Image

കള്ളപ്പണം: ഇന്ത്യന്‍ ഡോക്ടര്‍ക്ക്‌ അമേരിക്കയില്‍ കുറ്റപത്രം (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 30 September, 2011
കള്ളപ്പണം: ഇന്ത്യന്‍ ഡോക്ടര്‍ക്ക്‌ അമേരിക്കയില്‍ കുറ്റപത്രം (അങ്കിള്‍സാം വിശേഷങ്ങള്‍)
വാഷിംഗ്‌ടണ്‍: ഇന്ത്യക്കാര്‍ സ്വിറ്റ്‌സര്‍ലന്‍ഡ്‌ പോലുള്ള വിദേശരാജ്യങ്ങളില്‍ കള്ളപ്പണം ഒളിപ്പിക്കുമ്പോള്‍ ഇന്ത്യയില്‍ കള്ളപ്പണം ഒളിപ്പിച്ച കുറ്റത്തിന്‌ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ അമേരിക്കയിലെ ഫെഡറല്‍ കോടതി വഞ്ചനാകുറ്റം ചുമത്തി. ഇന്ത്യയിലെ എച്ച്‌. എസ്‌. ബി. സി. ബാങ്കില്‍ 87 ലക്ഷം യു. എസ്‌ ഡോളര്‍ നിക്ഷേപിച്ചിട്ടുണെ്‌ടന്ന വിവരം അമേരിക്കന്‍ നികുതിവകുപ്പില്‍ നിന്നും മറച്ചുവെച്ചതിനാണ്‌ ഇന്ത്യന്‍ വംശജനും അമേരിക്കന്‍ പൗരനുമായ ന്യൂറോസര്‍ജന്‍ അരവിന്ദ്‌ അഹൂജയ്‌ക്കെതിരെ കുറ്റം ചുമത്തിയത്‌.

നേരത്തെ ജൂണില്‍, തെറ്റായ നികുതി റിട്ടേണ്‍ നല്‍കിയതിനും വിദേശബാങ്കുകളിലെ സാമ്പത്തിക ഇടപാടുസംബന്ധിച്ച വിവരം നല്‍കാതിരുന്നതിനും അഹൂജയ്‌ക്കെതിരെ കുറ്റംചുമത്തിയിരുന്നു. നികുതി വെട്ടിക്കുന്നതിനായി അമേരിക്കന്‍ പൗരന്‍മാര്‍ സ്വിസ്‌ ബാങ്കിലോ അതുപോലുള്ള മറ്റ്‌ ബാങ്കുകളിലോ കള്ളപ്പണം നിക്ഷേപിക്കുന്നുണേ്‌ടായെന്ന യു. എസ്‌.അന്വേഷണത്തിന്റെ ഭാഗമായാണ്‌ അഹൂജയ്‌ക്കെതിരെ നടപടിയെടുത്തത്‌. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്‌ട്‌.

അതേസമയം സര്‍ക്കാറിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അഹൂജ നിരപരാധിയാണെന്നും കോടതി എല്ലാവകുപ്പുകളില്‍ നിന്നും കുറ്റവിമുക്തനാക്കുമെന്നുമാണ്‌ പ്രതീക്ഷയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഡാന്‍ വെബ്ബ്‌ പറഞ്ഞു. കുറ്റം ശരിയാണെന്ന്‌ തെളിഞ്ഞാല്‍ വിവിധവകുപ്പുകളിലായി 18 വര്‍ഷത്തെ ശിക്ഷവരെ അഹൂജയ്‌ക്ക്‌ ലഭിച്ചേക്കും.

ആയുധവില്‍പ്പനയില്‍ മുമ്പന്‍ അമേരിക്ക; വാങ്ങിയവരില്‍ ഇന്ത്യ

വാഷിംഗ്‌ടണ്‍: കഴിഞ്ഞ വര്‍ഷം ലോകത്ത്‌ ആയുധക്കച്ചവടം മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 40 ശതമാനം കുറഞ്ഞു. ആയുധ വില്‌പനയില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത്‌ തുടരുമ്പോള്‍ ഏറ്റവും കൂടുതല്‍ ആയുധം വാങ്ങിക്കൂട്ടിയതും കരാറിലൊപ്പിട്ടതും ഇന്ത്യയാണെന്ന പ്രത്യേകതയുമുണ്‌ട്‌. ഏഷ്യന്‍ രാജ്യമായ തയ്‌വാനാണ്‌ തൊട്ടടുത്ത സ്ഥാനത്ത്‌. സൗദി അറേബ്യ മൂന്നാം സ്ഥാനത്തും പാക്കിസ്ഥാന്‍ നാലാം സ്ഥാനത്തുമാണ്‌. യു.എസ്‌.കോണ്‍ഗ്രസ്‌ സമിതിയുടെ റിപ്പോര്‍ട്ടിലാണ്‌ 2010ലെ ആയുധ ഇടപാടുകളുടെ വിവരങ്ങളുള്ളത്‌.

കഴിഞ്ഞ വര്‍ഷം 2,130 കോടി ഡോളറിന്റെ ആയുധ ഇടപാടാണ്‌ അമേരിക്ക നടത്തിയത്‌. ഇതില്‍ 76 ശതമാനം ആയുധങ്ങളും വാങ്ങിക്കൂട്ടിയത്‌ ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളാണ്‌. റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്‌, ചൈന, ജര്‍മനി, ഇസ്രായേല്‍ എന്നീ രാജ്യങ്ങളാണ്‌ അമേരിക്കയ്‌ക്കു പുറമേ ആയുധ വില്‍പനയില്‍ മുന്‍പന്തിയിലുള്ളത്‌.

ഇന്ത്യ കഴിഞ്ഞ വര്‍ഷം വാങ്ങിക്കൂട്ടിയത്‌ 580 കോടി ഡോളറി (ഏകദേശം 28,500 കോടി രൂപ) ന്റെ ആയുധങ്ങളാണ്‌. ഇന്ത്യന്‍ ആയുധ വിപണിയില്‍ ഇപ്പോഴും ആധിപത്യം റഷ്യയ്‌ക്കു തന്നെയാണ്‌. ഇസ്രായേല്‍, ഫ്രാന്‍സ്‌, അമേരിക്ക, ബ്രിട്ടന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നും 2010ല്‍ ഇന്ത്യ ആയുധം സ്വന്തമാക്കിയിട്ടുണ്‌ട്‌. ഇന്ത്യന്‍ ആയുധ വിപണിയില്‍ റഷ്യയ്‌ക്ക്‌ ഇനി കടുത്ത മത്സരം നേരിടേണ്‌ടി വരുമെന്ന സൂചനയും റിപ്പോര്‍ട്ട്‌ നല്‍കുന്നു. ആയുധ ഇടപാടു സംബന്ധിച്ച ഏറ്റവും ആധികാരികമായ റിപ്പോര്‍ട്ടായാണ്‌ യു. എസ്‌. കോണ്‍ഗ്രഷണല്‍ റിപ്പോര്‍ട്ട്‌ കണക്കാക്കപ്പെടുന്നത്‌.ലോകമെങ്ങും 4040 കോടി ഡോളറിന്റെ ആയുധ വ്യാപാരമാണ്‌ കഴിഞ്ഞ വര്‍ഷം നടന്നത്‌. 2003ന്‌ ശേഷമുള്ള ഏറ്റവും കുറഞ്ഞ തുകയാണിത്‌.


സിറിയയിലെ യുഎസ്‌ അംബാസഡര്‍ക്ക്‌ നേരെ കല്ലേറ്‌

ഡമാസ്‌കസ്‌: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന സിറിയില്‍ യുഎസ്‌ അംബാസഡര്‍ റോബര്‍ട്ട്‌ ഫോര്‍ഡിനെ സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ ആസാദിന്റെ അനുയായികള്‍ കല്ലെറിഞ്ഞു. തലസ്ഥാനമായ ഡമാസ്‌കസില്‍ പ്രതിപക്ഷ നിരയിലെ പ്രമുഖനായ ഹസന്‍ അബ്‌ദുള്‍ അസിമുമായി കൂടിക്കാഴ്‌ച നടത്തിയശേഷം പുറത്തിറങ്ങവെയാണ്‌ റോബര്‍ട്ട്‌ ഫോര്‍ഡിനു നേര്‍ക്ക്‌ ബാഷര്‍ അനുകൂലികള്‍ കല്ലും മുട്ടയും തക്കാളിയും വലിച്ചെറിഞ്ഞത്‌.

അസിമിന്റെ ഓഫീസില്‍ ഫോര്‍ഡ്‌ കൂടിക്കാഴ്‌ച നടത്തുന്നതിനിടെ പുറത്ത്‌ തടിച്ചുകൂടിയ നൂറുകണക്കിന്‌ ബാഷര്‍ അനുകൂലികള്‍ ഫോര്‍ഡിനെ രണ്‌ടു മണിക്കൂറോളം തടഞ്ഞുവെയ്‌ക്കുകയും ചെയ്‌തു. സിറിയയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക്‌ യുഎസ്‌ സഹായമുണ്‌ടെന്ന്‌ ബാഷര്‍ അല്‍ ആസാദ്‌ ആരോപിച്ചിരുന്നു.

ജൂലൈയില്‍ ഫ്രഞ്ച്‌ അംബാസഡറുമൊത്ത്‌ ഫോര്‍ഡ്‌ ഹാമ നഗരത്തില്‍ സന്ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന്‌ സിറിയയിലെ യുഎസ്‌, ഫ്രഞ്ച്‌ എംബസികള്‍ക്കു നേര്‍ക്ക്‌ ബാഷര്‍ അനുകൂലികള്‍ അക്രമണം അഴിച്ചുവിട്ടിരുന്നു.

യുഎസ്‌ ഹെല്‍ത്ത്‌ കെയര്‍ നിയമം സുപ്രീംകോടതിയില്‍

ന്യൂയോര്‍ക്ക്‌:കഴിഞ്ഞവര്‍ഷം പാസാക്കിയ യുഎസ്‌ ഹെല്‍ത്ത്‌ കെയര്‍ നിയമം ഭരണഘടനാസൃതമാക്കണമെന്നാവശ്യപ്പെട്ട്‌ ഒബാമ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. നിയമത്തിനെതിരെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും ചെറുകിട ബിസിനസുകാരും കോടതിയെ സമീപിച്ചിരിക്കെയാണ്‌ നീതിന്യായ വകുപ്പിന്റെ നീക്കം.

എല്ലാവരെയും ഹെല്‍ത്ത്‌ കെയര്‍ ഇന്‍ഷൂറന്‍സിന്റെ പരിധിയില്‍ കൊണ്‌ടുവരാന്‍ ലക്ഷ്യമിടുന്ന നിയമത്തിലെ ശുപാര്‍ശകള്‍ ഭരണഘടനാനുസൃതമാണെന്ന്‌ സുപ്രീംകോടതി വിധിക്കണമെന്നാണ്‌ നീതിന്യായ വകുപ്പ്‌ സമര്‍പ്പിച്ച ഹര്‍ജിയിലെ പ്രധാന ആവശ്യം. കഴിവുള്ളവരെല്ലാം ഇന്‍ഷൂറന്‍സ്‌ എടുത്തിരിക്കണമെന്നും ഇല്ലെങ്കില്‍ 2014 മുതല്‍ പിഴയൊടുക്കണമെന്നുമുള്ള നിയമത്തിലെ ശുപാര്‍ശയ്‌ക്കെതിരെയാണ്‌ ഒരുവിഭാഗം ചെറുകിട ബസിനസുകാര്‍ രംഗത്തുവന്നിരിക്കുന്നത്‌.

സര്‍ക്കാര്‍ നിര്‍ദേശിച്ച തലത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക്‌ ഇന്‍ഷൂറന്‍സ്‌ പരിരക്ഷ നല്‍കാനാവില്ലെന്നാണ്‌ ചെറുകിട ബിസിനസുകാരുടെ വാദം. എല്ലാവരും നിര്‍ബന്ധമായും ഇന്‍ഷൂറന്‍സ്‌ എടുത്തിരിക്കണമെന്ന രീതിയിലുള്ള നിയമം പാസാക്കാന്‍ കോണ്‍ഗ്രസിന്‌ അധികാരമില്ലെന്ന്‌ അറ്റ്‌ലാന്റയിലെ അപ്പീല്‍ കോടതി ഓഗസ്റ്റില്‍ വിധിച്ചിരുന്നു. എന്നാല്‍ നിയമത്തിലെ മറ്റുവ്യവസ്ഥകള്‍ നിയമാനുസൃതമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാനുമായി ശക്തമായ ബന്ധം തുടരുമെന്ന്‌ ഹിലാരി ക്ലിന്റണ്‍

വാഷിംഗ്‌ടണ്‍: പാക്കിസ്ഥാനുമായി ശക്തമായ ബന്ധം തുടരണമെന്നാണ്‌ യുഎസിന്റെ ആഗ്രഹമെന്ന്‌ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍. അതേസമയം, പാക്കിസ്ഥാനിലെ തീവ്രവാദികളുടെ സുരക്ഷിത താവളങ്ങള്‍ അവസാനിപ്പിക്കണമെന്ന യുഎസ്‌ നിലപാടില്‍ മാറ്റമില്ലെന്നും ഹിലാരി പറഞ്ഞു. തീവ്രവാദ സംഘടനയായ ഹഖാനി ഗ്രൂപ്പിന്‌ പാക്‌ ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്‌ടെന്ന ജോയിന്റ്‌ ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌ അഡ്‌മിറല്‍ മൈക്‌ മുള്ളന്റെ പ്രസ്‌താവനയെത്തുടര്‍ന്ന്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തിലാണ്‌ ഹിലാരിയുടെ പ്രസ്‌താവന.

പാക്കിസ്ഥാനിലെ തീവ്രവാദികളുടെ സുരക്ഷിത താവളങ്ങളെക്കുറിച്ച്‌ മൈക്ക്‌ മുള്ളന്‍ നടത്തിയ പ്രസ്‌താവനയെ ഹിലാരി ന്യായീകരിച്ചു. പാക്‌- അഫ്‌ഗാന്‍ അതിര്‍ത്തിയിലുള്ള തീവ്രവാദികളുടെ സുരക്ഷിത താവളങ്ങളെക്കുറിച്ച്‌ യുഎസ്‌ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്‌. ഇക്കാര്യം ഒന്നുകൂടി ഊന്നിപ്പറയുകയാണ്‌ മുള്ളന്‍ ചെയ്‌തത്‌. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരുരാജ്യങ്ങള്‍ക്കും ഒരേമനസ്സാണുള്ളതെന്നും മുള്ളന്‍ വ്യക്തമാക്കിയിട്ടുണ്‌ടെന്ന്‌ ഹിലാരി പറഞ്ഞു.

മഗ്‌സെസെ അവാര്‍ഡ്‌ ജേതാവിന്റെ വിസ അപേക്ഷ യു.എസ്‌.എംബസി തള്ളി

ന്യൂഡല്‍ഹി: ഇന്ത്യയിലെ യു.എസ്‌. കോണ്‍സുലേറ്റ്‌ ഇത്തവണത്തെ മഗ്‌സെസെ അവാര്‍ഡ്‌ ജേതാവ്‌ നീലിമ മിശ്രയ്‌ക്ക്‌ അമേരിക്കയിലേക്കുള്ള വിസ നിഷേധിച്ചതായി പരാതി. വിസ നിഷേധിച്ചത്‌ എന്തിന്റെ പേരിലാണെന്ന്‌ വ്യക്തമല്ലെന്ന്‌ നീലിമ മിശ്ര പറഞ്ഞു. ഓണ്‍ലൈന്‍ വഴിയാണ്‌ അമേരിക്കന്‍ വിസയ്‌ക്ക്‌ ശ്രമിച്ചതെന്നും എന്നാല്‍ കാരണമൊന്നും വ്യക്തമാക്കാതെ അപേക്ഷ നിരസിക്കുകയാണ്‌ കോണ്‍സുലേറ്റ്‌ ചെയ്‌തതെന്നും നീലിമ പറഞ്ഞു.

എന്നാല്‍ ഇതിനോട്‌ പ്രതികരിക്കാന്‍ യുഎസ്‌ കോണ്‍സുലേറ്റ്‌ വൃത്തങ്ങള്‍ തയ്യാറായില്ല. ഏതെങ്കിലും വ്യക്തിയുടെ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച്‌ പ്രതികരിക്കാന്‍ കഴിയില്ലെന്ന്‌ യു.എസ്‌. കോണ്‍സുലേറ്റ്‌ ഓഫീസ്‌ വ്യക്തമാക്കി. മികച്ച സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള മഗ്‌സെസെ അവാര്‍ഡ്‌ കഴിഞ്ഞമാസമാണ്‌ നിലീമ മിശ്ര ഫിലിപ്പീന്‍സില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങിയത്‌.

ഷിക്കാഗോയില്‍ ഇന്ത്യന്‍ എംബസിയുടെ പങ്കാളിത്തത്തോടെ അടുത്ത മാസം നടക്കുന്ന ഒരു പൊതുപരിപാടിയില്‍ പ്രഭാഷണം നടത്താന്‍ പോകാനാണ്‌ വിസയ്‌ക്ക്‌ അപേക്ഷിച്ചത്‌. മഗസെസെ ജേതാവും ബാംബെ ആംതേയുടെ മകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രകാശ്‌ ആംതെയുടെ വിസ അപേക്ഷ 2007 ല്‍ അമേരിക്കന്‍ ഭരണകൂടം തള്ളിയിരുന്നു. പിന്നീട്‌ ഇത്‌ വലിയ വിവാദമായപ്പോഴാണ്‌ യുഎസ്‌ എംബസി വിസ അനുവദിക്കാന്‍ തയാറായത്‌.

അനധികൃ മരുന്ന്‌ വില്‍പന: 37 ബോയിംഗ്‌ ജീവനക്കാര്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്‌: അനധികൃത മരുന്ന്‌ വില്‍പ്പനയുമായി ബന്ധപ്പെട്ട്‌ യുഎസ്‌ സൈനിക ഹെലികോപ്‌റ്ററുള്‍ നിര്‍മിക്കുന്ന പെന്‍സില്‍വാനിയയിലുള്ള ബോയിംഗ്‌ യൂണിറ്റിലെ 37 ജീവനക്കാരെ ഫെഡറല്‍ പോലീസ്‌ അറസ്റ്റു ചെയ്‌തു. പ്രിസ്‌ക്രിപ്‌ഷന്‍ മരുന്നുകളും പെയിന്‍ കില്ലറുകളും ആകാംക്ഷ കുറയ്‌ക്കാനുള്ള മരുന്നുകളും വില്‍പന നടത്തുകയും വാങ്ങുകയും കൈവശംവെയ്‌ക്കുകയും ചെയ്‌തതിനാണ്‌ ഇവരെ അറസ്റ്റു ചെയ്‌തത്‌.

14 പേര്‍ക്കെതിരെ അനധികൃതമായി മരുന്ന്‌ കൈവശം വെച്ചതിനും 23 പേര്‍ക്കെതിരെ പെയിന്‍ കില്ലറായ ഓക്‌സികോണ്‌ടിന്‍ വില്‍പന നടത്തിയതിനുമാണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌. അറസ്റ്റിലായവരെല്ലാം ബോയിംഗിന്റെ മുന്‍ ജീവനക്കാരോ ഇപ്പോഴത്തെ ജീവനക്കാരോ ആണ്‌. ജീവനക്കാരുടെ ഇടയിലെ അനധികൃത മരുന്ന്‌ വില്‍പനയെക്കുറിച്ച്‌ സംശയം തോന്നിയ കമ്പനി അധികൃതര്‍ തന്നെയാണ്‌ എഫ്‌ബിഐ അധികൃതരെ വിവരമറിയിച്ചത്‌.

അറസ്റ്റിലായവരെല്ലാം യുഎസ്‌ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റിലെ അംഗങ്ങളായതിനാല്‍ സംഭവത്തെ ഗൗരവമായാണ്‌ അധികൃതര്‍ കാണുന്നത്‌. യുഎസ്‌ സൈന്യത്തിനുവേണ്‌ട ചിനൂക്‌, ഓസ്‌പ്രേ ഹെലികോപ്‌റ്ററുകളാണ്‌ ബോയിംഗിന്റെ പെന്‍സില്‍വാനിയയിലെ യൂണിറ്റില്‍ നിര്‍മിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക