നിമിഷങ്ങള്‍ കാമറയിലാക്കി ഒരു ഷോയായി പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിക്കുന്ന പരിപാടിയാണ്‌ മലയാളി ഹൗസ്‌. വിദേശ റിയാലിറ്റി ഷോയായിരുന്ന ബിഗ്‌ബ്രദര്‍ റിയാലിറ്റി ഷോയില്‍ നിന്നും ആശയം കടംകൊണ്ടാണ്‌ സൂര്യടിവി മലയാളിഹൗസ്‌ ആവിഷ്‌കരിച്ചത്‌.

ആന്ധ്രയില്‍ ഒരു വീട്‌ ലൊക്കേഷനായി സെറ്റിട്ടാണ്‌ സൂര്യാ ടിവി മലയാളി ഹൗസ്‌ ഒരുക്കുന്നത്‌. മലയാളി ഹൗസിന്റെ ഷൂട്ടിംഗ്‌ കേരളത്തിലല്ല എന്ന്‌ ചുരുക്കം. പിന്നീട്‌ രാഷ്‌ട്രീയ, കലാ, സാംസ്‌കാരിക മേഖലകളില്‍ നിന്നും പിന്തള്ളപ്പെട്ട 16 ചവറുകളെയും ഇതിലേക്ക്‌ ഒപ്പിച്ചെടുത്തുന്ന സൂര്യാ ടിവി. തല്ലിപ്പൊള്ളി സിനിമ ചെയ്‌ത സന്തോഷ്‌ പണ്‌ഡിറ്റ്‌, ചാനലുകളിലും മാധ്യമങ്ങളിലും ഹൈന്ദവ സദാചാര പോലീസ്‌ ചമഞ്ഞു നടന്ന രാഹുല്‍ ഈശ്വര്‍, എസ്‌.എഫ്‌.ഐയില്‍ നിന്നും പുറത്തായി പിന്നീട്‌ കോണ്‍ഗ്രസില്‍ ചെന്നു കയറി അവിടെ നിന്നും തഴയപ്പെട്ട രാഷ്‌ട്രീയ പ്രവര്‍ത്തക സിന്ധു ജോയി, ഗ്രാന്റ്‌മാസ്റ്റര്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ജി.എസ്‌ പ്രദീപ്‌, സീരിയല്‍ നടി നീനാകുറുപ്പ്‌ തുടങ്ങി പലരുമുണ്ട്‌ ഈ ഷോയില്‍ പങ്കെടുക്കുന്നവരായി. നടി രേവതിയായിരുന്നു ഈ പരിപാടിയുടെ അവതാരക.

എന്നാല്‍ മലയാളി ഹൗസില്‍ നടക്കുന്ന കാഴ്‌ചകള്‍ സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തെ ഞെട്ടിക്കുന്നത്‌ തന്നെ. തീര്‍ത്തും അശ്ലീല സംഭാഷണങ്ങള്‍, പൊതു സമൂഹം അരാജകത്വം എന്ന്‌ വിശേഷിപ്പിക്കുന്ന സ്‌ത്രീപുരുഷ ബന്ധങ്ങള്‍, അറപ്പുളവാക്കുന്ന അശ്ലീല പ്രകടനങ്ങള്‍ എന്നിവ ചേര്‍ത്ത്‌ ഒരു `ഷക്കീല ചിത്രം' പോലെയാണ്‌ മലയാളി ഹൗസ്‌ പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിക്കുന്നത്‌. പരിപാടിയുടെ അല്‌പം പോലും സെന്‍സര്‍ ചെയ്യാത്ത ഭാഗങ്ങള്‍ രാത്രിയില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്‌ ചാനല്‍. ഒരു വീട്ടില്‍ സ്വാഭാവികമായി നടക്കുന്നതല്ല മറിച്ച്‌ തിരക്കഥ എഴുതി ഇതിലെ ആളുകളെക്കൊണ്ട്‌ പെര്‍ഫോം ചെയ്യിച്ചെടുക്കുന്നതാണ്‌ ഈ പരിപാടി എന്ന്‌ കാണുന്ന ആര്‍ക്കും മനസിലാകും. റിയാലിറ്റി ഷോകള്‍ക്ക്‌ പിന്നിലെ തട്ടിപ്പുകള്‍ നന്നായി അറിയുന്നവര്‍ക്ക്‌ അറിയാം ഒരു എല്ലാ റിയാലിറ്റി ഷോകളും നേരത്തെ തയാറാക്കിയ തിരക്കഥ വെച്ചാണ്‌ ഷൂട്ട്‌ ചെയ്‌ത്‌ എടുക്കുന്നതെന്ന്‌.

ചാനലുകള്‍ കേരളത്തില്‍ കൂടി വന്നതോട്‌ നിലനില്‍പ്പിനു വേണ്ടി എന്തും ചെയ്യുമെന്ന ഘട്ടത്തില്‍ എത്തിയിരിക്കുന്നു ചാനല്‍ മാനേജ്‌മെന്റുകള്‍. അതിന്റെ ഏറ്റവും മോശം നിലവാര പ്രകടനമാണ്‌ മലയാളി ഹൗസായി ഇപ്പോള്‍ കാണുന്നത്‌. സുരേഷ്‌ ഗോപി നയിക്കുന്ന ഏഷ്യാനെറ്റിലെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പോഗ്രാമിന്‌ വ്യൂവേഴ്‌സ്‌ റേറ്റിംഗ്‌ 22 ഉള്ളപ്പോള്‍ മലയാളി ഹൗസ്‌ എന്ന അശ്ലീല പോഗ്രാമിന്റെ റേറ്റിംഗ്‌ വെറും 2.5 മാത്രമാണ്‌ എന്നും മനസിലാക്കേണ്ടതുണ്ട്‌.

എന്തായാലും മലയാളി ഹൗസിനെതിരെ കേരളത്തിലെമ്പാടും വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ശക്തിപ്പെട്ടു കഴിഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഈ പോഗ്രാം നിര്‍ത്തണം എന്ന്‌ ആവിശ്യപ്പെട്ടുകൊണ്ട്‌ സാംസ്‌കാരിക മന്ത്രിക്ക്‌ നിവേദനം നല്‍കി കഴിഞ്ഞു. വനിതാ കമ്മീഷന്‍ മുമ്പാകെ മലയാളി ഹൗസിനെതിരെ വന്നു കൂടിയ പരാതികള്‍ കണക്കില്ലാത്തതാണ്‌. ഒപ്പം സൈബര്‍ സ്‌പെയ്‌സിലും, മാധ്യമങ്ങളിലും മലയാളി ഹൗസിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ നടന്നുകഴിഞ്ഞു. മലയാളി ഹൗസ്‌ ഷൂട്ടിംഗ്‌ നടക്കുന്ന ഹൈദ്രബാദിലെ മലയാളി അസോസിയേഷന്‍ ഈ പരിപാടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്‌. കേരളത്തിന്‌ പുറത്തുള്ള മലയാളികളുടെ പുതിയ തലമുറ മലയാളി ഹൗസ്‌ പോലെയുള്ള പരിപാടികള്‍ കാണുമ്പോള്‍, ഇത്തരം ഗോസിപ്പ്‌ ആഭാസ പ്രവര്‍ത്തനങ്ങളാണ്‌ മലയാളം എന്ന്‌ ധരിക്കില്ലേ എന്നത്‌ ഒരു സാംസ്‌കാരികതയുടെ പ്രശ്‌നം കൂടിയാണ്‌ എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

എന്തായാലും പ്രതിഷേധം ശക്തമായതോടെ അവതാരക രേവതി ഷോയില്‍ നിന്നും പിന്മാറി. മലയാളി ഹൗസിനെതിരെ ഉയര്‍ന്നു വന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്‌ നടി രേവതി അവതാരക സ്ഥാനത്തു നിന്നും പിന്മാറുന്നത്‌. റിയാലിറ്റി ഷോ തുടങ്ങിയപ്പോള്‍ മുതല്‍ രേവതിയായിരുന്നു പരിപാടിയുടെ അവതാരക. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലൊന്നും പരിപാടിയില്‍ പങ്കെടുക്കാതിരുന്ന രേവതി തന്നെ പരിപാടിയില്‍ നിന്നും മാറ്റണമെന്ന്‌ സൂര്യാ ടിവിയോട്‌ ആവിശ്യപ്പെടുകയും ചെയ്‌തു. ജനങ്ങള്‍ക്കിടയില്‍ വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്ന പരിപാടിയില്‍ ഇനി തുടരില്ലെന്ന നിലപാടിലാണ്‌ രേവതി.

മലയാളി ഹൗസ്‌ ആരംഭിക്കുമ്പോള്‍ ചാനല്‍ നല്‍കിയ പബ്ലിസിറ്റി പ്രമോഷനുകളിലെല്ലാം രേവതിയുടെ താരമൂല്യമായിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്‌. രേവതി അവതാരകയായി എത്തുന്ന എന്ന പ്രചരണം ആദ്യഘട്ടത്തില്‍ പരിപാടിക്ക്‌ വലിയ പ്രചരണം നേടിക്കൊടുക്കുകയും ചെയ്‌തു. എന്നാല്‍ പരിപാടി മുന്നേറിയപ്പോഴാണ്‌ അണിയറക്കാര്‍ ലക്ഷ്യം വെച്ച തിരക്കഥയെന്തെന്ന്‌ രേവതി പോലും മനസിലാക്കുന്നത്‌. തുടര്‍ന്ന്‌ തന്റെ എതിര്‍പ്പ്‌ രേവതി പ്രകടിപ്പിക്കുകയായിരുന്നു.

അരാജകവാദവും, സംസ്‌കാര വിരുദ്ധവുമായ കാര്യങ്ങള്‍ പൊതുജനത്തിന്‌ മുമ്പില്‍ പ്രദര്‍ശന യോഗ്യമല്ലെന്ന നിലപാടിലാണ്‌ പ്രമുഖ വനിതാ സംഘടനകള്‍. ഇത്തരത്തില്‍ വന്‍ പ്രതിഷേധം കടന്നു വന്നതോടെയാണ്‌ പരിപാടിയില്‍ നിന്നും പിന്മാറാന്‍ രേവതി തീരുമാനിച്ചിരിക്കുന്നതെന്ന്‌ അറിയുന്നു.

ഇതിനിടെ പരിപാടിയില്‍ പങ്കെടുക്കുന്ന ഒരു പ്രമുഖ വ്യക്തിയുടെ ഭാര്യ വിവാഹമോചനത്തിനായി തീരുമാനിച്ചതായും പറയപ്പെടുന്നു. ഇത്രയും അരോചകമായ കാഴ്‌ചകള്‍ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കും ദോഷകരമായി ബാധിക്കുന്നു എന്നു തന്നെയാണ്‌ മനസിലാക്കേണ്ടത്‌. എന്തായാലും മലയാളി ഹൗസ്‌ കൊണ്ട്‌ മലയാളികള്‍ക്ക്‌ വ്യക്തമാകുന്ന ചിലതുമുണ്ട്‌.

1 - സിന്ധുജോയ്‌ എന്ന രാഷ്‌ട്രീയ പ്രവര്‍ത്തക രാഷ്‌ട്രീയം ഉപേക്ഷിച്ചത്‌ ഒരു നഷ്‌ടമേയല്ല. മറിച്ച്‌ അത്‌ കേരളത്തിന്റെ ഭാഗ്യം തന്നെ.

2- സദാചാര പോലീസ്‌ കളിക്കുന്ന ചില മതവാദികള്‍ തന്നെയാണ്‌ ഏറ്റവും വലിയ സദാചാര വിരുദ്ധരെന്ന്‌ വീണ്ടും തെളിയിക്കപ്പെട്ടു. പണ്ടൊരു ശോഭാ ജോണ്‍ കേസില്‍ ഇതിലും ഭംഗിയായി തെളിയിക്കപ്പെട്ട കാര്യം.

3- ഒരുപാട്‌ അറിവ്‌ സമ്പാദിച്ചാല്‍ ഒരാള്‍ക്ക്‌ ഗ്രാന്റ്‌മാസ്റ്ററാകാം. എന്നാല്‍ അറിവ്‌ നേടിയതുകൊണ്ട്‌ വിവേകവും മാന്യതയുമുണ്ടാകില്ല.

4 - തമ്മില്‍ ഭേദം സന്തോഷ്‌ പണ്‌ഡിറ്റ്‌ തന്നെ.
അശ്ലീലമാകുന്ന ചാനല്‍ കാഴ്‌ചകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക