Image

ഗള്‍ഫില്‍ വൃക്ക രോഗികളായ പുരുഷന്മാര്‍ കൂടുന്നു

Published on 29 September, 2011
ഗള്‍ഫില്‍ വൃക്ക രോഗികളായ പുരുഷന്മാര്‍ കൂടുന്നു
ദുബായ്‌: സ്‌ത്രീകളെക്കാള്‍ പുരുഷന്മാരിലാണ്‌ വൃക്കരോഗം കണ്ടുവരുന്നതെന്ന്‌ കിഡ്‌നി ഫെഡറേഷന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു. റജിസ്‌റ്റര്‍ ചെയ്‌ത 1429 രോഗികളില്‍ 862 പേരും പുരുഷന്മാരാണ്‌. സ്‌ത്രീകള്‍ 222. രോഗം ബാധിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നു എന്നതാണ്‌ മറ്റൊരു ഞെട്ടിക്കുന്ന വസ്‌തുത. രണ്ടുവര്‍ഷത്തിനിടെ 118 പേര്‍ മരിക്കുകയും ചെയ്‌തു. പുറമെനിന്നു കൂടുതലായി ഭക്ഷണം കഴിക്കുന്നതുകൊണ്ടാകാം പുരുഷന്മാരില്‍ രോഗികള്‍ കൂടാന്‍ കാരണം.

പാര്‍ശ്വരോഗങ്ങള്‍ക്കു ചികില്‍സ തേടുമ്പോഴാണ്‌ പലരും വൃക്കരോഗമാണ്‌ യഥാര്‍ഥ കാരണമെന്ന്‌ തിരിച്ചറിയുന്നതെന്ന്‌ ഡോ. മുഹമ്മദ്‌ കാസിം പറഞ്ഞു. ഗള്‍ഫുകാരില്‍ മൂത്തത്തില്‍കല്ല്‌ കൂടുതലായി കണ്ടുവരുന്നു. മാംസാഹാരം പരമാവധി കുറച്ച്‌ ഭക്ഷണത്തില്‍ പച്ചക്കറികള്‍ പരമാവധി ഉള്‍പ്പെടുത്തണം. ഇടയ്‌ക്കിടെ ആരോഗ്യപരിശോധന നടത്തുന്നതാണ്‌ അഭികാമ്യം. രോഗം യഥാസമയം കണ്ടെത്തിയാല്‍ കൂടുതല്‍ സങ്കീര്‍ണമാകാതെ തടയാനാകുമെന്നും വ്യക്‌തമാക്കി.

വൃക്കദാനത്തിനുള്ള അപേക്ഷയില്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അറ്റസ്‌റ്റേഷനു പുറമെ ലഹരിമരുന്നിന്‌ അടിമയല്ലെന്നു തെളിയിക്കാന്‍ നോട്ടറിയും സാക്ഷ്യപ്പെടുത്തണം. മറ്റു നടപടിക്രമങ്ങള്‍ വേറെയും. ഈ കാലതാമസം കൊണ്ടുമാത്രം പല രോഗികളും മരിച്ചിട്ടുണ്ട്‌.

വൃക്കദാതാവിന്‌ ഒരുതരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങളും ഭാവിയില്‍ ഉണ്ടാകുന്നില്ലെന്ന്‌ ഫാ.ഡേവിസ്‌ ചിറമ്മേല്‍ പറഞ്ഞു. ഏറ്റവും ആരോഗ്യമുള്ള വ്യക്‌തിയില്‍ നിന്നാണു വൃക്ക സ്വീകരിക്കുക. കരുത്തുള്ള ഒരു വൃക്ഷത്തില്‍ നിന്ന്‌ ഒരു ചെറുശിഖരം മുറിച്ചുമാറ്റുന്നതുകൊണ്ട്‌ അതിന്‌ ഒന്നും സംഭവിക്കുന്നില്ല. മാത്രമല്ല, കൂടുതല്‍ കരുത്തോടെ അതു വളരുകയും ചെയ്യുന്നു. വൃക്കമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഒരു ലക്ഷം രൂപയില്‍ താഴെയേ വരൂ. സ്വകാര്യ ആശുപത്രികള്‍ മൂന്നരമുതല്‍ നാലരവരെ ഈടാക്കുന്നതായാണ്‌ അറിവ്‌. ഇതിലും കൂടുതല്‍ തുക വാങ്ങി തട്ടിപ്പു നടത്തുന്നവര്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക