Image

ലാസ്‌വേഗസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവക മാതാവിന്റെ പെരുന്നാള്‍ കൊണ്ടാടി

ജോയിച്ചന്‍ പുതുക്കുളം Published on 30 September, 2011
ലാസ്‌വേഗസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവക മാതാവിന്റെ പെരുന്നാള്‍ കൊണ്ടാടി
ലാസ്‌വേഗസ്‌: സെന്റ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ ഈവര്‍ഷത്തെ പെരുന്നാള്‍ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു. പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ 2006-ല്‍ സ്ഥാപിതമായ ഇടവകയുടെ അഞ്ചാമത്തെ തിരുനാള്‍ ആണ്‌ കൊണ്ടാടിയത്‌.

സെപ്‌റ്റംബര്‍ 17-ന്‌ രാവിലെ പ്രഭാത നമസ്‌കാരവും തുടര്‍ന്ന്‌ വിശുദ്ധ പെരുന്നാള്‍ കുര്‍ബാനയും നടന്നു. ഫീനിക്‌സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവക വികാരി ഫാ. സ്ലോമോ ജോര്‍ജ്‌ പെരുന്നാളിന്‌ കാര്‍മികത്വം വഹിച്ചു. പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതമൂലം സകല വിശ്വാസികള്‍ക്കും അനുഗ്രഹങ്ങളും നന്മകളും സ്വര്‍ഗ്ഗത്തില്‍ നിന്നും ദാനം ആയി ലഭിക്കട്ടെ എന്ന്‌ സ്ലോമോ അച്ചന്‍ തന്റെ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. ഭാരത സംസ്‌കാരത്തില്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന മലങ്കര സഭയിലെ വിശ്വാസികള്‍ തങ്ങളുടെ ക്രൈസ്‌തവ വിശ്വാസത്തിന്റെ വിളക്ക്‌ പുതിയ തലമുറകളിലേക്ക്‌ പകര്‍ന്നുനല്‌കി വരുംതലമുറയെ വിശ്വാസത്തിന്റെ പടവില്‍ യാത്രചെയ്‌ത്‌ സ്വര്‍ഗ്ഗീയമായ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ യോഗ്യരാക്കണമെന്ന്‌ പ്രത്യേകം ഉത്‌ബോധിപ്പിച്ചു.

തുടര്‍ന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ പാരമ്പര്യത്തിലുള്ള ഭക്തിനിര്‍ഭരമായ റാസയില്‍, കൊടികളും, മുത്തുക്കുടകളും, കുരിശും, വിശുദ്ധ ബൈബിളും വഹിച്ചുകൊണ്ട്‌ വിശ്വാസികള്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്‌തുതികീര്‍ത്തനങ്ങളുമായി പങ്കെടുത്തു. തുടര്‍ന്ന്‌ ദൈവാലയത്തില്‍ കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികള്‍ പരിശുദ്ധ മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. പെരുന്നാളില്‍ സംബന്ധിക്കുവാന്‍ ലാസ്‌വേഗസിലെ സഹോദര സഭയില്‍ നിന്ന്‌ വിശ്വാസികള്‍ എത്തിയിരുന്നു. പെരുന്നാളില്‍ സംബന്ധിക്കുവാന്‍ എത്തിയ വിശ്വാസികള്‍ക്കും സെക്രട്ടറി ജോണ്‍ ചെറിയാന്‍ ഇടവകയുടെ പ്രത്യേക നന്ദി അറിയിച്ചു.

ട്രസ്റ്റി വില്ലി ജോണ്‍ ജേക്കബിന്റെ നേതൃത്വത്തില്‍ ബിജു മാത്യു, ജോണ്‍ പുത്തന്‍പുരയില്‍, ജേക്കബ്‌ കൊങ്ങിണിപറമ്പില്‍, ബൈജു ചെറിയാന്‍, സജി വര്‍ഗീസ്‌, സൂരജ്‌ ജോണ്‍ തുടങ്ങിയവര്‍ പെരുന്നാള്‍ അനുഗ്രഹപ്രദമാക്കുവാന്‍ സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. പെരുന്നാള്‍ ശുശ്രൂഷകള്‍ക്കുശേഷം വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും നടന്നു.
ലാസ്‌വേഗസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവക മാതാവിന്റെ പെരുന്നാള്‍ കൊണ്ടാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക