Image

നീലപ്പടത്തില്‍ കുടുങ്ങിയ തെറ്റയില്‍

Published on 24 June, 2013
നീലപ്പടത്തില്‍ കുടുങ്ങിയ തെറ്റയില്‍
ജനതാദള്‍ സെക്യുലര്‍ എം.എല്‍.എ ജോസ്‌ തെറ്റയില്‍ ഒളിക്യാമറയില്‍ കുടുങ്ങിയ വാര്‍ത്ത മാധ്യമങ്ങളിലും സൈബര്‍ ലോകത്തും `എ' സര്‍ട്ടിഫിക്കറ്റോ, സെന്‍സറിംഗോ ഇല്ലാതെ മെഗാഹിറ്റാകുമ്പോള്‍ കേരള രാഷ്‌ട്രീയത്തെയും രാഷ്‌ട്രീയ നേതാക്കളെയും കുറിച്ച്‌ ലജ്ജിക്കാന്‍ മാത്രമേ മലയാളിക്കു സാധിക്കു. പകരത്തിനു പകരമായി സ്‌ത്രീപീഡന വാര്‍ത്തകളും ബലാല്‍സംഗങ്ങളും രാഷ്‌ട്രീയ ആയുധമായി ഉപയോഗിക്കപ്പെടുന്ന തീര്‍ത്തും തരംതാണ രാഷ്‌ട്രീയ കാലാവസ്ഥയിലൂടെയാണ്‌ കേരളം കടന്നു പോകുന്നത്‌. കേരളത്തില്‍ ഒരു ജനകീയ ഭരണം നടക്കുന്നില്ല എന്ന്‌ മാത്രമല്ല യാതൊരു ജനകീയ വിഷയങ്ങളും ഭരണ പ്രതിപക്ഷ ഭേദമന്യേ രാഷ്‌ട്രീയക്കാര്‍ ശ്രദ്ധവെക്കുന്നില്ല എന്നതാണ്‌ യഥാര്‍ഥ്യം.

ഇനി ഇപ്പോള്‍ സൂപ്പര്‍ഹിറ്റായിക്കൊണ്ടിരിക്കുന്ന പീഡന രാഷ്‌ട്രീയ തന്ത്രങ്ങളിലേക്ക്‌ വരാം. സരിതാ എസ്‌.നായരിലും സോളാര്‍ തട്ടിപ്പിലുമായി യുഡിഎഫ്‌ തീര്‍ത്തും പ്രതിരോധത്തിലായിരുന്നു കുറച്ചു ദിവസങ്ങളായി. മുഖ്യമന്തി രാജിവെക്കേണ്ടി വരുന്ന സാഹചര്യം കേരള രാഷ്‌ട്രീയത്തില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. ഇങ്ങനെ ഭരണപക്ഷം തീര്‍ത്തും പ്രതിരോധത്തില്‍ നില്‍ക്കുമ്പോഴാണ്‌ പൊടുന്നനെ അങ്കമാലി സ്വദേശിനിയായ പെണ്‍കുട്ടി ജോസ്‌ തെറ്റയിലിനെതിരെ ആരോപണവുമായി വരുന്നത്‌. തെറ്റയിലിന്റെ മകന്‍ ആദര്‍ശ്‌ തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന്‌ ആരോപിക്കുന്ന പെണ്‍കുട്ടി, മകനെ വിവാഹം കഴിച്ചു നല്‍കാമെന്ന്‌ പറഞ്ഞ്‌ ജോസ്‌ തെറ്റയിലും തന്നെ പീഡിപ്പിച്ചുവെന്ന്‌ പറയുന്നു. എന്നാല്‍ ഇവര്‍ വിവാഹ വാഗ്‌ദാനം ലംഘിക്കുമെന്ന്‌ സംശയം തോന്നിയ സാഹചര്യത്തില്‍ അച്ഛനും, മകനും താനുമായി വേഴ്‌ചയില്‍ ഏര്‍പ്പെടുന്ന വീഡിയോ വെബ്‌കാമില്‍ പകര്‍ത്തിവെക്കുകയായിരുന്നു എന്നാണ്‌ പെണ്‍കുട്ടിയുടെ വാദം. ആദ്യ തെളിവായി തെറ്റയിലുമായി തന്റെ സ്വകാര്യ നിമിഷങ്ങള്‍ പെണ്‍കുട്ടി ചാനലിന്‌ കൈമാറുകയും ചെയ്‌തു. പിന്നീടത്‌ എല്ലാ മാധ്യമങ്ങളും ഏറ്റെടുത്ത്‌ യാതൊരു സെന്‍സറിംഗുമില്ലാതെ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തു.

എന്നാല്‍ ഇവിടെ പ്രധാനം പ്രശ്‌നമിതാണ്‌...

ഒരു പെണ്‍കുട്ടിയെ വിവാഹ വാഗ്‌ദാനം നല്‍കിയിട്ട്‌ ലൈംഗീകമായി ഉപയോഗിക്കുകയും പിന്നീട്‌ വഞ്ചിക്കുകയും ചെയ്‌താല്‍ പെണ്‍കുട്ടി താന്‍ ചൂഷണം ചെയ്യപ്പെട്ടു, അല്ലെങ്കില്‍ പീഡിപ്പിക്കപ്പെട്ടു എന്ന്‌ പരാതിപ്പെടുക തീര്‍ത്തും ന്യായമാണ്‌. അത്‌ നിയമ സംവിധാനത്തിന്‌ മുമ്പിലും ജനപക്ഷത്തിന്‌ മുമ്പിലും ശരിയുമാണ്‌. കാരണം അവള്‍ തീര്‍ത്തും വഞ്ചിക്കപ്പെടുകയായിരുന്നു. എന്നാല്‍ സ്വന്തം മകനെക്കൊണ്ട്‌ വിവാഹം ചെയ്യിക്കാമെന്ന്‌ ഒരു പുരുഷന്‍ പറഞ്ഞുവെന്നും, അതിന്റെ പേരില്‍ ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും പിന്നീട്‌ തന്നോട്‌ വിശ്വാസ വഞ്ചന കാണിച്ചുവെന്നും ഒരു പെണ്‍കുട്ടി പറയുമ്പോള്‍ അതില്‍ എവിടെയാണ്‌ ന്യായമിരിക്കുന്നത്‌. പെണ്‍കുട്ടി ഉയര്‍ന്ന വിദ്യഭ്യാസം നേടിയ വ്യക്തിയാണെന്നും ഓര്‍മ്മിക്കണം. ഇവിടെ ഉഭയകക്ഷി സമ്മത പ്രകാരം നടന്ന വേഴ്‌ചയെ പീഡനമായി കാണാന്‍ കഴിയുന്നതെങ്ങനെ. അവിടെയാണ്‌ തെറ്റയിലിനെതിരെയുള്ള ആരോപണം രാഷ്‌ട്രീയ ഗൂഡാലോചനയുടെ ഭാഗം എന്ന്‌ തന്നെ സംശയിക്കേണ്ടത്‌. പുരോഗമന സമൂഹം ഈ നെറികെട്ട രാഷ്‌ട്രീയ നാടകങ്ങളെ തുറന്ന്‌ എതിര്‍ക്കേണ്ടതുണ്ട്‌.

ഇവിടെ ജോസ്‌ തെറ്റയിലിന്‌ ആ പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നില്ല എന്നല്ല പറയുന്നത്‌. അവര്‍ തമ്മിലുണ്ടായിരുന്ന ബന്ധം പെണ്‍കുട്ടി ആരോപിക്കുന്ന വിധത്തിലാണെങ്കില്‍ പോലും അത്‌ ഉഭയകക്ഷി സമ്മത്രപ്രകാരം അഥവാ പരസ്‌പര സമ്മതപ്രകാരമുള്ളതായിരുന്നു എന്നതാണ്‌. ഒരു ഗൂഡാലോചനയുടെ സ്വഭാവത്തിലുള്ളതോ, അല്ലെങ്കില്‍ കരുതിക്കൂട്ടി പിന്നീട്‌ ബ്ലാക്ക്‌മെയില്‍ ചെയ്യാം എന്ന ധാരണയിലോ തന്നെയാണ്‌ പെണ്‍കുട്ടി ജോസ്‌ തെറ്റയില്‍ താനുമായി വേഴ്‌ചയില്‍ ഏര്‍പ്പെടുന്ന വീഡിയോ രഹസ്യമായി പകര്‍ത്തിയത്‌. ഇവിടെ ജോസ്‌ തെറ്റയിലിനെതിരെ ഐ.പി.സി 375 അനുസരിച്ച്‌ ബലാല്‍സംഗക്കുറ്റം നിലനില്‍ക്കാന്‍ സാധ്യതയില്ല.

യുക്തസഹമല്ല ഇവിടെ കേസിന്‌ ആധാരമായി പെണ്‍കുട്ടി നല്‍കുന്ന പരാതി എന്നത്‌ വ്യക്തമാണ്‌. ഇത്തരം പീഡന പരാതികള്‍ ഉയരുന്നതും അതിന്‌ അനാവശ്യമായ മാനങ്ങള്‍ നല്‍കുന്നതും യഥാര്‍ഥത്തിലുള്ള പീഡനത്തിലെ ഇരകളെക്കുടിയാണ്‌ കഷ്‌ടത്തിലാക്കുന്നത്‌. നാളെ ഏതെങ്കിലും പെണ്‍കുട്ടി യഥാര്‍ഥത്തില്‍ പീഡനത്തിന്‌ ഇരയാക്കപ്പെടുമ്പോള്‍ അതും ഇതേ രീതിയില്‍ വ്യാഖ്യാനിക്കപ്പെടാന്‍ ഇടയാകും.

സൂര്യനെല്ലി കേസിലെ വിഷയം തന്നെ നമ്മുടെ മുമ്പില്‍ ഉദാഹരണമായിട്ടുണ്ട്‌. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ ഒരാള്‍ വഞ്ചിക്കുകയും പിന്നീട്‌ ബലാല്‍ക്കാരമായി നിരവധി പേര്‍ക്ക്‌ ലൈംഗീക അതിക്രമത്തിന്‌ വിട്ടു നല്‍കുകയും ചെയ്യുകയായിരുന്നു സൂര്യനെല്ലിക്കേസില്‍. അവിടെ അവള്‍ വഞ്ചിക്കപ്പെടുകയും ക്രൂരമായി പീഡിപ്പിക്കപ്പെടുകയുമായിരുന്നു. അന്ന്‌ കേസില്‍ വിധി പറഞ്ഞ കീഴ്‌കോടതി പെണ്‍കുട്ടിക്ക്‌ വന്നു ചേര്‍ന്ന ഈ സാഹചര്യം അത്യന്തം ക്രൂരമായിരുന്നു എന്ന്‌ നിരീക്ഷിച്ചിരുന്നു. പക്ഷെ ഹൈക്കോടതിയില്‍ ഈ കേസ്‌ മാറി മറഞ്ഞത്‌ എങ്ങനെ എന്ന്‌ എല്ലാവരും കണ്ടതാണ്‌. പെണ്‍കുട്ടി തന്നെ വഞ്ചിച്ചയാളുമായി പ്രണയത്തിലായിരുന്നു എന്ന ഒറ്റക്കാരണം കൊണ്ട്‌ അവള്‍ സ്വന്തം സമ്മതപ്രകാരമാണ്‌ പ്രശ്‌നങ്ങളിലേക്ക്‌ ചെന്നെത്തിയത്‌ എന്നായിരുന്നു മേല്‍ക്കോടതിയുടെ ന്യായം. കേസ്‌ വിധി പറഞ്ഞ ജസ്റ്റിസ്‌ സമീപകാലത്ത്‌ ഈ രീതിയിലുള്ള കമന്റ്‌ പറഞ്ഞത്‌ എല്ലാവരും കേട്ടതുമാണ്‌.

എന്നാല്‍ തെറ്റയിലിന്റെ വിഷയത്തില്‍ ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ല. തെറ്റയിലിനെതിരെ ആരോപണം ഉന്നയിക്കുന്ന പെണ്‍കുട്ടി അവളുടെ സമ്മത പ്രകാരം തന്നെയാണ്‌ തെറ്റയിലുമായി ബന്ധം പുലര്‍ത്തിയത്‌ എന്ന്‌ വീഡിയോ ദൃശ്യങ്ങളില്‍ തന്നെ വ്യക്തമാണ്‌. ഇവിടെ പൊതുപ്രവര്‍ത്തകന്‍ കാണിക്കേണ്ട ധാര്‍മ്മികത മാത്രമേ ജോസ്‌ തെറ്റയിലിനെ സംബന്ധിച്ചിടത്തോളം പ്രശ്‌നമാകു. അതൊഴിച്ചാല്‍ കോടതിയില്‍ പോലും കേസ്‌ തള്ളിപ്പോകാനാണ്‌ സാധ്യത.

മറ്റൊരു സംഗതി ഇതേ വീഡിയോയുടെ പ്രശ്‌നത്തില്‍ ജോസ്‌ തെറ്റയില്‍ ന്യായമായ ബ്ലാക്ക്‌മെയിലിംഗിന്‌ വിധേയനായി എന്നത്‌ തന്നെയാണ്‌. മന്ത്രിയായിരുന്നപ്പോഴും തെറ്റയില്‍ നേരേ ചൊവ്വേ കാര്യങ്ങള്‍ നടത്തിയിരുന്നില്ല എന്നാണ്‌ പൊതുവെയുള്ള സംസാരം. ഒരുവര്‍ഷത്തിനിടയില്‍ ബ്ലാക്ക്‌മെയിലിഗിന്‌ വിധേയനായി കോടികളുടെ തുക തെറ്റയിലിന്‌ പലര്‍ക്കായി നല്‍കേണ്ടി വന്നു എന്നും കേള്‍ക്കുന്നു. ഈ കേസ്‌ ഒരിക്കലും പുറത്തു വരില്ല എന്നും പണം കൊടുത്തതോടെ തെറ്റയില്‍ വിശ്വസിച്ചിരുന്നു. പക്ഷെ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ പ്രതിപക്ഷത്തെ ഒതുക്കാന്‍ യുഡിഎഫ്‌ അനുചര വൃന്ദം തന്ത്രപരമായി എടുത്തുകൊണ്ടു വന്ന വിഷയമാണിത്‌ എന്നും കരുതാവുന്നതാണ്‌.

എന്തായാലും ഇതോടെ ജോസ്‌ തെറ്റയിലിന്റെ രാഷ്‌ട്രീയ ജീവിതം തന്നെ അവസാനിച്ചു എന്ന്‌ തന്നെ മനസിലാക്കണം. പൊതുപ്രവര്‍ത്തകന്‍ കാണിക്കേണ്ട ധാര്‍മ്മികത തെറ്റയില്‍ കാണിച്ചിട്ടില്ല എന്ന്‌ മാത്രമല്ല പരാതിക്കാരിയായ പെണ്‍കുട്ടിയെ സമീപിച്ചത്‌ ലോകത്തെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിധം മകനെ വിവാഹം കഴിച്ചു നല്‍കാം എന്ന്‌ വാഗ്‌ദാനം നല്‍കിയാണ്‌ എന്ന്‌ വരുമ്പോള്‍ ഇയാളൊക്കെ എന്ത്‌ തരം മനുഷ്യന്‍മാരാണ്‌ എന്ന്‌ സാമാന്യം ജനം കരുതിപ്പോകും. പുറത്തിറങ്ങി നടന്നാല്‍ തെറ്റയിലിനെ ജനം കല്ലെറിയും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട.

പിന്‍കുറിപ്പ്‌ - ജോസ്‌ തെറ്റയില്‍ രാജിവെച്ച്‌ നിയമനടപടി നേരിടണമെന്ന്‌ പി.ജെ കുര്യന്‍ പ്രസ്‌താവന നടത്തി. (സുകുമാരക്കുറുപ്പ്‌ പോലീസിന്‌ കീഴടങ്ങണമെന്ന്‌ വീരപ്പന്‍ പറഞ്ഞാലെങ്ങനെയിരിക്കും.)
നീലപ്പടത്തില്‍ കുടുങ്ങിയ തെറ്റയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക