Image

നെതര്‍ലാന്‍ഡ്‌സില്‍ ഒക്‌ടോബര്‍ രണ്‌ടിന്‌ ഗാന്ധി സെന്റര്‍ ഉദ്‌ഘാടനം

ജോസ്‌ കുമ്പിളുവേലില്‍ Published on 29 September, 2011
നെതര്‍ലാന്‍ഡ്‌സില്‍ ഒക്‌ടോബര്‍ രണ്‌ടിന്‌ ഗാന്ധി സെന്റര്‍ ഉദ്‌ഘാടനം
ഹേഗ്‌: നെതര്‍ലന്‍ഡ്‌സിലെ ഗാന്ധി സെന്റര്‍ ഗാന്ധി ജയന്തി ദിനമായ ഒക്‌ടോബര്‍ രണ്‌ടിന്‌ ഉദ്‌ഘാടനം ചെയ്യും. മഹാത്മാ ഗാന്ധിയുടെ സമാധാന സന്ദേശങ്ങളും അഹിംസാ സിദ്ധാന്തവും പ്രചരിപ്പിക്കുകയാണ്‌ ഗാന്ധി സെന്ററിന്റെ ലക്ഷ്യം.

ഹേഗിലെ ഷെവനിന്‍ജനിലെ മനോഹരവും ചരിത്രപ്രാധാന്യമുള്ളതുമായ പ്രദേശത്താണ്‌ ഇതു സ്ഥാപിക്കുന്നത്‌. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്‌ പ്രസിഡന്റ്‌ ഡോ. കരണ്‍ സിങ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്‌ (ഐസിസിആര്‍) ആഗോള തലത്തില്‍ സ്ഥാപിക്കുന്ന മുപ്പത്താറാമത്‌ ഗാന്ധി സെന്ററാണിത്‌. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്‌ ഇതു പുതിയ ഗതിവേഗം സമ്മാനിക്കുമെന്നു പ്രതീക്ഷയുണ്‌ട്‌.

ഇരുരാജ്യങ്ങളെയും സംബന്ധിയ്‌ക്കുന്ന ചരിത്രരേഖകളും പരമ്പരാഗത കൈമാറ്റപത്രങ്ങളും ഇവിടുത്തെ ശേഖരണത്തില്‍ സ്ഥാനം പിടിയ്‌ക്കും. കൂടാതെ വിശാലമായ ലൈബ്രറി ഹാളും, മുറികളും, ഇന്‍ഡ്യന്‍ സിനിമകളുടെ വിപുല ശേഖരവും, ഡോക്കുമെന്ററികളും മള്‍ട്ടിമീഡിയ രൂപത്തില്‍ ഇവിടെ ലഭ്യമായിരിയ്‌ക്കും. സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആനുകാലികവും സാംസ്‌കാരികവുമായ വിഷയങ്ങളെ അധികരിച്ച്‌ നിത്യേന ലെക്‌ച്ചറിംഗ്‌, പാനല്‍ ഡിസ്‌കഷന്‍, സെമിനാറുകള്‍ എന്നിവയ്‌ക്കു പുറമേ ആയുര്‍വേദ, യോഗ, മെഡിറ്റേഷന്‍, കലകള്‍, ഇന്‍ഡ്യന്‍ ഭാഷകള്‍ എന്നിവയ്‌ക്ക്‌ പ്രാമുഖ്യം നല്‍കിയുള്ള ക്‌ളാസുകളും സംഘടിപ്പിയ്‌ക്കും. കൂടാതെ കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച്‌ അടിസ്ഥാനത്തില്‍ ഇന്‍ഡ്യന്‍ മ്യൂസിക്‌, ഭാഷ, കല എന്നിവയില്‍ താല്‍പ്പര്യമുള്ള ഡച്ച്‌ പൗരന്മാര്‍ക്ക്‌ സ്‌കോളര്‍ഷിപ്പോടുകൂടിയ പഠനസൗകര്യങ്ങളും ലഭ്യമാക്കുകയാണ്‌ സെന്ററിന്റെ പരമോന്നത ലക്ഷ്യം.

ഗാന്ധി സെന്റര്‍ സ്ഥാപിക്കുന്നതിനെ നെതര്‍ലന്‍ഡ്‌സ്‌ സര്‍ക്കാരും ഹേഗ്‌ മുനിസിപ്പാലിറ്റിയും സ്വാഗതം ചെയ്‌തിട്ടുണ്‌ട്‌. ഇന്ത്യന്‍ എംബസിയും ഇന്ത്യ ഗവണ്‍മെന്റും ചേര്‍ന്നാണ്‌ ഉദ്‌ഘാടനച്ചടങ്ങ്‌ സംഘടിപ്പിക്കുന്നത്‌. നെതര്‍ലന്‍ഡ്‌സില്‍ താമസിക്കുന്ന രണ്‌ടു ലക്ഷത്തിനു മേലേ വരുന്ന ഇന്ത്യന്‍ - സുരിനാമി സമൂഹത്തിന്‌ ഇത്‌ ആഹ്ലാദ മുഹൂര്‍ത്തം.സെന്റര്‍ നിലവില്‍ വരുന്നതോടുകൂടി ഹേഗ്‌ നഗരത്തിന്റെ സിംബലായി മാറുമെന്ന്‌ ഐസിസിആര്‍ പ്രത്യാശിയ്‌ക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക