ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസോസ്സിയേഷന്‍ ഈ വര്‍ഷം ഹൈസ്‌കൂളില്‍ നിന്ന്
ഗ്രാജ്വേറ്റ് ചെയ്‌ത റോക്‌ലാന്റ് കൗണ്ടിയിലെ മലയാളി വിദ്യാര്‍ത്ഥികളെ
അനുമോദിച്ചു.
ജൂണ്‍ പതിനഞ്ചാം തിയ്യതി ശനിയാഴ്‌ച വൈകിട്ട് ആറു മണി മുതല്‍
ഓറഞ്ച്‌ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്‌റ്റോറന്റില്‍ വെച്ചു നടന്ന പ്രൗഢഗംഭീരമായ
ചടങ്ങില്‍ പതിനൊന്നു ഹൈസ്‌കൂളുകളില്‍ നിന്ന് പാസ്സായ 51 വിദ്യാര്‍ത്ഥികള്‍
പങ്കെടുത്തു. അസോസ്സിയേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം
വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം ഹൈസ്‌കൂള്‍ പാസ്സായി ഉപരിപഠനത്തിനായി വിവിധ
സംസ്ഥാനങ്ങളിലേക്കു പോകുന്നത്.
കോഓര്‍ഡിനേറ്റര്‍ കുരിയാക്കോസ് തരിയന്റെ
ആമുഖപ്രസംഗത്തിനു ശേഷം സ്‌മിനു ബോസ് അമേരിക്കന്‍ ദേശീയഗാനം ആലപിച്ചു. മനോജ്
അലക്‌സിന്റെ പ്രാര്‍ത്ഥനാ ഗാനത്തിനു ശേഷം പ്രസിഡന്റ് ബോസ് കുരുവിള സ്വാഗത പ്രസംഗം
നടത്തി. അഞ്‌ജലി വെട്ടത്തിന്റെ മനോഹരമായ ഡാന്‍സിനു ശേഷം മുഖ്യ പ്രഭാഷകന്‍
വെസ്റ്റ്‌ചെസ്റ്റര്‍ കമ്മ്യൂണിറ്റി കോളേജിലെ പ്രൊഫസര്‍ ഡോ. ഷോണ്‍ തോമസ് രാജനെ
സെക്രട്ടറി അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ സദസ്സിനു പരിചയപ്പെടുത്തി.
അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഡോ. ഷോണ്‍ രാജന്‍ തന്റെ അനുഭവസമ്പത്തും,
ഉപദേശങ്ങളും സദസ്യരുമായി പങ്കു വെച്ചു. സ്‌മിനു ബോസും അജിന്‍ ആന്റ്‌ണിയും
വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സംസാരിച്ചു. രാധാകൃഷ്‌ണന്‍ കുഞ്ഞുപിള്ള, ക്രിസ്റ്റി
മുണ്ടന്‍ചിറ, മനോജ് അലക്‌സ്, ജോയിസ് വെട്ടം, ജോമോന്‍ എന്നിവര്‍ മനോഹരങ്ങളായ
ഗാനങ്ങള്‍ ആലപിച്ചു. ലജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ബോര്‍ഡ് ഓഫ് ട്രസ്‌ടീ
ചെയര്‍മാന്‍ ഇന്നസന്റ് ഉലഹന്നാന്‍, വിദ്യാജ്യോതി മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍
ജോസഫ് മുണ്ടന്‍ചിറ, ജോയിന്റ് സെക്രട്ടറി മത്തായി പി ദാസ്, ഫൊക്കാന
എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് ഒലഹന്നാന്‍, കീന്‍ പ്രസിഡന്റ്
ഫിലിപ്പോസ് ഫിലിപ്പ് തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. തുടര്‍ന്ന് ചടങ്ങി
സന്നിഹിതരായ ഗ്രാജ്വേറ്റ്‌സ് സ്വയം പരിചയപ്പെടുത്തി. പേര്, പഠിച്ചിരുന്ന
സ്‌കൂളിന്റെ പേര്, പഠിക്കുവാന്‍ തെരഞ്ഞെടുത്ത കോളേജ്, മുഖ്യപഠന വിഷയം എന്നിവ
വിവരിച്ചാണ് ഓരോരുത്തരും പരിചയപ്പെടുത്തിയത്.
അസോസ്സിയേഷന്റെ പ്രശംസാ
പത്രം പ്രസിഡന്റ് ബോസ് കുരുവിള, സെക്രട്ടറി അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, ട്രഷറര്‍
വിശ്വനാഥന്‍ കുഞ്ഞുപിള്ള എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്‌തു. റോക്‌ലാന്റ്
കൗണ്ടിയുടെ പ്രശംസാ പത്രം ലജിസ്ലേറ്റര്‍ ഡോ ആനി പോള്‍, ഡോ ഷോണ്‍ തോമസ് രാജന്‍,
കുരിയാക്കോസ് തരിയന്‍, ഇന്നസന്റ് ഉലഹന്നാന്‍, വര്‍ഗീസ് ഒലഹന്നാന്‍ എന്നിവര്‍
ചേര്‍ന്ന് വിതരണം ചെയ്‌തു.
സന്തോഷസൂചകമായി കേക്ക് മുറിക്കുകയും
തുടര്‍ന്ന് സെക്രട്ടറി നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു. ജയപ്രകാശ് നായരും
രാധാകൃഷ്‌ണന്‍ കുഞ്ഞുപിള്ളയും ചേര്‍ന്ന് നടത്തിയ ദേശിയ ഗാനലാപനത്തിനു ശേഷം
പരിപാടികള്‍ക്ക് തിരശ്ശീല വീണപ്പോള്‍ ഹഡ്‌സണ്‍വാലി മലയാളി അസോസ്സിയേഷനും
പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എന്നെന്നും ഓര്‍ത്തിരിക്കാവുന്ന ഒരു
അനുഭവമായി. അലോഷ് അലക്‌സും അഞ്‌ജലി വെട്ടവും ആയിരുന്നു എം.സി.മാര്‍ .
കുരിയാക്കോസ് തരിയന്‍, ലജിസ്ലേറ്റര്‍ ഡോ ആനി പോള്‍, തോമസ് ഏലിയാസ്, വര്‍ഗീസ്
ഒലഹന്നാന്‍ എന്നിവര്‍ കോഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു.
അസോസ്സിയേഷനുവേണ്ടി ജയപ്രകാശ് നായര്‍ അറിയിച്ചതാണിത്.