Image

അമേരിക്കന്‍ മലയാളികളെ വീഴ്ത്തിയ കരച്ചില്‍; പോയത് ഒന്നര കോടി

Malayalam Pathram/Emalayalee exclusive Published on 19 June, 2013
അമേരിക്കന്‍ മലയാളികളെ വീഴ്ത്തിയ കരച്ചില്‍; പോയത് ഒന്നര കോടി
ന്യൂയോര്‍ക്ക്‌: ആദ്യ ഭാര്യയുടെ മരണത്തെപ്പറ്റി പറഞ്ഞപ്പോള്‍ ആര്‍.ബി നായര്‍ (ബിജു രാധാകൃഷ്‌ണന്‍) പൊട്ടിപ്പൊട്ടി കരഞ്ഞു. ആറന്മുള കോട്ടയ്‌ക്കകത്തെ തങ്ങളുടെ വീട്ടില്‍വെച്ച്‌ ഒരു ചെറുപ്പക്കാരന്‍ ഇങ്ങനെ കരയുന്നതു കണ്ട്‌ ഞങ്ങളും വല്ലാതായി രത്‌നമ്മ രാജന്‍ പറഞ്ഞു.

ഭാര്യ മരിച്ചത്‌ എ.വി മാല്‍ഫംഗ്‌ഷന്‍ മൂലം തലച്ചോറില്‍ രക്തസ്രാവം വന്നിട്ടാണെന്നും ഭാര്യയെ താന്‍ അത്രയധികം സ്‌നേഹിച്ചിരുന്നുവെന്നും അയാള്‍ പറഞ്ഞു. ഇക്കാലത്തും ഇങ്ങനെയൊരാളോ എന്ന്‌ ്‌ ഞങ്ങളെല്ലാം ചിന്തിക്കുകയും ചെയ്‌തു. പക്ഷെ എല്ലാം നാട്യമായിരുന്നുവെന്ന്‌ വഴിയെ ബോധ്യമായി. എന്തായാലും അയാളെപ്പോലെ അഭിനയിക്കാന്‍ ഒരു നടനും കഴിയുമെന്നു തോന്നുന്നില്ല ന്യൂറോഷലില്‍ നഴ്‌സിംഗ്‌ മാനേജരും, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ രത്‌നമ്മ രാജന്‍ പറഞ്ഞു.

ബിജു രാധാകൃഷ്‌ണനും സരിതയും ചേര്‍ന്ന്‌ 5 കോടി തട്ടിച്ചിട്ടുണ്ടെന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌. അതില്‍ ഒന്നരക്കോടി രത്‌നമ്മ രാജനും, ഭര്‍ത്താവായ ഇ.കെ. ബാബുരാജനും ചേര്‍ന്ന്‌ നല്‍കിയതാണ്‌. നിങ്ങള്‍ ഭാര്യയും ഭര്‍ത്താവും ഒരുപോലെയാണെന്ന്‌ അഭിനന്ദനസൂചകമായി ബിജു പറഞ്ഞത്‌ രത്‌നമ്മ ഓര്‍ക്കുന്നു. 'രണ്ടാളും മണ്ടരാണെന്നാണ്‌ അയാള്‍ ഉദ്ദേശിച്ചതെന്ന്‌ ഇപ്പോഴാണ്‌ പിടികിട്ടിയത്‌' അവര്‍ പറഞ്ഞു.

ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളികളില്‍പ്പെടുന്ന അവര്‍ 1974ല്‍ എത്തിയതാണ്‌. തികഞ്ഞ ഭാഷാസ്‌നേഹിയായ ബാബുരാജന്‍ ഇവിടെ വന്ന്‌ നേഴ്‌സിംഗ്‌ പഠിച്ചു.

1997ല്‍ അവര്‍ കോട്ടക്കകത്ത്‌ വീടുവെച്ചു. അതില്‍ സോളാര്‍ പാനല്‍ വെയ്‌ക്കാന്‍ ആദ്യം ഒരു കമ്പനിയെ സമീപിച്ചെങ്കിലും അത്‌ നടന്നില്ല. മറ്റൊരു കമ്പനിക്കാര്‍ സോളാര്‍ വെച്ചു. മൂന്നു ബാത്ത്‌റൂമില്‍ സദാസമയവും ചൂടുവെള്ളം കിട്ടും. എങ്കില്‍പിന്നെ മുറിയിലെ ലൈറ്റും ഫാനുമൊക്കെ പ്രവര്‍ത്തിക്കാന്‍ പറ്റിയ പാനല്‍ ആവട്ടെയെന്നു തീരുമാനിച്ചു.

പല കമ്പനികളെ സമീപിച്ചു. വിവരമറിഞ്ഞ്‌ സരിതാ നായര്‍ വീട്ടില്‍ വന്നു. കൂടുതല്‍ ലൈറ്റും എയര്‍ കണ്ടീഷണറുമൊക്കെ പ്രവര്‍ത്തിപ്പിക്കാന്‍ കെല്‍പ്പുള്ള പാനലുകളാണ്‌ നല്‍കാമെന്ന്‌ ഏറ്റത്‌. കുറിയും ചന്ദനവും തൊട്ട്‌ ശാലീന സുന്ദരിയായ സരിതാ നായരെ കണ്ടാല്‍ ഒരു കോളജ്‌ അധ്യാപികയാണെന്നേ തോന്നൂ. ഭര്‍ത്താവ്‌ ഗള്‍ഫിലാണെന്നാണ്‌ പറഞ്ഞത്‌. കഴിഞ്ഞ ഒക്‌ടോബറിലാണ്‌ രത്‌നമ്മ അവരെ കാണുന്നത്‌. തുടര്‍ന്ന്‌ ടീം സോളാര്‍ കമ്പനി സി.ഇ.ഒ എന്നു പരിചയപ്പെടുത്തി ആര്‍.ബി നായര്‍ വന്നു. ഓരോ തവണയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌ വിളിക്കും. തിരിച്ചും ചിലപ്പോള്‍ വിളി വരും. പദ്ധതിക്ക്‌ കേന്ദ്രമന്ത്രി വയലാര്‍ രവി എതിരാണെന്നും അതിനാല്‍ എല്ലാം സ്ഥാപിച്ചു കഴിയുന്നതുവരെ രവി ഇക്കാര്യം അറിയരുതെന്നും അയാള്‍ പറഞ്ഞു. അതിനാല്‍ ന്യു യോര്‍ക്കിലേക്കു മടങ്ങിയ രത്‌നമ്മയെ ബാബുരാജന്‍ വിവരമൊന്നും അറിയിച്ചില്ല.

കമ്പനിയില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിച്ച അയാള്‍ ഒരു കോടിയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നവരുടെ ഒരാള്‍ക്ക്‌ ജോലി കൊടുക്കാമെന്നു പറഞ്ഞു. നാട്ടില്‍ നിര്‍ത്താന്‍ താത്‌പര്യമുള്ള ഇളയപുത്രനു ജോലി ആകുമല്ലോ എന്ന ചിന്തയാണ്‌ നിക്ഷേപത്തിന്‌ പ്രേരകമായത്‌. കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ രത്‌നമ്മയെ ബാബുരാജന്‍ നാട്ടിലേക്കു അടിയന്തരമായി വിളിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ വിവരങ്ങളുള്ള കേരളാ ഗവണ്‍മെന്റിന്റെ ലെറ്റര്‍ പാഡുമൊക്കെയായാണ്‌ അയാള്‍ പണം വാങ്ങാന്‍ വന്നത്‌.

ആദ്യം ബാങ്കിലുള്ള 65 ലക്ഷം രൂപ കൊടുത്തു. വില്‍ക്കാന്‍ ചില തടസ്സങ്ങള്‍ വന്ന ഒരു വസ്‌തുവുണ്ടായിരുന്നു. ഒറ്റ രാത്രികൊണ്ട്‌ ബിജു തടസ്സങ്ങളെല്ലാം നീക്കി. അതുവിറ്റ്‌ 22 ലക്ഷം കൂടി നല്‍കി. ഇതൊക്കെ ഈവര്‍ഷം ജനുവരിയിലാണ്‌ നടന്നത്‌.

പിന്നെ ട്രഷറി ബോണ്ടിലുണ്ടായിരുന്ന പണം പിന്‍വലിച്ച്‌ അതും നല്‍കി. ഒന്നേകാല്‍ കോടിയില്‍പ്പരം രൂപ. അതിനു രേഖകള്‍ നല്‍കി.

ഫെബ്രുവരി അവസാനം ഓടിവന്ന്‌ മറിക്കാന്‍ കുറച്ചു രൂപ കൂടി ചോദിച്ചു. പലിശയ്‌ക്ക്‌ മേടിച്ചുകൊടുത്താലും രണ്ടാഴ്‌ചയ്‌ക്കകം തിരിച്ച്‌ തരാമെന്നു പറഞ്ഞു. അങ്ങനെ 13 ലക്ഷം രൂപ പരിചയക്കാരില്‍ നിന്ന്‌ കടമായി വാങ്ങി നല്‍കി.

മിക്കവാറുമെല്ലാ ദിവസവും വീട്ടില്‍ വന്നിരുന്ന ബിജു രാധാകൃഷ്‌ണന്‍ മാര്‍ച്ച്‌ പകുതി കഴിഞ്ഞതോടെ വരാതായി. ഏപ്രിലിലും സ്ഥിതി അതായതോടെ ആള്‍ മുങ്ങിയതാണെന്നു വ്യക്തമായി. നാട്ടില്‍ നിന്ന്‌ ബാബു രാജന്‍ ന്യൂയോര്‍ക്കിലുള്ള ഭാര്യയെ വിളിച്ച്‌ സംശയം അറിയിച്ചു.

തുടര്‍ന്ന്‌ വയലാര്‍ രവിയെ വിളിച്ചു. രവിയുടെ ഇടപെടല്‍ മൂലം മെയ്‌ 15ന്‌ ഡി.ജി.പിയെ കണ്ട്‌ പരാതി കൊടുത്തു. സരിതയ്‌ക്കും ബിജുവിനുമെതിരായ ആദ്യ കേസുകളിലൊന്നായിരുന്നു ഇത്‌.

കാണാന്‍ സുന്ദരനും സംഭാഷണചതുരനുമായ ബിജുവിന്റെ പെരുമാറ്റത്തില്‍ ഒരിക്കല്‍പോലും സംശയം തോന്നിയിട്ടില്ലെന്നു രത്‌നമ്മ പറഞ്ഞു. ഇങ്ങനെയൊക്കെ നുണ പറഞ്ഞു ഫലിപ്പിക്കാന്‍ ഒരാള്‍ക്ക്‌ കഴിയുമെന്നു ധരിച്ചില്ല.

കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ടവര്‍ക്ക്‌ നല്‍കാനാണ്‌ പണമെന്നായിരുന്നു അയാള്‍ പറഞ്ഞത്‌. മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധവും ഉറപ്പായിരുന്നു.

അയാള്‍ ഒരിക്കല്‍ പോലും കാറില്‍ വന്നിട്ടില്ല. ഭാര്യവീട്ടുകാര്‍ കൊല്ലാന്‍ നടക്കുന്നുവെന്നാണ്‌ പറഞ്ഞത്‌. തനിക്ക്‌ ഐ.പി.എസ്‌ കിട്ടിയിട്ടുണ്ടെന്നും എന്നാല്‍ പണീഷ്‌മെന്റില്‍ ജോലി പോയതാണെന്നും അയാള്‍ പറഞ്ഞു. മസൂറിയിലെ ട്രെയിനിംഗ്‌ സ്ഥലത്തെപ്പറ്റിയുള്ള അയാളുടെ വിവരണം അവിടെ താമസിച്ചിട്ടുള്ള രത്‌നമ്മയ്‌ക്ക്‌ വിശ്വാസമാകുകയും ചെയ്‌തു.

പണം പോയാല്‍ക്കൂടി അയാളുടെ കരണത്ത്‌ അടിക്കണമെന്നാണ്‌ തന്റെ ഇപ്പോഴത്തെ ചിന്തയെന്ന്‌ രത്‌നമ്മ പറഞ്ഞു. കടം മേടിച്ചവര്‍ക്കുള്ള തുക തിരിച്ചുകൊടുക്കാന്‍ അവര്‍ പെന്‍ഷന്‍ ഫണ്ടില്‍ നിന്ന്‌ ലോണ്‍ എടുത്തു. സ്വര്‍ണവും പണയം വച്ചു.

അമേരിക്കയില്‍ ജോലിചെയ്‌തുണ്ടാക്കിയ പണം ഈ രീതിയില്‍ നഷ്ടമാകുമെന്നു കരുതിയില്ല. ഒരുവിധ തട്ടിപ്പൊക്കെ കരുതലോടെ നേരിടുന്ന ആളാണ്‌ ബാബു രാജന്‍. പക്ഷെ അദ്ദേഹവും വാക്‌ചാതുരിയില്‍ വീണുപോയി.

ഇങ്ങനെയൊക്കെ പണം നഷ്ടമാകുന്നത്‌ ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലുമുണ്ടെന്നും അതിനാല്‍ വിഷമിക്കേണ്ടെന്നും അനുഭവസ്ഥരായ ചില സുഹൃത്തുക്കള്‍ പറഞ്ഞു. പക്ഷെ അതുകൊണ്ട്‌ ആശ്വാസമാകില്ലല്ലോ?

ഇത്രയും പണം അയാള്‍ എന്തു ചെയ്‌തെന്ന്‌ ഇനിയും വ്യക്തമല്ല. ചെലവഴിക്കാന്‍ സാധ്യതയില്ല. അതിനാല്‍ അതു തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ വിട്ടിട്ടുമില്ല.
അമേരിക്കന്‍ മലയാളികളെ വീഴ്ത്തിയ കരച്ചില്‍; പോയത് ഒന്നര കോടി അമേരിക്കന്‍ മലയാളികളെ വീഴ്ത്തിയ കരച്ചില്‍; പോയത് ഒന്നര കോടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക