Image

പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കിയ 13 ഡോക്‌ടര്‍മാക്ക്‌ തടവുശിക്ഷ

Published on 30 September, 2011
പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കിയ 13 ഡോക്‌ടര്‍മാക്ക്‌ തടവുശിക്ഷ
മനാമ: പ്രക്ഷോഭത്തിനിടെ സല്‍മാനിയ മെഡിക്കല്‍ കോംപ്‌ളക്‌സ്‌ കൈവശപ്പെടുത്തി അക്രമത്തിന്‌ നേതൃത്വം നല്‍കിയെന്ന കേസില്‍ 13 ഡോക്ടര്‍മാര്‍ക്ക്‌ 15 വര്‍ഷം തടവ്‌. രണ്ട്‌ മെഡിക്കല്‍ ജീവനക്കാരെ 10 വര്‍ഷവും അഞ്ചുപേരെ അഞ്ചുവര്‍ഷം വീതവും തടവിന്‌ ദേശീയ സുരക്ഷാകോടതി വിധിച്ചു. ഡോക്ടര്‍മാരായ അലി അല്‍ അക്രി, നാദിര്‍ ദിവാനി, അഹ്മദ്‌ അബ്ദുല്‍ അസീസ്‌ ഒംറാന്‍, മഹ്മൂദ്‌ അസ്‌ഗര്‍, റോള അല്‍സഫ്‌ഫാര്‍, അബ്ദുല്‍ ഖാലിക്‌ അല്‍ ഒറൈബി, ഗസ്സാന്‍ ദൈഫ്‌, ബാസിം ദൈഫ്‌, സയ്യിദ്‌ മര്‍ഹൂന്‍ അല്‍ വിദാഇ, നദാ ദൈഫ്‌, അലി ഹസന്‍ അല്‍അസദി, ഇബ്രാഹിം അബ്ദുല്ല ഇബ്രാഹിം, കാസിം മുഹമ്മദ്‌ ഒംറാന്‍ എന്നിവര്‍ക്കാണ്‌ 15 വര്‍ഷം തടവ്‌. ഹസന്‍ മുഹമ്മദ്‌ സഈദ്‌, ഡോ. സഈദ്‌ അല്‍ സമാഹിജി എന്നിവരെ 10 വര്‍ഷവും ഡോ. ഫാത്തിമ ഹാജി, ദിയ ഇബ്രാഹിം, ഡോ. നജ ഖലീല്‍, ഡോ. സഹ്‌റ അല്‍സമ്മാക്‌, മുഹമ്മദ്‌ ഫാഇഖ്‌ അലി എന്നിവരെ അഞ്ചു വര്‍ഷം തടവിനും വിധിച്ചു.

സല്‍മാനിയ ആശുപത്രി കൈവശപ്പെടുത്തി സ്‌ഫോടകവസ്‌തുക്കള്‍ കൈവശം വക്കുക, മെഡിക്കല്‍ ഉപകരണങ്ങള്‍ കടത്തിക്കൊണ്ടുപോകുക, ഭരണകൂടത്തെ അട്ടിമറിക്കാന്‍ വിധ്വംസക പ്രവര്‍ത്തനം നടത്തുക, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക, ഭീകരപ്രവര്‍ത്തനത്തിനുതുല്യമായ അക്രമങ്ങള്‍ നടത്തുക തുടങ്ങിയ കുറ്റങ്ങളാണ്‌ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ജീവനക്കാര്‍ക്കും എതിരെയുള്ളത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക