Image

തട്ടിപ്പിന്റെ സ്വന്തം നാട് പാഠം പഠിക്കാത്ത മലയാളി (ദീപിക മുഖപ്രസംഗം)

Published on 17 June, 2013
തട്ടിപ്പിന്റെ സ്വന്തം നാട് പാഠം പഠിക്കാത്ത മലയാളി (ദീപിക മുഖപ്രസംഗം)
തട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറുകയാണ്. സ്വന്തം സാമര്‍ഥ്യത്തില്‍ ആവശ്യത്തിലേറെ ഊറ്റംകൊള്ളുന്ന മലയാളിയെ ഏതു തട്ടിപ്പിലും നിഷ്പ്രയാസം കുരുക്കാനാകുമെന്നു കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നു. പണ്ടത്തേക്കാള്‍ കൂടുതലായി മലയാളി തട്ടിപ്പില്‍പ്പെടുന്നതിന്റെ കഥകള്‍ പുറത്തുവരുമ്പോള്‍ മലയാളിയുടെ വീരസ്യങ്ങളുടെ പൊള്ളത്തരമാണു തെളിയുന്നത്. തട്ടിപ്പുകാര്‍ക്കു മുന്നില്‍ വാതില്‍ മലര്‍ക്കെ തുറന്നിടുന്നതു മലയാളിയുടെ അതിമോഹങ്ങളാണെന്നതാണു സത്യം. പെട്ടെന്നു പണമുണ്ടാക്കാന്‍, അധ്വാനിക്കാതെ ആഢംബരപൂര്‍വം ജീവിക്കാനുള്ള മോഹം. മനഃസാക്ഷിക്കുത്തില്ലാതെ ആരെയും കബളിപ്പിക്കാന്‍, പല മലയാളികള്‍ക്കും കഴിയുമെന്നുവന്നിരിക്കുന്നു. വിരുതരായ മലയാളികളെ കബളിപ്പിക്കുന്നതു കൂടുതലും അതിവിരുതരായ മലയാളികള്‍തന്നെ.

ഭീഷണിപ്പെടുത്തി പണം കവരുകയും കവര്‍ച്ച നടത്തുകയുമൊക്കെ ചെയ്തിരുന്ന സാധാരണ തസ്‌കരരുടെയും ഗുണ്ടകളുടെയുമൊക്കെ കാലം കഴിഞ്ഞിരിക്കുന്നു. ഇന്നിപ്പോള്‍ ന്യൂ ജനറേഷന്‍ തട്ടിപ്പുകളാണ് അരങ്ങേറുന്നത്. കോട്ടും സ്യൂട്ടുമിട്ടു തട്ടിപ്പിനായി അത്യാധുനിക സംവിധാനങ്ങളോടെ ഓഫീസ് തുറന്നിരിക്കുകയാണു തട്ടിപ്പുവീരന്മാര്‍. ഇതിലെ നായക കഥാപാത്രങ്ങള്‍ പലരും സമൂഹത്തിലെ ഉന്നതരുമായി അടുപ്പമുള്ളവരോ അഥവാ അടുപ്പമുണെ്ടന്ന നാട്യത്തില്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചു തട്ടിപ്പു നടത്തുന്നവരോ ആണ്. അതുകൊണ്ടുതന്നെ പൊതുപ്രവര്‍ത്തകര്‍ ഇത്തരം തട്ടിപ്പുകാരുടെ പിടിയില്‍ പെടാതിരിക്കാന്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

സമ്പത്തിനോടും ആഡംബരങ്ങളോടുമുള്ള അത്യാര്‍ത്തിയാണു പലരെയും തട്ടിപ്പുകളില്‍ കുടുക്കുന്നത്. പല തട്ടിപ്പുകാരുടെയും സംസാരവും ഇടപെടലും രൂപഭാവങ്ങളും സാധാരണക്കാരെ മാത്രമല്ല, വലിയ കേമന്മാരെന്ന് അവകാശപ്പെടുന്നവരെപ്പോലും വലയിലാക്കാന്‍ പര്യാപ്തമാണ്. അടുത്തകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു തട്ടിപ്പുകേസില്‍ നിരവധി ഡോക്ടര്‍മാര്‍ക്കു ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെട്ടു. ഒരു റിട്ടയേഡ് ഡിഎംഒ ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പിനെതിരേ പോലീസിനെ സമീപിച്ചുകഴിഞ്ഞു. സംസാരത്തിലും പെരുമാറ്റത്തിലും കുലീനത്വവും മാന്യതയും നടിക്കുകയും അതേസമയം ഏതു കൊടിയ കുറ്റകൃത്യവും ചെയ്യാന്‍ മടികാട്ടാതിരിക്കുകയും ചെയ്യുന്ന പല തട്ടിപ്പുകാരുടെയും കഥകള്‍ അടുത്തകാലത്തു പുറത്തുവന്നിരുന്നു.

പല തട്ടിപ്പുകളിലും തിരിമറികളിലും രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയുമൊക്കെ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞദിവസം ഒരു സിബിഐ ഉദ്യോസ്ഥനെക്കുറിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശം ജനങ്ങളെ ആകെ ആശയക്കുഴപ്പത്തിലാക്കുന്നതാണ്. കേരളത്തിലെ വിവാദമുയര്‍ത്തിയ പല കൊലപാതകക്കേസുകളും അന്വേഷിച്ച ആ ഉദ്യോഗസ്ഥന്റെ നടപടികള്‍ക്കു വിശ്വാസ്യതയില്ലെന്നാന്നു ഹൈക്കോടതി നിരീക്ഷിച്ചത്. പല കേസുകളിലും അനാവശ്യ ഇടപെടലുകള്‍ ഈ ഉദ്യോഗസ്ഥന്‍ നടത്തിയിട്ടുണെ്ടന്ന ധാരണ ഇതിലൂടെ സാധാരണക്കാര്‍ക്കുണ്ടായാല്‍ അദ്ഭുതമില്ല. തട്ടിപ്പുകളേക്കാള്‍ ഭീകരമാണു തട്ടിപ്പുകള്‍ കണ്ടുപിടിക്കാനായി നിയോഗിക്കപ്പെടുന്നവരുടെ അവിശ്വസ്തതയും അഴിമതിയും കള്ളത്തരവും.

മലയാളിയുടെ അന്ധവിശ്വാസങ്ങളും പല തട്ടിപ്പുകള്‍ക്കും വഴിയൊരുക്കുന്നുണ്ട്. സ്വര്‍ണച്ചേനയുടെ പേരില്‍ ഒരു കാലത്തു കേരളത്തില്‍ കുറേ തട്ടിപ്പുകള്‍ നടന്നിരുന്നു. ദൈവവിശ്വാസവും മതവിശ്വാസവുമൊക്കെ തട്ടിപ്പിനുള്ള അനന്തസാധ്യതകളായി കണെ്ടത്തിയിട്ടുള്ള കേമന്മാര്‍ ഇന്നാട്ടിലുണ്ട്. മലയാളിയുടെ സ്വഭാവത്തിലും സംസ്‌കാരത്തിലും വന്നുഭവിച്ചിട്ടുള്ള മാറ്റം പുതിയ തട്ടിപ്പുകള്‍ക്കു സാധ്യത വര്‍ധിപ്പിച്ചു. ഇത്രയധികം വിദേശപ്പണവും ബിസിനസ് ലാഭവുമൊന്നും കേരളത്തില്‍ കുമിഞ്ഞുകൂടാതിരുന്ന കാലത്തും ഇവിടെ ചെറിയ തട്ടിപ്പുകള്‍ നടന്നിരുന്നു. വലിയ വിദ്യാഭ്യാസമൊന്നും സിദ്ധിച്ചിട്ടില്ലാത്ത അന്നത്തെ സാധാരണക്കാര്‍ക്കു വലിയ തട്ടിപ്പുകളില്‍നിന്നും വിട്ടുനില്‍ക്കാനുള്ള സാമാന്യബോധം ഉണ്ടായിരുന്നു. ഇന്ന് അറിവും ലോകപരിചയവും കൂടുതലുള്ള മലയാളിയാണു വിവരക്കേടിന്റെ പര്യായമായി തട്ടിപ്പിന്റെ ഇരകളാകുന്നത്. കൊടിയ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കൊലക്കേസിലുള്‍പ്പെടെ പ്രതികളായിട്ടുള്ളവരും ഉന്നതരുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ സഹായത്തോടെ തട്ടിപ്പുനടത്തി സമൂഹത്തില്‍ വിലസുമ്പോള്‍ നമ്മുടെ ജനാധിപത്യ സംവിധാനങ്ങളിലും കുറ്റാന്വേഷണ സംവിധാനത്തിലുംമൊക്കെ സാധാരണക്കാര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടും.

പൊതുവേ സ്ത്രീകളെ ഇത്തരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുത്തി അധികം കേള്‍ക്കാറില്ലായിരുന്നു. ഇന്നിപ്പോള്‍ സാക്ഷരസുന്ദര കേരളത്തില്‍ സ്ത്രീകളും ഇത്തരം തട്ടിപ്പുകേസുകളില്‍ ഏറെ സജീവമാണ്. ഗുണ്ടാലിസ്റ്റിലും വനിതകള്‍ കടന്നുകൂടിയിരക്കുന്നു. പല തട്ടിപ്പുകേസുകളും അതിലെ വേട്ടക്കാരുടെയും ഇരകളുടെയും പ്രാധാന്യമനുസരിച്ചു കുറേക്കാലം മാധ്യമശ്രദ്ധയില്‍ തങ്ങിനില്‍ക്കും. പിന്നീട് എന്തു സംഭവിക്കുന്നുവെന്ന് ആര്‍ക്കുമറിയില്ല. ചുരുക്കം പേര്‍ മാത്രമാണു പിടികൂടപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും. ഇത്തരം തട്ടിപ്പുകളില്‍ ഇനിയെങ്കിലും ഇരകളാകാതിരിക്കാന്‍ മലയാളിക്കാവുമോ? ആകണമെങ്കില്‍ മലയാളിയുടെ ആര്‍ത്തി കുറഞ്ഞേ തീരൂ.

ചിലര്‍ ബാങ്കുകളെ തട്ടിക്കുന്നു. വന്‍തുക ലോണ്‍ എടുത്തശേഷം പൊടുന്നനേ പാപ്പരായി മാറുന്നവരുണ്ട്. സ്വന്തം സ്വര്‍ണക്കടയില്‍നിന്നു സ്വയം കളവുനടത്തി ഇന്‍ഷ്വറന്‍സ് ഒപ്പിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. വന്‍കിട വ്യവസായികളായി ഒറ്റദിവസംകൊണ്ടു വളര്‍ന്ന് അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്നവരുമുണ്ട്. വേറെ ചിലരാകട്ടെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഇടയിലെ അഴിമതിക്കാരുടെ കളവുമുതല്‍ സംരക്ഷിക്കുന്ന ബിനാമികളായി വളര്‍ന്നു വടവൃക്ഷങ്ങളാകുന്നു.

എന്നാല്‍, ഇക്കൂട്ടരെവരെ വഞ്ചിക്കാന്‍ കരുത്തുള്ള ആണും പെണ്ണും വേറെയും! എല്ലാറ്റിന്റെയും പിന്നില്‍ അധാര്‍മികതയും അത്യാര്‍ത്തിയും. സംശയമില്ല. വന്‍കിടരാഷ്ട്രീയനേതാക്കന്മാരുമായി ബന്ധം സ്ഥാപിക്കാനും ഭരണാധികാരികളുമായി ബന്ധം ഉണെ്ടന്ന് അവകാശപ്പെടാനും അങ്ങനെ എന്തും സാധിച്ചെടുക്കാന്‍ കഴിവുണെ്ടന്നും വരുത്തിത്തീര്‍ത്തു സമൂഹത്തില്‍ നിശബ്ദ കൊള്ളയടി നടത്തുന്ന ചാതുരിയും വാചാലതയും പ്രകടിപ്പിക്കുന്നവര്‍ ധാരാളമായുള്ള നാടാണിത്. അത്തരക്കാരില്‍ ഒരു ചെറിയ വിഭാഗത്തിന്റെ കഥകള്‍ മാത്രമാണു ചുരുള്‍ നിവര്‍ത്തി ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇനിയും മലയാളി ഇക്കൂട്ടരെ മനസിലാക്കാന്‍ തയാറാകുന്നില്ലെങ്കില്‍ കഷ്ടമെന്നേ പറയാനാവൂ.
Join WhatsApp News
Keeramutty 2013-06-17 07:59:11
തട്ടിപ്പിന്റെ സ്വന്തം നാട് പാഠം...

തട്ടിപ്പ് വിളയിച്ചൊരു ചാക്കില്‍ കെട്ടിയെടുത്താല്‍
തിട്ടമത് വിറ്റുകാശാക്കാന്‍ പറ്റിയ ചന്തയോ?
തോട്ടം വിളയിച്ചത് വെട്ടി നിരത്തിയവരിപ്പോള്‍
നട്ടംതിരിയുന്നോ വിളഞ്ഞ നെല്‍പ്പാടം കൊയ്യാന്‍?

                           കാലമേ  നീയും ഒരു മലയാളിയോ?
                                          മഹാകപി വയനാടന്‍
കീറാമുട്ടി
ഈറ്റില്ലം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക