Image

ചലച്ചിത്ര ലോകം സവര്‍ണ, താര കേന്ദ്രീകൃത മാഫിയയുടെ പിടിയില്‍ -ജയന്‍ കെ. ചെറിയാന്‍

Published on 16 June, 2013
ചലച്ചിത്ര ലോകം സവര്‍ണ, താര കേന്ദ്രീകൃത മാഫിയയുടെ പിടിയില്‍ -ജയന്‍ കെ. ചെറിയാന്‍
http://www.madhyamam.com/content/229148

മനാമ: കേരളത്തിന്‍െറ സവര്‍ണ സാമൂഹിക പ്രഹേളികയില്‍ ‘പാപ്പിലിയോ ബുദ്ധ’ ചെയ്യുമ്പോള്‍ ചില അസ്വാരസ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി സംവിധായകന്‍ ജയന്‍ കെ. ചെറിയാന്‍. നിരവധി ഇംഗ്ളീഷ് ഫിലിമുകള്‍ ചെയ്ത തന്‍െറ മലയാളത്തിലെ ആദ്യ ഉദ്യമമയിരുന്നു ‘പാപിലിയോ ബുദ്ധ’. പ്രബുദ്ധതയിലും സ്ത്രീ ശാക്തീകരണത്തിലുമെല്ലാം മേനി നടിക്കുന്ന കേരളത്തിന് ചീഞ്ഞളിഞ്ഞ മറ്റൊരു മുഖം കൂടിയുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ സിനിമയോടുള്ള മുഖ്യധാരാ സമീപനമെന്നും അദ്ദേഹം പറഞ്ഞു. പ്രേരണയുടെ ‘റിഫ്ളക്ഷന്‍ 2013’ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. ‘പാപ്പിലിയോ ബുദ്ധ’ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
താര, വാണിജ്യ കേന്ദ്രീകൃതമാണ് കേരളത്തിലെ സിനിമാ മേഖല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ താര കേന്ദ്രീകൃത മാഫിയയുടെ പിടിയിലാണ് കേരളത്തിലെ ഫിലിം വ്യവസായം. ഫിലിം ഇന്‍സ്റ്റിറ്റ്യൂഷനുകളാകട്ടെ ഒരു കോക്കസിന്‍െറ കരങ്ങളിലും. ജാതി രഹിതവും മതേതരവുമായ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിക്കാട്ടി പുറം രാജ്യങ്ങളില്‍ ഇന്ത്യയുടെ ഇമേജിനെക്കുറിച്ച് സംസാരിക്കുന്നവര്‍ തന്നെ അടിമുടി ജാതി ചിന്തയിലും സവര്‍ണ മേല്‍കോയ്മയിലും അധിഷ്ഠിതമാണെന്ന് തിരിച്ചറിയാന്‍ ‘പാപ്പിലിയോ ബുദ്ധ’യോടുള്ള അവരുടെ സമീപനം മാത്രം എടുത്താല്‍ മതി. നായകരുടെ ശരീര ഭാഷയും നിറവും നോക്കിയാണ് കേരളത്തിലെ സിനിമാ നായക സങ്കല്‍പമുള്ളത്. ഇത്തരമൊരു സാഹചര്യത്തിലേക്ക് കല്ലേന്‍ പൊക്കുടനെ നായകനാക്കി സിനിമ ഇറക്കുമ്പോള്‍ സവര്‍ണ ബോധത്തിന് അത് സഹിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു. കോണ്‍ഗ്രസും മാര്‍ക്സിസ്റ്റും ബി.ജെ.പിയുമെല്ലാം ഈ സവര്‍ണ ബോധത്തിന്‍െറ കാര്യത്തില്‍ ഐക്യത്തോടെ ചിന്തിക്കുന്നവരാണെന്നും അദ്ദേഹം വിശദീകരിച്ചു.
മധ്യവര്‍ഗത്തിന്‍െറ പങ്കുപറ്റുന്ന വര്‍ഗമായി ആദിവാസികളും ദലിതരും എന്നും കഴിഞ്ഞുകൂടണമെന്നതാണ് അവരുടെ കാഴ്ചപ്പാട്. അവര്‍ ഉയര്‍ത്തിക്കാട്ടുന്ന കേരള മോഡലില്‍നിന്ന് ദലിത് വര്‍ഗം നിഷ്ക്കാസിതരാണ്. അതുകൊണ്ടുതന്നെ മുഖ്യധാരാ മാധ്യമങ്ങളും സാംസ്കാരിക നായകരും തന്‍െറ സിനിമയോട് സ്വീകരിച്ച സമീപനം എന്നെ അദ്ഭുതപ്പെടുത്തുന്നില്ല. ഗാന്ധി വിരുദ്ധതയും അശ്ളീലതയും ആരോപിച്ചാണ് സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്. നിലവില്‍ സിനിമയിലും നോവലിലും പ്രതിനിധീകരിക്കപ്പെടുന്ന പുരുഷ മേധവിത്വ സവര്‍ണ മനോഭാവത്തിന്‍െറ വിലയിരുത്തലാണത്. ബലാല്‍സംഗക്കാര്‍ക്ക് നിയമ പരിരക്ഷ ലഭിക്കുന്ന നാടായി ഇന്ത്യയും കേരളവും അധ:പതിച്ചിരിക്കുന്നു. ‘ഫാസ്റ്റ്ഫുഡ് നേഷന്‍’ എന്ന് അമേരിക്കയെ വിളിക്കുന്നതുപോലെ ‘റെയിപ് നാഷന്‍’ എന്ന് ഇന്ത്യയെ പേരിട്ടു വിളിക്കേണ്ട സാഹചര്യമാണുള്ളത്. അമേരിക്കയില്‍ മാനഭംഗ കേസില്‍ വര്‍ഷങ്ങളായി ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന്‍െറ ബന്ധുക്കള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് കേസ് ഇന്ത്യയിലേക്ക് മാറ്റണമെന്നാണ്. കാരണം രക്ഷപ്പെടാന്‍ അതാണ് വഴിയെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അന്താരാഷ്ട്ര വനിതാ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തത് സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ പി.ജെ. കുര്യനായിരുന്നുവെന്നത് ഇതോട് ചേര്‍ത്തു വായിക്കണം. ഉല്‍പതിഷ്ണുക്കളെന്ന നമ്മുടെ ഊറ്റം കൊള്ളല്‍ കാപട്യമാണെന്ന് വ്യക്തം.
മൂന്ന് പതിറ്റാണ്ടിന് ശേഷം ദലിതരും ആദിവാസികളും തങ്ങളുടെ ചരിത്രം പഠിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇത് സവര്‍ണ മേധാവികളുടെ ഉറക്കം കെടുത്തുന്നതുകൊണ്ടാണ് ഭീകരവാദവും തീവ്രവാദവും ആരോപിച്ച് അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. പത്രങ്ങളിലും വീഡിയോകളിലുമുള്ള ക്ളിപ്പിങുകളിലൂടെയാണ് നമ്മള്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ കേരള ചരിത്രം മനസ്സിലാക്കുന്നത്. റിപ്പോര്‍ട്ടര്‍മാരുടെയും മാധ്യമ മുതലാളിമാരുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് പടച്ചുവിടുന്നതാണ് ഈ ചരിത്രം. ഇവിടെ വിസ്മരിക്കപ്പെടുന്ന കഴിഞ്ഞ 10 വര്‍ഷത്തെ ദലിത്, പരിസ്ഥിതി ചരിത്രത്തിലേക്കുള്ള എത്തിനോട്ടമാണ് ‘പാപ്പിലിയോ ബുദ്ധ’. അതില്‍ അഭിനയിക്കുന്നവരുടെ സ്വഭാവം തന്നെയാണ് കഥാപാത്രങ്ങളുടെ സ്വഭാവവും. ചിത്രത്തില്‍ ബി.ആര്‍. അംബേദ്കറുടെ വാക്കുകള്‍ നീക്കം ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്നത്. നമ്മുടെ ഭരണഘടനാ ശില്‍പിയുടെ വാക്കുകള്‍ ഒരു സര്‍ക്കാര്‍ സംവിധാനത്തിന് അനഭിമതമാകുന്ന അവസ്ഥയാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്. പാപ്പിലിയോ ബുദ്ധക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സെന്‍സര്‍ ബോര്‍ഡും ഐ.ഐ.എഫ്.കെയും ഐ.ഐ.എഫ്.ഐയുമെല്ലാം മാറിച്ചിന്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ലണ്ടനില്‍ നടന്ന ലസ്ബിയന്‍ ആന്‍ഡ് ഗേ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഏക ഇന്ത്യന്‍ സിനിമ പാപ്പിലിയോ ബുദ്ധയായിരുന്നു. ഏഥന്‍ ഇന്‍റര്‍നാഷനല്‍ ഫിലിം ആന്‍ഡ് വീഡിയോ ഫെസ്റ്റിവലില്‍ ഏറ്റവും നല്ല രണ്ടാമത്തെ നരേറ്റീവ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്കാരവും നേടിയിരുന്നു. ന്യൂയോര്‍ക്കില്‍ ഇന്നര്‍ സൈലന്‍സ് ഫിലിം കമ്പനി നടത്തുകയാണ് ജയന്‍ കെ. ചെറിയാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക