Image

ന്യൂയോര്‍ക്കില്‍ ഓര്‍ത്തഡോക്‌സ്- യാക്കോബായ സംവാദം

Published on 30 September, 2011
ന്യൂയോര്‍ക്കില്‍ ഓര്‍ത്തഡോക്‌സ്- യാക്കോബായ സംവാദം
ഈ സംവാദം നാളെ കൈരളി ടിവിയില്‍ കാണിക്കും.

ന്യൂയോര്‍ക്ക് : കോലഞ്ചേരി പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് അമേരിക്കയിലെ പ്രവാസി മലയാളികളുടെ പ്രതികരണമറിയാന്‍ കൈരളി ടി.വി. യു.എസ്സ.എ ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച ഓര്‍ത്തഡോക്‌സ്-യാക്കോബായ സംവാദം ഏറെ ശ്രദ്ധിക്കപ്പെട്ടു. സെപ്റ്റംബര്‍ 27-ാം തീയ്യതി ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയ്ക്ക് എല്‍മോണിലെ കേരള സെന്ററില്‍ സംഘടിപ്പിക്കപ്പെട്ട സംവാദത്തില്‍ കേരള സെന്റര്‍ ചെയര്‍മാന്‍ ശ്രീ.സ്റ്റീഫന്‍….മോഡറേറ്ററായിരുന്നു. ഇരുകക്ഷികളിലെയും പ്രശസ്തരും പ്രഗല്‍ഭരും അണിനിരന്ന സംവാദത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് ശ്രി.ഫിലിപ്പോസ് ഫിലിപ്പ്, റോയി എണ്ണശ്ശേരില്‍ , ശ്രീ.കോരസണ്‍ വര്‍ഗീസ്, ശ്രീ.ജോണ്‍ ഐസക്ക്, ശ്രീ. വര്‍ഗീസ് പോത്താനിക്കാട്, ഡോക്ടര്‍ ഫിലിപ്പ് ജോര്‍ജ് എന്നിവരും യാക്കോബായ സഭയെ പ്രതിനിധീകരിച്ച് ശ്രീ.ജോസഫ് കുരിയപ്പുറം, ശ്രീ.ജോര്‍ജ് പടിയേടത്ത്, ശ്രീ. ബേബി കുരിയാക്കോസ്, ശ്രീ.ജോയി ഇട്ടന്‍ , ശ്രീ.ബാബു തുമ്പയില്‍ എന്നിവരും പങ്കെടുത്തു.

ഇടവകപ്പള്ളികളില്‍ ഇടവകക്കാരുടേതാണെന്നും, ഇടവക പൊതു യോഗത്തിന്റെ ഭൂരിപക്ഷാഭിപ്രായ പ്രകാരം 1934-ലെ മലങ്കര അസ്സോസിയേഷന്‍ ഭരണഘടന സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാമെന്നും, മലങ്കര അസ്സോസിയേഷനില്‍ നിന്നും വിട്ടുപോയി മറ്റൊരു അസ്സോസിയേഷനില്‍ ചേരുന്നത് കുറ്റകരമല്ലെന്നും ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19, 25, 26 ഇവ അനുസരിച്ച് ഒരു പൗരന് ഏതു മതവിശ്വാസവും തെരഞ്ഞെടുക്കാമെന്നും ബഹുമാനപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിന്യായം ചൂണ്ടിക്കാട്ടി ജോസഫ് കുരിയപ്പുറം യാക്കോബായ പക്ഷത്തിനും വേണ്ടി തിരിച്ചടിച്ചു. സുപ്രീം കോടതി വിധിയുടെ മറവില്‍ യാക്കോബായക്കാരുടെ പ്രധാനപ്പെട്ട പത്തു പള്ളികളില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ മലങ്കര സഭയുടെ പരി. കാതോലിക്കാ ബാവാ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പോലീസ് പ്രൊട്ടക്ഷന്‍ ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയിലെ പ്രസക്ത ഭാഗങ്ങള്‍ ശ്രീ.കുരിയപ്പുറം വായിച്ചു.
 
സുപ്രീം കോടതിവിധി ഓര്‍ത്തഡോക്‌സ് കാര്‍ക്ക് അനുകൂലമല്ലാത്തതു കൊണ്ടാണ് അതിന്റെ പേരില്‍ ആവശ്യപ്പെട്ട പോലീസ് സംരക്ഷണം കോടതി നിരസിച്ചത്, സുപ്രീം കോടതിയും, ഹൈക്കോടതിയും ഇടവകകളില്‍ നടപ്പാക്കാന്‍ വിസമ്മതിച്ച 1934-ലെ ഭരണഘടന ജില്ലാക്കോടതി കോലഞ്ചേരി പള്ളിയില്‍ നടപ്പാക്കണം എന്നു വിധിക്കുനനതിലെ അപാകതയാണ് യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിട്ടുള്ളത്. ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച് ഒരു കേസിന്റെ കീഴ്‌കോടതിവിധി ധൃതി പിടിച്ച് നടപ്പാക്കുന്നതിലെ അസ്വാഭാവികതയാണ് കോലഞ്ചേരിയിലെ പ്രശ്‌നമെന്ന് ശ്രീ.കുരിയപ്പുറം ചൂണ്ടിക്കാട്ടി.

വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹ്ലാന്മാരുടെ നാമത്തിലുള്ള കോലഞ്ചേരി പള്ളി പരമ്പരാഗതമായി യാക്കോബായക്കാരുടെ സ്വത്താണ് ഏകദേശം രണ്ടായിരത്തിലധികം ഇടവകക്കാരുള്ള ഈ ദേവാലയത്തില്‍ ഇരുനൂറില്‍ താഴെ മാത്രമേ ഓര്‍ത്തഡോക്‌സ് സഭാവിഭാഗങ്ങളുള്ള 1958-വരെ അന്ത്യോഖ്യാ സിംഹനവുമായി മാത്രം ബന്ധമുണ്ടായിരുന്ന ഇടവക യോജിപ്പിനെ തുടര്‍ന്ന് കാതോലിക്കാസിനെ സ്വീകരിക്കുകയായിരുന്നു. പിന്നീട് സഭയില്‍ ഭിന്നതയുണ്ടായപ്പോള്‍ ഇടവക്കാരായ രണ്ടു വികാരിമാര്‍ മറുപക്ഷം ചേരുകയും ചേരിതിരിവ് ഉണ്ടാവുകയും ചെയ്തു. എങ്കിലും ഇരുപക്ഷത്തിനു സ്വീകാര്യമായ നിലപ്പാടുകളാണ് രണ്ടു കൂട്ടരും എടുത്തിരുന്നത്. എന്നാല്‍ ഈ വൈദികരെ മാറ്റുവാന്‍ കാതോലിക്ക എടുത്ത തീരുമാനമാണ് പള്ളി പൂട്ടലില്‍ കലാശിച്ചത്. 1995-ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഇടവകക്കാരായ രണ്ടുപേര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മേലാണ് ഇപ്പോള്‍ ജില്ലാകോടതി കാതോലിക്കാ പക്ഷത്തിന് അനുകൂലമായി വിധിച്ചിരിക്കുന്നത്. ഈ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതിനിടയില്‍ ധൃതിപിടിച്ച് കാതോലിക്കാ വിഭാഗം പള്ളി പിടിച്ചെടുക്കുവാനുള്ള ഗൂഢാലോചനയുമായി രംഗത്തു വന്നതാണ് കോലഞ്ചേരിയില്‍ രംഗം വഷളാവാന്‍ കാരണമെന്ന് ശ്രീ.ജോര്‍ജ് പാടിയേടം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്നു സംസാരിച്ച ശ്രീ.റോയി എണ്ണശ്ശേരിയും, കോരസണ്‍ വര്‍ഗീസും മലങ്കരസഭയുടെ ചരിത്ര പശ്ചാത്തലവും കാത്തോലിക്കാ പ്രസ്ഥാനത്തിന്റെ ഉറവിടവും വ്യക്തമാക്കുകയും നീതി നിര്‍വഹണ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ജനാധിപത്യ സര്‍ക്കാരുകള്‍ നടപ്പിലാക്കേണ്ട ആവശ്യകതെയും കുറിച്ച് വ്യക്തമാക്കി. മലങ്കര സഭ പിറകോട്ടില്ലെന്നും എന്തു വിലകൊടുത്തും സഭയുടെ സ്വത്തുക്കളും പള്ളികളും സംരക്ഷിക്കണമെന്നും കോലഞ്ചേരി പ്രശ്‌നത്തിനു ഇതര മറ്റു പ്രശ്‌നങ്ങള്‍ക്കും ഏക പോംവഴി കോടതി വിധികള്‍ നടപ്പിലാക്കുകയുമാണെന്ന് അവര്‍ ശക്തിയുക്തം സമര്‍ഥിച്ചു.

ന്യൂനപക്ഷം ബഹുഭൂരിപക്ഷത്തിന്റെ മേലുള്ള കടന്നുകയറ്റത്തിന്റെ ഉത്തമ ഉദാഹരണമാണ് കോലഞ്ചേരി പള്ളിയെന്നും, കോടതി വിധിയുടെ മറവിലോ പോലീസ് സംരക്ഷത്തിന്റെ മറവിലോ മഹാഭൂരിപക്ഷത്തിന്റെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാന്‍ ഏതെങ്കിലും മഹാപുരോഹിതന്മാരോ അവരുടെ സംഘമോ ശ്രമിച്ചാല്‍ അതിനു ഒത്താശ ചെയ്തു കൊടുക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കില്ല എന്നാണ് യാക്കോബായ പക്ഷം വിശ്വസിക്കുന്നതെന്നും. സ്വന്തം പള്ളികളില്‍ വരാന്‍ പോലീസ് സഹായം വേണമെന്ന നിലപാടും, ഭരണഘടന അനുസരിപ്പിക്കാന്‍ കോടതിയും, സര്‍ക്കാരും വേണമെന്ന ഓര്‍ത്തഡോക്‌സ് നിലപാടും അത്യന്തം വേദനാജനകമാണെന്നും തികച്ചു സാത്താനികമാണെന്നും യാക്കോബായ പക്ഷത്തു നിന്നു സംസാരിച്ച ശ്രീ.ബേബി കുര്യക്കോസും ബാബു തുമ്പയിലും അഭിപ്രായപ്പെട്ടു.

തന്റെ സ്വന്തം ഇടവകപ്പള്ളിയിലെ അനുഭവങ്ങള്‍ വിശദീകരിച്ച ശ്രീ.വര്‍ഗീസ് പോത്താനിക്കാട് സമാധാനത്തിനുള്ള ഏകപോംവഴി 1934-ലെ ഭരണഘടനയനുസരിച്ച് ഇടവകകള്‍ ഭരിക്കുന്നതും അതിനു കീഴ്‌പ്പെട്ട് മലങ്കര സഭയില്‍ നിലനില്‍ക്കുന്നതുമാണെന്നും അഭിപ്രായപ്പെട്ടു. സ്വതന്ത്ര പ്രാദേശിക സഭയായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കേരള ചരിത്രത്തില്‍ അതിന്റേതായ സ്ഥാനമുണ്ടെന്നും അതിന്റെ നിലനില്‍പിനും കെട്ടുറപ്പിനും വേണ്ടി ശീമക്കാരായ ഭരണക്കാരെ ഒഴിവാക്കുകയും സുസ്ഥിരമായ 1934-ലെ ഭരണഘടനപ്രകാരം ജനാധിപത്യരീതിയില്‍ മലങ്കരയിലുള്ള മുഴുവന്‍ ഇടവകകളും ഭരിക്കപ്പെടേണ്ടതാണെന്നും ശ്രീ.ജോണ്‍ ഐസ്‌ക്ക് ചൂണ്ടികാണ്ടി.

മാര്‍ തോമശ്ലീഹായുടെ കശ്ലഹീക സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളുന്ന പരിശുദ്ധ കാതോലിക്കാ ബാവയ്ക്കും, മെത്രാപ്പോലീത്താമാര്‍ക്കും ലക്ഷകണക്കിന് സഭാമക്കള്‍ക്കും യാക്കോബായക്കാരുടേയോ, സര്‍ക്കാരിന്റെയോ, യാതൊരു വിധ ഔദാര്യങ്ങളും വേണ്ട നീതി നിര്‍വഹണം മാത്രം നടന്നാല്‍ മതിയെന്നും കോലഞ്ചേരി സമര മുഖത്തു നിന്നും കഴിഞ്ഞ ദിവസം തിരച്ചെത്തിയ ഡോ.ഫിലിപ്പ് ജോര്‍ജ് അഭിപ്പായപ്പെട്ടു.

സഭയുടെ തലവന്‍ പരിശുദ്ധ പാത്രിയര്‍ക്കീസാണെന്നും മാര്‍ത്തോമയുടെ സിംഹാസനം ആലങ്കാരികമാണെന്നും, ശീമക്കാരെ വേണ്ടെങ്കില്‍ , ശീമക്കാരുടെ ആചാരങ്ങളും, പ്രാര്‍ത്ഥനാ ക്രമങ്ങളും എന്തുകൊണ്ട് ഓര്‍ത്തഡോക്‌സുകാര്‍ ഉപേക്ഷിക്കുന്നില്ലെന്നു ശ്രീ.ജോയി ഇട്ടന്‍ ചോദിച്ചു. ഏഴാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട കോലഞ്ചേരിപ്പള്ളി പാരമ്പര്യവുമായി ബഹുഭൂരിപക്ഷം വരുന്ന യാക്കോബായക്കാരുടെ സ്വത്താണ്. സ്വന്തം ഇടവകക്കാരനായ ഓര്‍ത്തഡോക്‌സു വിഭാഗം കാതോലിക്ക മുറിമറ്റത്തില്‍ മോമ ഇവാനിയോസിനെ ബഹിഷ്‌ക്കരിക്കുകയും ശവസംസ്‌ക്കാരം നടത്താന്‍ പോലും അനുവദിക്കാതിരിക്കുകയും ചെയ്ത പാരമ്പര്യമുള്ള കോലഞ്ചേരി പള്ളി വികാരിമാരായിരുന്ന രണ്ടു വൈദീകര്‍ എതിര്‍പക്ഷത്തേക്കു പോയതു മൂലം ഉടലെടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിടേണ്ടി വന്നതും ആ അവസരം മുതലാക്കി അതു കൈക്കലാക്കാന്‍ ഓര്‍ത്തഡോക്‌സു വിഭാഗം ശ്രമിക്കുന്നതും ഖേദകരമാണെന്നും നീതിബോധമുള്ള ഭരണാധികാരികള്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത ഉചിതമായ തീരുമാനമെടുക്കുകയുള്ളൂ എന്ന് ശ്രീ.
ജോയി ഇട്ടന്‍ കൂട്ടിചേര്‍ത്തു.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വേണ്ടി സംവാദം ഉപസംഹരിച്ചു കൊണ്ട് ശ്രീ.ഫിലിപ്പോസ് ഫിലിപ്പ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിശാലമായ കാഴ്ചപ്പാടാണ് ഉള്ളതെന്നും കോലഞ്ചേരി പള്ളിയില്‍ വിശ്വാസികള്‍ ആരാധന നടത്താനോ മറ്റു ആത്മീയ കാര്യങ്ങള്‍ നടത്തുന്നതിനോ യാതൊരു വിധ തടസ്സങ്ങളും ഇല്ലെന്നും 1934-ലെ ഭരണഘടന അനുസരിച്ച് കാതോലിക്കായ്ക്ക് കീഴ്‌പ്പെട്ട് നിലനിന്നാല്‍ സമാധാനം തനിയെ വന്നുചേരുമെന്നും അതിന് അനുകൂലമായ കോടതി വിധികള്‍ നടത്തി തരേണ്ടത് ബഹുമാനപ്പെട്ട കേരള സര്‍ക്കാരിന്റെ ചുമതലയാണെന്നും, അങ്ങനെ നടത്തിത്തരുമെന്നാണ് പ്രത്യാശയെന്നും അതല്ലാതെ ആനടേയും പള്ളികള്‍ ബലമായി പിടിച്ചെടുക്കുന്നത് ഓര്‍ത്തഡോക്‌സ് പാരമ്പര്യമല്ലെന്നു ആത്യന്തികമായ കോലഞ്ചേരി പള്ളി ഓര്‍ത്തഡോക്‌സു വിഭാഗത്തിനു മാത്രമായി ലഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

യാക്കോബായ വിഭാഗത്തിനു വേണ്ടി സംവാദം ഉപസംഹരിച്ച ശ്രീ.ജോസഫ് കുരിയപ്പുറം, ഇല്ലാത്ത സിംഹാസനത്തിന്റെ കടന്നാക്രമണം എന്തു വില കൊടുത്തും തടയുമെന്നും സമാധാന കാംക്ഷികളെന്ന് സ്വയം വിശേഷിപ്പിച്ച് യാക്കോബായക്കാരുടെ പള്ളികളും വസ്തുവകകളും കൈവശപ്പെടുത്തുന്ന പ്രവണത ഓര്‍ത്തഡോക്‌സ് വിഭാഗം അവസാനിപ്പിക്കണമെന്നും കാലുമാറിയവരെ ഉപയോഗിച്ച് ബഹുശതം പള്ളികളും, മൂവാറ്റു പുഴ, ആലുവ തൃക്കുന്നത്ത്, തൃശ്ശൂര്‍, ന്യൂയോര്‍ക്കിലെ അമേരിക്കന്‍ ഭദ്രാസന ആസ്ഥാനം തുടങ്ങിയവ കൈവശപ്പെടുത്തിയ രീതികള്‍ ഇനിയും വിലപ്പോവില്ലെന്നും ധാര്‍മ്മികമായ കോലഞ്ചേരി പള്ളി പ്രശ്‌നത്തില്‍ സത്യ സുറിയാന സഭയുടെ യാക്കോബായക്കാരായ മക്കള്‍ വിജയിക്കുമെന്നും ആയത് ഇടവക പൊതുയോഗം കൂടി ഭൂരിപക്ഷ തീരുമാനത്തിന് വിടണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

സംവാദം അവസാനിപ്പിക്കുന്നതിന് മുമ്പ് കൈരളി ടി.വി.യുടെ പ്രതിനിധി ശ്രീ.ജോസ് കാടാപുറം ഇരുകൂട്ടരോടുമായ ഒരു ചോദ്യം ചോദിച്ചു.

കോടതി വിധി നടപ്പാക്കേണ്ടത് ഒരു സര്‍ക്കാരിന്റെ ചുമതലയാണോ അല്ലയോ?
ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വേണ്ടി ശ്രീ.ജോണ്‍ ഐസക്ക് അതിനു നല്‍കിയ മറുപടി.

തീര്‍ച്ചയായും അതു സര്‍ക്കാരിന്റെ ചുമതലയാണ് ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ കോലഞ്ചേരി പള്ളി വിഷയത്തില്‍ അതു നടപ്പാക്കി തരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു.

യാക്കോബായാ വിഭാഗത്തിനു വേണ്ടി മറുപടി പറഞ്ഞ ശ്രീ.ജോസഫ് കുറിയപ്പുറം അതിനു രണ്ടു ഭാഗമായാണ് പറഞ്ഞത്.

ജൂഡീഷ്യറിയുടെ ഉത്തരവുകള്‍ എക്‌സിക്യൂട്ടീവ് ബ്രാഞ്ച് തീര്‍ച്ചയായും നടപ്പിലാക്കണം. അതാണ് ഉത്തരം പക്ഷെ കോലഞ്ചേരി പ്രശ്‌നത്തിലാണ് ചോദ്യമെങ്കില്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ അന്തിമ വിധി വാരാത്തിടത്തോളം കാലം കീഴ്‌കോടതി വിധി നടപ്പാക്കണം എന്നു വാശിപിടിക്കുന്നത് ബാലിശമാണ്.

ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിയോഗിച്ച മീഡിയേറ്റര്‍ മാര്‍ക്കോ, ഇതര സഭാ മേലദ്ധ്യക്ഷന്‍ മാര്‍ക്കോ സമുദായ നേതാക്കള്‍മാര്‍ക്കോ പരസ്പരം വെല്ലുവിളിച്ചു നില്‍ക്കുന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ വിഭാഗങ്ങളെ ഒരു മേശയ്ക്കു ചുറ്റുമിരുത്തി സംസാരിപ്പിക്കാന്‍ സാധിക്കാത്ത അവസരത്തില്‍ ഇരുകൂട്ടരേയും തന്‍മയത്വമായി മുഖാമുഖം സംസാരിപ്പിക്കുകയും അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്ത കൈരളി ടി.വി.യു.എസ്സ്.എയുടെ പ്രൊഡ്യൂസര്‍ ശ്രീ.ജോസ് കാടാപുറത്തിന്റെ ശ്രമങ്ങളെ പങ്കെടുത്തവരും കാഴ്ചക്കാരായവരും ഒരു പോലെ പുകഴ്ത്തി.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ

ഫിലിപ്പോസ് ഫിലിപ്പ്

ഒന്നാം നൂറ്റാണ്ടു മുതല്‍ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ മലങ്കര ഓര്‍ത്തഡോക്‌സ് സഭ, അതിന്റെ പരമാധികാരം പണയം വച്ചിട്ടില്ല. സ്വാതന്ത്യത്തിനു വേണ്ടി പൊരുതുന്ന പാരമ്പര്യമാണ് സഭക്കുള്ളത്. 1958 ലും, 1995 ലും, 2002 ലും മുള്ള ഇന്ത്യന്‍ പരമോന്നത കോടതി വിധികള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമാണ്. അന്ത്യോക്യന്‍ പാത്രിയര്‍ക്കീസിനെ സഭ അംഗീകരിക്കുന്നു, ബഹുമാനിക്കുന്നു എന്നാല്‍ സഭയുടെ അധികാരം പണയം നല്‍കിയിട്ടില്ല.

-ഇപ്പോള്‍ കോലഞ്ചരിയിലുള്ള പള്ളിതര്‍ക്കം മലങ്കര സഭ ഉന്നയിച്ചതല്ല. 2007 ല്‍ പാത്രീയര്‍ക്കീസ് ഭാഗം ഉന്നയിച്ച വാദങ്ങള്‍ നിരാകരിച്ചുകൊണ്ട് ഹൈക്കോടതിയും ജില്ലാകോടതിയും 1934 ലെ അംഗീകരിച്ച ഭരണഘടന മാനിച്ച് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കായുമായ പരി. ബസേലിയോസ് പൗലോസിനു അവകാശപ്പെട്ടതാണ്. ഇവിടെ തര്‍ക്കത്തിനു പ്രസക്തിയില്ല.

-മലങ്കര സഭ ഒരു വിശ്വാസിയുടെയും ആരാധനാ സ്വാതന്ത്ര്യം തടയുന്നില്ല. എന്നാല്‍ ഭരണം, നിയന്ത്രണം എന്നിവ കോടതി വിധി അനുസരിച്ചു തന്നെ വേണം.

-ഇന്ന് മലങ്കരസഭയിലെ സമാധാനത്തിനു തടസ്സം ശ്രേഷ്ഠ ബാവയുടെ സ്വാര്‍ത്ഥതയും അധികാര മോഹത്തിലുദിച്ചതാണ്.

-കേരള സര്‍ക്കാര്‍ , തുലാസില്‍ തൂങ്ങുന്ന കേവല ഭൂരിപക്ഷത്തെ ഭയന്ന് നീതി നടപ്പാക്കാന്‍ മടികാണിച്ചു എങ്കിലും, 15 ദിവസത്തിനകം കോടതി വിധി നടപ്പാക്കി തരാം എന്ന വാഗ്ദാനം സ്വാഗതം ചെയ്യുന്നു.

റോയി എണ്ണാശ്ശേരില്‍

-1913 ലെ പള്ളി ഉടമ്പടി അനുസരിച്ച് കോലഞ്ചേരി പള്ളി ഭരിക്കപ്പെടുവാന്‍ പറ്റില്ല ഓരോ പള്ളിയിലും 1934 ഭരണഘടന അനുസരിച്ചു തന്നെ ഭരിക്കപ്പെടണം എന്നതാണു വിധി. അതില്‍ വിട്ടു വീഴ്ചയില്ല.

-പുതിയ ഭരണ സംവിധാനത്തിനോ, റിസീവറുടെ സാന്നിദ്ധ്യത്തിലുള്ള തിരഞ്ഞെടുപ്പുകളോ നടത്തിയാല്‍ അത് കോടതി വിധിക്കെതിരായുള്ള നീക്കമായിരിക്കും.

-രണ്ടു ഭാഗവും ഒന്നു ചേര്‍ന്നു സ്വീകരിച്ച 1934 ഭരണഘടന അനുസരിച്ച്
മലങ്കര മെത്രാപ്പോലീത്തയുടെ അധികാരത്തില്‍ കോലഞ്ചേരി പള്ളി നടത്തപ്പെടണം, ഇതില്‍ കുറഞ്ഞ യാതൊരു വിട്ടു വീഴ്ചയ്ക്കും മലങ്കര സഭ ഒരുക്കല്ല.

കേരസണ്‍ വര്‍ഗീസ്

ചരിത്ര വസ്തുതകളെ തുറന്ന മനസ്സോടെ കാണണം, എന്ന അഭിപ്രായപ്പെട്ടുകൊണ്ട് ചരിത്രത്തിലേക്ക് ഒളിയിട്ടു. 16-ാം നൂറ്റാണ്ടുവരെ പേര്‍ഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ആത്മീയ നിഴലില്‍ നിന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭ, ഇന്ത്യയിലെ ഒരു ക്രിസ്തീയ സമൂഹമാണ്. ഇത് റോമിന്റെയോ, സിറിയയുടേയോ ഭഗമല്ല. ആഗോള സഭാ ഐക്യവേദിയില്‍ അതിനു സ്വതന്ത്രമായ സ്ഥാനമുണ്ട്.

-13-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബാറബ്രായ എന്ന ചരിത്രകാരനും, മറ്റു സുറിയാനി ചരിത്രകാരന്മാരും 16-ാം നൂറ്റാണ്ടുവരെയുള്ള മലങ്കര സഭയുമായുള്ള ബന്ധത്തെപ്പറ്റി പരാമര്‍ശിക്കുന്നേയില്ല. 1665-ല്‍ യറുശലേമിലെ ഗ്രിഗോറിയോസ് വഴിമാത്രമാണ് മലങ്കരസഭ അന്തോക്യന്‍ സഭയുമായി ബന്ധപ്പെടുന്നത്.

-16-ാം നൂറ്റാണ്ടു മുതല്‍ പോര്‍ത്തുഗീസുകാരും, അതിനു ശേഷം അത്യോക്ക്യയും സിറിയന്‍ സഭയുമായും നിരന്തരം സ്വാതന്ത്ര്യത്തിനായി പൊരുതേണ്ട ചരിത്രമാണ് മലങ്കര സഭക്ക് ഇന്നും ഉള്ളത്.

-കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ 1995 ലെ സുപ്രീം കോടതിവിധിയിലെ ഒരു ക്രമപ്രശ്‌നം ഉന്നയിച്ചു, ഇടവകപ്പള്ളികള്‍ക്ക് സ്വയ അധികാരം ഉണ്ടെന്ന വാദത്തിനു യാതൊരു പ്രസക്തിയുമില്ല.

ഇന്ത്യയിലെ സംസ്ഥാനം ഭരിക്കപ്പെടുന്നത് അവിടെ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ്. എന്നാല്‍ ആ സംസ്ഥാനം ഒരു ഫെഡറല്‍ ഭരണത്തിന്റെ ഭാഗമാണ്. ഫെഡറല്‍ സര്‍ക്കാരിന് അതിന്റേതായ അവകാശാ അധികാരങ്ങള്‍ സംസ്ഥാനത്തിനു മേലുണ്ട്. ഇവയെല്ലാം ഭരിക്കപ്പെടേണ്ടത് ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് മാത്രം. ഇതുപോലെ 1934 ഭരണഘടന അനുശാസിക്കുന്നതു പോലെ മാത്രമേ മലങ്കര സഭയുടെ ഓരോ പള്ളിയും ഭരിക്കപ്പെടേണ്ടത്. ഇടവകപ്പള്ളികളുടെ അധികാരത്തെയും അതിന്റെ സ്വാതന്ത്ര്യത്തെയും ഒരു കോടതി വിധിയും എതിര്‍ക്കുന്നില്ല.

സത്യാവസ്ഥ മനസ്സിലാക്കി ജനങ്ങള്‍ ഒന്നായി കരുതുകയും സ്‌നേഹിക്കയും ആരാധിക്കയുമാണ് ആവശ്യം.

വര്‍ഗീസ് പോത്താനികാട്

-കോലഞ്ചേരി പള്ളിത്തര്‍ക്കം കേവലം ഒരു പള്ളിയുടെ പ്രശ്‌നമല്ല, രാജ്യത്തിന്റെ നീതി നടപ്പാക്കുന്നതിലുള്ള പ്രശ്‌നമാണിപ്പോള്‍ . രാജ്യത്തിന്റെ നീതി വ്യവസ്ഥയെ ധിക്കരിക്കുന്നത് അരാജക്ത്വമാണ്. 1934 ലെ ഭരണഘടന ധിക്കരിച്ചു മലങ്കര അസോസിയേഷന്‍ യോഗം ബഹിഷ്‌കരിച്ച്, പുത്തന്‍ കുരിശു കേന്ദ്രമാക്കി സൊസൈറ്റി ആക്റ്റ് പ്രകാരം ഭരണം നടത്തുന്നവര്‍ക്ക് മലങ്കര സഭയില്‍ യാതൊരു അധികാര അവകാശങ്ങളുമില്ല. കോടതി വിധി അനുകൂലമാകുമ്പോള്‍ നമുക്ക് പങ്കിടാമെന്നു പറയുകയും ഇല്ലെങ്കില്‍ പിടിച്ചെടുക്കും എന്നു പറയുന്നത് സാമൂഹിക വ്യവസ്ഥിതികളോടുള്ള പരസ്യമായ വെല്ലുവിളിയാണ്. വിട്ടു വീഴ്ചകള്‍ക്ക് മലങ്കരസഭ തയ്യാറാണ്, പക്ഷെ ഭരണഘടനയും കോടതിവിധിയും നിരാകരിച്ചു കൊണ്ടുള്ള വിട്ടു വീഴ്ച ശാശ്വത സമാധാനം തരില്ല. കേരള സര്‍ക്കാര്‍ നീതി നടപ്പാക്കാന്‍ കാലതാമസം ഉണ്ടാകരുത്.

ജോണ്‍ ഐസക്ക്

2002-ല്‍ പുതിയ ഭരണഘടന ഉണ്ടാക്കി ധിക്കാരപരമായി സഭയെ തള്ളിപ്പറഞ്ഞ് ഇറങ്ങിപ്പോയവര്‍ക്ക് എന്തേ അവകാശവാദത്തിനു അവസരം നല്‍കേണ്ടത്?

-കോടതിയില്‍ തോറ്റാല്‍ മദ്ധ്യസ്ഥത-അല്ലെങ്കില്‍ പിടിച്ചെടുക്കല്‍ ഇതാണ് കുറെ വര്‍ഷങ്ങളായി കണ്ടുവരുന്ന യാക്കോബായ സഭാ ശൈലി.

-കോടതിയില്‍ വര്‍ഷങ്ങള്‍ നീണ്ട വാദ-പ്രതിവാദങ്ങള്‍ക്കുശേഷം തീരുമാനം എടുത്തതിനുശേഷം പിന്നിട്ട മദ്ധ്യസഥതയ്ക്ക് ഒരു സാദ്ധ്യതയുമില്ല.

-വിധി നടപ്പാക്കുവാന്‍ സര്‍ക്കാര്‍ അമാന്തം കാട്ടരുത്.

-അറബി അടിമത്തം ഒരു പൂമാലയായി സ്വീകരിക്കുന്നത് ദയനീയമാണ്.

ഡോ.ഫിലിപ്പ് ജോര്‍ജ്

- “കോടതി തീരുമാനിക്കട്ടെ” എന്ന് പാത്രിയര്‍ക്കീസ് ബാവ തന്നെ പ്രസ്ഥാവിച്ചിരിക്കുന്ന സാഹചര്യത്തിലും, നീതിക്കായി യാക്കോബായ സഭ തന്നെ സമീപിച്ച സാഹചര്യത്തിലും, കോടതി വിധി തന്നെയാണ് അഭികാമ്യം. മലങ്കര സഭക്ക് ഒരു പാര്‍ട്ടിയുടേയും ഔദാര്യം വേണ്ട. പരി.കാതോലിക്ക ബാവ നിരാഹാരം കിടന്നത് ഒരു സഭക്ക് വേണ്ടി മാത്രമായിരുന്നില്ല, രാജ്യത്തിന്റെ നീതിന്യായ പരിപാലന സംരക്ഷണത്തിനു വേണ്ടി കൂടിയായിരുന്നു.

- “സഹോദര്യമാണെങ്കില്‍ സ്വീകരിക്കും ആധിപത്യമാണെങ്കില്‍ തിരസ്‌ക്കരിക്കും” എന്നതാണ് അന്ത്യോക്യന്‍ സഭയോട് പറയാനുള്ളത്.

കോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം.

ന്യൂയോര്‍ക്കില്‍ ഓര്‍ത്തഡോക്‌സ്- യാക്കോബായ സംവാദംന്യൂയോര്‍ക്കില്‍ ഓര്‍ത്തഡോക്‌സ്- യാക്കോബായ സംവാദംന്യൂയോര്‍ക്കില്‍ ഓര്‍ത്തഡോക്‌സ്- യാക്കോബായ സംവാദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക