Image

ഇതാ സമസ്‌ത കേരള വാര്‍ത്തകള്‍ (ജോര്‍ജ്‌ തുമ്പയില്‍)

Published on 21 June, 2013
ഇതാ സമസ്‌ത കേരള വാര്‍ത്തകള്‍ (ജോര്‍ജ്‌ തുമ്പയില്‍)
വല്ലപ്പോഴുമൊരിക്കലാണ്‌ നാട്ടിലേക്ക്‌ വരുന്നത്‌. നാട്ടിലോട്ടു കാലു കുത്തുമ്പോഴോ പ്രശ്‌നങ്ങളുടെ നടുവിലേക്കാണെന്നു തോന്നിപ്പോവും. അതു കൊണ്ട്‌ തന്നെ പത്രം വായിക്കുന്നില്ലെന്ന്‌ ആദ്യം തീരുമാനിച്ചു.

എന്നാല്‍, വര്‍ത്തമാനകാല സംഭവങ്ങളോടു സംവദിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അത്‌ ഒഴിവാക്കാനുമാവില്ലല്ലോ.

ഡല്‍ഹിയില്‍ വിമാനമിറങ്ങിയപ്പോഴാണ്‌ കേരള കോണ്‍ഗ്രസ്‌ നേതാവ്‌ ആര്‍ ബാലകൃഷ്‌ണപിള്ളയുടെ കമന്റ്‌ കണ്ടത്‌.

ഇനി പാര്‍ട്ടിക്ക്‌ മന്ത്രിയേ വേണ്ട, ആ വകുപ്പ്‌ കോണ്‍ഗ്രസ്‌ എടുത്തു കൊള്ളുക.

അങ്ങനെ വെറുതെ പറഞ്ഞാലൊന്നും പറ്റില്ല, രേഖാമൂലം കത്തു തരണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതു കൊണ്ടാവണം, രേഖാമൂലം കത്ത്‌ നല്‍കിയതായുള്ള വാര്‍ത്തയും വായിച്ചിട്ടാണ്‌ കേരളത്തിലേക്ക്‌ വണ്ടി കയറിയത്‌.

വന്നു കയറി രണ്ടു മൂന്നു ദിവസങ്ങള്‍ക്ക്‌ ശേഷം വീണ്ടും പത്രം (ഒരു പത്രമല്ല, മൂന്നു പത്രം, പരമ്പരാഗതമായി വരുത്തുന്ന മനോരമ, കൂടാതെ ദേശാഭിമാനിയും ഒപ്പം ടൈംസ്‌ ഓഫ്‌ ഇന്ത്യയും കൂടെ കരുതി) നിവര്‍ത്തിയപ്പോള്‍ കാണുന്നു, ബാലകൃഷ്‌ണപിള്ള മുഖ്യമന്ത്രിക്ക്‌ കത്ത്‌ നല്‍കിയിരിക്കുന്നു, മകനെ ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണം, ഒരു മന്ത്രി തങ്ങളുടെ അവകാശമാണത്രേ....

ങേ, ഇത്‌ എന്തു പറ്റി, പത്രക്കാര്‍ക്ക്‌ തെറ്റ്‌ പറ്റിയോ, അതോ വാര്‍ത്ത വായിച്ച എനിക്ക്‌ മറവിയുടെ പ്രശ്‌നമുണ്ടായോ എന്നൊക്കെ ചിന്തിച്ച്‌ രണ്ടു ദിവസത്തെ പത്രം എടുത്തു നോക്കിയപ്പോള്‍ ശരിയാണ്‌, ആദ്യം വേണ്ടെന്നു പറഞ്ഞു കത്തു കൊടുത്തു, ഇപ്പോള്‍ വേണമെന്നു പറഞ്ഞു കത്തു കൊടുത്തിരിക്കുന്നു, അപ്പോള്‍ ഇത്ര നിസ്സാരമായിട്ടാണോ കേരളത്തിലെ ജനങ്ങളെ ഭരിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍ കാര്യങ്ങള്‍ കാണുന്നതെന്നു തോന്നിപ്പോയി.

ഇതിനിടയ്‌ക്ക്‌ ആരോ തമാശയ്‌ക്ക്‌ പറയുന്നതു കേട്ടു നാഴികയ്‌ക്ക്‌ നാല്‍പ്പതു തവണ കത്തു കൊടുക്കാന്‍ കൊട്ടാരക്കരക്കാരന്‍ ആര്‍.ബാലകൃഷ്‌ണപിള്ളയെന്താ പോസ്റ്റുമാനാണോ എന്ന്‌? ശരിയല്ലേ, മന്ത്രിയെ എത്രയും വേഗം പിന്‍വലിക്കണമെന്നായിരുന്നു ഒരു കാലത്ത്‌ മുഴുവന്‍ ഇങ്ങേര്‌ വായിട്ടലച്ചത്‌.

കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ മുഴുവന്‍ ടിപി വധം അരങ്ങു തകര്‍ക്കുകയായിരുന്നു.

അന്ന്‌ ടിപി ചന്ദ്രശേഖരന്‍ ആയിരുന്നു താരമെങ്കില്‍ ഇന്ന്‌ ക്രിക്കറ്റ്‌ താരം എസ്‌. ശ്രീശാന്താണ്‌ വാര്‍ത്തകളിലെങ്ങും.

ക്രിക്കറ്റ്‌ വാതുവെപ്പുമായി ബന്ധപ്പെട്ട്‌ മലയാളി ശ്രീശാന്ത്‌ അറസ്റ്റിലായപ്പോള്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലേക്ക്‌ വലിയൊരു ഭൂതത്തെക്കൂടിയാണ്‌ തുറന്നു വിട്ടത്‌.

അന്ന്‌ ശ്രീശാന്തിനെ അറസ്റ്റ്‌ ചെയ്‌ത ഡല്‍ഹി പോലീസ്‌ ഇപ്പോള്‍ കേസ്‌ ഒതുക്കി തീര്‍ക്കാന്‍ ഉഷ്‌ണിക്കുകയാണെന്നാണു ഇന്ദ്രപ്രസ്ഥത്തില്‍ നിന്നുള്ള വാര്‍ത്തകള്‍.

കളിക്കാരില്‍ നിന്നും വാതുവെപ്പ്‌ ഇപ്പോള്‍ വന്‍ നേതാക്കന്മാരിലേക്ക്‌ മാറിത്തുടങ്ങിയതോടെ ഇനി അപ്പം തിന്നണോ, അതോ കുഴിയെണ്ണണോ എന്നറിയാതെ തെക്ക്‌ വടക്ക്‌ നടക്കുകയാണ്‌ ഡല്‍ഹി പോലീസ്‌...

ശ്രീശാന്തിന്റെ കാര്യം അവിടെ നില്‍ക്കട്ടെ... പട്ടിണി കിടന്നവനെ അത്താഴമുണ്ണാന്‍ വിളിച്ച്‌ വരുത്തിയിട്ട്‌, അത്താഴം തീര്‍ന്നു പോയി എന്നു പറഞ്ഞതു പോലെയായി നമ്മുടെ കെപിസിസി പ്രസിഡന്റ്‌ ശ്രീ. രമേശ്‌ ചെന്നിത്തലയുടെ കാര്യം.

എല്ലാവര്‍ക്കും ഉമ്മന്‍ചാണ്ടിയോടും രമേശിനോടും വലിയ ബഹുമാനം ഒക്കെ തന്നെ.

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളും തമ്മിലുള്ള ഈ ചെളി വാരിയെറിച്ചിലുകളും കാണുമ്പോള്‍ പുച്ഛം തോന്നുന്നത്‌ കേരള സമൂഹത്തോടു തന്നെയാണ്‌.

ഇടഞ്ഞു നിന്ന രമേശിനെ വല്ലവിധേനയും അച്ചാ പോറ്റി പറഞ്ഞ്‌ ഉപമുഖ്യമന്ത്രിയാക്കാമെന്നു പറഞ്ഞ്‌ ഒരു തരത്തില്‍ സമ്മതിച്ചു കൊണ്ടു വന്നപ്പോഴിതാ ഘടകകക്ഷി മുസ്ലീം ലീഗ്‌ ഉടക്കുമായി എത്തിയിരിക്കുന്നു.

വിജിലന്‍സ്‌ കേസ്‌ ഉള്ളിടത്തോളം വിശ്വസ്‌തന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ കൈയില്‍ നിന്നു പോലീസിനെ വിട്ടു കൊടുക്കില്ലെന്നും അഥവാ കൊടുത്താല്‍ അത്‌ താന്‍ തന്നെ എടുത്തോളാമെന്നും മുഖ്യമന്ത്രി പറയുമ്പോള്‍, പലര്‍ക്കും പണി കൊടുക്കേണ്ട ആഭ്യന്തരം കിട്ടാതെ രക്ഷയില്ലെന്ന മട്ടിലാണ്‌ ചെന്നിത്തലയും അണികളും.

ചെന്നിത്തലയ്‌ക്ക്‌ ഇപ്പോള്‍ എങ്ങനെയെങ്കിലും ഏതെങ്കിലുമൊരു മന്ത്രി ആയാല്‍ മതി, എന്നാല്‍ അണികള്‍ സമ്മതിക്കില്ലെന്നതാണ്‌ അദ്ദേഹത്തിന്റെ വേദന.

അവര്‍ക്ക്‌ ചോദിക്കുന്ന വകുപ്പ്‌ തന്നെ വേണം, അല്ലെങ്കില്‍ മന്ത്രിയാകേണ്ട പോലും.

അണികള്‍ക്ക്‌ അതൊക്കെ പറയാം, എന്നാല്‍ മന്ത്രിയാകാന്‍ കൊതിച്ചിരിക്കുന്നവന്റെ വേദന അവരുണ്ടോ അറിയുന്നു?

ഡല്‍ഹിയിലെത്തി വീട്ടിലേക്ക്‌ വിളിച്ചപ്പോള്‍ കേരളമായ കേരളം മുഴുവന്‍ കടുത്ത വേനലില്‍ ഉരുകുകയാണെന്നായിരുന്നു റിപ്പോര്‍ട്ട്‌.

ആഗോളതാപനവും ഗ്ലോബല്‍വാമിങ്ങുമായി കേരളം കത്തുകയാണെന്നു കേട്ടപ്പോള്‍ ശരിക്കും ഉള്ളൊന്നു കാളിയിരുന്നു.

എന്നാല്‍ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയപ്പോള്‍ മനസ്സു കുളിര്‍പ്പിച്ചു കൊണ്ട്‌ മഴ പെയ്‌തു. ആ മഴ ഈ കുറിപ്പ്‌ എഴുതുമ്പോഴും തൂവി കൊണ്ടേയിരിക്കുന്നു.

കൃത്യം ജൂണ്‍ ഒന്നിന്‌ തന്നെ ഇടവപ്പാതി എത്തുന്നുവെന്ന മാജിക്ക്‌ ഇത്തവണയും പ്രകൃതി ആവര്‍ത്തിച്ചപ്പോള്‍ രക്ഷപ്പെട്ടത്‌ കാലാവസ്ഥ നിരീക്ഷണ വകുപ്പാണ്‌.

എന്നാല്‍ കുടുങ്ങിയ മറ്റൊരു വകുപ്പ്‌ ഉണ്ട്‌. ആരോഗ്യവകുപ്പാണത്‌.

ഇത്രയും കാലം പകര്‍ച്ചപനിയായിരുന്നു, കേരളത്തില്‍ വിലസിയിരുന്നത്‌.

ഇപ്പോഴിതാ അത്‌ ഡങ്കിപ്പനിക്ക്‌ വഴി മാറിയിരിക്കുന്നു.

പക്ഷി പനി, പന്നിപനി, എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ മാധ്യമങ്ങള്‍ ഉള്ളു തുറന്ന്‌ എഴുതിയതോടെ ഒരൊറ്റ വിദേശി പോലും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്‌ വരാതിരിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ്‌ ഇപ്പോള്‍ ഡങ്കി കയറി വിലസുന്നത്‌.

കൊതുകു പരത്തുന്ന പനി വന്നാല്‍, സൂക്ഷിച്ചില്ലെങ്കില്‍ മരണം ഉറപ്പ്‌.

രക്തത്തിലെ കൗണ്ടുകള്‍ കുറയുന്നതോടെ രോഗി ഗുരുതരാവസ്ഥയിലെത്തുമെന്നും മുന്നറിയിപ്പ്‌ വേണം എന്നൊക്കെ ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ പറയുന്നുണ്ടെങ്കിലും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്‌ടര്‍മാര്‍ മിന്നല്‍ പണിമുടക്ക്‌ നടത്തുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ വാര്‍ത്ത.

പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ ഓടുന്ന ഇവന്മാരെയൊക്കെ എന്തു ചെയ്യണം? എന്തായാലും പരസ്യമായി ഒരു രഹസ്യം ചോര്‍ന്നിട്ടുണ്ട്‌: മാതളനാരങ്ങയും കപ്പളങ്ങയും കഴിച്ചാല്‍ ഡെങ്കി ഓകെ ആവും. മരുന്നു കമ്പനിക്കാര്‍ കേള്‍ക്കണ്ട!

കറന്റ്‌ കട്ട്‌, ചൂട്‌, കൊതുക്‌ തുടങ്ങി മഴ വന്നെങ്കിലും നാഴികയ്‌ക്ക്‌ നാല്‍പ്പതു വട്ടമുള്ള പ്രഖ്യാപിത-അപ്രഖ്യാപിത കറന്റ്‌ കക്കലില്‍ നിന്നും ഒന്നും രക്ഷപ്പെട്ടാല്‍ മതിയായിരുന്നുവെന്നു തോന്നി.

ഇങ്ങനെയുള്ള സ്ഥലത്തേക്കാണ്‌ സീപ്ലെയ്‌ന്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു വിട്ടത്‌.

അഷ്‌ടമുടിക്കായലില്‍ ടേക്ക്‌ ഓഫ്‌ ചെയ്‌ത വിമാനം പുന്നമടയില്‍ ലാന്‍ഡ്‌ ചെയ്യാന്‍ സമരക്കാര്‍ സമ്മതിച്ചില്ലത്രേ.

എന്തിനും സമരം ചെയ്‌തില്ലെങ്കില്‍ ഒരു ഇതില്ലെങ്കിലോ എന്നു സമരക്കാരും വിചാരിച്ചു കാണാം. എന്നാല്‍ വ്യത്യസ്‌തനായ മറ്റൊരു സമര കഥയും ഇതിനിടയ്‌ക്ക്‌ കേട്ടു.

രസകരമായ ഈ സമരവാര്‍ത്ത, ശ്രീമാന്‍ എംകെ ഗ്രൂപ്പ്‌ ചെയര്‍മാന്‍ യൂസഫലിയെക്കുറിച്ചുള്ളതാണ്‌.

ആശാന്‍ അയ്യായിരം പേര്‍ക്ക്‌ തൊഴില്‍ നല്‍കാന്‍ വേണ്ടി എറണാകുളത്ത്‌ ഇടപ്പള്ളിയില്‍ ഒരു വലിയ മാള്‍ നിര്‍മ്മിച്ചു.

സംഭവം വലിയ ഹിറ്റായി. കാഴ്‌ചബംഗ്ലാവിലേക്ക്‌ ആളു വരുന്നതു പോലെ ജനം ഇവിടേക്ക്‌ ഒഴുകാന്‍ തുടങ്ങി.

യൂസഫലി ഹാപ്പി, സര്‍ക്കാര്‍ ഹാപ്പി, മലയാളികള്‍ മൊത്തം ഹാപ്പി, എല്ലാ ജംഗ്‌ഷനിലും ലുലുമാള്‍ തുടങ്ങണമെന്നു കവലയിലൊക്കെ പ്രസംഗം കൊഴുക്കുമ്പോള്‍ ഇപ്പോഴിതാ കേള്‍ക്കുന്നു, ലുലുമാള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌ സര്‍ക്കാര്‍ ഭൂമി കയ്യേറിയാണെന്ന്‌...

അതോടെ, യൂസഫലി ഒരു കാര്യം തീരുമാനിച്ചു കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റുമായി ചേര്‍ന്നുണ്ടായിരുന്ന ഒരു വലിയ കരാറില്‍ നിന്ന്‌ അദ്ദേഹം പിന്മാറുന്നുവെന്ന്‌.

സംഭവം ഒന്നും രണ്ടും രൂപയുടേതല്ല.

72 കോടി രൂപയുടേതാണ്‌. കിട്ടിയ കാശെടുത്തു പുട്ടടിച്ച പോര്‍ട്ട്‌ ട്രസ്റ്റ്‌ വാര്‍ത്ത കേട്ടതോടെ ഏതാണ്ട്‌ ഐസിയുവിലായ മട്ടിലായി.

കാരണം, വാങ്ങിയ കാശ്‌ തിരിച്ചു കൊടുക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല.

ഉപായം കണ്ടെത്തിയ അവര്‍ ഒരു പ്രമേയം പാസ്സാക്കി, യൂസഫലി പദ്ധതിയില്‍ നിന്നു പിന്മാറിയാലും ഇല്ലെങ്കിലും വാങ്ങിയ കാശ്‌ തിരിച്ചു കൊടുക്കാനാവില്ല.

അതാണ്‌ ട്രസ്റ്റിന്റെ ഒരു ലൈന്‍. ഈ കാര്യമെല്ലാം വിവാദമാക്കി മാറ്റിയ സിപിഎം, യൂസഫലിയും പോര്‍ട്ട്‌ ട്രസ്‌റ്റും അടിച്ച പെനാല്‍റ്റി കണ്ട്‌ അന്തം വിട്ടു പോയി. അത്രയ്‌ക്ക്‌ അവര്‍ പ്രതീക്ഷിച്ചില്ല.

ആദ്യം യൂസഫലിക്ക്‌ പിന്തുണയുമായി വിഎസ്‌ വന്നു, പിന്നീട്‌ ഇതാ സാക്ഷാല്‍ പിണറായി തന്നെ വന്നിരിക്കുന്നു, യൂസഫലിക്കെതിരേ ഒരാള്‍ പോലും ഇനി മുദ്രാവാക്യം വിളിക്കാന്‍ ധൈര്യം കാണിക്കില്ലെന്നായിരുന്നു പിണറായിയുടെ സ്റ്റേറ്റ്‌മെന്റ്‌.

ഇതൊക്കെ കാണുമ്പോഴും കേള്‍ക്കുമ്പോഴും ഇവിടെ താമസിക്കുന്ന മലയാളിയെയാണ്‌ ശരിക്കും സമ്മതിക്കേണ്ടത്‌.

സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്‌ എത്ര ശരിയാണ്‌, കേരളം ഒരു ഭ്രാന്താലയമല്ല, ഒരു ഒന്നൊന്നര ഭ്രാന്താലയമാണ്‌.
ഇതാ സമസ്‌ത കേരള വാര്‍ത്തകള്‍ (ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക