Image

മഞ്‌ജു മടങ്ങിയെത്തും; മലയാളത്തിലേക്കും പിന്നെ ബോളിവുഡിലേക്കും

Published on 27 June, 2013
മഞ്‌ജു മടങ്ങിയെത്തും; മലയാളത്തിലേക്കും പിന്നെ ബോളിവുഡിലേക്കും
സൂപ്പര്‍താരങ്ങള്‍ക്ക്‌ പോലുമില്ലാത്ത വാര്‍ത്താ പ്രാധാന്യമാണ്‌ ഇപ്പോള്‍ മഞ്‌ജുവാര്യക്ക്‌ മലയാളത്തില്‍ ലഭിക്കുന്നത്‌. എന്തിന്‌ മഞ്‌ജുവിന്റെ ഭര്‍ത്താവായ ദിലീപിനു പോലും ഇത്രയും നിറഞ്ഞു നില്‍ക്കാന്‍ കഴിയുന്നില്ല കേരളത്തില്‍. അത്രമേല്‍ എല്ലാ വിവാദങ്ങള്‍ക്കും മുകളില്‍ മഞ്‌ജുവിന്റെ മടങ്ങി വരവ്‌ എന്ന വാര്‍ത്ത ആഘോഷിക്കപ്പെടുന്നുണ്ട്‌. സമീപകാലത്തെങ്ങും വെള്ളിത്തിരയിലോ, മിനിസ്‌ക്രീനിലോ വരാത്ത മഞ്‌ജു വാര്യരെ എന്താണ്‌ ഇത്ര പ്രശസ്‌തയാക്കുന്നത്‌ എന്ന ചോദ്യം വളരെ പ്രസക്തമാണ്‌. മലയാളം കണ്ട ഏറ്റവും മികച്ച അഭിനേത്രി തന്നെയായിരുന്നു മഞ്‌ജു എന്നത്‌ തന്നെയാണ്‌ ഏറ്റവും പ്രധാന ഉത്തരം. ഒപ്പം മറ്റൊന്നു കൂടിയുണ്ട്‌. കരിയറില്‍ ഇരുപത്‌ സിനിമകള്‍ മാത്രം ചെയ്‌ത മഞ്‌ജുവിന്‌ ലഭിച്ചതും അവര്‍ അവതരിപ്പിച്ചതും മികച്ച കഥാപാത്രങ്ങളായിരുന്നു. ഒരു മോശം സിനിമ പോലും നെഗറ്റീവ്‌ മാര്‍ക്കിടാനായി മഞ്‌ജുവിന്റെ കരിയറില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട്‌ തന്നെ തിളങ്ങുന്ന താരവിഗ്രഹമായി തന്നെ മഞ്‌ജു ഇന്നും മലയാളിയുടെ മനസില്‍ നില്‍ക്കുന്നു.

ഇപ്പോഴുണ്ടാകുന്ന മഞ്‌ജുവാര്യര്‍ തരംഗത്തിന്‌ പിന്നില്‍ മഞ്‌ജുവിനോട്‌ മലയാളിക്കുള്ള ആരാധന മാത്രമാണോ കാര്യം. അല്ലെന്ന്‌ ഉറപ്പാണ്‌. കാരണം മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ താരദമ്പതികളായ ദിലീപും മഞ്‌ജുവാര്യരും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്ത വലിയ പ്രാമുഖ്യം നേടിയിരിക്കുന്നു ഇപ്പോള്‍. അവരുടെ ദാമ്പത്യപ്രശ്‌നങ്ങള്‍ ഒരു ഗോസിപ്പ്‌ ചര്‍ച്ചയായി മാറിയിരിക്കുന്നു. ഇതിന്റെ ചുവടുപിടിച്ചുകൊണ്ടു കൂടിയാണ്‌ മഞ്‌ജു വാര്‍ത്തകളില്‍ നിറയുന്നത്‌.

എന്നാല്‍ തുടര്‍ച്ചയായി മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലും മാഗസീനുകളിലും മഞ്‌ജു പൊട്ടിവീണതുപോലെ വന്നു നിറയുന്നതിന്‌ പിന്നില്‍ മറ്റൊരു കാര്യം കൂടിയുണ്ട്‌. അത്‌ മുംബൈ ആസ്ഥാനമാക്കിയ ഒരു പ്രൊഫഷണല്‍ പബ്ലിക്ക്‌ റിലേഷന്‍സ്‌ ഏജന്‍സിയുടെ മിടുക്കാണ്‌. ബോളിവുഡ്‌ താരങ്ങളുടെയും, ക്രിക്കറ്റ്‌ താരങ്ങളുടെയും പബ്ലിക്ക്‌ റിലേഷന്‍സ്‌ ജോലികള്‍ നോക്കി നടത്തുകയും അവര്‍ക്ക്‌ വേണ്ടി മാര്‍ക്കറ്റിംഗ്‌ നടത്തുകയും ചെയ്യുന്ന, അതിന്‌ പ്രതിഫലം ഈടാ
ക്കുന്ന പ്രൊഫഷണല്‍ പി.ആര്‍ ഏജന്‍സികള്‍ മുംബൈ ഗ്ലാമര്‍ ലോകത്തിന്‌ പുതുമയല്ല. ഹൈദ്രബാദിലും ചെന്നൈയിലും താരങ്ങള്‍ ഇത്തരം ഏജന്‍സികളുടെ സഹായം തേടാറുണ്ട്‌. എന്നാല്‍ മലയാളത്തില്‍ ആദ്യമായി ഒരു പ്രൊഫഷണല്‍ പി.ആര്‍ ഏജന്‍സിയുടെ സഹായത്തോടെ ഒരു കരിയറിലേക്ക്‌ കടക്കുന്ന ആദ്യത്തെ താരമാകുകയാണ്‌ മഞ്‌ജു വാര്യര്‍.

സിനിമയില്‍ രണ്ടാമതും അഭിനയിക്കാന്‍ തീരുമാനിച്ചതോടെയാണ്‌ മഞ്‌ജു മുംബൈയിലെ മാര്‍ക്കറ്റിംഗ്‌ ഏജന്‍സിയുമായി കരാറിലെത്തിയത്‌. ഇതിന്‌ പ്രകാരം മഞ്‌ജുവിന്റെ നൃത്തപരിപാടികള്‍, പരസ്യ ചിത്രങ്ങള്‍, സിനിമകള്‍ എന്നിവയെല്ലാം തീരുമാനിക്കുന്നതില്‍ മാര്‍ക്കറ്റിംഗ്‌ ഏജന്‍സിക്കും കൃത്യമായ റോളുണ്ടാവും. മഞ്‌ജുവിന്‌ വേണ്ടി മാധ്യങ്ങളുമായി ആശയവിനിമയം നടത്തുന്നതും അവരെ എപ്പോഴും മാധ്യമത്തിലെ ഒരു ചൂടന്‍ വാര്‍ത്തയായി നിര്‍ത്തുന്നതും ഏജന്‍സിയുടെ പി.ആര്‍.ഒ മാര്‍ തന്നെ.

എന്തിന്‌ മഞ്‌ജുവിന്റെ വെബ്‌സൈറ്റും, സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ പേജുകളും നിയന്ത്രിക്കുന്നത്‌ ഇതേ ഏജന്‍സി തന്നെയാണ്‌. മൊത്തത്തില്‍ ബോളിവുഡിലെ പ്രിയങ്കാ ചോപ്ര, വിദ്യാബാലന്‍ തുടങ്ങിയ സ്റ്റാര്‍ ലേഡി സെലിബ്രിറ്റികളുടെ ഒരു മലയാളി പതിപ്പ്‌ തുടങ്ങുകയാണ്‌ മലയാളത്തിലും എന്ന്‌ പറയാം. അതായത്‌ മഞ്‌ജുവിനെ ഭാഗ്യം കൂടി അനുഗ്രഹിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഒരു ലേഡി സൂപ്പര്‍സ്റ്റാര്‍ തീര്‍ച്ചയായും ഉണ്ടാകും എന്ന്‌ ഉറപ്പിക്കാം.

അത്രത്തോളം വ്യക്തവും, പ്ലാനിംഗോടു കൂടിയതുമായ ഒരു കരിയര്‍ ഡെവലപ്‌മെന്റാണ്‌ ഇപ്പോള്‍ മഞ്‌ജുവിന്‌ വേണ്ടി തയാറാക്കപ്പെട്ടിരിക്കുന്നത്‌. എന്നാല്‍ മലയാളത്തില്‍ മാത്രം ഒതുങ്ങാനും മഞ്‌ജു ആഗ്രഹിക്കുന്നില്ല എന്നാണ്‌ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്‌. അധികം വൈകാതെ തന്നെ ബോളിവുഡിലേക്ക്‌ എത്താനുള്ള താത്‌പര്യവും ശ്രമവും മഞ്‌ജുവിനുണ്ട്‌. ഇതിനായിട്ടുള്ള പ്രവര്‍ത്തനങ്ങളും മാര്‍ക്കറ്റിംഗ്‌ ഏജന്‍സി തയാര്‍ ചെയ്യുന്നു. മലയാളത്തില്‍ നിന്നും തുടങ്ങി ബോളിവുഡിലെ മുന്‍നിര നായികമാരായി തിളങ്ങുന്ന അസീന്റെയും വിദ്യാബാലന്റെയും കാര്യം തന്നെയെടുക്കുക.

വിദ്യാബാലനാകട്ടെ ദേശിയ പുരസ്‌കാരവും നേടി പത്ത്‌ കോടിക്ക്‌ മുകളില്‍ ഒരു സിനിമക്ക്‌ പ്രതിഫലം വാങ്ങുന്ന താരമായി മാറിയിരിക്കുന്നു. അവര്‍ക്കായി മാത്രം ബോളിവുഡില്‍ സിനിമകള്‍ ഒരുങ്ങുന്ന സാഹചര്യമാണിപ്പോള്‍. വിദ്യയുടെ കഹാനിയും, ഡെര്‍ട്ടി പിക്‌ചറുമൊക്കെ കളക്ഷനില്‍ നൂറു കോടി ക്ലബിലാണ്‌ സ്ഥാനം നേടിയത്‌. അസീനേക്കാളും വിദ്യയെക്കാളും കഴിവുകൊണ്ടും പ്രതിഭകൊണ്ടും എത്രയോ ഉയരത്തിലാണ്‌ മഞ്‌ജുവെന്നതാണ്‌ സത്യം. മഞ്‌ജുവിന്റെ പ്രീയ സുഹൃത്ത്‌ ഗീതുമോഹന്‍ദാസും, അവരുടെ ഭര്‍ത്താവും ബോളിവുഡിലെ പ്രമുഖ ഛായാഗ്രാഹകനുമായ രാജീവ്‌ രവിയും ചേര്‍ന്ന്‌ മികച്ചൊരു ബോളിവുഡ്‌ ലോഞ്ചിംഗ്‌ മഞ്‌ജുവിന്‌ വേണ്ടി അന്വേഷിക്കുന്നുണ്ട്‌ ഇപ്പോള്‍. മലയാളത്തില്‍ മഞ്‌ജു അഭിനയിച്ചു തുടങ്ങി അധികം വൈകാതെ തന്നെ ബോളിവുഡ്‌ പ്രവേശനവും ഉണ്ടായേക്കും എന്ന്‌ പ്രതീക്ഷിക്കാം.

മഞ്‌ജുവാര്യര്‍ കല്യാണ്‍ ജൂവലറിയുടെ പരസ്യത്തില്‍ അമിതാഭ്‌ ബച്ചനൊപ്പം അഭിനയിക്കാന്‍ കരാര്‍ ചെയ്‌തതും ഇതേ പി.ആര്‍ ഏജന്‍സി വഴിയായിരുന്നു. ഏറെക്കാലത്തിനു ശേഷം ക്യാമറക്ക്‌ മുമ്പിലേക്ക്‌ വരുമ്പോള്‍ അത്‌ അമിതാഭ്‌ ബച്ചനൊപ്പം തന്നെ ആയാല്‍ മഞ്‌ജുവിന്‌ ഭാവിയില്‍ ഗുണം ചെയ്യുമെന്നതായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഈ തുടക്കം തന്നെ ഇപ്പോള്‍ പ്രശ്‌നത്തിലാണെന്നാണ്‌ അറിയുന്നത്‌. മഞ്‌ജു സിനിമയിലേക്ക്‌ മടങ്ങാനുള്ള താത്‌പര്യം അവരുടെ ദാമ്പത്യ ജീവിതം വഴിപിരിയുന്നതിലേക്ക്‌ എത്തിയിരുന്നു. തുടര്‍ന്ന്‌ കാല്യാണ്‍ ജൂവലറിയുടെ പരസ്യത്തില്‍ മഞ്‌ജു എത്തുന്നത്‌ ചിലര്‍ ചേര്‍ന്ന്‌ തടയാന്‍ ശ്രമിക്കുകയും ചെയ്‌തു. എന്നാല്‍ ജൂവലറിക്ക്‌ താത്‌പര്യമെങ്കില്‍ പരസ്യത്തില്‍ അഭിനയിക്കും എന്നത്‌ തന്നെയാണ്‌ മഞ്‌ജുവിന്റെ നിലപാട്‌.

ഇനി സിനിമയിലേക്കില്ല എന്ന്‌ പറഞ്ഞ്‌ പിന്തിരിഞ്ഞിടത്തു നിന്നാണ്‌ ഇപ്പോള്‍ സിനിമയിലേക്ക്‌ ശക്തമായി തിരിച്ചു വരാനുള്ള മഞ്‌ജുവിന്റെ തീരുമാനം. 97ല്‍ വിവാഹം കഴിച്ചു പോയ മഞ്‌ജു പിന്നീട്‌ ഒരു ടിവി ക്യാമറക്ക്‌ മുമ്പില്‍ പോലും വന്നിരുന്നില്ല. ഏറെക്കാലത്തിനു ശേഷം മഞ്‌ജു ഒരു തവണ ക്യാമറക്ക്‌ മുമ്പിലെത്തുന്നത്‌ 2011ലാണ്‌. ഗദ്ദാമ എന്ന കമല്‍ ചിത്രത്തില്‍ പ്രമോഷനു വേണ്ടി ഒരു ചെറിയ പരസ്യത്തില്‍ അഭിനയിക്കാനായിരുന്നു അത്‌. ഇതിനായി മഞ്‌ജുവിനെ സമ്മതിപ്പിക്കാന്‍ കമല്‍ ഏറെ പാടുപെട്ടിരുന്നു. കാമറക്ക്‌ മുമ്പിലേക്ക്‌ വരാന്‍ താത്‌പര്യമില്ലെന്ന്‌ പറഞ്ഞ്‌ മഞ്‌ജു പരമാവധി ഒഴിവാക്കിയിരുന്നെങ്കിലും കമലിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങിയാണ്‌ അന്ന്‌ മഞ്‌ജു കാമറക്ക്‌ മുമ്പില്‍ ഗദ്ദാമയെക്കുറിച്ച്‌ സംസാരിക്കാന്‍ എത്തിയത്‌.

ഈ സമയങ്ങളിലൊന്നും മഞ്‌ജുവിന്റെയും ദിലീപിന്റെയും കുടുംബ ജീവിതത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്നാണ്‌ സുഹൃത്തുക്കള്‍ പറയുന്നത്‌. മറിച്ച്‌ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലാണ്‌ ഇരുവര്‍ക്കുമിടയില്‍ കടുത്ത പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടത്‌. ഇതില്‍ ഏറ്റവും പ്രധാനം മഞ്‌ജുവിന്‌ നൃത്തത്തിലേക്ക്‌ തിരിച്ചു വരാനുള്ള തീരുമാനത്തില്‍ ദിലീപ്‌ എതിര്‍ത്തു എന്നതാണെന്ന്‌ പറയപ്പെടുന്നു. ഒപ്പം കൊച്ചിയില്‍ ഒരു നൃത്ത വിദ്യാലയം തുടങ്ങാനുള്ള മഞ്‌ജുവിന്റെ താത്‌പര്യത്തിന്‌ ദിലീപ്‌ എതിരുനിന്നു എന്നും പറയപ്പെടുന്നു. എന്തായാലും ഇരുവര്‍ക്കുമടിയില്‍ ഇനി കുടുംബ കോടതിയിലേക്ക്‌ എന്ന തീരുമാനം ശക്തമായതോടെ ചലച്ചിത്ര രംഗത്തുള്ള ചില സുഹൃത്തുക്കള്‍ തന്നെ മധ്യസ്ഥ ചര്‍ച്ചക്കും എത്തിയിട്ടുണ്ട്‌.

എന്തായാലും കോയമ്പത്തൂരില്‍ ആയുര്‍വേദ വൈദ്യ ശാലയില്‍ തിരുമ്മ്‌ ചികില്‍സയിലാണ്‌ മഞ്‌ജു ഇപ്പോള്‍. അഭിനയത്തിലേക്ക്‌ മടങ്ങിവരാന്‍ യുവത്വവും സൗന്ദര്യവും വീണ്ടും പ്രസരിപ്പോടെ വീണ്ടെടുക്കാനാണ്‌ ആയുര്‍വേദ ചികില്‍സ. ചികില്‍സയില്‍ കഴിയുന്ന മഞ്‌ജുവിനെ യാദൃശ്ചികമായി അവിടെയെത്തിയ ഗായകന്‍ വേണുഗോപാല്‍ കണ്ടിരുന്നു. വേണുഗോപാല്‍ മഞ്‌ജുവിനൊപ്പം ഒരു പിക്‌ചര്‍ എടുക്കുകയും അത്‌ ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. പുതിയ ചിത്രത്തില്‍ നിന്നും അറിയാം മഞ്‌ജു പഴയ മഞ്‌ജുവിലേക്ക്‌ തിരിച്ചു നടന്നിരിക്കുന്നു. അതുകൊണ്ടു തന്നെ ഒരുകാര്യം ഉറപ്പിക്കാം, ഇനി മലയാളിയുടെ പ്രീയപ്പെട്ട മഞ്‌ജുഭാവങ്ങള്‍ വെള്ളിത്തിരയില്‍ കാണാം.
മഞ്‌ജു മടങ്ങിയെത്തും; മലയാളത്തിലേക്കും പിന്നെ ബോളിവുഡിലേക്കുംമഞ്‌ജു മടങ്ങിയെത്തും; മലയാളത്തിലേക്കും പിന്നെ ബോളിവുഡിലേക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക